സ്മൃതി മന്ദാന
ജീവിതത്തിലെ ഏറ്റവും കഠിനമായ രാത്രി ഏതായിരുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെ വികാരഭരിതയായി ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു താരത്തോട് ഈ ചോദ്യം ഉയർന്നത്.
“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ രാത്രി ഏതായിരുന്നു?” എന്നായിരുന്നു രാജ് ഷമാനിയുടെ ചോദ്യം. ചോദ്യം കേട്ട സ്മൃതി കുറച്ചുനേരം നിശബ്ദയായി. വികാരങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ച താരം കണ്ണുനീർ അടക്കിപ്പിടിക്കാനും ശ്രമിച്ചു. തുടർന്ന് “ഒരുപക്ഷേ ഏതെങ്കിലും ലോകകപ്പ്” എന്നായിരുന്നു സ്മൃതിയുടെ മറുപടി.
എന്നാൽ ഏത് ലോകകപ്പാണ് ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കിയില്ല. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നും സ്മൃതി വ്യക്തമാക്കി. “ഞാൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ” എന്നായിരുന്നു താരത്തിന്‍റെ നിലപാട്. കോവിഡ് കാലവും തനിക്ക് ഏറെ ബുദ്ധിമുട്ടേറിയ സമയമായിരുന്നുവെന്നും സ്മൃതി പറഞ്ഞു.
കഴിഞ്ഞ വർഷം വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്മൃതി മുൻപ് പരസ്യമായി പ്രതികരിച്ചിരുന്നില്ല. പോഡ്കാസ്റ്റിലും വ്യക്തിജീവിതത്തിലേക്ക് കടന്നുള്ള ചോദ്യങ്ങളിൽ നിന്ന് താരം വിട്ടുനിന്നു.
തന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിനും സ്മൃതി തുറന്നുപറഞ്ഞു. ദേഷ്യം പുറത്തുകാണിക്കുന്ന ആളല്ലെങ്കിലും തനിക്ക് ദേഷ്യം വരാറുണ്ടെന്ന് താരം പറഞ്ഞു. ആരോടും പ്രതികാരം ചെയ്യാൻ താൽപര്യമില്ലെന്നും എന്നാൽ സംഭവിച്ച കാര്യങ്ങൾ മറക്കാറില്ലെന്നും സ്മൃതി വ്യക്തമാക്കി. “ഞാൻ പ്രതികാരം ചെയ്യില്ല, പക്ഷേ അത് മറക്കുകയുമില്ല. ആരോടും മോശമായി പെരുമാറാനും ഞാൻ ആഗ്രഹിക്കുന്നില്ല”- സ്മൃതി പറഞ്ഞു.
ആരെങ്കിലും തന്നെ വേദനിപ്പിച്ചാൽ ക്ഷമിക്കുമോ എന്ന ചോദ്യത്തിന് “ക്ഷമിക്കും, പക്ഷേ മറക്കില്ല” എന്നായിരുന്നു സ്മൃതിയുടെ മറുപടി.