ഒ.വി. വിജയൻ 
Literature

വാക്ക് - ദുരന്തവും വൈരുധ്യവും

നോവൽ കുടുംബപുരാണമല്ല; നോവൽ ഗ്രാമചരിത്രമല്ല. നോവലിനെക്കുറിച്ച് വലിയ ആലോചനകൾ ഈ കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ചിട്ടുണ്ട്. നോവൽ ഒരു പുതിയ ഭൂഖണ്ഡമാണ്. അമെരിക്ക കണ്ടെത്തിയതുപോലുള്ള പര്യവേക്ഷണമാകണ്ടത്.

അക്ഷരജാലകം | എം.കെ. ഹരികുമാർ

നോവൽ ഒരു ഗ്രാമത്തിന്‍റെ പുരാവൃത്തം എഴുതാനുള്ളതാണെന്ന ധാരണയിലാണ് ഇവിടെ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. നോവൽ എന്തും കുത്തി നിറയ്ക്കാനുള്ളതല്ല. നോവൽ കുടുംബപുരാണമല്ല; നോവൽ ഗ്രാമചരിത്രമല്ല. നോവലിനെക്കുറിച്ച് വലിയ ആലോചനകൾ ഈ കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ചിട്ടുണ്ട്. നോവൽ ഒരു പുതിയ ഭൂഖണ്ഡമാണ്. അമെരിക്ക കണ്ടെത്തിയതുപോലുള്ള പര്യവേക്ഷണമാകണ്ടത്.

വർഷങ്ങൾക്ക് മുമ്പ്, ഒരു പാശ്ചാത്യവിമർശകൻ റഷ്യയിൽ നോവൽ ഫാക്റ്ററിയുണ്ടെന്നു പറഞ്ഞത് ഓർക്കുകയാണ്. നോവൽ വ്യവസായം എന്ന ലേബലിൽ നോവലുകൾ പടച്ചുവിടുകയായിരുന്നു. നോവൽ കൂടുതൽ വിൽക്കുന്നുണ്ടെന്നു വിളിച്ചുപറഞ്ഞ് എഴുത്തുകാർ നോവൽ ആഘോഷിക്കുന്നതും നാം കാണുന്നു. നോവൽ വിൽപ്പനയ്ക്കുള്ളതാണോ? വളരെ ഏകാന്തമായ ഒരു വ്യഥയെ കലാപരമായി ആവിഷ്കരിക്കുന്ന ഒരു സാഹിത്യരൂപം ഒരു ചരക്കായി മാറുന്നത് എങ്ങനെയാണ്? ധാരാളം പേര് വായിക്കുന്നത് നല്ലതാണ്; വായിപ്പിക്കുന്നതും.

പക്ഷേ, വായിപ്പിക്കുന്നതിനും വായിക്കാതിരിക്കുന്നതിനും അപ്പുറത്താണ് നോവലിന്‍റെ മൂല്യം. നോവൽ വായിക്കുന്നത് ഒരു സാഹിത്യമൂല്യത്തിന്‍റെ ഭാഗമാണ്. നോവൽ ഒരെഴുത്തുകാരന്‍റെ വർധിച്ച പ്രയത്നത്തിന്‍റെ ഫലമാണ്. 'ഖസാക്കിന്‍റെ ഇതിഹാസം' എഴുതിത്തുടങ്ങി പന്ത്രണ്ടു വർഷത്തിനുശേഷമാണ് പ്രസിദ്ധീകരിച്ചതെന്നു അറിയാൻ കഴിഞ്ഞിട്ടുണ്ട്. ആ നോവലിന്‍റെ രചനയിൽ പലപ്പോഴും പ്രതിബന്ധങ്ങൾ നേരിട്ടു. എഴുതിയതിൽ ആത്മവിശ്വാസമില്ലാതായ ഘട്ടങ്ങളുണ്ടായി. ഒരു രാഷ്‌ട്രീയവിശ്വാസതത്തിന്‍റെ തകർച്ചയിൽ നിന്നാണ് അദ്ദേഹം എഴുതാൻ ആരംഭിച്ചത്. എന്നാൽ, എഴുതുന്ന വേളയിൽ നിരാശ വന്നുമൂടി. വർഷങ്ങളോളം എഴുത്തു തടസ്സപ്പെട്ടു. പിന്നീട് വായിച്ചു നോക്കി തിരുത്തിക്കൊണ്ടിരുന്നു. ആ തിരുത്തൽ ഒരിക്കലും പൂർണതൃപ്തി നൽകിയില്ല എന്നുവേണം കരുതാൻ. അത് സാമൂഹികമായ ചിന്തകളുടെ വിജയമായി എഴുത്തുകാരൻ കണ്ടില്ല.

