എഐ: മനുഷ്യബുദ്ധിക്ക് അപ്രാപ്യമായത്  Freepik.com
Literature

എഐ: മനുഷ്യബുദ്ധിക്ക് അപ്രാപ്യമായത്

മനുഷ്യനു ബുദ്ധിയുണ്ട്; അതിബുദ്ധിയുണ്ട്. എന്നാൽ മനുഷ്യബുദ്ധി കൊണ്ട് പ്രവർത്തിക്കാവുന്ന വേറെ ബുദ്ധിയുണ്ട്.

അക്ഷരജാലകം | എം.കെ. ഹരികുമാർ

മനുഷ്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) കണ്ടുപിടിച്ചത് ഒരു വിപത്തായി കാണാനാവില്ല. മനുഷ്യന്‍റെ അവസാനിക്കാത്ത യാത്രയാണത്. അങ്ങനെയേ പോകാനൊക്കൂ. മനുഷ്യനു ബുദ്ധിയുണ്ട്; അതിബുദ്ധിയുണ്ട്. എന്നാൽ മനുഷ്യബുദ്ധി കൊണ്ട് പ്രവർത്തിക്കാവുന്ന വേറെ ബുദ്ധിയുണ്ട്. എത്രയോ വർഷം മുമ്പ് തന്നെ ഓട്ടോമാറ്റിക് മെഷീനുകൾ കണ്ടുപിടിച്ചു. ബുദ്ധിക്ക് അങ്ങനെ മാത്രമേ സഞ്ചരിക്കാനാവൂ. മനുഷ്യൻ ചെയ്യേണ്ട വിവിധ ജോലികൾ ഒരു സ്വിച്ചിട്ടാൽ യന്ത്രം കൃത്യമായി ചെയ്യുന്നു. മനുഷ്യന്‍റെ ബുദ്ധിയാണ്; എന്നാൽ അത് ചെയ്യുന്നത് യന്ത്രമാണ്. ഈ യാത്രയുടെ അടുത്ത ഘടകമാണ് എഐ.

യന്ത്രങ്ങൾ മനുഷ്യന്‍റെ ആജ്ഞയാലല്ലാതെ സ്വയം പ്രവർത്തിക്കുകയാണ്. എഐ ആപ്പുകൾ അതാണ് സൂചിപ്പിക്കുന്നത്. എഐ ആപ്പുകൾക്ക് ഏതെങ്കിലും പാർട്ടിയോടോ മതത്തോടോ വിധേയത്വമില്ല. എഐ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, നിശ്ചിത ഫലം ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയറല്ല. ആവശ്യക്കാരന്‍റെ മനസിനനുസരിച്ച്, ഓരോ ചോദ്യത്തിനനുസരിച്ച് പ്രത്യേകം ഉത്തരം കണ്ടെത്തുകയാണ് ചെയ്യുന്നത്. ആ ഉത്തരമാകട്ടെ മുൻകൂട്ടി തയാറാക്കുന്നതല്ല. ചോദ്യത്തിലെ സൂചനയ്ക്കനുസരിച്ച് ഉത്തരം മാറുകയാണ്.

ഒരു വാഷിങ് മെഷീനിന്‍റെ പ്രവർത്തനങ്ങളെ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ചിരിക്കുകയാണ്. അതിന്‍റെ സേവനങ്ങളെ വിപുലീകരിക്കാനാവില്ല. ബട്ടൺ അനുസരിച്ച് പ്രവർത്തിക്കുമ്പോൾ അത് നിശ്ചിതമാണ്. എഐയുടെ കാര്യത്തിൽ അത് അപ്രവചീനയമാണ്. ഐൻസ്റ്റീനിന്‍റെ സംഭാവന എന്താണെന്നു ചോദിച്ചാൽ എഐ ആപ്പായ ചാറ്റ്ജിപിടി കൃത്യമായി പറഞ്ഞു തരും.

