കടമ്മനിട്ടയും നരേന്ദ്രപ്രസാദും നേർക്കുനേർ
എം. കെ. ഹരികുമാർ/ അക്ഷരജാലകം
കടമ്മനിട്ട രാമകൃഷ്ണന്‍റെ കവിതകളെക്കുറിച്ചുള്ള രചനയിൽ പ്രൊഫ. നരേന്ദ്ര പ്രസാദ് ചെയ്യുന്നത് തന്‍റെ വ്യക്തിപരമായ കോളെജ് അധ്യാപക ജീവിത വിവരണമോ വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനമോ ഒന്നുമല്ല. ഭൗതികവും വ്യക്തിപരവുമായ വിഷയങ്ങളെക്കുറിച്ചെഴുതാൻ കവിത വായിക്കേണ്ടതില്ല. ആത്മകഥയും ജീവചരിത്രവും കള്ള മാധ്യമങ്ങളാണ്. ഒരാൾ മറ്റൊരാളുടെ ജീവിതകഥ എഴുതിയാൽ അതിൽ എത്രമാത്രം സത്യസന്ധത ഉണ്ടായിരിക്കും? ഓരോരുത്തരും അവരവരുടെ ജീവിതമാണ് നയിക്കുന്നത്; അത് മാത്രമാണ്. ജീവിതം നയിക്കുക എന്നു പറയുന്നതും തെറ്റാണ്. ജീവിതം ആകസ്മികമായാണ് വന്നുചേരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പോലുള്ള ചടങ്ങുകൾ നടത്താനൊക്കും. എന്നാൽ അതിൽ മാനസികവും ബുദ്ധിപരവുമായ തീരുമാനങ്ങൾ എങ്ങനെയുണ്ടാകുന്നു എന്നത് ആർക്കും നിശ്ചയിക്കാനാവില്ല. എന്താണ് നമ്മുടെ തീരുമാനങ്ങൾക്ക് സംഭവിക്കുകയെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ട് ജീവിതം യാദൃശ്ചികതയിലാണുള്ളത്.
നരേന്ദ്ര പ്രസാദ് ആത്മകഥയെ വിമർശനവിധേയമാക്കുകയില്ല. അധ്യാപനത്തെയോ ക്ലാസ് മുറികളെയോ അല്ല അദ്ദേഹം രചനയിൽ ആശ്രയിക്കുന്നത്, തന്‍റെ അതീതത്വത്തെയാണ്. താൻ ജീവിക്കുന്നതിനിടയിൽ അപൂർവമായി എത്തിച്ചേരുന്ന അനുഭവത്തിന്‍റെ അസാധാരണമായ ചുഴികളിലാണ് കാമ്പുള്ളത് എന്തെങ്കിലും തിരയുന്നത്. ഒരു കവിത കുട്ടികൾക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്ന രീതിയിൽ യഥാർഥ വിമർശകൻ എഴുതില്ല. അതിന് അധ്യാപകൻ ധാരാളമാണ്.
കവിതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള പഠിപ്പിക്കലല്ല വിമർശനം. അത് തത്വചിന്താപരവും മാനുഷികവുമായ ഒരു കയറ്റമാണ്. സ്വത്വത്തെ ഉപേക്ഷിച്ച് വിമർശകൻ യാത്ര ചെയ്യുകയാണ്. താൻ ആരാണെന്ന് സർക്കാർ രേഖയിൽ പറയുന്നതല്ല അയാൾ രചനയിൽ വിവരിക്കുന്നത്. അതിനപ്പുറത്തുള്ള ആകുലതകളുണ്ട്. നിരന്തരമായി ഉദ്വേഗത്തിലകപ്പെടുത്തുന്നത് മനസിൽ തന്നെയുണ്ടാവും. കലാസൃഷ്ടിയും താനും തമ്മിലുള്ള ബന്ധം അയാൾക്ക് പ്രധാനമാണ്. അത് ഒരു സമസ്യയുമാണ്. എന്തുകൊണ്ടാണ് അയാൾ എല്ലാ കൃതികളും വായിക്കാൻ താല്പര്യപ്പെടാത്തത്? പ്രത്യേകതകളുള്ള കൃതിയാണ് വായിക്കാനെടുക്കുന്നത്. എല്ലാ അഭിരുചികളും തന്നിൽ തന്നെ കേന്ദ്രീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. എല്ലാ കൃതികളുടെയും വായനക്കാരനുമല്ല. അനാവശ്യ അഭിരുചികൾ തേടിപ്പിടിക്കുന്ന ഒരു രാക്ഷസനാകേണ്ട കാര്യമില്ല. തീക്ഷ്ണമായ മാനസിക ത്വരയിൽ നിന്നാണ് ബുദ്ധിപരവും വൈകാരികവുമായ അഭിരുചിയുടെ അർഥം വിമർശകൻ മനസിലാക്കുന്നത്. എല്ലാ കൃതികളും വായിക്കാമെന്നും അതെല്ലാം ആസ്വദിക്കാമെന്നും കണക്കുകൂട്ടുന്നവർ സാഹിത്യകലയിൽ അന്തർഭവിച്ചിരിക്കുന്ന പ്രത്യേക മനസിനെക്കുറിച്ച് അറിയാത്തവരാണ്.