കലയെപ്പറ്റിയുള്ള ജനകീയ ധാരണകളെ മറികടന്നാണ് അദ്ദേഹം നോവലിനെ സമീപിച്ചത്. അദ്ദേഹം ഒരു ഗ്രാമത്തെയാണ് പശ്ചാത്തലമായി സ്വീകരിച്ചത്. അതാകട്ടെ സാങ്കൽപ്പിക പ്രദേശമാണ്. യഥാർഥ ഗ്രാമമല്ല നോവലിലെ നോവലിലെ ഗ്രാമം. തസ്റാക്ക് എന്നൊരു പ്രദേശം പാലക്കാടുണ്ട്. അവിടെ ഒരു വീടുണ്ടായിരുന്നു. ആ വീട്ടിൽ നോവലിസ്റ്റ് താമസിച്ചിരുന്നു.ചില സ്ഥലനാമങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്. ഗ്രാമത്തിലെ കരിമ്പനകളും പുല്ലും ഇടവഴികളുമെല്ലാം പരാമർശിക്കപ്പെടുന്നു.അപ്പോൾ അത് യഥാർഥ ഗ്രാമമല്ല. അത് നോവലിസ്റ്റിന്‍റെ ഭാവനയുടെ ലോകമാണ്.തസ്രാക്കിലെ ഒരു കരിമ്പനയോ ഇടവഴിയോ പെട്ടിക്കടയോ പാറക്കെട്ടുകളോ ചൂണ്ടിക്കാണിച്ചിട്ട് ഇത് 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിൽ സൂചിപ്പിച്ചിട്ടുള്ളതാണെന്നു പറയുന്നത് അസംബന്ധമാണ്. നോവലിസ്റ്റ് സ്വപ്നത്തിൽ എന്നപോലെ പ്രകൃതിയെ കാണുകയായിരുന്നു. എല്ലാം അദ്ദേഹത്തിന്‍റെ മനസ്സിലായിരുന്നു.

പുറംലോകത്ത് കണ്ടതെല്ലാം, അദ്ദേഹം ആന്തരികമായ ആവശ്യത്തിനായി മറ്റൊരുതരത്തിൽ സംവേദനം ചെയ്തു. ഇതാണ് ഉന്നതമായ കലയിൽ എപ്പോഴും സംഭവിക്കുന്നത്. ഒരു ക്യാൻവാസിലെ പശു യഥാർഥ പശുവല്ല; ഒരു പശുവും ഒറിജിനലല്ല. അത് ഓരോരുത്തരും കാണുന്നതിനനുസരിച്ചാണ് ഒരാശയം ഉണ്ടാകുന്നത്. ദസ്തയെവ്സ്കിക്ക് നോവൽ രചന ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. 'നോട്സ് ഓൺ ദസ്തയെവ്സ്കി ' എന്ന ഗ്രന്ഥത്തിൽ വിക്റ്റർ ഷ്കോവ്സ്കി പറയുന്നു, ദസ്തയെവ്സ്കിക്ക് എഴുതി പൂർത്തിയാക്കാൻ പ്രയാസമായിരുന്നുവെന്ന്. ഒരു നോവൽ അവസാനിക്കുക എന്നു പറഞ്ഞാൽ അദ്ദേഹത്തിനു അത് ബാബേൽ ഗോപുരം തകരുന്നതുപോലെയുള്ള ഒരു ഷോക്കായിരുന്നു.

ദസ്തയെവ്സ്കി

മിക്ക എഴുത്തുകാർക്കും തങ്ങൾ എഴുതാൻ ആഗ്രഹിച്ച കൃതിയുടെ ഒരു പദ്ധതിയുണ്ടാകും. അത് എഴുതി പൂർത്തിയാക്കുകയാണ് ചെയ്യുക. അത് അവിടെ അവസാനിക്കുകയാണ്. എന്നാൽ ദസ്തയെവ്സ്കി ഒരു നോവലെഴുതുമ്പോൾ ധാരാളം സാധ്യതകളുടെ പദ്ധതികളുണ്ടാകും. പല ആലോചനകളാണ് ഉണ്ടാകുന്നത്. എഴുതി പൂർത്തിയാക്കുന്ന നോവൽ അതിൽ ഒന്നുമാത്രമാവും.അദ്ദേഹം നോവലിനു വേണ്ടി തയാറാക്കുന്ന കുറിപ്പുകൾ, ചിത്രങ്ങൾ, വരകൾ, വിവരണങ്ങൾ, കൂട്ടിച്ചേർക്കലുകൾ തുടങ്ങിയവ സങ്കീർണമാണ്. അദ്ദേഹം ഒന്നിലധികം നോട്ടുബുക്കുകൾ ഒരേസമയം ഉപയോഗിക്കുമായിരുന്നുവെന്നു ഒരു ഗവേഷകൻ വിവരിക്കുന്നുണ്ട്. ആ നോട്ടുബുക്കുകൾ നോക്കിയാൽ അതിൽ ഒരു തുടർച്ച കാണാനാകില്ല. പേജിന്‍റെ മധ്യഭാഗത്ത് എഴുതി തുടങ്ങുന്ന അദ്ദേഹം വശങ്ങളിലേക്കും മാർജിനിലേക്കും കുറിപ്പുകൾ എഴുതി ചേർക്കുകയാണ് പതിവ്. അതിനോടൊപ്പം ചിത്രങ്ങളുമുണ്ടാകും. വ്യത്യസ്തനോവലുകൾ തന്‍റെ മനസ്സിലേക്ക് ഒരേസമയം വരുകയാണെന്നും അതെല്ലാം ഒരുമിപ്പിക്കുക അസാധ്യമാണെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.

'ദ് ഇഡിയറ്റ്' എന്ന നോവൽ എഴുതാൻ വേണ്ടി ഓരോ ദിവസവും ആറ് പദ്ധതികൾ വരെ ദസ്തയെവ്സ്കി തയാറാക്കിയിരുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ ആ പ്ലാനുകളും തയാറെടുപ്പുകളുമെല്ലാം അപ്രസക്തമാവുകയും നോവൽ മറ്റൊരു സാധ്യതയിൽ എഴുതപ്പെടുകയുമാണ് ചെയ്യുന്നത്.

'ദ് ഇഡിയറ്റ്'എന്ന നോവൽ നാം വായിച്ചതിനപ്പുറം അദ്ദേഹം എഴുതി. അദ്ദേഹത്തിന്‍റെ കൈയെഴുത്തു ശേഖരത്തിൽ പൂർത്തിയാകാത്ത വേറെയും 'ഇഡിയറ്റു'കൾ സൂക്ഷിച്ചിട്ടുണ്ട്. ദസ്തയെവ്സ്കി നോവലുകൾ എഴുതാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വലിയൊരു ഗവേഷണമേഖലയാണ്. അദ്ദേഹത്തിന്‍റെ മരണശേഷം അതു പതിനെട്ടു വാല്യമായി റഷ്യയിൽ ഒരു സാഹിത്യ സംഭാവനയായി റഷ്യയിൽ പ്രസിദ്ധീകരിച്ചു.അത്രയും കഠിനമായിരുന്നു അദ്ദേഹത്തിനു നോവൽരചന.

എല്ലാവർക്കും അറിയുന്ന യാഥാർഥ്യങ്ങൾ ഒരു പശ്ചാത്തലമായി സ്വീകരിക്കാറുണ്ടെന്നു ഹെമിംഗ്‌വേ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മുക്കുവരുടെ ജീവിതപശ്ചാത്തലത്തിൽ കൃതികൾ രചിച്ചിട്ടുണ്ട്. 'കിഴവനും കടലും' ഓർക്കുക. കടലിൽ ഉയർന്നു കാണുന്ന മഞ്ഞുമലയുമായി ബന്ധിപ്പിച്ച് തന്‍റെ സാഹിത്യരചനയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മഞ്ഞുമലയുടെ മുകളിലുള്ളത് എല്ലാവർക്കും കാണാം. എന്നാൽ താൻ എഴുതാൻ ശ്രമിക്കുന്നത് വെള്ളത്തിനടിയിലുള്ള മലയുടെ ഭാഗത്തെക്കുറിച്ചാണെന്നു ഹെമിംഗ്‌വേ പറയുന്നു. ആ ഭാഗത്തെക്കുറിച്ച് ആർക്കും ഒന്നും തന്നെ അറിയില്ല. അതാണ് എഴുതുന്നത്‌. അത് തന്‍റെ കണ്ടുപിടിത്തമാണ്. അത് എഴുതുമ്പോൾ വായനക്കാർക്ക് പുതിയ അനുഭവമായിരിക്കും. അത് മറ്റെന്തിനെക്കാൾ സത്യമായിരിക്കും.

മിലാൻ കുന്ദേര

സാഹിത്യകാരന്‍റെ, വിശേഷിച്ച്, ഒരു നോവലിസ്റ്റിന്‍റെ ലക്ഷ്യം വിപുലമായ ഒരു കഥ പറയുകയല്ല, കഥയ്ക്കുള്ളിലെ അസ്തിത്വപരമായ പ്രശ്നങ്ങളുടെ ഉറവിടം ആരായുകയാണ്. പ്രമുഖ നോവലിസ്റ്റ് മിലാൻ കുന്ദേര പറയുന്നത് അസ്തിത്വത്തിന്‍റെ സാധ്യതകളാണ് ഒരാൾ എഴുതേണ്ടതെന്നാണ്. അസ്തിത്വം എന്നാൽ മനുഷ്യനു സാധ്യമായതെല്ലാമാണ്. മനുഷ്യന്‍റെ ഭാവനയും പ്രവൃത്തിയും സ്വപ്നവും വിധിയുമെല്ലാം അതിന്‍റെ ഭാഗമാണ്. ഒരു നോവൽ യാഥാർഥ്യമല്ല പരിശോധിക്കുന്നത് ; അസ്തിത്വമാണ്. അസ്തിത്വമെന്നാൽ സംഭവിച്ച കുറെ കാര്യങ്ങളല്ല.അസ്തിത്വം മനുഷ്യ സാധ്യതകളുടെ ഒരു മേഖലയാണ്. മനുഷ്യനു എന്തൊക്കെ സാധ്യമാണോ അതൊക്കെ ഇതിന്‍റെ പരിധിയിൽ വരും -അദ്ദേഹം എഴുതി.

ഒരു നോവലിനു നോവലിസ്റ്റിനെക്കാൾ ബുദ്ധിയുണ്ടാകുന്ന സന്ദർഭമുണ്ടെങ്കിൽ അതായിരിക്കും മഹത്തരമായത്. ഒരാൾ ചിന്തിക്കുന്നത്, എഴുതുന്നത് അയാളുടെ ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല ;അയാളുടെ അതീന്ദ്രിയജ്ഞാനവും അബോധപ്രേരണകളും അതിൽ ഇടപെടുന്നു. ആദിമമായ ചോദനകൾ പലതും നമുക്കറിയില്ല. നാം സ്വയം നിയന്ത്രിക്കുന്നത് സംസ്കാരത്തിന്‍റെ ഭാഗമാണ്.സംസ്കാരം എന്നാൽ സ്വയം നിയന്ത്രിക്കുന്ന സ്വഭാവമാണ്. അതിനുള്ള അറിവ് പ്രധാനമാണ്. ഒരു നിമിഷത്തിൽ എല്ലാ അസംബന്ധങ്ങളും വൃത്തികേടുകളും സദാചാരങ്ങളും അടങ്ങിയിട്ടുണ്ട്.വ്യക്തിപരമായ അറിവുകൾക്കപ്പുറത്തേക്ക് പോകാൻ സഹായിക്കുന്നത് അന്തർദർശനവും അബോപ്രേരണയുമാണ്. ഇതിനെ വ്യക്ത്യതീതമായ സിദ്ധി എന്നു കുന്ദേര വിളിക്കുന്നു. വലിയ നോവലുകൾ അത് എഴുതിയവരേക്കാൾ ബുദ്ധിപരമായി അൽപ്പം മുന്നിലാണ്. തങ്ങൾ എഴുതി നോവലിനെക്കാൾ ബുദ്ധിപരമായി മുന്നിൽ നിൽക്കുന്ന എഴുത്തുകാർ മറ്റൊരു ശ്രേണിയിലാണ് വരിക.'

