മനസില്ലാതായാൽ ജീവിക്കുന്നില്ല. ഈ ലോകം തന്നെയില്ല.

 
Anastasiia
Literature

ഉള്ളിലെ മരീചികകൾ | അക്ഷരജാലകം

നാം ജീവിക്കുന്നു എന്നു പറയണമെങ്കിൽ മനസ് വേണം. എന്തു തരം മനസ്? ചിന്തിക്കാനും വികാരം കൊള്ളാനും കഴിയുന്ന മനസ്

അക്ഷരജാലകം | എം.കെ. ഹരികുമാർ

മനസിലാണ് നോവുന്നത്, ശരീരത്തിലെ വേദനയാണെങ്കിലും അത് മനസിലാണ് ചെന്നു തറയ്ക്കുന്നത്. മനസുള്ളതു കൊണ്ട് നാം ജീവിക്കുന്നു. മനസില്ലാതായാൽ ജീവിക്കുന്നില്ല. ഈ ലോകം തന്നെയില്ല. നാം ജീവിക്കുന്നു എന്നു പറയണമെങ്കിൽ മനസ് വേണം. എന്തു തരം മനസ്? ചിന്തിക്കാനും വികാരം കൊള്ളാനും കഴിയുന്ന മനസു വേണം.

എന്നാൽ ശാരീരിക വേദനകളിൽപ്പെട്ട് കഷ്ടപ്പെടുന്ന ഒരാളുടെ മനസ് വ്രണിതമായിരിക്കും. ആഭ്യന്തരമായ ചിന്തകളാൽ നൊന്തു കഴിയുന്ന ഒരുവന്‍റെ മനസ് പീഡിതമായിരിക്കും. മനസ് പീഡിപ്പിക്കപ്പെടുന്നത് യഥാർഥമായ അവസ്ഥയാണോ? അത് നമ്മുടെ സമീപനങ്ങളിൽ നിന്ന്, പ്രതിബദ്ധതകളിൽ നിന്ന്, നാട്ടുനടപ്പിൽ നിന്ന്, മുൻവിധികളിൽ നിന്ന് ഉളവായി സ്വാഭാവികമായി നാം എത്തിച്ചേരുന്ന ഒരു അവസ്ഥയാണോ? മനസ് യഥാർഥമാണോ? അല്ലെങ്കിൽ ഇങ്ങനെ ചോദിക്കാം: മനസ് നമ്മുടേത് തന്നെയാണോ? മനസ് എന്നുപറയുന്നത് ഈ ലോകത്തിലെ സകലതും പങ്കുപറ്റുന്ന ഒരു അനുഭവമോ അവസ്ഥയോ ആയിരിക്കാം. അപ്പോൾ അത് ഒരു ലോകാവസ്ഥയാകാം. അതിന്‍റെ ഒരു ഓഹരിയിൽ നമ്മൾ ചേരുന്നു. നമുക്കും ആ ബൃഹദ് മണ്ഡലത്തിന്‍റെ ഒരു കണം കിട്ടുന്നു. നാം അതിൽ ചില ക്രിയകൾ ചെയ്യുന്നു. അപ്പോഴും അത് മാറുകയോ രൂപാന്തരപ്പെടുകയോ നശിക്കുകയോ ചെയ്യുന്നു.

എല്ലാവരുടെയും ഭൂതങ്ങളായ ആകാശവും ഭൂമിയും പോലെയുള്ള ഒന്നാണ് മനസ്. ആകാശം എല്ലാവരുടേതുമാണ്. നമ്മൾ നമ്മുടെ ഒരു പങ്കെടുക്കുന്നു. അതിനു നാം ഏകപക്ഷീയവും വ്യക്തിപരവുമായ അനുഭവതലം നൽകുന്നു. നമ്മുടെ ഓഹരിയായ ആകാശത്ത് എന്തുതന്നെ ചെയ്താലും ആകാശം പൂർണതയിൽ അതുപോലെ തന്നെയുണ്ടാകും. ആകാശത്തിന്‍റെ, നമുക്ക് നല്കപ്പെട്ട കണത്തെ നശിപ്പിക്കാനുമാവില്ല.

