എം.കെ. ഹരികുമാറിന്‍റെ നോവൽ, ശ്രീനാരായണായ.
പ്രണയം കൊണ്ടൊരു നാരായണഗുരുവിനെ സങ്കല്പിക്കാന്‍ കഴിയുമോ? ആ കവിതകള്‍ പ്രണയത്തിലേക്കുള്ള വഴിവെളിച്ചങ്ങള്‍ കൂടിയാണോ? ആണെന്നതാണ് യാഥാര്‍ത്ഥ്യം.
ഡോ. പ്രദീപൻ പാമ്പിരികുന്ന്
രണ്ടു നാരായണഗുരുവുണ്ട്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തു കയും കേരളീയ സാമൂഹ്യചരിത്രത്തെ അഗാധമായി സ്വാധീനിക്കുകയും ചെയ്ത ചരിത്രപുരുഷന്‍. മറ്റൊന്ന് ദിവ്യപ്രവൃത്തികള്‍ ചെയയ്ത് ദേവ നായി ഭക്തരുടെയും സാധാരണമനുഷ്യരുടെയും സങ്കല്പങ്ങളിലും സ്വപ്നങ്ങളിലും വിഗ്രഹമായി നിലകൊള്ളുന്ന ഗുരുദേവന്‍. ആദ്യത്തെ ഗുരു ചരിത്രരേഖകളില്‍ വിലയംകൊള്ളുമ്പോള്‍ സങ്കല്പത്തിലെ ഗുരു നാള്‍തോറും ഭാവനകള്‍കൊണ്ട് പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. ശില്പമായി കവലകളില്‍ സ്ഥാപിക്കപ്പെട്ട ഗുരുവല്ല ഭാവനകൊണ്ട് സര്‍ഗാത്മകമായിത്തീര്‍ന്ന ഗുരു.
മഹാകാരുണ്യത്തോടെ ജാതിയുടെ ഇരുട്ടിലൂടെ ആധുനികതയുടെ വെളിച്ചവുമായി നടന്നുപോകുന്ന ഗുരുവിനെ അതിലാണ് കാണുക. നെയ്യാറിന്‍റെ തീരത്ത് ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിച്ചിരുന്ന ഇടവേ ളകളില്‍ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണുന്ന ഗുരുവിനെ വന്യമായ ഈ ഭാവനകളിലാണ് നാം കണ്ടുമുട്ടുക. മാറാന്‍ കൂട്ടാക്കാത്ത വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളെച്ചൊല്ലി പൊട്ടിത്തെറിക്കുകയും പുഴുക്കളെപ്പോലെ മണ്ണില്‍ ജീവിക്കുന്ന മനുഷ്യരെച്ചൊല്ലി പൊട്ടിക്കരയുകയും ചെയ്യുന്ന ഗുരുവിന്‍റെ ദുഃഖം ആ കണ്ണാടി പ്രതിഷ്ഠകളില്‍ പ്രതിഫലിക്കുന്നുണ്ടാകണം. അത് ചരിത്രത്തിലിടം നേടുകയില്ല.
സാമൂഹ്യാഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായിത്തീരുന്നതാണ് ഓരോ പ്രവാചകന്‍റെയും ഭാവിജീവിതം. ഗാന്ധിജിയെക്കുറിച്ച് 'ഗാന്ധിജിയും മഹാത്മയും' എന്ന ഷഹീദ് അമീന്‍റെ ലേഖനം ആ ഭാവാത്മകമായ ഗാന്ധിജിയെ കണ്ടെടുക്കുന്നത് ഓര്‍ക്കുക. രോഗം മാറ്റുന്ന, വെള്ളം വീഞ്ഞാക്കുന്ന, ദാരിദ്ര്യം മാറ്റുന്ന കെട്ടുകഥകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഗാന്ധിജി. പതിനായിരക്കണക്കിനു ജനങ്ങള്‍ ആ ഗാന്ധിജിയെയാണ് വഴിയോരങ്ങളില്‍ കാത്തുനിന്നത്. വട്ടമേശ സമ്മേളനങ്ങളില്‍ പോകുന്ന ഗാന്ധിജിയെയല്ല. ഇവരാണ് ചരിത്രത്തെ അഗാധമാക്കുന്നത്. മരാശാരിയില്‍ നിന്ന് യേശു സൃഷ്ടിക്കപ്പെടുന്നതും ഇടയനില്‍ നിന്ന് മുഹമ്മദ് നബിയുണ്ടാവുന്നതും മിത്തുകളിലൂടെയാണ്. ചരിത്രം തുടരുക മിത്തുകളിലാണ്.
പ്രണയം കൊണ്ടൊരു നാരായണഗുരുവിനെ സങ്കല്പിക്കാന്‍ കഴിയുമോ? ആ കവിതകള്‍ പ്രണയത്തിലേക്കുള്ള വഴിവെളിച്ചങ്ങള്‍ കൂടിയാണോ? ആണെന്നതാണ് യാഥാര്‍ത്ഥ്യം.
'പിഴപല തുള്ളിലിരുന്നു
പലപ്പോഴും ചുഴല്‍വതുകൊണ്ടു ശിവായ
നമോസ്തുതേ' എന്നു ഗുരു അതേറ്റു പറഞ്ഞിട്ടുണ്ട്. ആ കണ്ണാടിയില്‍ എന്താണ് പ്രതിഫലിക്കാത്തതായുള്ളത്!
ഗാന്ധിജിയോട് ഇലകളുടെ ഉപമ പറഞ്ഞ ഗുരു അദ്വൈതവേദാന്തം പറയുകയായിരുന്നില്ല; ഗാന്ധിജിക്ക് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ഉള്‍ക്കാഴ്ച നല്‍കുകകൂടിയായിരുന്നു.