എല്ലാത്തിനും പെട്ടെന്ന് ഉത്തരം തരുക എന്ന ലക്ഷ്യം രചനയുടെ ഭാഗമാകുന്നത് താണ തരം അഭിരുചി യാണ് വെളിവാക്കുന്നത്. ജീവിതം വളരെ ലഘുവായി , എളുപ്പത്തിൽ ഗ്രഹിക്കാവുന്ന വിധം, ആഴം കുറഞ്ഞ അനുഭവങ്ങളുടെ ഒരു കൂമ്പാരമായി കാണുന്നവരുണ്ട്. അവർക്ക് വായനക്കാരെ പെട്ടെന്ന് വശീകരിക്കാനാവും. വൈകാരികതയുടെ കുത്തൊഴുക്കുണ്ടായാൽ ചിലർക്ക് അത് യഥാർഥമായി തോന്നും.എന്നാൽ മനുഷ്യൻ അത്രയ്ക്ക് നിസ്സാരമായി മനസ്സിലാക്കാവുന്ന ഒരു ജീവിയല്ല. മനുഷ്യനിൽ പലതും മറഞ്ഞിരിക്കുന്നു. അവന്‍റെപുറമേയുള്ള പെരുമാറ്റം എന്തു തന്നെയായിരുന്നാലും ഉള്ളിൽ കൊണ്ടുനടക്കുന്ന ഭയവും സംഘർഷങ്ങളും സമസ്യകളും വെളിവാക്കപ്പെടുന്നില്ല. മനുഷ്യൻ അറിയപ്പെടാത്ത ഒരു മേഖലയാണ്. അത് അറിയാനാണ് ഒരു വൻ നോവലെഴുതുന്നത്. നോവൽ ഒരാവർത്തനമല്ല.ഒരാൾ സാമൂഹിക പ്രശ്നം എഴുതി; അതുകൊണ്ട് താനും സാമൂഹികപ്രശ്നം എഴുതുന്നു എന്നതാകരുത് നോവലിസ്റ്റിന്‍റെ സ്വഭാവം.സത്യം പെട്ടെന്നു പിടിതരുന്ന ഒന്നല്ല.സത്യത്തിനു പല മുഖങ്ങൾ കണ്ടേക്കാം.ആത്യന്തികമായ സത്യം എന്താണെന്നറിയില്ല. എന്നാൽ വൈകാരികമായ അനുഭവങ്ങളിലൂടെ സത്യത്തെക്കുറിച്ച് സൂചന ലഭിക്കും.

വാക്കിൽ സങ്കൽപ്പം

നോവലിസ്റ്റിനു വാക്ക് ഒരു പ്രശ്നമാണ്. വാക്കിനു നിശ്ചിതമായ അർഥമാണുള്ളത്. നിരുപാധികമായ സ്നേഹം എന്നു പറഞ്ഞാൽ പിന്നെ അത് വാർത്തു വച്ചതുപോലെയുള്ള അർഥമാണ്. അത് ആരു ഉപയോഗിച്ചാലും ഒരേ അർഥമാണ്. എന്നാൽ ഇങ്ങനെയൊരു അർഥം എവിടെയുമില്ല. ഓരോരുത്തർക്കും ഓരോന്നാണ് സ്നേഹം. ഓരോ വാക്കും അങ്ങനെ തന്നെ.സൗന്ദര്യം എന്നു പറഞ്ഞാൽ ഓരോരുത്തർക്കും ഓരോന്നാണ്. സൗന്ദര്യത്തിനു ഏകാഭിപ്രായമില്ല;ഏകാർഥമില്ല.

വാക്ക് ഒരു ദുരന്തമാണ്. വാക്ക് അർഥത്തെ നമ്മളിൽ നിന്നു മാറ്റി നിർത്തുകയും അർഥത്തെ സാങ്കൽപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. വാക്കുകളുടെ ഉപയോഗത്തിൽ ഒരു ചതുരംഗക്കളിയുണ്ട്. വാക്കിന്‍റെയർഥം മനസ്സിലാക്കാൻ നമുക്ക് ആ അനുഭവം ഉണ്ടാകണം. സ്നേഹിച്ചാലേ സ്നേഹവും സ്നേഹഭംഗവും മനസ്സിലാവുകയുള്ളൂ. വാക്കിൽ ഉണ്ടെന്നു കരുതിയത് സങ്കൽപ്പമായിരുന്നു.വാക്കില്‍ ഓരോ വ്യക്തിയുടെയും വ്യക്തിഗതമായ സ്നേഹമില്ല. വാക്ക് ഒരു മൈനസാണ്, വൈരുധ്യമാണ്, പിൻവാങ്ങലാണ്, ദുരന്തമാണ്. വാർത്തവച്ചിരിക്കുന്ന അർഥസങ്കൽപ്പങ്ങളിൽ നമുക്ക് സ്വന്തം അനുഭവങ്ങളെ നഷ്ടപ്പെടാനാണ് വിധി. ഇതാണ് വാക്കുകളുടെ ദുരന്തം. രണ്ടുപേർ തമ്മിൽ പ്രണയത്തിലാണെന്നു പറഞ്ഞാൽ എന്താണോ നമ്മൾ സങ്കൽപ്പിക്കുന്നത് അങ്ങനെയൊരു പ്രണയം ഒരിടത്തുമില്ല.

അബോധമനസിൽ നാം എന്തെല്ലാം അസുഖകരമായ വസ്തുതകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നു അന്വേഷിക്കുകയാണ് ദസ്തയെവ്സ്കി ചെയ്തത്. അദ്ദേഹം വാക്കുകളെ അന്വേഷണത്തിനായി ഉപയോഗിച്ചു. മനുഷ്യനിൽ ചെകുത്താനുണ്ട്. അവൻ ആ ചെകുത്താനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ദൈവമാകട്ടെ എപ്പോഴും വിചാരണ ചെയ്യപ്പെടുന്നു. ദൈവത്തെ സ്തുതിക്കുന്ന മനുഷ്യൻ തന്നെ ദൈവത്തെ പരാജയപ്പെടുത്താൻ ജുഗുപ്സാവഹമായി ശ്രമിക്കുകയാണ്.

രജതരേഖകൾ

1) 1924 നവംബറിലാണ്, പ്രമുഖ ജർമൻ സാഹിത്യകാരൻ തോമസ് മൻ(1875-1955) ദ് മാജിക് മൗണ്ടൻ എന്ന നോവൽ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അത് 100 വർഷം പിന്നിട്ടിരിക്കുന്നു, ഒരു പോറൽ പോലുമേൽക്കാതെ. ഇരുപത് വയസ് കഴിഞ്ഞ ഹാൻസ് കാസ്റ്റോർപ്പ് എന്ന യുവാവ് തന്‍റെ ബന്ധു ജോയാച്ചിൻ സീംസെൻ എന്ന ക്ഷയരോഗിയെ കാണാൻ സ്വിറ്റ്സർലണ്ടിലെ ദാവോസിലുള്ള ഒരു സാനറ്റോറിയത്തിലേക്ക് സന്ദർശനം നടത്തുന്നതും ക്രമേണ അവൻ ക്ഷയരോഗിയാവുന്നതുമാണ് നോവലിന്‍റെ സാമാന്യമായ ഇതിവൃത്തം. എന്നാൽ നോവൽ ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള യൂറോപ്യൻ ജീവിതത്തെയും ആദർശങ്ങളെയും മാനസിക സംഘർഷങ്ങളെയും അപഗ്രഥിക്കുന്നുണ്ട്. രോഗത്തെയാണ് നോവൽ പരിശോധിക്കുന്നത്. രോഗം ഒരു മാനസികാവസ്ഥയാണ്. രോഗിയാകുന്നതിനും മുമ്പേ അതാരംഭിക്കുന്നു.