വിമർശകൻ ചില പുസ്തകങ്ങളിലേക്ക് എത്തിച്ചേരുകയാണ്; അതിൽ സ്വയം കണ്ടെത്താനുള്ള ആഗ്രഹമുണ്ട്. വായനക്കാർ എന്ന നിലയിൽ വിമർശകൻ സ്വയം വായിക്കുന്നു. മറ്റാരെയും വായിക്കുന്നതിനേക്കാൾ പ്രാധാന്യം അതിനുണ്ട്. തന്‍റെ മനസിൽ കാലങ്ങളായി അന്തർഭവിച്ചു കിടന്ന തരംഗങ്ങളെ മുഖാമുഖം കാണുകയാണ് വായനയുടെ വേളയിൽ. അത് ജീവിതത്തിലെ വ്യക്തിപരമായ സംഭവങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവല്ല; ഒരാൾ ദീർഘകാലം റെയ്‌ൽവേയിൽ ജോലി ചെയ്തതുകൊണ്ട് റെയ്‌ൽവേയിൽ പ്രവർത്തിക്കുന്ന മറ്റൊരാളുടെ കഥ വായിച്ച് ആസ്വദിക്കണമെന്നില്ല. ആത്മീയ ലോകവുമായുള്ള ബന്ധമാണ് നിർണായകമാകുന്നത്. പുസ്തകങ്ങളും കഥാപാത്രങ്ങളും വിമർശകന്‍റെ ആത്മാവിന്‍റെ അസംസ്കൃത ഘടകങ്ങളായി വർത്തിക്കുകയാണ്. ആ വസ്തുക്കൾ കൂടി ഉൾപ്പെടുന്നതാണ് വിമർശകന്‍റെ അവബോധം.
വായനക്കാരൻ സ്വന്തം ജീവിതം വായിക്കുന്നു
കടമ്മനിട്ടയുടെ കവിതകൾക്ക് നരേന്ദ്ര പ്രസാദ് എഴുതിയ അവതാരിക ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. ഒരു വിമർശകൻ കവിയെ പഠിക്കുന്ന പരമ്പരാഗത ലേഖനമല്ല അത്; അതിനേക്കാൾ വായനയെക്കുറിച്ചുള്ള ദാർശനികവും അതീതവുമായ അവബോധം ഉൾക്കൊള്ളുന്നു. വായനക്കാരൻ അവനെയാണ് വായിക്കുന്നത്. പ്രൂസ്തിനെക്കുറിച്ചുള്ള ചർച്ചയിൽ മിലാൻ കുന്ദേര എഴുതുന്നുണ്ട്, അദ്ദേഹം നോവലെഴുതിയത് ആത്മകഥാപരമായ ആഖ്യാനത്തിനല്ല, വായനക്കാർക്ക് അവരുടെ ജീവിതം കാണിച്ചുകൊടുക്കാനാണെന്ന്. വായനക്കാരൻ അവന്‍റെ ജീവിതത്തെ കുറെക്കൂടി അടുത്തുനിന്ന് കാണുകയാണ്. ആ അനുഭവമാണ് വായനയെ സർഗാത്മകമാക്കുന്നത്. അത് അവിടെ അവസാനിക്കുന്നില്ല. വായനക്കാർ സ്വന്തം കൃതി ആത്മാവിൽ രചിക്കുകയാണ്. അവർ വായിച്ച കൃതിയെ മനസിൽ സങ്കൽപ്പിക്കുന്നു. അതിൽ അവരുടെ ലോകാനുഭവവും നന്മതിന്മകളും കൂടിക്കലരുന്നു. കലയും സദാചാരവും തമ്മിലുള്ള യഥാർഥ ഏറ്റുമുട്ടൽ അപ്പോഴാണ്. അവർ ഏതുതരം വായനക്കാരനാണെന്ന് അപ്പോൾ തീരുമാനിക്കപ്പെടും. സമൂഹത്തിലെ പൊങ്ങച്ചവും കൃത്രിമമായ മേധാശക്തിയും അനുസരിച്ച് ജീവിക്കുന്നവരാണെങ്കിൽ അതിനനുസരിച്ചുള്ള പ്രതികരണമാണുണ്ടാവുക. അവർ പ്രകൃതിക്ക് ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവനാണെങ്കിൽ അത്തരം ചിത്രീകരണങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
ഹെമിങ്‌വേയുടെ "കിഴവനും കടലും' എന്ന നോവലിലെ കിഴവൻ കടലിൽ പോയി വലിയ മത്സ്യത്തെ പിടിക്കുന്നത് ക്രൂരമായാണ്. അയാൾക്ക് ഒറ്റയ്ക്ക് പിടിച്ചുകെട്ടി കൊണ്ടുവരാനാവുന്ന തരത്തിലുള്ള മത്സ്യമല്ല അത്. എന്നിട്ടും അതിനു ശ്രമിക്കുകയാണ്. തന്‍റെ പരാജയത്തെയും കഴിവുകേടിനെയും മറച്ചുപിടിക്കാൻ അയാൾ ആ വലിയ മത്സ്യത്തോട് ക്രൂരമായി പെരുമാറുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് കുത്തി പരിക്കേല്പിക്കുന്നു. ക്ഷീണിതയായ മത്സ്യത്തെ ബന്ധിച്ച് ബോട്ടിനോട് ചേർത്ത് കെട്ടുന്നു. സാഹസപ്പെട്ട് തന്നിലെ ക്രുദ്ധ മുഖം അനാവരണം ചെയ്ത ആ കിഴവൻ നിന്ദിക്കപ്പെടേണ്ടവനാണ്.