പരിണാമ പ്രക്രിയ

ആ പറഞ്ഞുതരുന്നത് കളവല്ല. പുസ്തകം വച്ച് പരിശോധിച്ചാൽ ശരിയായിരിക്കും. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? ഇന്‍റർനെറ്റിലുള്ള വിവരങ്ങൾ വിവരങ്ങൾ അഞ്ച് സെക്കൻഡ് കൊണ്ട് എഐ പരതി കണ്ടുപിടിക്കുന്നു. അതിൽ നിന്നു പ്രസക്തമായത് തിരഞ്ഞെടുത്തു തരുന്നു. ഇത് മനുഷ്യ ബുദ്ധിക്ക് സാധ്യമായ കാര്യമല്ല. മനുഷ്യനു ഐൻസ്റ്റീന്‍റെയോ റഷ്യൻ ശാസ്ത്രജ്ഞനായ ഇല്യ പ്രിഗോഗിനിയുടെയോ പുസ്തകങ്ങൾ മുഴുവൻ പരിശോധിച്ചു അതിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാൻ ഒരുമാസം എങ്കിലും വേണ്ടി വരും. മനുഷ്യബുദ്ധിക്കു സാധിക്കാത്തത്, മനുഷ്യബുദ്ധി കൊണ്ട് നിർമിച്ച എഐ ആപ്പിനു കഴിയുന്നു. എന്തിനാണ് എഐ കണ്ടുപിടിച്ചതെന്നു ചോദിക്കരുത്. കണ്ടുപിടിക്കുന്നത് ഒരു പരിണാമ പ്രക്രിയയുടെ ഭാഗമാണ്.

മനുഷ്യൻ മുന്നോട്ടാണ് പോകുന്നത്, പിന്നോട്ടല്ല. ആധുനിക ഭരണകൂടങ്ങൾ കെട്ടിടങ്ങൾ പണിയുമ്പോൾ മേൽക്കൂര നിർമിക്കുന്നത് ഓലകൊണ്ടല്ല ;ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരു അനിവാര്യതയായിരുന്നു. ഗൂഗിൾ, യാഹൂ സെർച്ച് എൻജിനുകൾ ഒരു അത്ഭുതമായാണ് വർഷങ്ങൾക്കു മുമ്പ് നമ്മുടെ മുന്നിലേക്ക് വന്നത്. ആവശ്യം വന്നാൽ, നിമിഷനേരം കൊണ്ട് ചലച്ചിത്രകാരൻ ചാർലി ചാപ്ലിന്‍റെ നൂറുകണക്കിനു പേജുകളാണ് ഡൗൺലോഡ് ആകുന്നത്. ഇതിനു വേണ്ടി ലൈബ്രറികളെ ആശ്രയിക്കാൻ പോയാൽ നിരാശപ്പെടും. ലൈബ്രറികളിൽ നമ്മൾ തിരയുന്ന പുസ്തകങ്ങൾ കാണണമെന്നില്ല. നമ്മുടെ സമയം പാഴാക്കാതിരിക്കാനും നല്ല ഫലം കിട്ടാനും ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനുകൾ സഹായിക്കും. വ്യക്തികളുടെ ജീവചരിത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുന്ന വിക്കിപീഡിയ പോലും എത്രയോ ഉപകാരപ്പെടുന്നു. വായനക്കാർക്ക് കൂട്ടിച്ചേർക്കാവുന്ന പേജുകളാണ് വിക്കിപീഡിയയുടേത്. മനുഷ്യന്‍റെ ആവശ്യം നിറവേറ്റാൻ കൂടുതൽ പേജുകളും സൈറ്റുകളും അത്യാവശ്യമാണ്.

മനുഷ്യന്‍റെ പരിണാമത്തെക്കുറിച്ച് മഹർഷി അരബിന്ദോ പറഞ്ഞത് ശ്രദ്ധേയമാണ്: "മനുഷ്യൻ ഒരു പരിണാമ പ്രക്രിയയിലൂടെ കടന്നുപോകുന്ന ജീവിയാണ്. അവൻ അന്തിമമല്ല. ' മനുഷ്യൻ ഒരു അതിമനുഷ്യനായി മാറുമെന്നാണ് അരബിന്ദോ പ്രഖ്യാപിക്കുന്നത്. ഭൂമിയിലെ പരിണാമത്തിൽ അടുത്ത പ്രധാന ഘട്ടമാണ് മനുഷ്യന്‍റെ അതിമാനുഷനിലേക്കുള്ള പരിണാമമെന്ന് അദ്ദേഹം വാദിക്കുന്നു.

മനുഷ്യൻ എന്നാൽ ശരീരത്തിൽ തടവിലാക്കപ്പെട്ട മനസാണെന്നു അരബിന്ദോ പറയുന്നുണ്ട്. ബോധത്തിന്‍റെ പരമോന്നതമായ ശക്തിയല്ല മനസ്. മനസിൽ സത്യമില്ല. മനസിനുള്ളിൽ നിരക്ഷരനായ ഒരു അന്വേഷി മാത്രമാണുള്ളത്. മനസിനപ്പുറമാണ് അതിബുദ്ധിയുള്ള ബോധമിരിക്കുന്നത്. ഇതിൽ അനന്തമായ ജ്ഞാനം അടങ്ങിയിരിക്കുന്നു എന്നാണ് അരബിന്ദോ ചൂണ്ടിക്കാട്ടുന്നത്. സൂപ്പർ മനസാണ് സൂപ്പർ മനുഷ്യൻ. ഈ യാത്ര ആർക്കും തടയാനാവില്ല.

മതാതീതമായ ശാസ്ത്രം

ശാസ്ത്രത്തെ എങ്ങനെ തടയും? ഇപ്പോൾ തന്നെ അസാധാരണവും മതപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതുമായ എത്രയോ ശസ്ത്രക്രിയകൾ ചെയ്യുന്നു. ഒരാളുടെ ശരീരാവയവങ്ങൾ മറ്റൊരാൾക്കു കൊടുക്കാമെന്നും അത് തുന്നിച്ചേർത്തുകൊണ്ട് ജീവിക്കാമെന്നും സയൻസ് തെളിയിച്ചു. വിശ്വാസത്തിനപ്പുറമാണിത്. ദൈവം സൃഷ്ടിച്ച ആന്തരാവയവങ്ങൾ കേടായാൽ മറ്റൊരാളുടേതു സ്വീകരിക്കാം. ഇത് മതാതീതമായ സർഗാത്മകതയും ശാസ്ത്രവുമാണ്. അന്യന്‍റെ കണ്ണുകൾ കൊണ്ട് മറ്റൊരാൾക്കു കാണാനാവുന്നത് മതാതീതമാണ്. ഇത് മനുഷ്യന്‍റെ യാത്രയുടെ വിജയമാണ്. 'അതിമാനുഷ'നിലേക്കുള്ള യാത്രയാണെന്നു പറഞ്ഞാലും തെറ്റില്ല. ശാസ്ത്രം വിശ്വാസംകൊണ്ടല്ല വസ്തുതയെ സമീപിക്കുന്നത്. ശാസ്ത്രത്തിന്‍റെ യാഥാർഥ്യത്തിനു മനുഷ്യന്‍റെ സങ്കുചിതത്വമില്ല. ഇനി ഒരാളുടെ തല മാറ്റി തൽസ്ഥാനത്ത് ഏതെങ്കിലും ജീവിയുടെ തലവെയ്ക്കുന്ന ശസ്ത്രക്രിയ ഇന്നല്ലെങ്കിൽ നാളെ സംഭവിക്കില്ല എന്നു പറയാനാവില്ല. അത് സാധ്യമായാൽ മതങ്ങളുടെ ലോകത്തിനപ്പുറത്ത് ഒരു പ്രപഞ്ചമാണുണ്ടാവുക.