തോമസ് മൻ നോവലിൽ എഴുതി: ഒരു മനുഷ്യൻ അവന്‍റെ ജീവിതം മാത്രമല്ല, ജീവിക്കുന്നത് ;അവന്‍റെ കാലഘട്ടത്തെയും സമകാലികരെയും ജീവിക്കുന്നു.'

2) പോളിഷ് കവി വിസ്ലാവ് സിംബോർസ്ക(1923-2012)യ്ക്ക് 1996 ലാണ് നോബൽ സമ്മാനം ലഭിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് അവർ എഴുതിയ കവിതയാണ് 'മാപ്പ്'(ഭൂപടം).

ഭൂപടത്തിൽ നോക്കുന്നത് ,തന്നെ സ്വതന്ത്രയാക്കുന്നതെങ്ങനെയാണെന്നു അവർ സൂചിപ്പിക്കുന്നു. അത് കാണുന്നത് രസകരമാണെന്നും അഗ്നിപർവതങ്ങളെ തന്‍റെ വിരലറ്റം കൊണ്ട് തൊടാൻ കഴിയുന്നുവെന്നും അവർ എഴുതുന്നുണ്ട്. കുറച്ചു മരങ്ങൾ കാണാം, അത് പുരാതന വനങ്ങളെ പ്രതിനിധീകരിക്കുന്നു. അതിനിടയിൽ നിങ്ങൾക്കൊരിക്കലും വഴിതെറ്റുകയില്ലെന്നു അവർ തമാശയായി പറയുകയാണ്. രാഷ്‌ട്രങ്ങളുടെ അതിർത്തികൾക്കു സ്ഥിരതയില്ലെന്നു അവർ അനുമാനിക്കുന്നു. അവസാന വരികൾ ഇങ്ങനെയാണ്:

'ഞാൻ ഭൂപടങ്ങളെ ഇഷ്ടപ്പെടുന്നു

എന്തെന്നാൽ അവ നുണ പറയുന്നു; അവ ദൂഷിതമായ സത്യത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നില്ല. മഹാമനസ്കതയോടെ, സുജനമര്യാദയോടെ

അവ എന്‍റെ മുന്നിൽ വിടർത്തുന്നത്

വേറൊരു ലോകമാണ്,

അത് ഈ കാണുന്ന ലോകമല്ല.'

ഒരു കവിക്ക് അനുമാനിക്കാനും ചിന്തിക്കാനും രസിക്കാനും ആശ്വസിക്കാനും അനേകം വാസസ്ഥലങ്ങളുണ്ടെന്നു ഓർമിപ്പിക്കുന്ന കവിതയാണിത്.

3) ഡോ. സുകേഷ് എഴുതിയ നിഴലുടക്കൽ (പ്രഭാതരശ്മി, നവംബർ) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'കണ്ണടച്ച് ഇരുട്ടിന്‍റെ

രാത്രിയിലേക്ക്

നിഴലിനെ അടക്കം ചെയ്യാൻ

ശ്രമിക്കുന്നുമുണ്ട് പകൽ.'

കവിക്ക് ദിനവേലകൾ ചിത്രങ്ങളാണ്, രൂപകങ്ങളാണ്, വാക്കുകളാണ്.

