ബിയർ കുപ്പിയും കയ്യിൽ പിടിച്ച് നടുറോഡിൽ സാറ ടെൻഡുൽക്കർ, ഗോവയിലെ ന്യൂയർ ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ വൈറൽ; സൈബറാക്രമണം
പനജി: പുതുവത്സര ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറ ടെൻഡുൽക്കറിനെതിരേ വ്യാപക സൈബർ ആക്രമണം. ഗോവയിലെ റോഡിലൂടെ സുഹൃത്തുക്കൾക്കൊപ്പം സാറ നടന്നുപോകുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് സൈബർ ആക്രമണം രൂക്ഷമായത്.
സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷത്തോടെ നടന്നുപോകുന്ന സാറയെ ആണ് വിഡിയോയിൽ കാണുന്നത്. എന്നാൽ സാറ കയ്യിൽ പിടിച്ചിരിക്കുന്നത് ബീയർ കുപ്പിയാണെന്ന് ആരോപിച്ചാണ് ചിലർ രംഗത്തെത്തിയത്. ഇതോടെ വിഡിയോയ്ക്കു താഴെ സാറയെ വിമർശിച്ചുകൊണ്ടുള്ള കമന്‍റുകൾ നിറയുകയായിരുന്നു. ഇതിഹാസ താരത്തിന്റെ മകൾ പരസ്യമായി മദ്യക്കുപ്പിയുമായി നടക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്. സാറയെ വിമർശിക്കുന്നതിനൊപ്പം സച്ചിനെതിരേയും വൻ വിമർശനമാണ് ഉയർന്നത്.
സാറയെ പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് സാറയെ പിന്തുണയ്ക്കുന്നവർ കുറിക്കുന്നത്. മകൾ ബീയർ കഴിക്കുകയാണെങ്കിൽ അത് എങ്ങനെ സച്ചിൻ തെൽഡുൽക്കർ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാൻ സാധിക്കുമെന്നും ചിലർ ചോദിക്കുന്നു.