ഇഫ്താർ വിരുന്നൊരുക്കി നടൻ വിജയ്, വിശ്വാസികൾക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു
ചെന്നൈ: റംസാൻ വ്രതത്തിന്‍റെ ഭാഗമായി ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ ഗ്രൗണ്ടിൽ ഇഫ്താർ വിരുന്നൊരുക്കി തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണു വിജയ് ഇഫ്താർ ഒരുക്കിയത്. പ്രദേശത്തെ പതിനഞ്ചോളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. 3000ലധികം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് സൂചന.
വിശ്വാസികൾക്കൊപ്പം വിജയ് പ്രാർഥനയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വിജയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനെയും നിരന്തരം വിമർശിക്കുന്ന വിജയ് കൂടുതൽ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് വിലയിരുത്തൽ.