എല്ലാ രാജ്യങ്ങൾക്കും എഐ ഉപയോഗിക്കേണ്ടി വരും. എഐ ഉപയോഗിച്ച് രോഗം നിർണയം നടത്താമല്ലോ. ഒരാളുടെ ഫോട്ടൊ ഇന്‍റർനെറ്റിൽ ഉണ്ടെങ്കിൽ ആ മുഖം ഡിജിറ്റലായി വ്യാഖ്യാനിച്ച് ഡാറ്റ ശേഖരിച്ച് അയാളുമായി ബന്ധമുള്ള വിവരങ്ങൾ ശേഖരിക്കാനാവും. ഇത് ഫേഷ്യൽ റികഗ്നിഷൻ എന്നാണ് അറിയപ്പെടുന്നത്. ചാറ്റ്ജിപിടി, മെറ്റ എഐ പോലുള്ള ആപ്പുകൾ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്. സമയമാണ് ലാഭിക്കപ്പെടുന്നത്. ഒരു ഉള്ളടക്കം വേണമെന്നു ആവശ്യപ്പെടുന്നവർക്ക് എഐ. അത് തയാറാക്കി കൊടുക്കുന്നു. കലയിലും സാഹിത്യത്തിലും പ്രായോഗികമായ പാഠങ്ങളാണ് എഐ ഒരുക്കുന്നത്. പോസ്റ്റർ ഡിസൈനിങ് മുതൽ പുസ്തകമെഴുത്തു വരെ എഐ സഹായിക്കും. എന്നാൽ മനുഷ്യരുടെ സർഗാത്മകതയ്ക്ക് ഇത് പകരമാവില്ല എന്നത് സത്യമാണ്. ഡാവിഞ്ചിയെ പോലെ മോണാലിസ വരയ്ക്കാൻ എഐവേണ്ട. എന്നാൽ ഡാവിഞ്ചിയുടെ ചിത്രത്തിനു ഇന്നത്തെ മനുഷ്യരുടെ പ്രായോഗികാവശ്യങ്ങൾക്ക് അനുസരിച്ച് വിവിധതരം പതിപ്പുകൾ തയ്യാറാക്കാൻ എഐക്ക് കഴിയും.

എംടിയുടെയോ തകഴിയുടേയോ ഫോട്ടോകൾ ഉപയോഗിച്ച് കൂടുതൽ സൂക്ഷ്മതയുള്ള എഐ ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാം. ഇവിടെ കലാകാരന്മാരുടെ തൊഴിൽ നഷ്ടമാകില്ലേ എന്നു ചോദിച്ചേക്കാം. കലാകാരന്മാരുടെ യഥാർഥ സൃഷ്ടികൾ എത്ര പേർക്ക് വേണമെന്ന് ആലോചിക്കണം. മനുഷ്യർ യഥാർഥകലയിൽ നിന്നകന്നു പോയിരിക്കുന്നു. അവർക്ക് ഉത്തര- ഉത്തരാധുനികമായ സാങ്കേതികവിദ്യ മതി. വാൻഗോഗിന്‍റെ മിക്ക ചിത്രങ്ങൾക്കും എഐ പതിപ്പുകളുണ്ട്. മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് അതിരില്ല. അവർ പുതിയത് തേടിക്കൊണ്ടിരിക്കും. അവിടെ എല്ലാ മാമൂലുകളും തകർക്കപ്പെടുകയാണ്. നെപ്പോളിയൻ യുദ്ധത്തിനു പോകുന്നതിന്‍റെ ദൃശ്യം, വേണ്ട വിവരങ്ങളും വസ്തുതകളും നൽകിയാൽ, അത് എഐ ഇന്നു നിർമിച്ചു തരും.