അയാൾ ദൈവത്തിന്‍റെ പ്രസന്നമായ ലീലയിൽ ഏർപ്പെട്ട മത്സ്യത്തെ നോവിച്ച്, മുറിവേൽപ്പിച്ച്, ബന്ധിച്ച് കരയ്ക്കു കൊണ്ടുവന്നത് എന്തിനായിരുന്നു? ഒരു വാശിക്കപ്പുറം ഒന്നുമില്ല. ആ വലിയ മത്സ്യത്തെ മറ്റു ചെറു മത്സ്യങ്ങൾ തിന്നുതീർക്കുന്നത് അയാൾ കാണാത്തതല്ല; അതിൽ ആനന്ദം കണ്ടെത്തുകയാണ്. കരയ്ക്കെത്തിയതു മത്സ്യത്തിന്‍റെ അസ്ഥികൂടം മാത്രം. ഇത് വായിച്ച്, കിഴവൻ മനുഷ്യരാശിയുടെ പ്രതീകമാണെന്നും അയാൾ മനുഷ്യന്‍റെ ഒരിക്കലും പരാജയപ്പെടാത്ത ഇച്ഛാശക്തിയുടെ രൂപമാണെന്നും തട്ടിവിടുന്നവർ കാലഹരണപ്പെട്ട ആശയത്തിന്‍റെ വക്താക്കളാണ്. അവർക്ക് പ്രകൃതിയോട് അനുതാപമോ സ്നേഹമോ ഇല്ലാത്തവരാണ്. അയാളുടെ ക്രൂരത കാണണമെങ്കിൽ ആ മത്സ്യത്തോട് അനുകമ്പ തോന്നണം. ഇങ്ങനെയാണ് വായനക്കാരൻ ഉണ്ടാകുന്നത്. ഓരോ വായനക്കാരനും വാസ്തവത്തിൽ അവന്‍റെ തന്നെ വായനക്കാരനാണ് എന്ന് പ്രൂസ്ത് പറഞ്ഞതിന് വലിയ അർഥമുണ്ട്. വായനക്കാരൻ സ്വന്തം ജീവിതമാണ് വായിക്കുന്നത്. ഇതാണ് നരേന്ദ്ര പ്രസാദ് കടമ്മനിട്ടക്കവിതയിൽ ചെയ്യുന്നത്. അദ്ദേഹം കടമ്മനിട്ടക്കവിതകളിലൂടെ തന്നിലെ വിദൂരമായ ഇരുട്ടറകൾ സന്ദർശിക്കുന്നു. ഈ കവിതകളില്ലെങ്കിൽ ആ അധോതലങ്ങൾ ഇതുപോലെ പ്രത്യക്ഷമാകുമായിരുന്നില്ല. കവിത വിമർശകന്‍റെ ഒരു മാധ്യമമാണ്. വിമർശകന് വാക്കും ബിംബവും പ്രകൃതിയും ചരിത്രവും കലയും സംഗീതവുമെല്ലാം മാധ്യമമാണ്.
അതിലൂടെ തന്നിലേക്കാണ് അയാൾ സഞ്ചരിക്കുന്നത്. സ്വയം അറിയാനല്ലെങ്കിൽ എഴുതുന്നത് വ്യർഥമാണ്. പ്രൂസ്തിന്‍റെ വാക്യത്തിൽ അങ്ങനെയൊരർഥം അന്തർഭവിച്ചിട്ടുണ്ട്. പ്രൂസ്ത് തന്‍റെ ആത്മകഥയല്ല എഴുതുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാം കല്പിത കഥകൾ മാത്രമാണ്. ആ കഥകൾ വായനക്കാരന്‍റെ ജീവിതമാണ് കാണിച്ചുകൊടുക്കുന്നത്. അപ്പോൾ എഴുതുന്നത് എന്തിനാണ്? വായനക്കാരനെ സ്വയം കണ്ടെത്തുന്നതിൽ സഹായിക്കാനാണ്. പ്രൂസ്തും ഒരു വായനക്കാരനാണ്. അദ്ദേഹം വായിച്ച പുസ്തകങ്ങളിലൂടെ സഞ്ചരിച്ച് സ്വയം കണ്ടെത്തിയ വ്യക്തിയാണ്. അദ്ദേഹം എഴുതുമ്പോൾ ആ വസ്തുക്കൾക്ക്, ചിന്തകൾക്ക്, സ്വപ്നങ്ങൾക്ക് ആവിഷ്കാരം നൽകുകയാണ്. വിമർശനം അതാണ് ചെയ്യുന്നത്.
