മുണ്ടമുകയിലെ മഴ നനവാർന്ന സ്കൂളോർമകൾ 
Literature

മുണ്ടമുകയിലെ മഴ നനവാർന്ന സ്കൂളോർമകൾ

നിളയുടെ തീരത്തുള്ള മുണ്ടമുക എന്ന മനോഹരമായ വള്ളുവനാടൻ ഗ്രാമം.

നീതു ചന്ദ്രൻ

ഹണി വി ജി

സ്കൂൾ ഓർമകളിൽ എന്നും എപ്പോഴും മഴയുണ്ട്...ഹൈസ്കൂൾ കാലഘട്ടത്തിൽ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം. നിളയുടെ തീരത്തുള്ള മുണ്ടമുക എന്ന മനോഹരമായ വള്ളുവനാടൻ ഗ്രാമം. അവിടെ നിന്നും ഏകദേശം അഞ്ചര കിലോമീറ്റർ സഞ്ചരിച്ചാണ് ഷൊർണൂർ കെ വി ആർ ഹൈസ്കൂളിൽ എത്തിയിരുന്നത്.അന്നൊന്നും ബസ് സർവീസ് ആരംഭിച്ചിരുന്നില്ല. അതു കൊണ്ട് ഹൈസ്കൂൾ കാലഘട്ടത്തിലെ ഒരു വർഷക്കാലം മുഴുവൻ അഞ്ചര കിലോമീറ്ററോളം നടന്നാണ് ഞങ്ങൾ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും എത്തിയിരുന്നത്.

ചൂട് ചോറും പുഴമീന്‍ കറിയും പിന്നെ തോരാമഴയും..

മുണ്ടമുകയിലെ മഴ നനവാർന്ന സ്കൂളോർമകൾ

ആ വലിയ തറവാടിന്‍റെ മുന്‍ഭാഗത്തായി വിശാലമായ വയൽ. തെക്ക് ഭാഗത്ത്‌ പുഴ. മഴക്കാലവും മഴവെള്ളപാച്ചിലും ഞങ്ങള്‍ കുട്ടികള്‍ക്ക് ഉത്സവം തന്നെ ആയിരുന്നു. ഒരുപാട് സൂപ്പർ ഹിറ്റ്‌ മലയാള ചിത്രങ്ങൾ ഇവിടെയാണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത്. ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഷൊർണൂരും മുണ്ടമുകയും...

തോരാത്ത മഴ പുഴയിലെ ജലനിരപ്പുയര്‍ത്തുന്നത് ആകാംക്ഷയോടെ നോക്കി നിന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം. പുഴ നിറഞ്ഞാല്‍ അത് പതിയെ വയലിലേക്കൊഴുകും. വയലില്‍ നിന്നല്‍പം ഉയര്‍ന്ന് പൊന്തി നില്‍ക്കുന്ന കരഭാഗത്താണ് വീട്. മീന്‍പിടിത്തക്കാരെക്കൊണ്ട് നിറയുന്ന സമയം. ചൂട് ചോറും പുഴമീന്‍ കറിയും പിന്നെ തോരാമഴയും ഇന്നും നിറം മങ്ങാത്ത ഓര്‍മ്മകള്‍....

ജൂണിലെ പെരുമഴക്കാലം

മുണ്ടമുകയിലെ മഴ നനവാർന്ന സ്കൂളോർമകൾ

മഴ എന്നും മനസ്സിൽ മായാതെ കിടക്കുന്ന ഓർമകളാണ്. പ്രത്യേകിച്ചും പെരുമഴ പെയ്യുന്ന സ്കൂൾ തുറക്കുന്ന ജൂൺമാസം. ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന മഴ. ഓര്‍മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു. മഴയാണ് പഴയ കാലത്തേയും സ്കൂളിനെയുമെന്നും ഓർമിപ്പിക്കുന്നത്. കളിചിരി നിറഞ്ഞ അവധിക്കാലത്തിന്‍റെ കൊതിതീരും മുൻപേ സ്‌കൂളിലേക്ക് പുത്തന്‍ യൂണിഫോമും വാട്ടര്‍ ബോട്ടിലും ബാഗുമായി പോകുന്ന ആ നല്ലകാലം എന്നും എല്ലാർക്കും സുഖമുള്ള ഓർമ‍യാണ്. പ്രിയ സുഹൃത്തുക്കളോടൊപ്പം ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ഒരിടം. സുധീർ സുരേഷ്, മണികണ്ഠൻ,അർഷൽ, ആസഫ്,മജീദ്, ഹരീഷ്, രാജേഷ്, ഹരി കൃഷ്ണൻ പ്രമോദ്, അങ്ങനെ പോകുന്നു സുഹൃത്തുക്കളുടെ ആ വലിയ നിര...

ഒറ്റമടക്കുള്ള കറുത്ത കുടയായിരുന്നു അന്ന് മഴ നനയാതെ എന്നെ സ്കൂളിലെത്തിച്ചിരുന്നത്. സണ്ണിന്‍റെ ആയിരുന്നു എന്നാണ് ഓർമ. ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രായത്തിലെ മഴക്കാല ചിത്രത്തിന് വല്ലാത്തൊരഴകായിരുന്നു. ബാല്യത്തിന് നിറം ചാര്‍ത്തിയ മഴയും സ്‌കൂള്‍ ജീവിതവും ഇന്ന്‍ വെറും ഓർമകളാണ്. കസിൻസ് ആയ സോനയും കുട്ടൻ(അനിത് )നോടുമൊപ്പമാണ് സ്കൂളിലേക്ക് പോയിരുന്നത്. അവരോടൊപ്പം ഒരുപാട് നല്ല മനോഹരമായ മുഹൂർത്തങ്ങൾ ജീവിതത്തിലെ തന്നെ ചിലവഴിച്ച കാലം. നോക്കെത്താ ദൂരം നെൽപ്പാടങ്ങൾ, കനാലുകൾ, പാട വരമ്പിലൂടെയുള്ള സ്കൂളിലേക്കുള്ള യാത്ര...

മഴവെള്ളത്തിലെ പരൽമീനുകൾ

മുണ്ടമുകയിലെ മഴ നനവാർന്ന സ്കൂളോർമകൾ

തഴച്ചുവളർന്നു നിൽക്കുന്ന നെൽപ്പാടത്തിലിടയിലൂടെയാണ് സ്കൂളിലേക്കു പോയിരുന്നത്. വയൽ വരമ്പിൽ നല്ല മഴക്കാലത്ത് വെളളമുണ്ടാകും മഴവെള്ളം കാല് കൊണ്ട് തട്ടി തെറിപ്പിച്ചും, പരൽമീനിനെ കണ്ടും, പിടിക്കാൻ ശ്രമിച്ചും ഒക്കെയുള്ള യാത്ര. ഷൊർണൂർ എത്തുമ്പോഴേക്കും ഞങ്ങൾ ആകെ നനഞ്ഞൊട്ടിയിട്ടുണ്ടാകും. ടൗണിൽ തന്നെയുള്ള സുമതി അമ്മായിയുടെ വീട്ടിൽ പോകും. ഞങ്ങൾ എല്ലാവരുടെയും വസ്ത്രങ്ങൾ അവർ ഇസ്തിരി ഇട്ടു ഉണക്കി തരും. വാക്കുകളിലും പ്രവൃത്തികളിലും സ്നേഹം എന്നും അനുഭവിച്ചിരുന്നു അന്ന്. മഴ അധികമുള്ള ദിവസങ്ങളിൽ അല്ലെങ്കിൽ കാര്‍മേഘം ഉരുണ്ടുകൂടി മഴ ഇരുട്ടുകൂട്ടി എത്തുന്ന നേരങ്ങളില്‍ സ്‌കൂളിലെ ലോങ്ങ്‌ബെല്‍ നേരത്തെ മുഴങ്ങും.

പിന്നീട് എങ്ങനെയെങ്കിലും പെട്ടെന്ന് വീട്ടിൽ എത്തണം എന്ന ചിന്ത മാത്രമാണ്. ആ യാത്രയും ഞങ്ങൾ കളിച്ചും ചിരിച്ചും തന്നെയായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ..ചില സമയങ്ങളിൽ പാട വരമ്പത്തു ചെളിയില്‍ നിന്ന് കാലു ഊരി യെടുക്കാന്‍ പെടുന്ന പാട്. വസ്ത്രങ്ങളെയും പുസ്തകങ്ങളെയും മഴ നനയ്ക്കുമെങ്കിലും ഒരിക്കൽ പോലും മഴയെ വെറുത്തിരുന്നില്ല. വീട്ടിൽ എത്തുന്നത് നോക്കി നിൽക്കാറുള്ള സുന്ദരിയായ അച്ഛമ്മ, പിന്നെ വല്ല്യമ്മ, പാപ്പൻ, മേമ ..സ്കൂളിലേക്ക് മഴനനഞ്ഞ് പോയതും ബുക്കുകൾ പ്ലാസ്റ്റിക് കവറിലാക്കി മഴയെ വെല്ലുവിളിച്ച് നടന്നതുമൊക്കെ ചിതലെടുത്ത് തുടങ്ങുന്ന ഓർമ്മകളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു...

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം