ഓണത്തിന്‍റെ പതിവുകൾ പലതും ഓർമ മാത്രമായി മാറിയിരിക്കുന്നു. ഓണത്തുമ്പി വംശനാശ ഭീഷണിയിലാണ്, ഉത്രാടപ്പാച്ചിലിന് ഡെലിവറി ബോയ്സുണ്ട്.... ഓണപ്പൊട്ടൻ ഉൾപ്പെടെ പരമ്പരാഗതമായ ഓണപ്പരിപാടികളിൽ പലതും അന്യംനിന്നുകൊണ്ടിരിക്കുന്നു. പഴമയിലേക്ക് ഒരു തിരിച്ചുപോക്ക്....
ഉത്രാടം, തിരുവോണം നാളുകളിൽ വടക്കൻ കേരളത്തിലെ വീടുകൾ തോറും കയറിയിറങ്ങി ഐശ്വര്യം നേരുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ. വർണ കിരീടവും കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയും ചൂടി കുടമണി കുലുക്കി വരുന്ന ഓണപ്പൊട്ടനു പുറകിൽ ആർപ്പുവിളിയുമായി കുട്ടികളുടെ ഒരു പടയുമുണ്ടാകും. മൂക്കിനു താഴെ നിന്ന് മാറുവരെ ഞാന്നുകിടക്കുന്ന ഓണ മഞ്ഞത്താടി ഓണപ്പൊട്ടന്‍റെ ഒരു സവിശേഷതയാണ്. ഒന്നും മിണ്ടാത്തതിനാലാണ് ഇതിന് ഓണപ്പൊട്ടൻ എന്ന പേരുവന്നത്.
സ്വർണച്ചാറിൽ മുങ്ങിയപോലെ തിളങ്ങുന്ന കണ്ണാടിച്ചിറകുമായി ചിങ്ങം പുലരുന്നതോടെ ഓണത്തുമ്പി നെൽവയലുകളിൽ വിരുന്നെത്തുന്നു. പ്രജനനകേന്ദ്രങ്ങളായ വെള്ളക്കെട്ടുള്ള നെൽവയലുകളും തോടുകളും ഇല്ലാതായതോടെ ഇവ ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്.
തിരുവോണത്തിനുള്ള ഒരുക്കങ്ങളുടെ ദിവസമാണ് ഉത്രാടം. ഈ ഒരുക്കങ്ങളെയാണ് ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ''ഉത്രാടം നാൾ ഉച്ച തിരിയുമ്പോൾ അച്ഛനുമമ്മയ്ക്കും വെപ്രാളം'' എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓണത്തിനു വേണ്ടതെല്ലാം ഒരുക്കിയോ എന്ന് ഉറപ്പാക്കുന്നത് ഓണത്തലേന്ന് ഉത്രാടം നാളിലാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്തെ ഏറ്റവും പ്രധാന ദിവസം ഉത്രാടമായിരുന്നു. നാലുനാളത്തെ ഓണത്തിമർപ്പിനു വേണ്ടിയുള്ളതെല്ലാം സംഘടിപ്പിച്ച് അടുക്കിപ്പെറുക്കി വയ്ക്കുന്ന ദിവസം.
തങ്ങളുടെ നിലത്ത് കൃഷിപ്പ ണിചെയ്യുന്നവർക്ക് തമ്പുരാന്മാർ ഓണസദ്യ വിഭവങ്ങളും ഓണക്കോടിയും നൽകിയിരുന്നത് ഉത്രാടം നാളിലായിരുന്നു. ഓണക്കാഴ്ചയുമായെത്തുന്നവർക്ക് നെല്ലും പുടവയും കൊടുക്കുന്നതും അന്നു തന്നെ. തിരുവോണം സമത്വത്തിന്‍റെ ദിനമായതിനാൽ അന്ന് ഒന്നും കൊടുക്കുകയും വാങ്ങുകയും ചെയ്യുമായിരുന്നില്ല.
ഓണത്തപ്പന്‍റെ (മഹാബലി) സങ്കൽപത്തിലുള്ള തെയ്യമാണ് ഓണത്താറ്. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇത് പ്രചാരത്തിലുള്ളത്. ചെറിയൊരു ആൺകുട്ടിയാണ് ഓണത്താറിന്‍റെ വേഷം കെട്ടുക. അകമ്പടിയായി ചെണ്ട കൊട്ടും പാട്ടുമുണ്ടാകും. വലതു കൈയിൽ മണിയും ഇടതു കൈയിൽ ഓണവില്ലും പിടിച്ച് മണിമുട്ടിക്കൊണ്ടാണ് തെയ്യം ആടുന്നത്.
മുത്തുമണി പോലെ കാണാനഴകും രുചിയുമുള്ള നെല്ലാണ് പൂക്കുല അരി. ഇത്തിരി വയലും പറമ്പും സ്വന്തമായുള്ളവർ ഓണമുണ്ണാൻ കഴിയും വിധം ഈ നെല്ല് ഒരു കണ്ടത്തിലെങ്കിലും വിതച്ച് വിളയിച്ചെടുക്കുമായിരുന്നു. പൂക്കുല അരിയുടെ ചോറും തൊടിയിൽ നിന്നും പാടത്തുനിന്നും പറിച്ചെടുക്കുന്ന കായ്കറികളുപയോഗിച്ചുള്ള ഓണമൂണ് ആണ് തിരുവോണ ദിവസത്തെ പ്രധാന ചടങ്ങ്.
വാട്ടിയെടുത്ത ഇലച്ചീന്തിൽ അരിമാവ് കനം കുറച്ചു പരത്തി അതിൽ ശർക്കരയും തേങ്ങയും നേന്ത്രപ്പഴം നുറുക്കും ധാരാളമായി ചേർത്ത് കനത്തിൽ മടക്കി ആവിയിൽ വേവിച്ചെടുക്കുന്നതാണ് പൂവട. ഓണത്തിന്‍റെ പ്രഭാത വിഭവങ്ങളിൽ പ്രധാനമായിരുന്നു പൂവട. മഹാബലിയ്ക്ക് പൂവട നേദിക്കണമായിരുന്നു.
ചിങ്ങമാസത്തിൽ പാണനും പാട്ടിയും വീടുതോറും ചെന്ന് പാടുന്ന പാട്ടാണ് തുയിലുണർത്തുപാട്ട്. ചിങ്ങനിലാവുദിക്കുന്നതു മുതൽ അസ്തമിക്കുന്നതു വരെയാണ് ഇവർ വീടുതോറും കയറിയിറങ്ങുക. മൂതേവിയെ അകറ്റി ചീപോതിയെ (ശ്രീഭഗവതി) ഓരോ വീട്ടിലേക്കും സ്വാഗതം ചെയ്യുകയാണ് പാട്ടിന്‍റെ ലക്ഷ്യം. പാണനും പാട്ടിയും ഒരു ദിവസം ഏഴു വീട്ടിലേ പാടുകയുള്ളൂ. തുടിയും പുള്ളുവർവീണയുമാണ് അകമ്പടി വാദ്യങ്ങൾ.
ദക്ഷിണ കേരളത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് വേലസമുദായക്കാരാണ് ഇത് അവതരിപ്പിക്കുന്നത്. അതുകൊണ്ട് വേലൻ തുള്ളൽ എന്നും പേരുണ്ട്. തലയിൽ പ്രത്യേക കിരീടവും കൈകളിൽ കുരുത്തോല തൊങ്ങലുമായി രണ്ടു സ്ത്രീകളാണ് ഓണത്തുള്ളൽ നടത്തുന്നത്. കിണ്ണവും തുടിയുമാൺ അകമ്പടി വാദ്യങ്ങൾ. അമ്മാനാട്ടം, മൂക്കേവിദ്യ (മൂക്കിൻമേൽ ഒരു വടി കുത്തനെ നിർത്തി അതിൽ ഒരു പക്ഷിരൂപം വച്ചുള്ള കളി) തുടങ്ങിയവയും അനുബന്ധമായുണ്ടാവും.
ഓണപ്പട എന്നും പേരുണ്ട്. കർക്കിടക മാസത്തിൽ കളരിയഭ്യാസം കഴിഞ്ഞാൽ ചിങ്ങത്തിൽ പ്രയോഗ വൈദഗ്ധ്യം തെളി യിക്കാനുള്ള ഒരവസരമായാണ് തിരുവോണത്തിന് ഓണത്തല്ല് നടത്തുന്നത്. പെരുമാക്കന്മാരുടെ കാലത്തോ അതിനു മുമ്പോ തുടങ്ങിയ ഈ ആചാരം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലും തിരുവിതാംകൂറിന്‍റെ ചില ഭാഗങ്ങളിലും മാത്രമാണ് ഓണപ്പാവക്കൂത്ത് പ്രചാരത്തിലുള്ളത്. ഗണകന്മാരുടെ ഒരു പാരമ്പര്യ കലയാണിത്. ഉടുക്കും കിണ്ണവും മുട്ടി കൈയുറ പാവകളെയാണ് ഇതിൽ ആടിക്കുന്നത്.