പതിനാലാമത്തെ കുട്ടിയുടെ അച്ഛനായി മസ്ക്; എക്സിലൂടെ വെളിപ്പെടുത്തി ജീവിതപങ്കാളി
ശതകോടീശ്വരനും സ്പേസ് എക്സ് സിഇഒയുമായ ഇലോൺ മസ്കിന് പതിനാലാമത്തെ കുട്ടി ജനിച്ചു. സെൽഡൽ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്കു പേരിട്ടിരിക്കുന്നത്. ജീവിതപങ്കാളി ഷിവോൺ സിലിസാണ് മസ്കിന്‍റെ പതിനാലാമത്തെ കുട്ടിയുടെ അമ്മ. എക്സിലൂടെയാണ് ഇക്കാര്യം ഷിവോൺ സിലിസ് വെളിപ്പെടുത്തിയത്. മസ്കും ഇക്കാര്യം സ്ഥിരീകരിച്ചു. ഷിവോൺ സിലിസ് മസ്ക് ദമ്പതികൾക്ക് മറ്റ് മൂന്നു മക്കൾ കൂടിയുണ്ട്.
മുൻഭാര്യയായ ജസ്റ്റിൻ വിൽസണിൽ മസ്കിന് ആറ് മക്കളുണ്ട്. ഇതിൽ ആദ്യം പിറന്ന കുഞ്ഞ് മരിച്ചിരുന്നു. പിന്നീട് കനേഡിയൻ ഗായിക ഗ്രിംസുമായുള്ള ബന്ധത്തിൽ മൂന്നു മക്കൾ കൂടി ജനിച്ചു. അതിനിടെ മസ്കിന്‍റെ പതിമൂന്നാമത്തെ കുട്ടിയുടെ അമ്മയാണെന്ന് എഴുത്തുകാരിയും ഇൻഫ്ളുവൻസറുമായ ആഷ്ലി സെയ്ന്‍റ് ക്ലയർ അവകാശപ്പെട്ടിരുന്നു. മസ്ക് ഇക്കാര്യത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല.
മസ്കിന്‍റെ മക്കളെ പരിചയപ്പെടാം
നേവാഡ അലക്സാണ്ടർ മസ്ക്- 2000 ജനുവരിയിൽ മസ്ക് കനേഡിയൻ എഴുത്തുകായി ജസ്റ്റിൻ വിൽസണെ വിവാഹം കഴിച്ചു. 2 വർഷത്തിനു ശേഷം ഇരുവർക്കും പിറന്ന ആദ്യത്തെകുഞ്ഞാണ് നേവാഡ അലക്സാണ്ടർ മസ്ക്. പത്ത് ആഴ്ചകൾക്കുള്ലിൽ നേവാഡ മരണപ്പെട്ടു.
ഗ്രിഫിൻ , വിവിയൻ- ആദ്യത്തെ കുഞ്ഞിന്‍റെ മരണം ഏൽപ്പിച്ച ആഘാതത്തെ അതിജീവിച്ച മസ്കിനും ജസ്റ്റിനും 2004ൽ ഐവിഎഫ് ചികിത്സയിലൂടെ പിറന്ന ഇരട്ടക്കുട്ടികളാണ് ഗ്രിഫിനും വിവിയനും. ഇരുവർക്കും ഇപ്പോൾ 20 വയസ് പ്രായമുണ്ട്.
കായ്, സാക്സൺ, ഡാമിയൺ - 2006ൽ മസ്കും ജസ്റ്റിനും വീണ്ടും ഐവിഎഫ് ചികിത്സയിലൂടെ മൂന്നു കുട്ടികൾക്കു കൂടി ജന്മം നൽകി. കായ്, സാക്സൺ, ഡാമിയൻ. മൂവർക്കും 19 വയസ് പ്രായമുണ്ട്. 2008ൽ മസ്കും ജസ്റ്റിനും വിവാഹമോചിതരുമായി.
എക്സ് എഇ എ-XII -2018ലാണ് ഗായിക ഗ്രിംസുമായി മസ്ക് അടുപ്പത്തിലായത്. 2020ൽ എക്സ് എന്ന് പേരുള്ള കുഞ്ഞ് ജനിച്ചു. എഇ എന്ന അക്ഷരങ്ങൾക്കും 12 എന്ന അക്കത്തിനും കാലിഫോർണിയയിൽ ഉള്ള വിലക്കിനെതിരേ പ്രതിഷേധിച്ചാണ് കുട്ടിക്ക് പേരിട്ടത്. 2021ൽ ഗ്രിംസുമായി മസ്ക് പിരിഞ്ഞു.
എക്സാ ഡാർക് സിഡ്രേൽ മസ്ക്- പിരിഞ്ഞതിനു ശേഷമാണ് മസ്കിനും തനിക്കും ആദ്യത്തെ പെൺകുട്ടി പിറന്നതായി ഗ്രിംസ് വെളിപ്പെടുത്തിയത്. സറോഗസിയിലൂടെയാണ് കുട്ടി പിറന്നത്. വൈ എന്നാണ് കുട്ടിയുടെ വിളിപ്പേര്.
സ്ട്രൈഡർ, അസൂർ- 2021 ൽ ന്യൂറാലിങ്ക് എക്സിക്യൂട്ടീവ് ആയ ഷിവോൺ സിലിസിൽ മസ്കിന് ഇരട്ടക്കുട്ടികൾ പിറന്നു. സ്ട്രൈഡർ, അസൂർ എന്നാണ് ഇരുവരുടെയും പേര്.
ടെക്നോ മെക്കാനിക്കസ്- 2022ൽ ഷിവോണിൽ പിറന്ന മൂന്നാമത്തെ കുട്ടിയാണ് ടെക്നോ മെക്കാനിക്കസ്.
ആർക്കേഡിയ-2024ൽ ഷിവോണിൽ പന്ത്രണ്ടാമത്തെ കുട്ടിയായ ആർക്കേഡിയ പിറന്നു.
മസ്കിന്‍റെ പതിമൂന്നാമത്തെ കുട്ടിയുടെ അമ്മയാണെന്ന് എഴുത്തുകാരിയും ഇൻഫ്ളുവൻസറുമായ ആഷ്ലി സെയ്ന്‍റ് ക്ലയർ അവകാശപ്പെട്ടിരുന്നു.
സെൽഡൽ ലൈക്കർഗസ്സ്- ഷിവോൺ സിലിസിൽ പിറന്ന പതിനാലാമത്തെ കുട്ടി.