കൈലാസ മാനസരോവർ
കൈലാസ മാനസരോവര്‍ തീര്‍ഥയാത്രയിലെ ഏറ്റവും ദുരൂഹവും ആത്മീയ പ്രാധാന്യമേറിയതുമായ സ്ഥലമാണ് യമകവാടം. ടിബറ്റിലെ നഗരി മേഖലയിലെ തര്‍ബോചെയില്‍, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4,750 മീറ്റര്‍ ഉയരത്തിലാണ് ഈ കവാടം സ്ഥിതിചെയ്യുന്നത്. കൈലാസ പരിക്രമണത്തിന്‍റെ തുടക്കസ്ഥാനമായ ഡാര്‍ചെനില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള യമകവാടം, 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരിക്രമണത്തിന്‍റെ ഔദ്യോഗിക പ്രവേശന കവാടമായാണ് അറിയപ്പെടുന്നത്.
'യമകവാടം' എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു നിഗൂഢത അനുഭവപ്പെടും. ഹിന്ദു വിശ്വാസപ്രകാരം ഇത് മരണദേവനായ യമന്‍റെ കവാടമാണ്. എന്നാല്‍ ഇവിടെ മരണത്തെ ഭയത്തിന്‍റെ പ്രതീകമായല്ല കാണുന്നത്. അഹങ്കാരവും പാപങ്ങളും ഭൗതിക മോഹങ്ങളും ഉപേക്ഷിച്ച് ആത്മീയമായ ഒരു പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന്‍റെ പ്രതീകമാണ് ഈ കവാടം.
അതുകൊണ്ടുതന്നെ തീര്‍ഥാടകര്‍ യമകവാടം ഒരുതവണ കടന്നാല്‍ തിരികെ അതേ കവാടത്തിലൂടെ മടങ്ങാറില്ല. പഴയ ജീവിതത്തെ പിന്നിലാക്കി ആത്മീയ പുനര്‍ജന്മത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ പ്രതീകാത്മക ആചാരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. യമകവാടത്തിന് ചുറ്റുമുള്ള ടിബറ്റന്‍ പതാകകളും ഹിമാലയത്തിന്‍റെ നിശബ്ദതയും ചേര്‍ന്ന് സ്ഥലത്തിന് കൂടുതല്‍ ദുരൂഹമായ അന്തരീക്ഷം സമ്മാനിക്കുന്നു.
ഹിന്ദുക്കള്‍ക്ക് പുറമെ ബുദ്ധമതം, ജൈനമതം, ടിബറ്റിലെ ബോണ്‍ മതവിശ്വാസികള്‍ എന്നിവര്‍ക്കും ഈ സ്ഥലം അതീവ വിശുദ്ധമാണ്. ഓരോ മതവും യമകവാടത്തെ ആത്മാവിന്‍റെ ശുദ്ധീകരണത്തിന്‍റെയും മോക്ഷത്തിലേക്കുള്ള യാത്രയുടെയും പ്രതീകമായി കാണുന്നു.
യമകവാടത്തെ കുറിച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളൊന്നുമില്ല. എങ്കിലും അവിടെ എത്തിയ നിരവധി തീര്‍ഥാടകര്‍ പറയുന്നത് ഒരേ കാര്യമാണ്. അതു മറ്റൊന്നുമല്ല. ആ കവാടത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്‍റെ നിസാരതയും പ്രകൃതിയുടെ അനന്തതയും ഒരേസമയം അനുഭവിക്കാമെന്നാണ് അവര്‍ പറയുന്നത്.