മനുഷ്യൻ ആഗ്രഹിച്ചത്, അവനു ചെയ്യാനാവാതിരുന്നത് എഐ യാഥാർഥ്യമാക്കിയിരിക്കുന്നു. കലാകാരൻ ഇനി നിർമിത ബുദ്ധിയോടു മത്സരിക്കണം. ഫോട്ടോയേക്കാൾ മനോഹരമാണ് എഐ ചിത്രമെങ്കിൽ ആളുകൾ അത് ഉപയോഗിക്കും. നിർമിത ബുദ്ധി തൊഴിൽ നഷ്ടപ്പെടുത്തുന്നത് സാങ്കേതികമായാണ്. പുതിയ തൊഴിൽ നൈപുണിയെക്കുറിച്ചുള്ള അവബോധമാണ് നമുക്ക് വേണ്ടത്. ഗൂഗിൾ പേമെന്‍റ് വന്നതോടെ കാഷ്യർമാരുടെ സേവനം നമുക്ക് വേണ്ടാതായി. കാഷ്യർമാർക്ക് വേറെ തൊഴിൽ പഠിക്കാൻ അവസരമുണ്ട്. ജീവിതകാലം മുഴുവൻ സ്ഥിരമായി ഒരു ജോലി തന്നെ ചെയ്യണമെന്നു പറയുന്നത് അസംബന്ധമാണ്. മൊബൈൽ ഫോണും ഗൂഗിൾ കൈയെഴുത്തും വന്നതോടെ കൊറിയർ, ഡിടിപി സേവനങ്ങളെ താത്കാലികമായി ഒഴിവാക്കാം. അതുകൊണ്ട് കൊറിയർ കമ്പനികൾക്ക് ജോലി ഇല്ലാതാവുന്നില്ല. മൊബൈലുകളിലൂടെ അയയ്ക്കാൻ കഴിയാത്തത് അവരെ തേടിവരും. ഡിടിപി ചിലർക്ക് മാത്രമായി അറിയാവുന്ന സിദ്ധിയായിരുന്നെങ്കിൽ ഇന്നു മൊബൈൽ ഉപയോഗിക്കുന്നവർക്ക് അത് എളുപ്പമാണ്. ഡിടിപി എല്ലാവർക്കും അറിയാമെന്നിരിക്കെ അത് വിശേഷപ്പെട്ട ഒരു തൊഴിലല്ലാതാവുന്നു. പഴയ തൊഴിൽ മേഖലകളിൽ പലതും എന്നേ അപ്രത്യക്ഷമായി! ആരും ടൈപ്പ് റൈറ്ററെ തേടിപ്പോകുന്നില്ല. ടൈപ്പ് ചെയ്യാൻ ആഗ്രഹിച്ചവരൊക്കെ കംപ്യൂട്ടർ പഠിച്ചു. അവർ ഡാറ്റ എൻട്രി പഠിച്ചു. ഇന്നു ഡാറ്റ എൻട്രി എഐ ഉപയോഗിച്ചു ചെയ്യാം. അതുകൊണ്ട് ഡാറ്റ എൻട്രി മറ്റൊരു സാങ്കേതിക വിദ്യയ്ക്ക് വഴിമാറുകയാണ്.

കലാഖ്യാനം ത്രീഡിയിൽ

ഇത് അനിവാര്യമാണ്. നമുക്ക് തടയാനാകില്ല. പഴയ സങ്കല്പത്തിലുള്ള തൊഴിലാളികൾ ഇപ്പോൾ നാമമാത്രമായേ നിലനിൽക്കുന്നുള്ളു. സാങ്കേതികവിദഗ്ദ്ധരാണ് ഇന്നു തൊഴിലാളികളുടെ സ്ഥാനത്തുള്ളത്. കായികമായി ചെയ്യുന്ന ജോലികൾ റോബോട്ടുകൾക്കു മാറ്റിവയ്ക്കാം. സാങ്കേതികവിദഗ്ദ്ധരെ തൊഴിലാളികൾ എന്നു വിളിക്കാനാവില്ല. ലാബുകളിലും ഓഫീസുകളിലും പ്രവർത്തിക്കുന്നവർ തൊഴിലാളികളല്ല, സാങ്കേതികവിദഗ്ദ്ധരാണ്. യന്ത്രങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന അറിവാണ് നാം ഇനി നേടേണ്ടത്. എന്നാൽ ഒരു എഴുത്തുകാരനെ , സോഫ്റ്റ്വെയർ എഞ്ചിനീയറെ, ഫിസിയോ തെറാപ്പിസ്റ്റിനെ, ശാസ്ത്രജ്ഞരെ, കലാകാരന്മാരെ എഐക്കു മാറ്റിസ്ഥാപിക്കാനാവില്ല. ഒരു കലാസൃഷ്ടിയെ വിഷ്വൽ കലാഖ്യാനത്തിലേക്ക്, ത്രീഡിയിലേക്ക് പരിവർത്തനം ചെയ്യാൻ എഐക്ക് സാധിക്കുന്നു. അത് കൂടുതൽ പേർ കാണാൻ സഹായിക്കും. എഐ മതനിരപേക്ഷതയുടെ രാഷ്‌ട്രീയമാണ് പകരുന്നത്. ആഫ്രിക്കക്കാരനായാലും ഇന്ത്യാക്കാരനായാലും എഐ ഉപയോഗിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല. മനുഷ്യന്‍റെ പരിണാമത്തിന്‍റെ പുതിയൊരു ഘട്ടമാണിത്.

ഓട്ടോമാറ്റിക് മെഷീനുകൾ വന്നപ്പോൾ തൊഴിലാളികൾ അവരുടെ ആവർത്തനവിരസമായ തൊഴിലിൽ നിന്നു രക്ഷപ്പെടുകയാണ് ചെയ്തത്. അവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാവുകയാണ്. സാങ്കേതികമായ കണ്ടുപിടിത്തം പുതിയ വിദഗ്ദ്ധന്മാരെ സൃഷ്ടിക്കുകയാണ്. അങ്ങനെ പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നു പുതിയ തൊഴിൽ മേഖലകളിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കും. സാമൂഹിക ജീവിതത്തെ കൂടുതൽ ചലനാത്മകമാക്കുക മാത്രമല്ല, വേഗത്തിലാക്കുകയും ചെയ്യുന്നു. മനുഷ്യനെ നിർവീര്യനാക്കി കൊണ്ട് ഒരു കണ്ടുപിടിത്തത്തിനും വിജയിക്കാനാവില്ല. ഒരു തൊഴിലിൽ ഏറ്റവും യോഗ്യനായ ആളെ കണ്ടുപിടിക്കാൻ എഐക്കു കഴിയുമെങ്കിൽ അത് സകലലാഭവും വൈദഗ്ധ്യവും ഒരുമിച്ചു ഉറപ്പാക്കും.

നിർമിതബുദ്ധി പ്രവചനാത്മകമായി ഉപയോഗിക്കാം. കാലാവസ്ഥാദുരന്തങ്ങളെ മുൻകൂട്ടി കാണാൻ കഴിയുന്നത് ഏത് രാജ്യത്തിനും താത്പര്യമാണല്ലോ. ഒരു ഭരണസംവിധാനത്തിനു കൃത്യമായ ഓഡിറ്റിങ്ങിലൂടെ അഴിമതി കുറയ്ക്കാനും അനാവശ്യ ചെലവുകൾ ഏതെന്ന് കണ്ടെത്തി നിയന്ത്രിക്കാനും സാധിക്കും. റോബോട്ടുകളെയും എഐ മോഡലുകളെയും കേന്ദ്രീകരിച്ചുള്ള നോവലുകളും കഥകളുമാണ് ഇനി വരാൻ പോകുന്നത്. റായി ബ്രാഡ്ബറിയുടെ "ഐ സിങ് ദ് ബോഡി ഇലക്‌ട്രിക്' എന്ന കഥാസമാഹാരത്തിൽ കാണുന്നതു പോലെയുള്ള വിഷയങ്ങൾ ഇനി പ്രതീക്ഷിക്കാം. നിർമിത ബുദ്ധിയെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ഭാവിയിലെ എഴുത്തുകാരെ കാത്തിരിക്കുന്നത്. പുതിയ ആശയങ്ങൾ കണ്ടെത്താനും ഒരു മാധ്യമത്തിൽ പര്യവേക്ഷണം ചെയ്യാനും കഴിയുന്നുണ്ടെങ്കിൽ അത് രചനാപരമായ ഗവേഷണമാണ്. എഐ ഉപയോഗവും മനുഷ്യവികാരങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ അതീതതലങ്ങൾ ഇനി ആരായാൻ അവശേഷിക്കുന്നു.

രജതരേഖകൾ

1) ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാറിന്‍റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന 'പ്രഭാവം' മാസികയിൽ (ഡിസംബർ -ജനുവരി) ശങ്കരൻ കോറോം എഴുതിയ "ചങ്ങാതിമാർ' എന്ന കവിത മനുഷ്യന്‍റെ ആത്യന്തികമായ നിസഹായതയും ശുദ്ധമായ സ്നേഹാഭിമുഖ്യവും എടുത്തുകാണിക്കുന്നു.

"മിണ്ടുവാനില്ല -

വർക്കേറെയൊന്നും

എങ്കിലും കാണാ-

തിരിക്കുവാൻ വയ്യ, യെന്നും -

ഒന്നിച്ചൊത്തിരി

കൈകോർത്തു നടക്കണം

ആൽത്തറ തന്നിൽ

ഉള്ളം പകുത്തടുത്തിരിക്കണം

അതുമതി, ചങ്ങാതി -

മാരവർ രണ്ടുപേർക്കും

ഇന്നിനെ ധന്യമാക്കാൻ

നാളെയെ കാത്തിരിക്കാൻ.''

ഒടുവിൽ മനുഷ്യർക്ക് ഇഷ്ടം പറയാൻ വാക്കുകൾ വേണ്ട. നിസഹായതയുടെ കൊടുംശൈത്യത്തിൽ വിറങ്ങലിക്കുന്ന അവർ ജീവിച്ചിരിക്കുന്നു എന്നു സ്ഥിരീകരിക്കാനാണ് ശ്രദ്ധിക്കുന്നത്. സുഹൃത്തുക്കൾ ആരും തന്നെയില്ല. ഒരാൾ ബാക്കിയായിട്ടുണ്ടെങ്കിൽ ഭാഗ്യം. അതാണ് കവി ശങ്കരൻ കോറോം എഴുതിയിരിക്കുന്നത്. കനംവച്ച നിശബ്ദതയാണ് ഈ കവിതയുടെ പ്രത്യേകത.

2) പാരിസ്ഥിതിക സൗന്ദര്യബോധത്തിലേക്ക് - കവിത, ഭൂദൃശ്യം, സത്ത (പ്രഭാവം, ജനുവരി) എന്ന ലേഖനമെഴുതിയ മുരളി ശിവരാമകൃഷ്ണൻ സമകാലിക പ്രസക്തിയുള്ള ചിന്തകൾ അവതരിപ്പിക്കുന്നു.

നമുക്കുള്ളതല്ലാത്തതിനെ പിടിച്ചെടുക്കരുത് - ഇതാണ് ലേഖകൻ നല്കുന്ന പാരിസ്ഥിതിക മുന്നറിയിപ്പ്. പാരിസ്ഥിതികമായ വിവേകത്തിന്‍റെ സമുന്നതമായ അന്തഃസത്ത ഇതാണ്. യൂറോപ്യൻ അധിനിവേശം അവർക്ക് അവകാശപ്പെടാത്തത് തുടച്ചു മാറ്റിയല്ലോ. എന്നാൽ പാരിസ്ഥിതിക സൗഹൃദം നിറഞ്ഞ ഒരു ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ലേഖകൻ പറയുന്നത് ആന്തരികമായ ബോധോദയമാണ് നമ്മെ ചുറ്റുമുള്ള പ്രകൃതിയോട്, ആവാസവ്യവസ്ഥയോട് ചേർത്തുനിർത്തുന്നതെന്നാണ്.

3) ഒ. എൻ. വിയെക്കുറിച്ച് എംടി എഴുതിയ ഒരു കുറിപ്പ് "ഗ്രന്ഥാലോക'ത്തിന്‍റെ ഫെബ്രുവരി ലക്കത്തിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2001 ജൂണിൽ എംടി 'ഗ്രന്ഥാലോക 'ത്തിൽ എഴുതിയ കുറിപ്പാണിത്. എംടിയുടെ വാക്കുകൾ: "തിരൂരിലെ ഒരു ലോഡ്ജ് മുറിയിലിരുന്ന് ഒരു രാത്രിയിൽ ഒ. എൻ. വി തന്‍റെ ആദ്യത്തെ കാവ്യാഖ്യായിക "ഉജ്ജയിനി' മുഴുവൻ ചൊല്ലി. എന്‍റെ മനസും കണ്ണും നിറഞ്ഞു അനുഭവമായിരുന്നു അത്. എം. എം. ബഷീറുമുണ്ടായിരുന്നു. ബഷീർ എന്‍റെ കണ്ണിൽ നിന്നു നനവൂറുന്നത് കാണാതിരിക്കാൻ ഞാൻ പലപ്പോഴും മുഖം തിരിച്ചിരുന്നു. എന്നും എനിക്ക് തോന്നിയിട്ടുണ്ട്, ഈ കവി എനിക്ക് വേണ്ടിയാണ് എഴുതുന്നത്. ഒരുപക്ഷേ എനിക്ക് വേണ്ടി മാത്രം. '

ഒഎൻവി കവിതകളുടെ ആരാധകനാണ് താനെന്ന സത്യം തുറന്നു പറയാൻ എം ടിക്കു ഒരു മടിയുണ്ടായിരുന്നില്ല. എം. ടി എന്നും കവിതകൾ ധാരാളം വായിച്ചിരുന്നു.

4) കവിതയുടെ ആന്തരികശക്തി കാണിച്ചു തന്ന രചനയാണ് സാവിത്രി രാജീവന്‍റെ "ചത്തവന്‍റെ ശക്തി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 9 -15). ഒരു പുഴയിൽ ഒരാൾ നീന്തുമ്പോൾ എന്തെല്ലാം ചിന്തകളും ചിത്രങ്ങളുമാണ് തെളിയുന്നത്! പുഴയിൽ ചാടി മരിച്ചവരെക്കുറിച്ചുള്ള ഓർമകൾ പൊന്തിവരികയാണ്. മരണത്തെ, ആത്മഹത്യയെ ഉള്ളിൽ പേറുന്ന പുഴ യാതൊന്നും അറിയാത്ത ഭാവത്തിൽ ഒഴുകുകയാണ്. കവി ചോദിക്കുന്നു:

"മലർന്നും ചരിഞ്ഞും ഊളിയിട്ടും

നീന്തുമ്പോൾ

മുങ്ങിമരിച്ചവന്‍റെയോ

പുഴയിൽ ചാടി

ചത്തൊഴുകി വരുന്ന

ചെറുപ്പക്കാരന്‍റെയോ,

നീട്ടിയെറിഞ്ഞതിനാൽ

നടുക്കയത്തിൽ

താണുപോയവളുടെയോ

ഉടലിൽ

നിന്‍റെ കൈകാലുകൾ

കുരുങ്ങാതെ നോക്കണം. '

പച്ചവെള്ളത്തിനു തീപിടിച്ചു എന്നു പറഞ്ഞതുപോലെ നടുക്കം ഉണ്ടാക്കുന്ന കവിതയാണിത്.

5) വായിക്കുമ്പോൾ നാം മറ്റൊരു മനസിനെയാണ് അറിയുന്നത്. നമ്മുടേതല്ലാത്ത ഒരു ലോകത്തെ അനാവൃതമാക്കുന്നു. അമെരിക്കൻ എഴുത്തുകാരൻ കുർട്ട് വോണിഗട്ട് പറഞ്ഞു: "വായനയും എഴുത്തും, നാളിതുവരെ പരിചയപ്പെട്ടതിൽ വച്ചേറ്റവും നല്ല ധ്യാനരൂപങ്ങളാണ്. വായിക്കുമ്പോൾ ചരിത്രത്തിലെ രസകരമായ മനസുകളെയാണ് അറിയുന്നത്. നമ്മൾ ആ മനസുകളുമായി ധ്യാനത്തിലേർപ്പെടുന്നു. '

6) സൗന്ദര്യത്തെക്കുറിച്ച് കാല്പനിക കവികൾ പറയുന്നതുപോലെ ഉപരിപ്ലവമായി, വികാരഭരിതമായി ദസ്തയെവ്സ്കി ചിന്തിക്കില്ല. അദ്ദേഹം ഇങ്ങനെ എഴുതി: "സൗന്ദര്യം വളരെ ദുർഗ്രഹമാണ്, ഭീകരമാണ്. ദൈവവും ചെകുത്താനും മനുഷ്യമനസിൽ യുദ്ധം ചെയ്യുകയാണ്. '

സാഹിത്യകലയിൽ പ്രവേശിക്കുന്ന ഏതൊരാൾക്കും ഈ വാചകം ഒരു പാഠമായിരിക്കും. നമ്മൾ കരുതുന്നതു പോലെയല്ല മനുഷ്യ മനസെന്നും സുന്ദരമായതെന്നു കരുതുന്നത് സുന്ദരമല്ല എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