ഐക്യത്തിന്‍റെ ഇരട്ടയായി

അമെരിക്കൻ ചരിത്രകാരനും തത്ത്വചിന്തകനുമായ വിൽ ഡുറാന്‍റ് 'ദ് സ്റ്റോറി ഓഫ് ഫിലോസഫി' എന്ന കൃതിയിൽ സ്പിനോസയെക്കുറിച്ച് എഴുതുന്നുണ്ട്. അവിടെ 'മാറ്റർ ആൻഡ് മൈൻഡ്' എന്ന ഭാഗത്ത് ഇങ്ങനെ കുറിക്കുന്നു:

'മനസ് ഒരു വസ്തുവല്ല; വസ്തു മനസുമല്ല. അത് തലച്ചോറിന്‍റെ പ്രവർത്തന ഫലമല്ല. അതിന്‍റെ ഫലമല്ല ചിന്ത. ഈ രണ്ട് പ്രക്രിയകളും സ്വതന്ത്രമോ സമാന്തരമോ അല്ല. രണ്ടു പ്രക്രിയകളോ രണ്ട് അസ്തിത്വമോ ഇല്ല; ഒരേയൊരു പ്രക്രിയയുണ്ട്, ഉള്ളിൽ ചിന്തയെന്ന തലത്തിൽ, പുറമെ പ്രവൃത്തിയായി. ഉള്ളിൽ മനസും പുറമേ വസ്തുവുമാണ്. യഥാർഥത്തിൽ അഭേദ്യമായ ഒരു ഐക്യമാണ് രണ്ടും തമ്മിലുളളത്. മനസും ശരീരവും പരസ്പരം പ്രവർത്തിക്കുന്നില്ല. കാരണം അവ രണ്ടല്ല, ഒന്നാണ്. ശരീരത്തിനു മനസിനോട് ചിന്തിക്കാൻ പറയാനാവില്ല. അതുപോലെ മനസിനു ശരീരത്തോടു പ്രവർത്തിക്കാനോ വെറുതെയിരിക്കാനോ കൽപ്പിക്കാനാവില്ല.

കാരണം ഇതാണ്: മനസിന്‍റെ തീരുമാനവും ശരീരത്തിന്‍റെ ആഗ്രഹവും ഒന്നാണ്; ഒരേ വസ്തുവാണ്. ഈ രീതിയിൽ ഈ ലോകമത്രയും ഐക്യത്തിൽ ഇരട്ടയായി കാണപ്പെടുന്നു. എവിടെയാണോ ഭൗതികമായ ഒരു പ്രക്രിയ ഉണ്ടാകുന്നത്, അത് യഥാർഥ പ്രക്രിയയുടെ ഒരു വശം മാത്രമാണ്. അത് പൂർണമാകണമെങ്കിൽ അതിന്‍റെ ആഭ്യന്തരമായ ഒരു പ്രക്രിയ കൂടി വേണം, വ്യത്യസ്ത അളവിലാണെങ്കിലും. നമ്മളിൽ തന്നെയുള്ള ഒരു ആന്തര പ്രക്രിയ വേണം. ആശയങ്ങൾ തമ്മിലുള്ള ബന്ധവും വസ്തുക്കൾ തമ്മിലുള്ള ബന്ധവും ഇങ്ങനെയാണ്. ആഭ്യന്തരവും ബാഹ്യവുമായ പ്രക്രിയയിൽ അന്തർഭവിച്ച ബന്ധത്തിലാണതുള്ളത്'.

