ഓണം വാരാഘോഷം ഉദ്ഘാടനം ബുധനാഴ്ച | Onam Varaghosham

 

file photo

Onam Carnival

ഓണം വാരാഘോഷം ഉദ്ഘാടനം ബുധനാഴ്ച

തമിഴ് ചലച്ചിത്രതാരം രവി മോഹൻ, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒമ്പത് വരെയാണ് ഓണാഘോഷം. ബുധനാഴ്ച വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.

തമിഴ് ചലച്ചിത്രതാരം രവി മോഹൻ, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികളാകും. പ്രധാന വേദിയായ കനകക്കുന്നിന് പുറമേ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീൻഫീൽഡ്, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി നഗരത്തിലും പുറത്തുമായി തലസ്ഥാനത്തെ 33 വേദികളിലാണ് ഇത്തവണത്തെ ഓണാഘോഷം.

പ്രമുഖർ ഉൾപ്പെടെ ആയിരത്തിലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ചിന്മയി ശ്രീപദ, സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ, മനോ, വിധു പ്രതാപ്, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, പുഷ്പവതി, നജീം അർഷാദ്, അഞ്ജു ജോസഫ്, അപർണ രാജീവ്, മൃദുല വാര്യർ, ബിജു നാരായൺ തുടങ്ങി വമ്പൻ താരനിരയാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിനിരക്കുന്നത്.

ഗാനമേള, നൃത്തനൃത്യങ്ങൾ, നാടൻകലകൾ, വാദ്യമേളകൾ, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, നാടകം, കവിയരങ്ങ്, കഥയരങ്ങ്, യോഗ, കളരിപ്പയറ്റ്, കഥകളി, മെഗാഷോ തുടങ്ങി നിരവധി കലാപരിപാടികളും ഏഴ് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും.

എട്ടിന് വൈകിട്ട് 6.30ന് മെട്രൊ വാർത്ത അവതരിപ്പിക്കുന്ന, ചലച്ചിത്ര പിന്നണി ഗായകൻ രാജേഷ് വിജയും സംഘവും അണിനിരക്കുന്ന മ്യൂസിക് ബാൻഡ് മെഗാ ഷോയും അരങ്ങേറും.

വാരാഘോഷത്തിന്‍റെ ഭാഗമായി നഗരത്തിലുടനീളം ദീപാലങ്കാരമുണ്ടായിരിക്കും. ട്രേഡ് ഫെയറുകളും ഭക്ഷ്യമേളയും വിവിധ മത്സരങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് രാത്രി 12 മണി വരെ ദീപാലങ്കാരം കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ആഘോഷങ്ങൾ. ഒമ്പതിന് വൈകിട്ട് ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും. 150ൽ പരം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.

രാജ്ഭവനിലെത്തിയ മന്ത്രിമാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിലെത്തി ഓണസമ്മാനം നൽകി ഗവർണറെ ക്ഷണിച്ചത്. ഗവർണർ‌ ഓണോഘോഷ പരിപാടിയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു