രാജേഷാണോ? എങ്കിലിങ്ങ് പോരേ! രസകരമായി രാജേഷുമാരുടെ സംസ്ഥാനതല കൂട്ടായ്മ
കണ്ണൂർ: ഉദ്ഘാടകനും രാജേഷ്, അധ്യക്ഷനും രാജേഷ്.. വേദിയിലും സദസിലും ഉള്ള എല്ലാവരും രാജേഷ്... എന്തിനേറെ പരിപാടി നടന്ന സ്ഥലത്തിന്‍റെ പേരിൽ പോലും മാറ്റമില്ല, നേദ്യ രാജേഷ് നഗർ! രാജേഷുമാരുടെ സംസ്ഥാന തല കൂട്ടായ്മ രാജസംഗമം 2025 ഒരേ പേരുകാരുടെ സമൃദ്ധിയാൽ രസകരമായ അനുഭവമായി മാറി.
കണ്ണൂർ ധർമശാലയിലെ മാങ്ങാട് എൽപി സ്കൂളിലാണ് രാജസംഗമം സംഘടിപ്പിച്ചത്. പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രാർഥന ചൊല്ലാനെത്തിയത് നീരജ രാജേഷ്... അവിടെ നിന്നേ തുടങ്ങി രാജേഷുമാരുടെ പെരുമ. പിന്നെ സ്വാഗതം രാജേഷ് കല്യാശേരി, അധ്യക്ഷൻ രാജേഷ് കീഴാറ്റൂർ, ഉദ്ഘാടനത്തിനായെത്തിയത് കണ്ണൂർ സിറ്റി ഹെഡ് ക്വാർട്ടേഴ്സ് എഎസ്ഐ രാജേഷ് എ തളിയിൽ. ആശംസകൾ അർപ്പിക്കാനെത്തിയത് രാജേഷ് പയ്യന്നൂർ, രാജേഷ് ബാലൻ, രാജേഷ് വടക്കാഞ്ചേരി, പിന്നെ രാജേഷ് കെ.വി.
സമൂഹമാധ്യമങ്ങളിലും രാജേഷ് ഗ്രൂപ്പ് സജീവമാണ്. ഗ്രൂപ്പിന് പ്രവർത്തിക്കാനായി നിയമാവലിയുമുണ്ട്. അതു കൂടാതെ രക്തദാന സേനയും രൂപീകരിച്ചു. ഒടുവിൽ രാജേഷ് കോയ്യോടൻ നന്ദി പറഞ്ഞതോടെ രാജേഷുമാരെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്താണ് പിരിഞ്ഞത്.