വിഷാദാത്മക ധ്യാനം
ബുദ്ധിപരമായ നിമിഷങ്ങളാണ് വിമർശകന്‍റേത്. സാധാരണ ജീവിതത്തിൽ നേരിട്ടു ദർശിക്കാനാവാത്ത അനേകം ജീവിതങ്ങൾ ഒരാളിലുണ്ട്. സാഹിത്യതത്പരനും സൃഷ്ടികർത്താവുമായ വിമർശകന് അത് ബൃഹത്തായ ഒരു ജീവിതമണ്ഡലമാണ്. അതിൽ നിറയെ ആശയങ്ങളാണ്. ഒരാശയത്തിന്‍റെയോ തത്വചിന്തയുടെയോ വക്താവാകാതെ എല്ലാത്തിന്‍റെയും സാക്ഷിയാവുകയും അവയ്ക്കെല്ലാം സവിശേഷമായ ഒരു സ്ഥാനം നൽകുകയുമാണ് വിമർശനം ചെയ്യുന്നത്. ഏതെങ്കിലും ആശയത്തിന്‍റെ വക്താവാകുന്നത് ഭാരമാണ്. കാരണം അത് കുറെ കഴിയുമ്പോൾ ആത്മവഞ്ചനയായിത്തീരും. സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടപ്പെടുത്തും. ആശയപരമായ നിലനില്പ് ജീവിതത്തിൽ സ്ഥായിയാകണമെന്നില്ല. ചിലപ്പോൾ ചിന്തിച്ചത്, വിശ്വസിച്ചത് നമ്മെ വഞ്ചിക്കും. എല്ലാ പൊയ്മുഖങ്ങളും മുഖാമുഖം നൃത്തം ചെയ്യാൻ തുടങ്ങും. ആ കൂട്ടത്തിൽ പൊയ്മുഖമണിയുകയേ മാർഗമുള്ളൂ.
നരേന്ദ്ര പ്രസാദിന്‍റെ പ്രബന്ധത്തിൽ കടമ്മനിട്ടയുടെ ജീവിതവും കുടുംബപശ്ചാത്തലവും വിസ്തരിച്ച് പറയുന്നുണ്ട്. അതിനിടയിൽ വളരെ അവിചാരിതമായാണ് അദ്ദേഹം അന്തർമുഖനും ഏകാകിയുമായി മാറുന്നത്. ഇതൊരു മിന്നലാട്ടമാണ്. അത് ഒരു അവിചാരിത ആട്ടമാണ്. അതിനു ശേഷം വീണ്ടും കടമ്മനിട്ടയുടെ കവിതകളിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തും. അവനവനെക്കുറിച്ചുള്ള വിഷാദാത്മകധ്യാനമാണ് വിമർശകനിലുള്ളത്. അത് വിഷാദാത്മകമായ ദുരന്തമാണ്. അതിന്‍റെ ആധിക്യത്തിലാണ് പാരായണം ഒരനുഷ്ഠാനമാകുന്നത്.
കടമ്മനിട്ടയുടെ ഏറെ പ്രശസ്തമായ "കുറത്തി'യിലെ വരികൾ അദ്ദേഹം ഉദ്ധരിക്കുന്നു:
"മലഞ്ചൂരിൽ മടയിൽ നിന്നും
കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ
കുറത്തിയെത്തുന്നു.
കരീലാഞ്ചിക്കാട്ടിൽ നിന്നും
കുറത്തിയെത്തുന്നു.
കരീലാഞ്ചി വള്ളിപോലെ
കുറത്തിയെത്തുന്നു.
ചേറ്റുപാടുക്കരയിലീറ-
പ്പൊളിയിൽ നിന്നും
കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോൽ
കുറത്തിയെത്തുന്നു'.
ഈ കവിത നരേന്ദ്ര പ്രസാദ് വായിക്കുന്നത് തന്നിലേക്ക് തന്നെയുള്ള തിരിച്ചുനടത്തുമായിതീരുന്നു. അദ്ദേഹം എഴുതുന്നു: "മൂർത്തമായ ഒരു കഥാപാത്രം ഉറഞ്ഞുതുള്ളിയാണ് ഒരു ഐതിഹ്യമായി, ബിംബമായിതീരുന്നത്. ബിംബത്തിന്‍റെ മൂർത്തത, പ്രവൃത്തിയുടെ സാർവകാലികതയിൽ മാത്രമാണ് ഇല്ലാതായിതീരുന്നത്. പടയണിയുടെ ബാഹ്യമായ ഒരംശത്തെയും രാമകൃഷ്ണൻ അനുകരിക്കുന്നില്ല. കവിയുടെ ഉള്ളിൽ മറ്റൊരു പടയണി നടക്കുകയാണ്. അത് വാക്കും താളവും ഭാവവും ഒരേ ബിന്ദുവിൽ ഏകോപിപ്പിക്കുന്നു. ഓരോ പാട്ടിനും അതാതിന്‍റെ താളവും ചുവടുവയ്പുമുണ്ടെന്ന് അത് കവിയോടു മന്ത്രിക്കുന്നു. ഗ്രാമത്തിന്‍റെ ശബ്ദവും താളവുമാണതെന്ന് കടമ്മനിട്ടയ്ക്കറിയാം.
പടയണിയിലെ അതീതസങ്കല്പങ്ങളെ കടമ്മനിട്ട വിപ്ലവകരമായി ആന്തരീകരിച്ചു പരിവർത്തിപ്പിച്ച്, മാനുഷികമായ മിത്താക്കുന്നു. ദേവി ഇണയും അമ്മയുമാകുന്നു. ഭക്തി, രതിഭാവത്തിന്‍റെ മാനുഷികമായ ആത്യന്തികതയായിതീരുന്നു. ചൊല്ലിയാടുന്നതിന്‍റെ പ്രാധാന്യം, ഓരോ പാട്ടും ഓരോ ജൈവരൂപമാണെന്ന ആശയം, ഉറഞ്ഞുതുള്ളുന്നതിലടങ്ങിയ അതീതസഞ്ചാരം, കോലങ്ങളുടെ സങ്കീർണമായ പ്രാകൃത കലാത്മകത - ഈ കാര്യങ്ങൾ കടമ്മനിട്ട സ്വാംശീകരിച്ചിട്ടുണ്ട്. പ്രാകൃത ഭാഷാഗാനങ്ങളുടെ പരുക്കൻ സംഗീതവും മാന്ത്രികാനുഷ്ഠാനത്തിന്‍റെ ഇരുണ്ട മുഖവും കവിതയിലുയർത്താൻ കഴിയുന്നത് ഒരുപക്ഷേ, പടയണിയുമായുണ്ടായ ഗാഢബന്ധത്തിലാവാം. എന്നാൽ ഇവയെല്ലാം ആധുനികസമൂഹത്തിലെ തന്‍റെ പ്രശ്നങ്ങൾ ആവിഷ്കരിക്കാനുള്ള ഉപാധികളായി രാമകൃഷ്ണൻ കണ്ടെത്തിയവയാണ്.
ആധുനികമായ ഒരു മൂല്യാന്വേഷണത്തിന്‍റെ രൂപഭാവങ്ങളാക്കി സ്വന്തം കവിതയെ മാറ്റിയപ്പോൾ കവി കണ്ടെത്തിയ പൂർവാർജിത സംസ്കാരമാണ് പടയണി'.
പിടിതരാതെ അകലുന്നത്
നരേന്ദ്ര പ്രസാദ് തന്‍റെ ആന്തരലോകത്തെ വായിക്കാനുള ഉപാധിയാക്കി കവിതയെ മാറ്റിത്തീർത്തു കൊണ്ട് കടമ്മനിട്ട കവിതയിൽ സ്വയം അഭിദർശിക്കുകയാണ്. വിമർശകന്‍റെ സ്വയം വായനയാണിത്. കടമ്മനിട്ടക്കവിതയിൽ വിമർശക മനസ് അധ്യാരോപം (Superimpose) ചെയ്യുകയാണ്. കവിയുടെയുള്ളിലെ പടയണിക്ക് മുകളിൽ വിമർശകന്‍റെ ഏകാന്ത, പരിവ്രാജക ശബ്ദം മുഴങ്ങുകയാണ്. മനുഷ്യനതീതമായ, മനുഷ്യനേക്കാൾ വലുതായ പ്രതിച്ഛായകൾ പ്രാചീനകലാരൂപങ്ങളിലുണ്ട്. അത് അനുഷ്ഠാനമായിരിക്കെ വേഷത്തിലും പ്രകടനത്തിലും അസ്തിത്വത്തിന്‍റെ അപര്യാപ്തതയെക്കുറിച്ചാണ് സംസാരിക്കുന്നത്. പഞ്ചേന്ദ്രിയങ്ങൾകൊണ്ട് അളക്കാനാവാത്തത് എന്തോ ബാക്കിയുണ്ടെന്ന ജ്ഞാനം ഉന്മാദമായി മാറുന്നു. അതാണ് തുള്ളലിലും പ്രക്ഷുബ്ധമായ ചേഷ്ടകളിലും കാണാനാവുന്നത്. ജീവിതത്തെ പ്രലോഭിപ്പിക്കുന്ന ചിലതുണ്ട്, പിടി തരാതെ അകലുന്നു. അത് അവബോധത്തിലും അസ്വസ്ഥത സൃഷ്ടിക്കുകയാണ്. പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുന്നതിനപ്പുറമാണത്. അതിന്‍റെ അലകൾ മനസിന്‍റെ വാതിലുകളിൽ വന്ന് മുട്ടുന്നു.