മനസ് നമ്മുടേതല്ല

ശരീരത്തിന്‍റെയും മനസിന്‍റെയും പ്രവർത്തനത്തിൽ അദ്വൈതമാണ് സ്പിനോസ കാണുന്നത്. പ്രവൃത്തിയും ചിന്തയും രണ്ടല്ല, ഒന്നുതന്നെയാണ്- അതിന് ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രവൃത്തിക്ക് ചിന്തയാകാൻ കഴിയാത്തതു പോലെ ചിന്തയ്ക്കു പ്രവർത്തിയാകാനും കഴിയില്ല. ഉള്ളിലിരിക്കുന്നതെല്ലാം ചിന്തയാണ്. പുറമേയുള്ളതെല്ലാം ചലനമാണ്. അതു സ്വാഭാവികമായ അവസ്ഥയാണ്. അതിനെ രണ്ടായി വേർതിരിക്കരുതെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അപ്പോഴും ചിന്തയ്ക്കും പ്രവൃത്തിയും ആധാരമായ ഒരു ചോദ്യമുണ്ട്. ഇത് എവിടെ നിന്ന് വരുന്നു? അതിന്‍റെ ഉത്തരത്തിലേക്കാണ് നമ്മുടെ ആദ്യത്തെ അന്വേഷണം എത്തിച്ചേരേണ്ടത്. മനസ് നമ്മുടേതല്ല; മനസ് അവിടെയുണ്ടായിരുന്നു. നാം ജനിച്ചപ്പോൾ അത് നമ്മളിലേക്കും വന്നു, ഒരു ഓഹരിയായി. വായു ഇവിടെയുണ്ടായിരുന്നു. നാം ജനിച്ചപ്പോൾ അത് നമ്മളിലേക്ക് വന്നു. അതുകൊണ്ട് അതു നമ്മുടേതാണെന്ന് പറയാനാവില്ല. മനസും അതുപോലെയാണ്. മനസ് പ്രാപഞ്ചികമായ സംവേദനമണ്ഡലമാണ്. മനസിലൂടെയാണ് നാം അറിയുന്നത്.

ഷേക്സ്പിയറിന്‍റെ 'ഹാംലറ്റ് ' എന്ന നാടകം നാം മനസിലൂടെയാണ് അറിയുന്നത്. ഷേക്സ്പിയർ മാത്രം ചിന്തിച്ച ഒരു വസ്തുവായിരുന്നു അത്. എന്നാൽ അത് എഴുതിക്കഴിഞ്ഞതോടെ പ്രാപഞ്ചികബോധമായി പരിണമിക്കുന്നു. പ്രാപഞ്ചിക ബോധത്തിന്‍റെ ഒരു ഓഹരിയാണത്. നമുക്ക് പങ്കു പറ്റാവുന്ന ഒരു കീറ് ബോധം. അതിൽ നമുക്ക് സ്വയം തിരിച്ചറിയാം. നമ്മുടെ സ്വാർഥവും ഗൂഢവുമായ ആഗ്രഹങ്ങൾ പോലെ അത് തിരിച്ചറിയാം. ഹാംലറ്റിന്‍റെ ചിന്തകൾ പ്രാപഞ്ചിക സംവേദനത്തിലേക്ക് എത്തിച്ചേരുന്നത് അത് എഴുതുന്നതോടെയാണ്. അതിനു മുമ്പ് ആ ലോകമില്ല. ഷേക്സ്പിയറിന്‍റെ ആഭ്യന്തരമായ ചിന്തകൾ ആകെ പ്രപഞ്ചത്തിന്‍റെ മനസ് എന്ന മണ്ഡലത്തിന്‍റെ ഭാഗമാകുന്നു. അങ്ങനെ അത് നമ്മുടെ ഓഹരിയായ പ്രപഞ്ചബോധത്തിന്‍റേതാകുന്നു. അതിലൂടെയാണ് നാം പ്രതികരിക്കുന്നത്. അത് ഉണർത്തുന്ന സംവേദനതലം നമ്മുടേതാണ്. എന്നാൽ അത് ആകെ പ്രപഞ്ചത്തിന്‍റേതാണ്.

'യഥാർഥത്തിൽ നല്ലതോ ചീത്തയോ എന്ന് പറയാവുന്നതായി യാതൊന്നുമില്ല. ചിന്തയാണ് അങ്ങനെയുള്ള വേർതിരിവുകളുണ്ടാക്കുന്നത്' എന്ന് ഷേക്സ്പിയർ എഴുതുന്നത് മനസിന്‍റെ പ്രാപഞ്ചികമായ സമഗ്രതയെക്കുറിച്ചാണ്. മനസിന് ഒരു വശം വേണമെങ്കിൽ അത് ആ രീതിയിൽ മാറും. യഥാർഥത്തിൽ മനസാണ് ആ വേർതിരിവ് സൃഷ്ടിക്കുന്നത്. എന്തെന്നാൽ പ്രാപഞ്ചികമായ സംവേദനമണ്ഡലത്തിന്‍റെ ഒരു കണമാണ് നമ്മുടെയുള്ളിലുള്ളത്. അത് നമ്മുടെ ഇഷ്ടം പോലെയും നമ്മുടേത് അല്ലാതെയും മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ നാം വല്ലാതെ സ്നേഹിക്കും. തൊട്ടടുത്ത നിമിഷം അത് മാറിപ്പോകാം. പ്രേമം വിദ്വേഷമായി മാറാം. യഥാർഥത്തിൽ മനസിനു പ്രേമവുമില്ല വിദ്വേഷവുമില്ല. അത് ഏതു നിലപാടുമെടുക്കും. അതിന് നിലപാടില്ലല്ലോ. മനസ് സ്വതന്ത്രമാണ്. അത് ഒരേസമയം ശൂന്യവും സമൃദ്ധവുമാണ്.

സഹനത്തെ അറിയണം

മനസ് നമ്മുടേതല്ല; അതുകൊണ്ടുതന്നെ അതിലെ ചിന്തകളും നമ്മുടേതല്ല. നാം മനസിന്‍റെ ഇംഗിതങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്. ഇങ്ങനെയുള്ള ഇരയാക്കപ്പെടൽ പ്രവചിക്കാനാവില്ല. നാം എന്തിനെയാണോ ഏറ്റവും കൂടുതൽ വെറുത്തത് അതിനോട് അടുക്കാൻ നൊടിനേരം മതിയാകും. ഏറ്റവും ഇഷ്ടപ്പെട്ടതിൽ നിന്ന് അകലാനും അല്പസമയം മതി. ഇങ്ങനെ എല്ലായ്പ്പോഴും സംഭവിക്കുന്നു എന്നല്ല പറയുന്നത്. നാം എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്ന ഒരാൾ പെട്ടെന്ന് തന്നെ അയാളുടെ മനസിന്‍റെ കെണിയിൽ പെട്ടുപോവുകയാണ്. നമ്മുടെ മനസ് എന്താണെന്ന് നമുക്ക് വിനിമയം ചെയ്തു കിട്ടുന്നില്ല. അത് നൈമിഷികമായാണ് അനുഭവവേദ്യമാകുന്നത്. കാരണം മനസ് നമ്മെ ഒരു ഭ്രമത്തിലാകപ്പെടുത്തുന്നു. അത് ആകെ പ്രപഞ്ചത്തിന്‍റെ സംവേദനമണ്ഡലത്തിന്‍റെ ഒരംശമാണ്.

മനസ് പിടി തരാത്തതാണ് അസ്വസ്ഥതയ്ക്ക് കാരണം. ഇഷ്ടപ്പെട്ടതിൽ നിന്നു പിന്തിരിയാൻ കഴിയുന്നില്ലെങ്കിൽ അത് മനസിന്‍റെ ദുർഗ്രഹത വർധിപ്പിക്കുകയാണ്. മനസിലെ ചലനങ്ങൾ ഓളങ്ങളാണ്. അത് പ്രവചിക്കാനാവാത്തതു പോലെ പൂർണമായി വഴി ഒഴിവാക്കാനുമാവില്ല. മനസിന്‍റെ ഏകാഗ്രതയ്ക്ക് സർവതും ത്യജിച്ച് സ്വയം കേന്ദ്രീകരിക്കണമെങ്കിൽ നല്ലപോലെ സഹനത്തെ നേരിടണം. ആത്മാവിൽ നിരാഹാരമനുഷ്ഠിക്കണം. ആത്മാവിൽ നഷ്ടപ്പെടണം. ആത്മാവിൽ സഹിക്കണം. അത് എല്ലാവർക്കും സാധിക്കില്ല. ഭൂരിപക്ഷവും താൽക്കാലികമായ മനസിന്‍റെ ഏടാകൂടത്തിലാണ് കഴിയുന്നത്.

പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ പരിഭാഷപ്പെടുത്തിയ 'വസിഷ്ഠസുധ - യോഗവാസിഷ്ഠസാരം' എന്ന ഗ്രന്ഥത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം:

''വന്ധ്യ സംസക്തി ഹേതുവായി മനസ് കഴുകൻ മാംസക്കഷണത്തിലെന്ന പോലെ ജഡങ്ങളൊക്കെ സുന്ദരങ്ങളാണെന്നും സുഖദായകങ്ങളാണെന്നുമാണ് മനസിന്‍റെ ഭ്രമം. ഈ വന്ധ്യ സംസംക്തിയെ ആശ്രയിക്കുന്നവരുടെ രമ്യങ്ങളായ അന്തഃപുരങ്ങളാണ് രൗരവം, അവീചി, കാലസൂത്രം തുടങ്ങി പ്രസിദ്ധങ്ങളായ ഘോരനരകങ്ങൾ. വന്ധ്യാസക്തിയിൽ പെടുന്ന കൂട്ടരെ നരകാഗ്നിജ്വാല ഉണക്ക വിറകിനെ തീയെന്ന പോലെ എരിച്ചു ചാമ്പലാക്കുന്നു എന്നറിയേണ്ടതാണ്. ആത്മവിദ്യാ ദൃഷ്ടി ഉദയം ചെയ്തു, അവിദ്യ ക്ഷയിച്ചു, സംസക്തി തീരെ വിട്ടുപോയി; ഈ വിധമുള്ള ചിത്തം ആർക്കും മോക്ഷസുഖത്തെ പ്രദാനം ചെയ്യുന്നു.

രാമാ, ഒരാൾ ആരോടും ഇടപെട്ടു കഴിയട്ടെ, ഇരിക്കുകയോ നിൽക്കുകയോ കിടക്കുകയോ ചെയ്യട്ടെ. ഏതു കർമവും അനുഷ്ഠിക്കട്ടെ. അയാൾക്ക് സത്യബുദ്ധി തെളിഞ്ഞിട്ടുണ്ടോ? എങ്കിൽ ഒന്നും ഭയപ്പെടാനില്ല. അയാൾ കർമങ്ങളിലോ ചിന്തകളിലോ പദാർഥങ്ങളിലോ സംഗബദ്ധനായിത്തീരുന്നില്ല. രാമാ, മനസിനെ ബോധസത്യത്തിലല്ലാതെ മറ്റൊരിടത്തും പറ്റി നിൽക്കാൻ അനുവദിക്കരുത്. ആകാശത്തിൽ, താഴെ, മുകളിൽ, വിസ്താരമേറിയ ദിഗന്തങ്ങളിൽ, പുറത്തുള്ള അസംഖ്യം സുഖസാമഗ്രികളിൽ, ഇന്ദ്രിയ പ്രവർത്തനങ്ങളിൽ, ഉള്ളിൽ, പ്രാണനിൽ, ശിരസിൽ, അണ്ണാക്കിൽ, ഭ്രൂമധ്യത്തിൽ, നാസികാഗ്രത്തിൽ, മുഖത്തിൽ, കൃഷ്ണമണിയിൽ, ഇരുട്ടിൽ, നിഴലിൽ, ഹൃദയാകാശത്തിൽ, ജാഗ്രത്തിൽ, സ്വപ്നത്തിൽ, സുഖാവഹമായ സുഷുപ്തിയിൽ, കറുപ്പ്, മഞ്ഞ, ചുവപ്പ്, ശബളം തുടങ്ങിയ നിറങ്ങളിൽ, ചലനത്തിൽ, സ്ഥിരത്തിൽ, അഭിയിൽ, മധ്യത്തിൽ, അന്തത്തിൽ, ദൂരത്തിൽ, സമീപത്തിൽ, മുൻപിൽ, പിൻപിൽ, കാഴ്ചയിൽ, സങ്കൽപ്പത്തിൽ, ശബ്ദ സ്പർശ രൂപ രസ ഗന്ധങ്ങളിൽ, മോഹമദ ചിന്തകളിൽ, വന്നും പോയുമിരിക്കുന്ന കാര്യങ്ങളിൽ, കാലപരിവർത്തനങ്ങളിൽ, ഇങ്ങനെ ഒന്നിലും മനസിനെ പറ്റി നിൽക്കാനനുവദിക്കരുത്''.

കെണിയിൽ

ഇത് മനസിന്‍റെ അസ്ഥിരത, പ്രാപഞ്ചികമായ സംവേദന മണ്ഡലം എന്നീ നിലകളിലുള്ള അനിത്യത, ചാഞ്ചല്യം, അപ്രാപ്യത, ദുർഗ്രഹത എന്നിവയാണ് പ്രസരിപ്പിക്കുന്നത്. വസിഷ്ഠ മുനി പറയുന്നത് ഭാവിയിൽ ത്രിപുടിയിലേക്ക് എത്തണമെന്നാണ്. എങ്കിൽ മാത്രമേ മനസുണർത്തുന്ന ഭ്രമത്തെ ഒഴിവാക്കാൻ കഴിയൂ. സ്വതന്ത്രമായ സഞ്ചാരം ഇപ്പോഴും മിഥ്യയാണ്. കാരണം നാം ഭ്രമത്തിലാണല്ലോ, നമ്മെ നമുക്ക് അറിയില്ല. വർഷങ്ങളോളം ജീവിച്ചിട്ടും നാം ആരാണെന്നറിയില്ല. വല്ലാത്ത ഒരു കെണിയാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ പൂച്ചക്കുട്ടികളുമായി വല്ലാത്ത സ്നേഹത്തിലായിരുന്നു. എന്നാൽ എല്ലാവരും വൈറൽ പനി പിടിച്ചു മരിച്ചുപോയി.

എന്തായിരുന്നു അവരുടെ സ്നേഹത്തിന്‍റെയും തീവ്രമായ ബന്ധത്തിന്‍റെയും അർഥം. അവർ ആരായിരുന്നു? അവർക്ക് ആരാണെന്നറിയാതെ തന്നെ ഇടപെടാൻ കഴിഞ്ഞു. ആരാണെന്ന് നിശ്ചയമില്ലാത്തവരുടെ വെറും കളിയാണോ ജീവിതം? എല്ലാം ത്യജിച്ച് ത്രിപുടിയിലെത്തിയാൽ ആനന്ദം ലഭിക്കുമായിരിക്കും. പക്ഷേ ത്രിപുടിയിൽ നാം സ്നേഹിച്ച ആരുമില്ല. മുറിച്ചുമാറ്റാൻ കഴിയില്ലെന്ന് വിശ്വസിച്ച് നാം ഭ്രാന്തമായി പുൽകിയ മമതകൾ ഇല്ലല്ലോ. ഹരം പിടിപ്പിക്കുന്ന പ്രേമബന്ധം ഇല്ലല്ലോ. പിന്നെ എന്തിനാണ് ത്രിപുടി? മനുഷ്യൻ ഒരു കെണിയിലാണ്. ഏതിലാണോ താല്പര്യമുള്ളത് അതിലേക്ക് തല വച്ചു കൊടുക്കണം. രാവണന് പത്തു തലമുണ്ടായത് ഇങ്ങനെയായിരിക്കണം. പിന്നീട് തല വലിച്ചെടുക്കാനാവില്ല. ആസക്തിയോ വിരഹമോ വിഷാദമോ പകയോ എന്തുമാകട്ടെ അതിൽ നിന്ന് തല വലിച്ചെടുക്കാനാവില്ല. ആ തലകൾ അവശേഷിക്കും.

രജതരേഖകൾ

1) മമ്മൂട്ടി സമയം കിട്ടുമ്പോഴെല്ലാം 'നാടോടിക്കാറ്റ് ' സിനിമ കാണുമായിരുന്നുവെന്ന് ശ്രീനിവാസൻ അറിയിക്കുന്നുണ്ട്. എത്ര തവണ കണ്ടാലും ബോറടിക്കാത്ത സിനിമ എന്ന നിലയിലാണത്രേ മമ്മൂട്ടി അത് ആസ്വദിച്ചത്. ഒരു സിനിമയെ സാമാന്യയുക്തിയിൽ നിലനിർത്തുകയും അത് പ്രേക്ഷകരെ മുഴുവൻ സമയവും രസിപ്പിക്കുകയും ചെയ്യുകയാണ് മുഖ്യധാര സിനിമയുടെ വെല്ലുവിളി. എന്നാൽ, എത്ര നല്ല സിനിമകൾ ചെയ്താലും അതിന്‍റെ വിജയ ഫോർമുല ആർക്കുമറിയില്ല എന്നതാണ് വസ്തുത.

2) ഡോ. അസീസ് തരുവണയുടെ 'വയനാടൻ രാമായണം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി പോൾ മണലിൽ (അസീസിന്‍റെ രാമായണം, തന്മ, ആഗസ്റ്റ്) ഇങ്ങനെ എഴുതുന്നു: 'ചെട്ടികളുടെ വിശ്വാസമനുസരിച്ച് രാമകഥയിലെ പഞ്ചവടി ഐവർ ചെട്ടികളുടെ നാടായ വയനാടാണ്. ലവനും കുശനും വിവാഹം കഴിച്ചത് എരിയപ്പള്ളിയിലെ ഒരു ചെട്ടിയുടെ മകളെയാണ്. ബത്തേരിക്കും പുൽപ്പള്ളിക്കും ഇടയിലുള്ള ഏരിയപ്പള്ളിയിൽ ഇന്നും ചെട്ടി സമുദായക്കാർ ഏറെയുണ്ട്. ലവകുശന്മാർ ഒരു ദരിദ്ര ചെട്ടി കുടുംബത്തിന് എരുമകളെ നൽകിയതിനെ തുടർന്നാണ് ആ പ്രദേശത്തിനു എരുമപ്പള്ളി എന്ന പേരുണ്ടായതെന്നും കരുതുന്നു. എരുമപ്പള്ളി പിന്നെ എരിയപ്പള്ളിയായി'.

3) പ്രമോദ് വെള്ളച്ചാല്‍ എഴുതിയ 'വിഎസ് ' (സ്ത്രീശബ്ദം, സെപ്റ്റംബർ) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'ജീവന്‍റെ ഒരു ശതകമിവിടെ

തീരുന്നതല്ലെന്നു

സ്മരണകളുടെ കടൽത്തിരകളാൽ

മണ്ണിലെഴുതുന്നവൻ വിഎസ്...

അന്ന് ജാലകത്തിന്നഴികളിലൂടെ

തടാകങ്ങൾ നിറഞ്ഞു തുളുമ്പിയ

ആ കണ്ണുകൾ ഞങ്ങൾ കടം കൊള്ളുന്നു'.

വി.എസ് പോരാട്ടവീര്യത്താൽ കവികളെ നിരന്തരം പ്രചോദിപ്പിക്കുകയാണ്.

4) സണ്ണി തായങ്കരി എഴുതിയ 'ശാർദ്ദൂല വിക്രീഡിതം' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ്) ഒരു കവിയശഃപ്രാർഥിയുടെ അന്തംവിട്ട പ്രവൃത്തികളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഒരു സാഹിത്യകാരനോ കവിയോ ആകാൻ വേണ്ടി എന്ത് തറവേലയും കാണിക്കാൻ മടിയില്ലാത്ത കുറേപ്പേരെയെങ്കിലും മനസിൽ കണ്ടിട്ടാവണം ഈ കഥ എഴുതിയത്.

6) ജീവിതത്തിന്‍റെ ആപത്ശങ്കകളെയും ആപത്ഘട്ടങ്ങളെയും നിരുപാധികമായി സമീപിക്കുന്ന കവിതയാണ് പി.എ. അനീഷ് എഴുതിയ 'ഒറ്റമരം' (മെട്രൊ വാർത്ത വാർഷികപ്പതിപ്പ്). ഒറ്റമരം വയലിൽ വളരുകയാണ്. അതിന്‍റെ നവമായ തളിരിലകൾ ശുദ്ധമാണ്. എങ്കിലും അതിനെ ചൂഴ്ന്ന് ആപത്തുണ്ട്.

'സൂര്യനുണക്കി

വെറും ശിഖരങ്ങൾ മാത്രമായ്

നോക്കുകുത്തിയെ കെട്ടിവച്ച കാലത്തെ

വിചാരിച്ചതിന്‍റെ കിടുക്കം ഉച്ചയായിട്ടും

വേരുകളിൽത്തന്നെ

ഉറഞ്ഞു നിൽക്കുന്നുണ്ട്.

മുറിച്ചുമാറ്റുമെന്ന വിചാരം

അതിനില്ലാത്തത് എത്ര നന്നായി

അല്ലെങ്കിൽ മറ്റാരും പങ്കുവയ്ക്കാനില്ലാതെ

അതെങ്ങനെ സഹിക്കും?'

7) ഒരു ഓർമയുടെ സുഗന്ധം ആവാഹിക്കുകയാണ് പ്രഭാവർമ 'സ്മൃതിലേഖ' (ഒരുമ ഓണപ്പതിപ്പ്) എന്ന കവിതയിൽ. കവി തന്‍റെ പ്രിയമായ രൂപത്തെ ആകാശം, ചന്ദ്രിക, പൗർണമി,പൂവ് തുടങ്ങിയ പ്രകൃതി ബിംബങ്ങളുമായി ചേർത്തുവച്ച് വായിക്കുന്നു.

'മാഘപൗർണമി രാവിലായ്-

ക്കുളിരോളമിളകുമ്പോൾ

രാഗലോലമൊരമ്പിളി-

ത്തെളി നദിയിലുലയുന്നു'

8) ഓസ്ട്രിയൻ - ബ്രിട്ടീഷ് തത്ത്വചിന്തകനായ ലുഡ്വിഗ് വിറ്റ്ജെൻസ്റ്റീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. നാം മരണാനന്തരം ജീവിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല യഥാർഥ പ്രശ്നമെന്നു അദ്ദേഹം പറയുന്നു. ഇനി ജീവിച്ചിരിക്കുന്നുവെന്ന് കരുതുക. അതുകൊണ്ട് എന്താണ് പ്രയോജനമെന്നാണ് ചോദ്യം. മരിച്ചവരെല്ലാം മരണശേഷവും ജീവിക്കുകയാണെന്നു കരുതുക. ഏത് പ്രശ്നമാണ് അതിലൂടെ പരിഹരിക്കുക?

9) സുസ്മേഷ് ചന്ദ്രോത്ത് എഴുതിയ ബൃഹദ് നോവലാണ് 'വഴിച്ചെണ്ട'. ഒരു വലിയ നോവൽ സാഹിത്യരംഗത്ത് അതിന്‍റെ സ്ഥാനം ഉറപ്പിക്കാൻ കുറെ സമയമെടുക്കും. കാരണം ഇതാണ്: വലിയ നോവലുകൾ വായിക്കാൻ സാഹിത്യത്തോടു നല്ല താത്പര്യമുള്ളവർ വേണം. സുസ്മേഷിന്‍റെ നല്ലൊരു ഉദ്യമമാണിത്. അദ്ദേഹത്തിന്‍റെ മാസ്റ്റർ പീസാണ്. ഈ നോവലിനെ ആസ്പദമാക്കി സുസ്മേഷുമായി സിൽജമോഹനം ചെയ്ത ഒരഭിമുഖം (കലാപൂർണ സെപ്റ്റംബർ) വായിച്ചു. അതിൽ ഒരു വാചകമുണ്ട്: 'ഒരാളുടെ തകർച്ച നമ്മുടെ സ്വകാര്യമായ ആനന്ദമാണ്'. മനുഷ്യ മനസിനെക്കുറിച്ച് ചന്ദ്രോത്ത് പഠിച്ചിരിക്കുന്നു.

വിദേശയാത്ര: രാഹുൽ ഗാന്ധിക്കെതിരേ സിആർപിഎഫിന്‍റെ കത്ത്

എഥനോൾ ചേർത്ത പെട്രോളിനെതിരേ വ്യാജ പ്രചരണം

ബിനോയ് വിശ്വത്തിന് പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനം

ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

4 വർഷ ബിരുദം: ഗ്രേസ് മാർക്ക്, ക്രെഡിറ്റ് മാനദണ്ഡങ്ങൾ തയാർ