നാരായണഗുരു പല്പുവില്‍ നിന്ന് പശ്ചാത്യാധുനികതയുടെ വെളിച്ചം സ്വാംശീകരിച്ചുവെന്നതും നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് എന്ന് ഏറ്റുപറഞ്ഞുവെന്നതും ഏതു പുതുവെളിച്ചങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള ഉദാരത അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന തിന്‍റെ തെളിവുകള്‍ കൂടിയാണ്. വേദാന്തത്തെ ആധുനിക ജ്ഞാനരൂപ മാക്കുന്നതില്‍ ഗുരു വിജയിച്ചു. എന്നാല്‍ അതൊരു അന്ധമായ വിധേയത്വമായിരുന്നില്ല. തന്‍റെ ബോധ്യങ്ങള്‍ കൊണ്ട് അദ്ദേഹം ആധുനികജ്ഞാനരൂപങ്ങളെ പ്രശ്‌നഭരിതമാക്കുന്നുണ്ട്. പരിണാമസിദ്ധാന്തത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ പോവുന്ന ഗവേഷകനോട് 'പരിണാമം ശരീ രത്തിനാണോ ചൈതന്യത്തിനാണോ' എന്നദ്ദേഹം ചോദിക്കുകയുണ്ടായി. ആചാരങ്ങള്‍ നടക്കുന്ന ബലിപീഠത്തില്‍ അദ്ദേഹം ഒറ്റയ്ക്കുകയറി നിന്നു വിലക്കി. യുക്തി മാത്രമായിരുന്നില്ല ഗുരു. കാരുണ്യവും കൂടിയായിരുന്നു. നിശ്ചയമായും ഗുരുവില്‍ സംസ്‌കൃതവല്‍ക്കരണത്തിന്‍റെ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. കീഴാളരുടെ അനാചാരങ്ങളാണദ്ദേഹം പരിഷ്‌ക രിച്ചത്. ബ്രാഹ്‌മണ്യത്തെ അദ്ദേഹം ഗുണങ്ങളുമായി ബന്ധിപ്പിച്ചു. എന്നാല്‍ 'മനുഷ്യന്‍' എന്ന മഹാപ്രമാണത്തെയാണ് അദ്ദേഹം ആധാരമാക്കിയതെന്ന വസ്തുത അവഗണിക്കാവുന്നതല്ല.
ശൈവമാണ് ഗുരുവിന്‍റെ ദര്‍ശനം എന്നത് സുവിദിതമാണ്. മറ്റെല്ലാം അതില്‍ അന്തര്‍ഭൂതമാണ്. അരൂപമായ ആത്മം തന്നെ അത്. ഭഗവദ്ഗീ തയോട് ഗുരു നിര്‍മ്മമത്വം പുലര്‍ത്തിയതില്‍ അത്ഭുതമില്ല. 'ഒരു പീഡയെറുമ്പിനും വരുത്തരുത്' എന്നായിരുന്നു ഗുരുമതം. മാത്രവുമല്ല അത് വര്‍ണ്ണധര്‍മ്മങ്ങളെ നിരസിക്കുന്നതുമായിരുന്നു. ദര്‍ശനമല്ലാതെ മതം ഗുരു പക്ഷമല്ല. ഹിന്ദുമതം എന്നൊന്നില്ലല്ലോ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ദൈവത്തെ അദ്ദേഹം ആത്മദര്‍ശനത്തിനുള്ള വഴിയാക്കി മാറ്റി.
ഈശ്വരന്‍ എന്ന ഊന്നുവടി നാരായണഗുരു ഉപയോഗിച്ചിരുന്നു. മനു ഷ്യരിലേക്ക് പ്രവേശിക്കാനുള്ള വഴി ഈശ്വരനിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഏതു കല്ലില്‍ നിന്നും ഈശ്വരനെ സൃഷ്ടി ക്കാന്‍ കഴിയുമെന്നും പ്രാര്‍ത്ഥിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അദ്ദേഹം പ്രവൃത്തികള്‍കൊണ്ട് തെളിയിച്ചു.
ദൈവത്തെ അദ്ദേഹം എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിര്‍വചിച്ചു. ദൈവത്തില്‍ നിന്ന് അദ്ദേഹം മനുഷ്യരിലേക്ക് സഞ്ചരിച്ചു. മനുഷ്യര്‍ക്ക് ഒരു ദൈവശാസ്ത്രം ആവശ്യമുണ്ടെന്ന് ഗുരു കരുതിയിരുന്നു. ദൈവത്തിനു മുന്നിലുള്ള തുല്യതയെന്ന ഭക്തിപ്രസ്ഥാനത്തിന്‍റെ ആശയം ഗുരുവില്‍ പ്രതിഫലിക്കുന്നുണ്ട്. ഭക്തി ജ്ഞാനമാണ് എന്ന് അദ്ദേഹം കരുതി. അമ്പലങ്ങള്‍ വിദ്യാലയങ്ങളാവണം എന്ന വീക്ഷണം അദ്ദേഹം പുലര്‍ത്തി. മനുഷ്യരുടെ ഗുരുവായി നാരായണന്‍.
ദേശമായിരുന്നില്ല, പ്രദേശമായിരുന്നു ഗുരുവിന്‍റെ പ്രവര്‍ത്തന ഭൂപടം.എന്നാല്‍ ആധുനികദേശ രാഷ്ട്രാടിത്തറയിലല്ല ഗുരു ലോകത്തെ നിര്‍വ്വചിച്ചത്. അത് പ്രപഞ്ചത്തിലെ സര്‍വ്വജീവജാലങ്ങളെയും ആശ്ലേ ഷിക്കുന്നു. അവിടം ഗുരുവിന്‍റെ മാതൃകാസ്ഥാനമാകുന്നു. ഇത്തരത്തില്‍ രാഷ്ട്രത്തിനുള്ളിലെയല്ല സാമൂഹ്യഭാവനകള്‍ക്കുള്ളിലെ നാരായണനെ തേടുന്ന നോവലാണ് എം.കെ.ഹരികുമാറിന്‍റെ 'ശ്രീനാരായണായ'.നാരായണഗുരുവിനെക്കുറിച്ചുള്ള അനേകം ആഖ്യാനങ്ങളില്‍ നിന്ന് ഈ കൃതി മൗലികമായി വേറിട്ടു നില്‍ക്കുന്നു.
നാരായണഗുരു സഞ്ചരിച്ചുകൊണ്ടിരുന്ന അജ്ഞാതമായ ദാര്‍ശനിക ഭൂഖണ്ഡങ്ങള്‍ സങ്കല്പിക്കുകയാണ് 'ശ്രീനാരായണായ' എന്ന നോവല്‍. ചരിത്രവും ഭാവനയും ഇടകലര്‍ന്ന സംവാദങ്ങള്‍ കൊണ്ട് ഈ നോവല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തെ സംവാദാത്മകമാക്കുകയാണ് അത് ചെയ്യുന്നത്. മറിച്ച് ചരിത്രമായിത്തന്നെ പുനരാനയിക്കുയല്ല. സാമൂഹ്യജീവിതത്തിന്‍റെ കേന്ദ്രത്തില്‍ നിന്നിരുന്ന നാരായണഗുരുവിന്‍റെ ദാര്‍ശനികചിന്തകളിലെ സാമൂഹികതയെയും സാമൂഹിക തയ്ക്കുള്ളിലെ ദാര്‍ശനികമായ പൊരുളിനെയും അതന്വേഷിക്കുന്നു. ചരിത്രമെന്നത് വ്യക്തികളുടെ ജീവചരിത്രങ്ങളല്ലെന്നും അത് മനുഷ്യരിലവശേഷിപ്പിച്ച ഓര്‍മ്മകളും അനുഭവങ്ങളുമാണെന്നുമുള്ള കേന്ദ്രസങ്കല്പമാണ് നോവല്‍ പുലര്‍ത്തുന്നത്. അതിനാല്‍ നാനാതരത്തിലുള്ള മനുഷ്യരുടെ അനുഭവസാക്ഷ്യങ്ങളായി നാരായണഗുരു ഈ കൃതിയില്‍ സങ്കല്പിക്കപ്പെടുന്നു.
വിവേകചൂഡാമണി എന്ന പ്രസിദ്ധീകരണ സ്ഥാപനം നാരായണഗു രുവിനെക്കുറിച്ചുള്ള ഒരു സോവനീര്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരി ക്കുകയാണ്. എഡിറ്റര്‍ മോഹനാംഗന്‍ പാഠശാല. അവയിലെ ഉള്ളടക്കമാണ് നോവല്‍. അത് 'ഒന്നില്‍ത്തൊട്ടെണ്ണിയെണ്ണി' പലതായി പിരിയുന്നു. അതില്‍ കഥയുണ്ട്, കവിതയുണ്ട്, സിനിമയുണ്ട്. പലരൂപങ്ങള്‍ കൊണ്ട് കോര്‍ത്തെടുത്ത ഗുരു. എഴുത്തിലും മൊഴിയിലും ദൃശ്യത്തിലും കേള്‍വിയിലും രചിക്കപ്പെട്ട ഗുരു. ഭക്തരുടെയും വിമര്‍ശകരുടെയും ഗുരു. ഇങ്ങനെ പല മീഡിയങ്ങളില്‍ പരിചരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍. അതിന്‍റെ വൈവിധ്യങ്ങള്‍, അത് ഒരു സോവനീറിനെക്കവിഞ്ഞ് മരുത്വമലയുടെ ആത്മകഥയായിത്തീരുന്നു.
പ്രകൃതിയുടെയും ചരാചരങ്ങളുടെയും ആത്മകഥകളായിത്തീരുന്നു.
നാരായണഗുരു ആത്മകഥയെഴുതിയിട്ടില്ല. ആത്മോപദേശശതകമാ ണദ്ദേഹമെഴുതിയത്. ആത്മത്തെ സമൂഹത്തില്‍ ലയിപ്പിച്ചെടുത്തു അദ്ദേഹം. ആ സംവാദങ്ങളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ഗുരു കാണുമ്പോള്‍ എല്ലാ ജീവജാലങ്ങളും സംവാദാത്മകമാണ്. അവ ഓരോരോ പാഠശാലകളാണ്. ബ്രഹ്‌മത്തിന്‍റെ നാമവും രൂപവുമാണ്. അവ പൂവിട്ടും തളിരിട്ടും സ്വയം ആവിഷ്‌ക്കരിക്കുന്നു. നോവലിലെ ഈ സംഭാഷണം നോക്കുക.
'വെള്ളം ഒഴുകി വന്നപ്പോള്‍
യുവാവ് അതിനോട് ചോദിച്ചു:
എങ്ങോട്ട് ഒഴുകുന്നു?
'ഒന്നുമില്ലെങ്കിലും തിടുക്കപ്പെട്ട് പോകുന്നതില്‍ എല്ലാമുണ്ട്'-വെള്ളം പറഞ്ഞു.
എങ്ങോട്ട്?
യുവാവ് ചോദിച്ചു.
അതറിയുന്നതിനേക്കാള്‍ എവിടെയെങ്കിലും പോകുകയെന്നതാണ് ലക്ഷ്യം .
എവിടെയെങ്കിലും?
യുവാവ് ചോദിച്ചു.
അതെ, എവിടെയായാലും ഒരു പോലെയാണ്.
എവിടെയായാലും എങ്ങനെയാണ്, ഒരുപോലെയാകുന്നത്?
അത് പോയാലേ മനസ്സിലാകൂ.
ഒഴുകിപ്പോകുംതോറും കുറേ ഭാഗങ്ങള്‍ നഷ്ടമാകും. അത് മണ്ണിലലിയുന്നു. ഒഴുകിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവ എത്തുമ്പോള്‍ കാണില്ല .
അപ്പോഴും നാം എത്തിച്ചേരും.'
ഇങ്ങനെ ദീര്‍ഘമായ സംവാദങ്ങള്‍ കൊണ്ടാണ് ഗുരു സൃഷ്ടിക്ക പ്പെടുന്നത്. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ഈ സംവാദങ്ങളുടെ ചരിത്രം കൂടിയാണല്ലോ.
ഉപനിഷത്തുകളുടെ ഭാഷയിലാണ് ഈ നോവലിന്‍റെ ആന്തരികലോകം ഘടിപ്പിച്ചിട്ടുള്ളത്. നാരായണഗുരുവിന്‍റെ ഹൃദയാകാശമായിരുന്നു വേദാന്തം എന്നോര്‍ക്കുക.
ഗുരുവിന്‍റെ കാലത്ത് സംവാദസജ്ജമായിരുന്ന ധൈഷണികവും സാമൂഹ്യവുമായ വ്യവഹാരങ്ങളെ ഉണര്‍ത്തിയെടുക്കുന്നുണ്ട് നോവല്‍. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ആ ജീവിതം! നിരവധി ജീവചരിത്രങ്ങള്‍ നമുക്കു ലഭ്യമാണ്. പി.കെ. ബാലകൃഷ്ണന്‍ മുതല്‍ എം.കെ. സാനുവരെ .എന്നാല്‍ അവ നാരായണഗുരുവിനെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ നോവല്‍ നാരായണഗുരുവിന്‍റെ സങ്കല്പങ്ങളെ ഭാവന ചെയ്യുന്നു. ജീവചരിത്രങ്ങളില്‍ ഹരികുമാറിന്‍റെ ശ്രീനാരായണനില്ല. അനുഭവങ്ങളിലേയുള്ളു. പൂര്‍ണ്ണമായും ദാര്‍ശനികമാണത്.
ശ്രീനാരായണദര്‍ശനങ്ങളുടെ കാതല്‍ അനുകമ്പയാണ്. അഥവാ ഗുരുവെന്നാല്‍ കാരുണ്യമാണ് എന്നര്‍ത്ഥം. സഹജീവികളിലും പ്രക്യ തിയിലുമുള്ള കാരുണ്യമാണ് ഗുരുവിനെ സൃഷ്ടിക്കുക. ഭേദചിന്ത എന്ന അജ്ഞാനത്തെ ജയിച്ചവനാണ് ഗുരു. നാരായണഗുരുവും രമണമഹര്‍ഷിയും നടരാജഗുരുവും ഈ പാതയിലായിരുന്നു.'അഭേദജ്ഞാനമാണ് ഗുരു' എന്ന് നോവല്‍ പറയുന്നു. ഇത് ചരിത്രത്തിലൂടെ സഞ്ചരിച്ച ഒറ്റ നാരായണഗുരുവിന്‍റെ കഥയല്ല; പലതായി പിളര്‍ന്നു കിടക്കുന്ന ജ്ഞാനലോകങ്ങളുടെ വേദപുസ്തകമാണ്. അനന്തമായ ജ്ഞാനസംവാദങ്ങളുടെ കുരുക്ഷേത്രം. ജ്ഞാനംകൊണ്ട് സ്വതന്ത്രനായ ഗുരുവാണ് അത്. നോവലിലെ സംവാദത്തില്‍ ഒരു ചോദ്യമിങ്ങനെ.
ഒരു സന്യാസിയാകുന്നത് എന്തിനാണ്?
'കൂടുതല്‍ സ്വതന്ത്രനാകാന്‍' എന്ന് ഉത്തരം.
വിദ്യകൊണ്ടും ജ്ഞാനംകൊണ്ടും സംഘടനകൊണ്ടും സ്വതന്ത്രനാവാന്‍ ഗുരു ആഹ്വാനം ചെയ്തുവെന്ന് ചരിത്രം.
ശ്രീനാരായണധര്‍മ്മത്തെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചയുണ്ട് നോവലില്‍. അതില്‍ ഒരു മന്ദാരം വളര്‍ത്താന്‍ യുവാവിനെ ഉപദേശിക്കുന്നുണ്ട് ഗുരു. അതനുസരിച്ച യുവാവ് ഒടുവില്‍ ഗുരു സന്നിധിയിലെത്തുന്നു. എന്താണ് താന്‍ നേടിയതെന്നന്വേഷിക്കുന്നു. ഗുരു പറഞ്ഞു:'ദൃശ്യമാവാത്ത മന്ദാരത്തിന്‍റെ വളര്‍ച്ചയാണ് ശിവം'. ഇങ്ങനെ ദൈവത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും നമ്മുടെ ദാര്‍ശനിക പാരമ്പര്യത്തിന്‍റെ സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നവയാണ്. അവ പുതിയ ഭ്രമണപഥം തേടുന്നവയാണ്.
ദൈവനിഷേധത്തിലല്ല പൂവിലും പുഴകളിലും തുടങ്ങി സര്‍വ്വചരാച രങ്ങളിലും അന്തര്യാമിയായിരിക്കുന്ന ദൈവം എന്ന സങ്കല്പത്തിലാണ് നോവലിലെ ഗുരുവിന്‍റെ നില. ബൗദ്ധസങ്കല്പങ്ങളില്‍ നിന്ന് വ്യത്യ സ്തമായിരിക്കുന്നുവെന്ന് അത് സൂചിപ്പിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള നിശ്ശബ്ദതയാണ് ബുദ്ധനിലുള്ളതെങ്കില്‍ സര്‍വ്വവ്യാപിയായ ദൈവമാണ് നാരായണനില്‍.
സ്വയം ദൈവമാകുകയെന്ന പദ്ധതിയാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന് ഗുരു.
ശ്രീനാരായണനെ സംബന്ധിച്ച് ദൈവം നാം തന്നെയാണ്. തപസ്സെന്നാല്‍ സ്‌നേഹമാണ്. ദൈവം ഒരു രക്ഷാകര്‍ത്താവല്ല ആത്മശുദ്ധീകര ണമാണ്. പ്രയോഗത്തില്‍ ബൗദ്ധവും തത്ത്വത്തില്‍ വേദാന്തവുമാണ് ഗുരുചിന്തയില്‍ കാണുന്നതെന്ന് ഈ സംവാദങ്ങള്‍ കാണിക്കുന്നു.
ആത്മീയലോകത്തിലൂടെ സഞ്ചരിക്കുന്നുവെങ്കിലും അപ്രാപഞ്ചികമായ ആത്മീയതയെ അഥവാ കേവലാത്മീയതയെ നോവല്‍ ഗുരുവില്‍ സ്ഥാപിക്കുന്നില്ല എന്നത് ശ്രദ്ധേയം. വ്രതയുടെയും ശതയുടെയും സംവാദം 'ഉണ്മ'യെക്കുറിച്ചുള്ള ഭാരതീയ ആത്മീയ പാരമ്പര്യത്തിലൂടെയുള്ള തീർത്ഥയാത്രയാണ്.
തീർത്ഥപാദവിനയാന്വിതന്‍ എന്ന സംസ്‌കൃത പണ്ഡിതന്‍ എഴുതിയ 'ശലഭത്തെ പിന്തുടരുന്ന സര്‍പ്പത്തിന്‍റെ കഥ' ഇന്ത്യന്‍ കാലസങ്കല്പത്തിന്‍റെ ആഖ്യാനമാണ്. ജീവിതം 'കാലാഹിനാപരിഗ്രസ്ത'മാണെന്ന് അത് പറയുന്നു.'ശലഭജീവിതം ഒരു നടനമാണ്'.കാമനകളുടെ വര്‍ണ്ണ ലോകം. സര്‍പ്പം കാലമാണ്. സര്‍പ്പം ചിന്തയുടെ പ്രാഗ് രൂപമാണ്. അതു കൊണ്ടാണ് ഗുരു കുണ്ഡലിനിപ്പാട്ട് രചിച്ചത്. അനിത്യമായ വ്യാവഹാരിക ജീവിതത്തെ, നൊടിനേരം വിലസുന്ന ശലഭജീവിതം കാണിച്ചു തരുന്നു. കാലം അനന്തചലനമുള്ള അനന്തനാണ്.
നോവലിസ്റ്റ് സുന്ദരമായ ഒരു വാക്യം കൊണ്ട് ഈ സംവാദത്തെ ചേതോഹരമായ ഇമേജാക്കി മാറ്റുന്നു.
'സത്യം നൊടിനേരംകൊണ്ട് മാഞ്ഞുപോവുകയും അസത്യങ്ങള്‍ വ്യാപിക്കുകയും ചെയ്യുന്നു.'
നോവലിന്‍റെ ഹൃദയത്തില്‍ ഒരു കണ്ണാടി തിളങ്ങുന്നു.
ശിവയോഗിയെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ ആത്മാന്വേഷണത്തിന്‍റെ ബൗദ്ധപ്രഭാവം ഇങ്ങനെകാണാം.
'ആത്മാവിന്‍റെ താപം നിയന്ത്രണാതീത മായപ്പോള്‍ ഒരു ബുദ്ധഭിക്ഷു സ്വയം തീകൊളുത്തി. ഉള്ളില്‍ നിന്നും ഉണ്ടായ തീയായിരുന്നു അത് '.
തീവ്രമായ ആത്മാന്വേഷണം സ്വയം ഉരുകിത്തീരുന്ന ദീപജ്യോതിസ്സായിത്തീരുന്നു. യുക്തികൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നതെന്നതിനാല്‍ ഗുരു ദൈവത്തെ നിഷേധിച്ചില്ല. ഒരേ സമയം സത്യവും മിഥ്യയുമാണ് മനുഷ്യന്‍. അതിനാല്‍ മതം സത്യമാണെന്നും ഗുരു. ഒരു മതവിശ്വാസി, മതത്തേയാണോ അതോ മതം ഉള്‍ക്കൊള്ളുന്ന സമസ്ത ജീവികളേയുമാണോ വിശ്വസിക്കേണ്ടത് എന്ന ചോദ്യം നോവല്‍ ഉന്നയിക്കുന്നു. സമകാലിക മതസന്ദര്‍ഭത്തിലേക്ക് ഈ സംവാദങ്ങളെ നീക്കി നിര്‍ത്താന്‍ നോവലിസ്റ്റിനു കഴിയുന്നു.
സത്യാന്വേഷണത്തെ ഗുരു മീനുകളുടെ ഉപമകൊണ്ടു വ്യാഖ്യാനിക്കുന്നു. 'ഈ മീനുകളെ കണ്ടോ? ഇതാണ് യഥോചിതമായ സ്വാതന്ത്യം. ആ മീനുകള്‍ ആരുടെയും കാലടികള്‍ നോക്കിപ്പോവുകയില്ല. സ്വന്തം ശരീരത്തിന്‍റെ പ്രകൃതിയെ ഉപയോഗിച്ച് ജലത്തില്‍ യാത്ര ചെയ്യുന്നു.'
ജഡമായ സന്യാസ പ്രതിഛായയില്‍ നിന്ന് ജൈവമായ ഊര്‍ജപ്രവാഹങ്ങളിലേക്ക് ഗുരുവിനെ നോവല്‍ വിമോചിപ്പിച്ചെടുക്കുന്നു. ചിരിക്കുകയും കരയുകയും ദുഃഖിതരുടെ ഇടയിലൂടെ സഞ്ചരിക്കുകയും അനീതിയോട് പ്രതികരിക്കുകയും അതേസമയം ജ്ഞാനലോകങ്ങളിലേക്ക് ഏകാന്ത യാത്രകള്‍ നടത്തുകയും ചെയ്യുന്ന ബൗദ്ധരൂപം നോവലില്‍ ഗുരുവിന് ലഭിക്കുന്നു.
സ്വാമി ശിവഗിരിയില്‍ നെയ്ത്തുശാല നടത്തിയിരുന്നു എന്ന് ജീവചരിത്രം പറയുന്നു. അവിടെ കേരളീയ ജീവിതത്തിന്‍റെ ഊടും പാവുമായിരുന്നിരിക്കണം നെയ്തു കൊണ്ടിരുന്നത്!
നാനാര്‍ത്ഥങ്ങളില്‍ വ്യാപിക്കുന്ന ഗുരുചിന്തകള്‍ നോവലിന്‍റെ വായ നയെ ഇന്ത്യന്‍ തത്ത്വചിന്താ പാരമ്പര്യത്തിലേക്കും അവയിലെ വൈവിധ്യങ്ങളിലേക്കും നമ്മെ ആനയിക്കുന്നു. കുമാരനാശാനും ഗുരുവുമായുള്ള സംവാദം, ഗോമുഖിന്‍റെ കഥയിലെ പുനര്‍ജന്മത്തെക്കുറിച്ചുള്ള സംവാദം, പ്രണയത്തെയും അറിവിനെയും സംബന്ധിച്ച ഡോ.വില്യംസിന്‍റെ കഥയും സംവാദവും തുടങ്ങി എണ്ണമറ്റ സംഭാഷണങ്ങളിലൂടെയും ഉപാഖ്യാനങ്ങളിലൂടെയും രൂപം കൊള്ളുന്ന ഗുരുവിന്‍റെ ചിത്രം ഭാരതീയ ചിന്താചരിത്രത്തില്‍ സംവാദസജ്ജമായ നാരായണദര്‍ശനത്തെ സ്ഥാപിക്കുന്നു. ചരിത്രത്തില്‍ അപ്രത്യക്ഷമായി ലയിക്കുന്ന ഒരു ചരിത്രപുരുഷനല്ല ഈ ഗുരു. അത് ചിന്താചരിത്രത്തോടൊപ്പം നവീകരിക്കപ്പെടു കയും ചെയ്യുന്നു. ഗുരു ദര്‍ശനങ്ങളുടെ ഭാവിജീവിതമായിത്തീരുന്നുണ്ട് ഈ നോവല്‍.
നിയതരൂപമില്ലാത്ത അറിവിന്‍റെ വ്യാപ്തിയെക്കുറിച്ച് വില്യംസിന്‍റെ സംവാദത്തില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. അനുഭവം അറിവും പൊരുളുമാകുന്ന രാസവിദ്യ. ഇന്ദ്രിയാതീതമായ ജ്ഞാനം. ആത്മജ്ഞാനത്തിന്‍റെ വെളിച്ചം. അവിദ്യയാണ് ദുഃഖത്തിനുകാരണമെന്ന് നാരായണ മതം.
'അറിവിതിലൊന്നായതുകൊ-
ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും' എന്ന് ഗുരു.അതു നിര്‍വചിച്ചെടുക്കാനും വ്യാഖ്യാനിക്കാനും അനുഭവിക്കാനുമുള്ള ശ്രമമാണ് നോവലിലുടനീളം കാണുന്നത്.
നോവല്‍ ഗുരുവോടൊപ്പം ചരിത്രത്തിലേക്കും ജീവചരിത്രത്തിലേക്കും സഞ്ചരിക്കുന്നു. ആ സഞ്ചാരം നിങ്ങളെ ഹെര്‍മ്മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയെ ഓര്‍മ്മിപ്പിക്കാം, കസാന്‍ദ്സാക്കിസിന്‍റെ സെയ്ന്‍റ് ഫ്രാന്‍സിസിനെ ഓര്‍മ്മിപ്പിക്കാം. തോറൊവിന്‍റെ വാള്‍ഡന്‍പോലെ പ്രകൃതി - മനു ഷ്യബന്ധത്തിന്‍റെ ലയമുണ്ടിതില്‍. ഖലീല്‍ ജിബ്രാനിലെന്നപോലെ നിര്‍മ്മലമായ അനുഭവമുണ്ടിതില്‍. സാമൂഹ്യചരിത്രത്തിലെ ആത്മഭാഷണങ്ങളുടെ ഈ നോവല്‍ ശ്രീനാരായണദര്‍ശനങ്ങളുടെ സിംഫണിയായി മാറുന്നു.
എം.കെ. ഹരികുമാർ.
ഉത്തരാധുനിക നോവൽ ആഖ്യാന ഘടനയിൽ വലിയ വിസ്മയങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മിലൻ കുന്ദേര രചനാരീതിയെക്കുറിച്ച് പറഞ്ഞത് ഒരു ഇതിവൃത്തത്തെ അപ്രതീക്ഷിതമായും സാഹസികമായും നാനാവശങ്ങളില്‍ നിന്ന് ട്രാപ്പ് ചെയ്യുകയാണ് തന്‍റെ രീതി എന്നാണ്.'ഫ്രേസ്' എന്ന സങ്കല്പമത്രേ ഇത്. നോവല്‍ ജീവിതത്തിന്‍റെ ഏകതാനതയെ ബഹുസ്വരാത്മകമാക്കുകയാണ് ചെയ്യുക. അത് പലതരം ആഖ്യാനലീല കളാല്‍ ജീവിതത്തെ പ്രസന്നമാക്കുന്നു. നോവല്‍ ഒരാഖ്യാനകലയാണ്. ലാറ്റിനമേരിക്കന്‍ ജീവിതത്തിന്‍റെ ആഖ്യാന വൈവിധ്യം കൊണ്ടുവന്നുവെന്നതാണ് മാര്‍കേസില്‍ നാം കണ്ട ചാരുത. ഒരാളല്ല നോവ ലിന്‍റെ കേന്ദ്രം; അയാളെ നിര്‍മ്മിക്കുന്ന ബന്ധവ്യവസ്ഥയാണ്. അതിനാല്‍ പലനിലകളില്‍ ആഖ്യാനം സാധ്യമായിത്തീരുന്നു. നിഘണ്ടുകള്‍പോലെ ശിഥിലമായ ആഖ്യാനങ്ങള്‍. സ്വപ്നങ്ങള്‍ കൊണ്ടെഴുതുന്ന നോവലുകള്‍; ഖനനത്തിന്‍റെയും, യാത്രകളുടെയും, ഗവേഷണത്തിന്‍റെയും ഘടനകള്‍ കൊണ്ടെഴുതുന്ന നോവലുകള്‍, നോവലുകളെ പ്രമേയമാക്കുന്ന നോവലുകള്‍, ഇല്ലാത്ത പുസ്തകങ്ങള്‍ തേടുന്ന നോവലുകള്‍, നഷ്ടപ്പെട്ട കൈയെഴുത്തു പ്രതികളുടെ അന്വേഷ ണം, മറ്റു കൃതികളിലെ ഉദ്ധരണികള്‍കൊണ്ടെഴുതുന്ന പുസ്തകങ്ങള്‍ -നോവല്‍പോലെ പരീക്ഷണങ്ങളിലൂടെ മറ്റൊരു സാഹിത്യരൂപവും ഈ നൂറ്റാണ്ടില്‍ കടന്നുപോയിട്ടില്ല. ലൂസ് ലീഫ് നോവലുകള്‍, വിട്ടുകളയാവുന്ന അധ്യായങ്ങളുള്ള നോവലുകള്‍, പദപ്രശ്‌നം പോലയുള്ള നോവലുകള്‍, അതെ, നോവല്‍ ഇന്ന് ഒരു അനന്തമായ വായനാലീലയാണ്.
ജയിംസ് ജോയിസ്, ഗിമറോസ് റോസ്, മിലോറാഡ് പാവിച്ച്, ഹുവാന്‍ റൂള്‍ഫോ, ഉമ്പര്‍ട്ടോ എക്കോ, മിലന്‍ കുന്ദേര, കോത്തസാര്‍, ജോര്‍ജ് പെരെക് തുടങ്ങി ആഖ്യാനത്തിന്‍റെ കെണികള്‍ സൃഷ്ടിച്ച എത്ര നോവലിസ്റ്റുകള്‍!
ഹരികുമാര്‍ ആഖ്യാനത്തില്‍ സ്വീകരിച്ച ഈ ഉത്തരാധുനിക സമീപനം ബഹുസന്ദര്‍ഭങ്ങളുടെ സംഘാതമായിരുന്ന നാരായണഗുരുവിന്‍റെ കാലത്തിനു ചേരുന്നതുതന്നെ. ദലിതര്‍ക്കുവേണ്ടി ആത്മബോധത്തിന്‍റെ വില്ലുവണ്ടി ഓടിച്ച അയ്യങ്കാളി, മതപരിവര്‍ത്തനത്തിന്‍റെ വിവേചനമു യര്‍ത്തിയ പൊയ്കയില്‍ കുമാരഗുരു, ചട്ടമ്പിസ്വാമികള്‍, സഹോദന്‍ അയ്യ പ്പന്‍, ഡോ.പല്പു, കോളനി ആധുനികത, ദേശീയ പ്രസ്ഥാനം, ഗാന്ധിജി, വി.ടി, കുമാരനാശാന്‍ ഇങ്ങനെ ബഹുസ്വരാത്മകമായ ശബ്ദങ്ങള്‍ ഗുരുവില്‍ ചേരുകയും ഗുരുവില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ജ്ഞാനവിസ്‌ഫോടനത്തിന്‍റെ കാലം. പറയാതെ പരസ്പരം അറിയുന്ന വരുടെ സംവാദങ്ങളുടെ കാലം. അതിന്‍റെ സാന്ദ്ര ഗംഭീരത മുഴുവന്‍ ഹരികുമാര്‍ നോവല്‍ ഘടനയിലേക്ക് ആവാഹിച്ചിട്ടുണ്ട്.
കാലമല്ല നോവലിന്‍റെ കേന്ദ്രം; ജ്ഞാനവ്യവഹാരങ്ങളാണ്. അവ ഭാവനയുടെ സഞ്ചാരങ്ങളാണ്. ഗുരുവില്‍ നിന്ന് സാധ്യതയുള്ളതും ഗുരു വില്‍ നിന്ന് മുന്നോട്ട് പോവുന്നതുമായ ചിന്താലോകങ്ങള്‍ കഥ തേടുന്ന പാരമ്പര്യ ആസ്വാദകനെ ഈ നോവല്‍ എങ്ങനെ തൃപ്തിപ്പെടുത്തുമെ ന്നറിയില്ല. എന്നാല്‍ പൊരുള്‍ തേടുന്നവരെ അത് ഊര്‍ജ്ജസ്വലരാക്കും. നിശ്ചയമായും ഈ ആഖ്യാനത്തിന് ഒരു ഇന്ത്യന്‍ പാരമ്പര്യമുണ്ട്. ഒ.വി.വിജയനില്‍ നാം അതു കണ്ടതാണ്. 'ആത്മായനങ്ങളുടെ ഖസാക്കു'കാരന് അത് സ്വാഭാവികം. പാശ്ചാത്യമായ ആധുനിക വ്യവഹാരങ്ങളെ ഇന്ത്യന്‍ ജ്ഞാനരൂപങ്ങളുമായി സമന്വയിപ്പിച്ച ഗുരുവിന്‍റെ രീതി തന്നെയാണ് ഹരികുമാര്‍ രചനയില്‍ സ്വീകരിച്ചത്. ഉപനിഷത്തുക്കളുടേതും, ജാതകകഥകളുടേതും, തര്‍ക്കയുക്തികളുടേതും ഘടനയില്‍ വിളക്കിയെടുത്തിരിക്കുന്ന ഒരു മഹാപ്രസ്ഥാനംപോലെ നോവല്‍. അതില്‍ ആവോളം നിശ്ശബ്ദതയുണ്ട്, ധ്യാനമുണ്ട്, ചോദ്യോത്തരങ്ങളുണ്ട്, കഥ കളുണ്ട്, കവിതകളുണ്ട്, ഉപമകളുണ്ട്, വ്യാഖ്യാനങ്ങളുണ്ട്, നിഗമനങ്ങളുണ്ട്, ആത്മഭാഷണങ്ങളുണ്ട്, റഷ്യന്‍ ബാലെയുണ്ട്. 'ആഴമേറും നിന്‍ മഹസ്സാമാഴി'യായ ആഖ്യാനലോകം.
ഇന്ത്യന്‍ ബൃഹദ് കഥാപാരമ്പര്യത്തെ ഉത്തരാധുനികമായ പരിചരണങ്ങളോടെ നോവലിസ്റ്റ് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഒരു നിരൂപകന്‍റെ വിശകലന തൃഷ്ണ ഈ നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അത് മീനിനെപ്പോലെ ആഴങ്ങളില്‍ കൊത്തുവേല ചെയ്യുന്നു.
നാരായണഗുരുവിന്‍റെ തത്ത്വചിന്താലോകം സാര്‍വ്വലൗകികമാണ്. അതിനാല്‍ ശ്രീലങ്കയിലെയും തമിഴിലെയും, റഷ്യയിലെയും കവികളും കലാകാന്മാരും ഈ ആഖ്യാനത്തിന്‍റെ ഭാഗമാണ്. അവര്‍ വ്യത്യസ്ത മാധ്യമങ്ങളിലൂടെ ഗുരുവിലേക്ക് പ്രവേശിക്കുന്നു. വ്യത്യസ്താനുഭവങ്ങ ളുമായി ആസ്വാദകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. യാഥാര്‍ത്ഥ്യം ഏക മല്ല ഈ നോവലില്‍. അവ പുതിയ പാഠങ്ങള്‍ സൃഷ്ടിക്കുകയാണ്.
'ഉള്ളതൊന്നുമുള്ളതല്ല ഉള്ളതിന്‍റെ ഉള്ളിലുണ്ടൊരുള്ളത്' - എന്ന വാക്യംപോലെ അനന്തമായ അന്വേഷണമായിത്തീരുന്നു വായന. നോക്കൂ, പക്ഷികളുടെ ഉപമകളാണ് ഈ നോവലില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അന ന്തമായ പറക്കലുകളുടെ അനുഭവം അവ കൊണ്ടുവരുന്നു.
സഹജപ്രകൃതിയുടെ നടനമായി നോവല്‍ ഘടനയെ ഹരികുമാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പഞ്ചഭൂതങ്ങള്‍കൊണ്ട് രൂപകങ്ങള്‍, ജ്ഞാനചക്ഷുസ്സുകൊണ്ട് ഭാഷ, ചിന്തകൊണ്ട് ഭാവം, ധ്യാനാത്മകമാകുന്നു വായനാനുഭവം. വികാരങ്ങളുടെ ആവേഗങ്ങള്‍ കൊണ്ടല്ല ഈ കൃതി സങ്ക ല്പിക്കപ്പെട്ടിട്ടുള്ളത്; ഒരു വിരാഗിയുടെ ജ്ഞാനലോകം കൊണ്ടാണ്. അതിനാല്‍ ആന്തരിക ലോകങ്ങളിലാണ് നോവല്‍ സഞ്ചരിക്കുന്നത്. ആത്മസംഘര്‍ഷങ്ങളിലും ആത്മാന്വേഷണങ്ങളിലുമാണതിന്‍റെ ഊന്നല്‍. സാമ്പത്തിക വ്യാപാരങ്ങളിലല്ല മാനസിക വ്യാപാരങ്ങളിലാണ് നോവല്‍ ഇടപെടുന്നത്. സാമൂഹ്യമായിരിക്കുമ്പോഴും അത് ദാര്‍ശനികതയില്‍ ചുവടുറപ്പിച്ചു നില്‍ക്കുന്നു. മലയാളത്തിലെ മികച്ച ദാര്‍ശനിക നോവലായി അതു മാറുന്നു.
'ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസു'ന്ന കൃതിയായിത്തീരുന്നു.
ഏവരും ആനന്ദത്തിനുവേണ്ടി തിരയുന്നു, ദുഃഖത്തിനു വേണ്ടിയല്ല.
'ദുഃഖം ന കശ്ചന' എന്ന് ആപ്തവാക്യം. ജ്ഞാനാനന്ദം നല്‍കുന്നതാണ് ഈ നോവല്‍. അനീതിയോടൊപ്പം സഞ്ചരിച്ച ഒരു കാലത്തെ ജ്ഞാനാഞ്ജനശലാകകൊണ്ട് കണ്‍തുറപ്പിച്ച ഗുരുവിന്‍റെ സാഹിത്യാ വതാരംകൊള്ളലിന് ഈ നിരാനന്ദ സ്വരൂപമാവാനേ കഴിയൂ. ജ്ഞാന ക്കടലില്‍ സ്‌നാനം ചെയ്യുന്ന അനുഭൂതിയാണ് ഈ നോവല്‍ നല്‍കുക. അത് വിശാലമായ മാനവികതയിലേക്കുള്ള മഹാപ്രസ്ഥാനമാണ്. ആധുനിക കേരളത്തിന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ 'ഉല'യാണ്. അവിടെ ദഹിച്ച് ജ്വലിച്ച് രൂപം കൊണ്ട് ആത്മജ്ഞാനത്തിന്‍റെ 'ദശക'ങ്ങളും 'ശതകങ്ങളുമാണ് ഗുരുവിന്‍റെ ലോകം. ആ ആഴക്കടലിന്‍റെ ശാന്ത ഗാംഭീര്യം നഷ്ടപ്പെടാതെ അഞ്ഞൂറ്റൊന്നു പുറങ്ങളില്‍ ഹരികുമാര്‍ പുനസൃഷ്ടിക്കുന്നു. 'ആഴിയും തിരയും കാറ്റും ആഴവും പോലെ' അത് മലയാള നോവല്‍ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്.
അറിവല്ലാതെങ്ങുമില്ല വേറൊന്നും.
(എം.കെ. ഹരികുമാറിന്‍റെ 'ശ്രീനാരായണായ'യ്ക്ക് എഴുതിയ മുഖവുര)