ഒരു സ്പൂൺ ഓട്സുണ്ടെങ്കിൽ മുഖത്തെ ബ്ലാക് ഹെഡ്സ് കളയാം, സിംപിൾ ഫേയ്സ് സ്ക്രബ്
ബ്ലാക് ഹെഡ്സ് കൊണ്ട് പൊറുതി മുട്ടിയോ? ബ്ലാക് ഹെഡ്സ് കളയുന്നതിനായി ഇനി ഇടയ്ക്കിടയ്ക്ക് ബ്യൂട്ടി പാർലറിൽ കയറി ഇറങ്ങേണ്ട. ഒരു സ്പൂൺ ഓട്സ് ഉണ്ടെങ്കിൽ സിംപിൾ ഫെയ്സ് സ്ക്രബ് തയ്യാറാക്കാം. ബ്ലാക് ഹെഡ്സ് കളയാം എന്നതിനൊപ്പം ചർമ്മത്തിന്‍റെ തിളക്കം കൂട്ടാനും ഇത് സഹായിക്കും.
ചർമത്തിലെ അമിതമായ എണ്ണയും സെബവും രോമകൂപങ്ങളിൽ അടിഞ്ഞുകൂടുന്നത് വഴിയാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്. കൃത്യമായ ചർമ സംരക്ഷണത്തിലൂടെ മാത്രമേ ഇതിനെ നിയന്ത്രിച്ച് നിർത്താനാകൂ. വലിയ ശ്രദ്ധ കൊടുക്കാതിരുന്നാൽ ബ്ലാക് ഹെഡ്സ് കൂടാനും കാരണമാകും. വളരെ സിംപിളായ ഈ സ്ക്രബ് ഒന്ന് പരീക്ഷിച്ച് നോക്കൂ.
ഓട്സും തൈരും ഉപയോഗിച്ചാണ് സ്ക്രബ് തയ്യാറാക്കുന്നത്. ചർമ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് ഓട്സ്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്ത് ഇത് മൃദുവാക്കാൻ സഹായിക്കും. കൂടാതെ ചർമത്തിലെ അഴുക്കിലെ പുറത്തുകളയാനും സഹായിക്കും. ഇതിലെ അമിനോ ആസിഡുകളും വൈറ്റമിനുകളുമൊക്കെ ചർമത്തിന് നല്ല തിളക്കവും നൽകുന്നു. അതുപോലെ തൈരും ചർമസംരക്ഷണത്തിന് മികച്ചതാണ്.
ഓട്സ് സ്ക്രബ് എങ്ങനെ തയ്യാറാക്കാം
സ്ക്രബ്ബ് തയാറാക്കാനായി ഒരു ടേബിൾ സ്പൂൺ ഓട്സ് എടുത്ത് നന്നായി പൊടിക്കുക. ഇതിലേക്ക് നല്ല കട്ട തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകാം. ഈ രീതിയിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുന്നത് ബ്ലാക്ക് ഹെഡ്സ് കുറയ്ക്കാൻ സഹായിക്കും.