ഭ്രാന്തമായ ആവേശത്തിൽ പടയണി കലാകാരൻ എത്തിപ്പിടിക്കാനായുന്നത് ഈ അതീതത്വത്തെയാണ്. ഇതിനെ കവി ആന്തരമായ ക്ഷോഭങ്ങളുമായി സമന്വയിപ്പിക്കുന്നു. കവിയുടെ നഷ്ടബോധവും പരാജയപ്രണയങ്ങളും കൂടിച്ചേരുന്നു. അങ്ങനെ അത് മിത്തായി മാറുന്നു. അതുകൊണ്ട് ദേവി ഇണയും അമ്മയുമാകുന്നു. ദേവിയെ ഒരു സങ്കല്പത്തിൽ നിന്ന് മോചിപ്പിച്ചു തന്‍റെയുള്ളിലെ പൊള്ളുന്ന സത്യത്തിന്‍റെ ഭാഗമാക്കുന്നു. ഭക്തിയും രതിയും കൂടിക്കുഴയുന്നു. അസ്തിത്വത്തിന്‍റെ നിയതമായ രൂപത്തിന് വെളിയിലിറങ്ങി നടക്കുന്ന വിമർശകനാണ് ഇതാരായുന്നത്. വിമർശകനിലെ അശരണനായ ജ്ഞാനദാഹി തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ആന്തരികവൽക്കരിക്കപ്പെടുകയാണ്. തന്‍റെ പ്രശ്നങ്ങൾ ആന്തരികമായാൽ അതിന് ഉത്തരം തേടേണ്ടത് ആന്തരികതയിലൂടെയാണ്. ആന്തരീകരിക്കുക എന്നാൽ അധോമുഖമായ വഴികളിൽ ഏകാകിയായി അലഞ്ഞു നടക്കുകയെന്നാണ് അർഥം. മറ്റാരോടും പങ്കുവയ്ക്കാനാവാത്ത ശോകങ്ങളിൽ ഒരാൾ ദ്രവിക്കുകയാണ്. ഈ ആന്തരീകരണം കലാകാരനെ അല്ലെങ്കിൽ എഴുത്തുകാരനെ സൃഷ്ടിപരമായ കർമങ്ങളിലേക്ക് തിരിച്ചുവിടുന്നു.
വേടനും പക്ഷിയും
ഒരു പക്ഷിയെ വേടൻ അമ്പെയ്ത് വീഴ്ത്തിയപ്പോൾ കവിയിലുണ്ടായ പ്രകമ്പനം നമുക്കറിയാമല്ലോ. ആ അമ്പ് പക്ഷിയുടെ ദേഹത്തു മാത്രമല്ല തറച്ചത്; ആകെ മനുഷ്യരാശിയും അതിന് ഇരയാവുകയാണ്. അതുകൊണ്ട് ഒരു ഉഗ്രമായ, വൈകാരികമായ പ്രതിനിധാനം എന്നപോലെ കവി വിളിച്ചു പറയുകയാണ് "അരുത് കാട്ടാളാ' എന്ന്. അത് കാട്ടാളൻ കേൾക്കാൻ പോകുന്നില്ല. പക്ഷേ അരുതെന്ന് പറയാതിരിക്കാനാവില്ല. കവി വേറൊരു തലത്തിൽ അധർമത്തെ എതിർക്കുന്ന മറ്റൊരു കാട്ടാളനാവുകയാണ്. വിമർശകനാകട്ടെ കലാസങ്കൽപങ്ങളിൽ നിന്ന്, രൂപങ്ങളിൽ നിന്നും മാറി നടക്കുകയാണ് ചെയ്യുന്നത്. എല്ലാ വ്യവസ്ഥാപിത തത്വങ്ങൾക്കും അപ്പുറത്തേക്ക് തന്‍റെ കലയെ വ്യാപിപ്പിക്കാനാണ് നോട്ടം. കാരണം അവിടെയാണ് ഉപാധികളില്ലാത്ത സൗന്ദര്യമുള്ളത്. സൗന്ദര്യത്തെ തേടി ചൂടു പിടിക്കാതെ വിമർശകനു ജീവിക്കാനാവില്ല. അയാളുടെയുള്ളിലും പ്രാകൃത ഭാഷാഗാനങ്ങളുണ്ട്. അയാൾ അസ്തിത്വത്തിന്‍റെ അപര്യാപ്തതയിലും അതാര്യതയിലും വ്യസനിക്കുകയാണ്. അതിന്‍റെ ഉത്തരത്തിനു വേണ്ടിയാണ് ജീവിക്കുന്നത്.
വിമർശകൻ ജീവിക്കുന്നത് സാഹിത്യരൂപങ്ങളുടെ ഉള്ളിലല്ല ;കവിത ആസ്വദിക്കുമ്പോൾ കവിതയുടെ രൂപത്തിലല്ല അയാൾ. കഥയെക്കുറിച്ച് എഴുതുമ്പോൾ കഥയുടെ രൂപത്തിലല്ല അയാൾ അസ്തിത്വം തേടുന്നത്. നോവലിന്‍റെ കലയെക്കുറിച്ച് എഴുതുമ്പോൾ അതിന്‍റെ രൂപത്തിനുള്ളിലല്ല വിമർശകൻ തന്‍റെ വായനയെ വിന്യസിക്കുന്നത്. രൂപങ്ങളെ തച്ചുതകർക്കുന്ന ഒരു പ്രക്ഷോഭകാരിയാവുന്നത് യാദൃശ്ചികമായ പ്രേരണയിലാണ്. ആവർത്തിക്കപ്പെടുന്ന രൂപങ്ങൾ കവിയെക്കാൾ വിമർശകനെയാണ് ചിന്നഭിന്നമാക്കുന്നത്. കാതൽ തേടുന്ന ഏതൊരു വിമർശകകലാകാരനും രൂപങ്ങളുടെ ഭഞ്ജകനായിരിക്കും. രൂപങ്ങളിൽ തളയ്ക്കപ്പെട്ട സൗന്ദര്യത്തെ, മൂല്യാന്വേഷണത്തെ പുറത്തെടുത്ത് ഒരു ഗന്ധർവനെ പോലെ അകലേക്ക് സഞ്ചരിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്. കവിതയുടെ രൂപത്തെ കടമ്മനിട്ട ചോദ്യം ചെയ്യുന്നതുകൊണ്ടാണ് നരേന്ദ്ര പ്രസാദിന് അതിൽ മുഴുകാനാവുന്നത്. ആ പ്രക്രിയയിൽ കവിതയിലെ മൗനങ്ങളിലൂടെ അദ്ദേഹം തന്‍റെ മനസിന്‍റെ രഹസ്യ അറകൾ തുറക്കുകയാണ്. രൂപത്തെക്കുറിച്ചുള്ള ചിന്ത നരേന്ദ്ര പ്രസാദിനെ ചിത്രകലയുടെ നിരീക്ഷകനാക്കുകയും ചെയ്യുന്നു.
രജതരേഖകൾ
1) റീഡേഴ്സ് ഫോക്കസ് ഫ്ലിപ് മാഗസിനിൽ എ.വി. സന്തോഷ്കുമാർ എഴുതിയ "വ്യക്തിത്വം രോഗാവസ്ഥയാകുമ്പോൾ' എന്ന ലേഖനം ശ്രദ്ധേയമാണ്. വ്യക്തിയുടെ സങ്കീർണമായ അസ്തിത്വപ്രശ്നങ്ങളെ മെഡിക്കൽ ലാബുകളുടെ രോഗനിർണയ ആഖ്യാനങ്ങളിലൂടെ മാത്രം നോക്കി ലഘൂകരിക്കുന്ന പ്രവണതയുണ്ടെന്നാണ് ലേഖകൻ വാദിക്കുന്നത്. അദ്ദേഹം എഴുതുന്നു: "അനുനിമിഷം വളരുന്ന മാനസികാരോഗ്യ വ്യവസായം കഴിഞ്ഞവർഷം തന്നെ 500 ബില്യൺ ഡോളർ പിന്നിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ അവസ്ഥയ്ക്കും ഒരു രോഗനിർണയവും ചികിത്സയും വാഗ്ദാനം ചെയ്യുന്ന ഈ മാനസികാരോഗ്യവ്യവസായം യഥാർഥത്തിൽ മനുഷ്യനെ "സ്വതന്ത്ര ജീവി'യായി കാണുന്നതിന് പകരം, ഒരു കൂട്ടം ലേബലുകൾക്കുള്ളിൽ തളച്ചിടുകയാണ്. "എന്തിനും ചികിത്സയും കൗൺസിലിംഗും നിർദ്ദേശിക്കുന്ന തരത്തിൽ സമ്പ്രദായം മാറിയതോടെ മനുഷ്യന്‍റെ യഥാർഥമായ ചിന്താശേഷി, ആകുലത തുടങ്ങിയവ തിരിച്ചറിയുന്നതിൽ ആധുനികലോകം പരാജയപ്പെടുകയാണ്.
2) കഴിഞ്ഞ 25 വർഷത്തെ സാഹിത്യരംഗത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിലയിരുത്താൻ പറഞ്ഞാൽ അത് ഇങ്ങനെ സംഗ്രഹിക്കാം: "ചെറുകഥ എന്ന മാധ്യമം തകർന്ന് തരിപ്പണമായി. കഥയെ നവീകരിക്കാനോ പുതിയ ഭാഷയിലൂടെ വായനക്കാരെ സൗന്ദര്യാനുഭവത്തിലേക്ക് ഉയർത്താനോ കഴിവുള്ള നവ കഥാകൃത്തുക്കളെ കാണാനില്ല'.
3) മമ്മൂട്ടി അനായാസ അഭിനയത്തിലേക്ക് ചുവടുമാറിയതാണ് "കളങ്കാവൽ' സിനിമയിൽ കണ്ടത്. ശാരീരിക ചലനങ്ങളിലും മുഖഭാവങ്ങളിലും അതിസൂക്ഷ്മവും മിതവുമായ ചലനങ്ങളിലൂടെ അദ്ദേഹം സംവേദനാത്മകത വർധിപ്പിച്ചു. കൊല്ലാനുള്ള തൃഷ്ണ മനുഷ്യനിലുണ്ടാകുന്നത് അപ്രതിരോധ്യവും അനിയന്ത്രിതവുമാണെന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ ശ്രദ്ധിച്ചാൽ മനസിലാവും.
4) ആധുനിക മാധ്യമപ്രവർത്തനവും സിസിടിവി ക്യാമറയും സിറ്റിസൺ ജേർണലിസവും മൊബൈൽ ഷൂട്ടിങ്ങും മനുഷ്യന്‍റെ സകല സ്വകാര്യതയും നഷ്ടപ്പെടുത്തിയിരിക്കുന്നു. ഉറങ്ങുമ്പോൾ മാത്രമാണ് മനുഷ്യൻ സ്വതന്ത്രനായിരിക്കുന്നത്. ഉണർന്നാലുടനെ ചിന്തയിലും ബുദ്ധിയിലും വികാരത്തിലും നമ്മെ വലിഞ്ഞു മുറുക്കാൻ നവലോകത്തിന്‍റെ ക്വട്ടേഷൻ സംഘം എത്തുകയായി.
5) കഴിഞ്ഞ ദിവസം ചലച്ചിത്രസംവിധായകൻ എ.വി. തമ്പാൻ എഴുതിയ "ഡേർട്ടി ബിസിനസായി സീരിയൽ മാറുമ്പോൾ' (കലാകൗമുദി, ഡിസംബർ 7) എന്ന ലേഖനം വായിച്ചു. അദ്ദേഹം പറയുന്നത് സീരിയലുകൾ സാധാരണ മനുഷ്യരുടെ ചിന്തകളിലേക്ക് വിദ്വേഷവും പ്രതികാരബുദ്ധിയും അവിഹിത വാസനയും കടത്തിവിടുന്നു എന്നാണ്. ഇതിൽ വാസ്തവമില്ലെന്നു പറയാനാവില്ല. സീരിയലുകൾ ഇക്കാലത്ത് അതൊക്കെയാണ് ചെയ്യുന്നത്. പക്ഷേ സീരിയലുകൾക്ക് അതു മാത്രമേ ചെയ്യാനാകൂ. അത് കലയുടെയോ ഉന്നതമായ ആശയങ്ങളുടെയോ മേഖലയല്ല. അവിടുത്തെ ബിസിനസ് സാഹചര്യം അങ്ങനെയാണ്. സമൂഹത്തിലെ കുറ്റകൃത്യങ്ങളും കുടിലബുദ്ധിയും പരദ്രോഹവും ചർച്ച ചെയ്യുന്ന ഒരു ടാബ്ലോയിഡ് ഇടമാണത്. അവർ ചുരുങ്ങിയ ചെലവിൽ ബിസിനസ് നടത്തുന്നു. അവിടെ കല പ്രതീക്ഷിക്കേണ്ടതില്ല. ദിവസത്തൊഴിലാളികളായ അഭിനേതാക്കൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയില്ല. അവർ ജീവിക്കാനാണ് അഭിനയിക്കുന്നത്. നിർമാതാക്കൾ കലയ്ക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നത്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അവർ അല്പം അതിശയോക്തിയോടെ കാണിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ കൊന്ന ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഇറങ്ങിപ്പോകുന്നവൻ നമ്മുടെ നാട്ടിലുണ്ടല്ലോ. ഇത് ഇനിയും സീരിയലുകളിൽ വന്നിട്ടില്ല. സീരിയൽ നിർമാതാക്കൾ മാത്രം പ്രതിബദ്ധത കാണിക്കണമെന്ന് പറയുന്നതിൽ അർഥമില്ല. രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് പ്രതിബദ്ധത കാണിക്കേണ്ടത്. ശബരിമലയിലെ കട്ടിള ഇളക്കി കൊണ്ടുപോകുന്നതു പോലെയുള്ള കുറ്റകൃത്യം സീരിയൽ പ്രവർത്തകർ ഇനിയും ചെയ്തിട്ടില്ല എന്നോർക്കണം.
6) ഒ. ചന്തു മേനോനെക്കുറിച്ചും തുഞ്ചത്ത് എഴുത്തച്ഛനെക്കുറിച്ചും മഹാകവി കുമാരനാശാനെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകങ്ങളെഴുതിയ പി.കെ. ബാലകൃഷ്ണൻ എന്ന വിമർശകനെ സ്മരിക്കാൻ സംസ്ഥാനത്തെ ഒരു കോളെജിലും സംവിധാനമില്ല. സർവകലാശാലകളുടെ ഭാഷാസേവനം വെറും കാപട്യമാണ്. അവയുടെ സാരഥികൾ വിവേകം കാണിക്കണമെന്ന് അഭ്യർഥിക്കുകയാണ്. എന്താണ് അനുസ്മരിക്കേണ്ടതെന്ന് കലാശാലകളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
7) ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി നദീൻ ഗോർഡിമർ എഴുതി: "എഴുത്ത് ജീവിതത്തെക്കുറിച്ചുള്ള അറിവാണ്. നിങ്ങളുടെ ജീവിതകാലമത്രയും പ്രവർത്തിച്ചാൽ ഒരുപക്ഷേ, നിങ്ങൾക്ക് ഒരു ചെറിയ ഇടത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയേക്കാം'.