4) ജർമൻ സാഹിത്യകാരൻ ഫൊഫ്റ്റ് വാങ്ഗർ എഴുതിയ 'ദ് ഓപ്പർമൻസ് ' എന്ന നോവലിനെ പരിചയപ്പെടുത്തുകയാണ് വൈക്കം മുരളി (ചരിത്ര സ്മരണകളുണർത്തി ഒരു ജർമൻ നോവൽ , പ്രഭാതരശ്മി,നവംബർ). വാങ്ഗറുടെ 'സക്സസ്' എന്ന മഹാനോവലിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിലെ തിന്മയും അധികാരവും പ്രത്യേക മതവിഭാഗങ്ങൾക്ക് നേരെയുള്ള കടന്നാക്രമണവുമാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നതെന്നു മുരളി അഭിപ്രായപ്പെടുന്നു.

5) സുകുമാരൻ ചാലിഗദ്ധയുടെ ഓർത്തോ (പ്രസാധകർ, ഡിസംബർ) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'എന്‍റെ കാട്ടിൽ നിന്നും

പിടിച്ചോണ്ടാരോ കൊണ്ടുപോയ

നാട്ടാനതുമ്പിക്കൈ കാട്ടിലേക്ക് നീണ്ടു.

അതാ മണം

നല്ല മണം

പണ്ടു മരിച്ച കഥകൾ

പണ്ടു മരിച്ച വഴികൾ

പണ്ടു മരിച്ച പാട്ടുകൾ

പണ്ടു മരിച്ച തീറ്റകൾ

പണ്ടു മരിച്ച നിറങ്ങളിലേക്ക്

ആ ആന ഒരൊറ്റയോട്ടം.'

ഓർമകൾക്ക് എത്ര ആഴം എന്നു പറയാൻ തോന്നിപ്പോകുന്ന വരികൾ.

6 )വൈലോപ്പിള്ളിയെക്കുറിച്ച് കൽപ്പറ്റ നാരായണൻ എഴുതിയ 'നീയഴിക്കുന്നൂ പേർത്തും'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 8) എന്ന ലേഖനത്തിൽ ആസ്വാദനമോ വിലയിരുത്തിലോ കാണാനില്ല. ഒരു കവിയെക്കുറിച്ചെഴുതാനുള്ള ഭാഷയോ ഉപകരണമോ കൽപ്പറ്റയ്ക്കില്ല. അദ്ദേഹത്തിന്‍റെ ഗദ്യമാകട്ടെ വരണ്ടതും ഭാവനയില്ലാത്തതുമാണ്. ഇതുപോലെ ഒരു പഴഞ്ചൻ ഹെഡിങ് ആരെങ്കിലും കൊടുക്കുമോ?ആത്മാവിൽ അനുഭവിച്ചതിന്‍റെ ഭാഷയല്ലിത്.

7) മാത്യു സണ്ണി. കെ എഴുതിയ 'ദാവീദിന്‍റെ പുസ്തകം'(പാപ്പാത്തി പുസ്തകങ്ങൾ)എന്ന നോവൽ സോളമന്‍റെ ഗീതത്തിലേക്കും ബൈബിളിലെ ദാവീദ് രാജാവിന്‍റെ ജീവിതത്തിലേക്കും തുറന്നു പിടിച്ച ഒരു കണ്ണാടിയാണ്. കഥ പറയാൻ ആർജ്ജവമുള്ള നോവലിസ്റ്റിനു അതിനു പറ്റുന്ന അനായാസമായ ഗദ്യശൈലി സഹായകമായിട്ടുണ്ട്.ബൈബിൾ വാക്യങ്ങളിൽ, മഞ്ഞിൽ പുതഞ്ഞു കിടന്ന പോലെ കാണപ്പെടുന്ന മൗനത്തെ രസകരമായ ഒരു കഥയാക്കിയിരിക്കുകയാണ് മാത്യു സണ്ണി കെ. പിതാവിന്‍റെ ഭാര്യയായ അബിശഗിനെനെക്കുറിച്ച് സോളമൻ എന്തിനു ഗീതമെഴുതി എന്ന ചോദ്യമുന്നയിക്കുകയാണ് നോവലിസ്റ്റ്.

9995312097

mkharikumar33@gmail.com

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല