പരിണാമത്തിന്‍റെ ഏതോ ഘട്ടത്തിൽ മനുഷ്യൻ മറന്നു പോയ അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു ശക്തിയെ കുറിച്ചുള്ള രഹസ്യം ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയിരിക്കുന്നു. എന്തെങ്കിലുമൊരു ശബ്ദം കേൾക്കുമ്പോൾ നായകളോ പൂച്ചകളോ പശുക്കളോ കുതിരകളോ ഒക്കെ ഉടനെ ചെവി ചലിപ്പിക്കുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവാം. ഇതേ കഴിവ് നമ്മുടെ പൂർവികർക്കും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പരിണാമ ഘട്ടത്തിലെവിടയോ വച്ച് മനുഷ്യന് ആ കഴിവുകൾ നഷ്ടപ്പെട്ടു.
ജർമ്മനിയിലെ സാർലാൻഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. അത്തരം പേശികൾ ഇപ്പോഴും നമ്മുടെ ചെവികളിൽ ഉണ്ടെന്നും എന്നാൽ അവ പ്രവർത്തനരഹിതമാണെന്നും ഗവേഷകർ കണ്ടെത്തി. എങ്കിലും, ചില ശബ്‍ദങ്ങൾ കേൾക്കുമ്പോൾ, നമ്മുടെ ചെവിയിലെ പേശികൾ ചെറുതായി സജീവമാകുമെന്നും ഗവേഷകർ പറയുന്നു.
ഇപ്പോഴും ചില മനുഷ്യർക്ക് ഈ കഴിവുകളുണ്ടെന്നും പഠനം പറയുന്നു. ഏകദേശം 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ഇപ്പോഴും ചെവികൾ ചലിപ്പിക്കാനുള്ള ശക്തിയുണ്ട്. ചെവിയെ ചലിപ്പിക്കുന്ന മൂന്ന് പ്രധാന പേശികൾ ശരീരത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അവ മിക്കവാറും പ്രവർത്തനരഹിതമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.