The Persistence of Memory (Melting Clocks)
Salvador Dali
അക്ഷരജാലകം | എം.കെ. ഹരികുമാർ
വിവരമുള്ള എഴുത്തുകാരൊക്കെ കാലത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ക്ലോക്കിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന കാലമല്ല അത്. ക്ലോക്കിലെ കാലം നമുക്കുള്ളതാണ്. അത് യഥാർഥ കാലമാണെന്ന് എങ്ങനെ പറയാനൊക്കും? ക്ലോക്ക് ഇടയ്ക്കു നിന്നു പോകുന്നു എന്നു കരുതുക; അത് നാം തിരിച്ചറിയുന്നില്ല. ചലനമറ്റ സൂചിയെ നോക്കി സമയം നിശ്ചയിക്കാനിടയുണ്ട്. അപ്പോഴും കാലം ക്ലോക്കിലാണുള്ളത്. അത് യഥാർഥ കാലമല്ല. കാലം ക്ലോക്കിലൂടെ ഇഴയുകയാണ്, പാമ്പ് വേരുകൾക്കിടയിലൂടെ ഇഴയുന്ന പോലെ. നിമിഷ സൂചിയും മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തീരുമാനിക്കുന്ന സമയം നമ്മുടെ സൗകര്യത്തിനായി വർഗീകരിച്ചതാണ്. അത് മാനുഷിക കാലമാണ്. ഒരു പശുവിന് ക്ലോക്കിലെ സമയമില്ലല്ലോ. ഒരു കാക്കയ്ക്ക് ക്ലോക്കിലെ സൂചിയുടെ വർത്തമാനം ആവശ്യമില്ല. അത് ദിനരാത്രങ്ങളെയും സൂര്യചലനങ്ങളെയും ആശ്രയിക്കുന്നു. അങ്ങനെ കാലം പലർക്കും പലതാണ്.
രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സമയമാപിനിയാണ് ക്ലോക്ക്. അത് യഥാർഥ കാലമല്ല. ചില എഴുത്തുകാർ കാലത്തെ മനസിൽ അനുഭവിക്കുന്നു. പുറത്തെ കാലമല്ല, അകത്തെ കാലം. വയസാകുന്നത് മനസിലാണ്. ചിലർക്ക് ഇരുപതാം വയസിൽ തന്നെ വല്ലാത്ത പ്രായമനുഭവപ്പെടുന്നു. ഉള്ളിലാണ് കാലം. ജീവിതത്തിലെ യൗവനം മനസിലാണ്. അത് ഏത് പ്രായത്തിലും കൊണ്ടുനടക്കണമെങ്കിൽ കാലം ഉള്ളിൽ അനുഭവിക്കണം -യൗവനം എന്ന കാലം. പ്രേം നസീർ കാലത്തെ യൗവനമായി കണ്ടു. യേശുദാസിന്‍റെ ശബ്ദത്തിൽ കാലം യൗവനമായി നിറഞ്ഞു.
അന്തരിച്ച പ്രമുഖ കഥാകൃത്ത് യു.പി. ജയരാജ് എഴുതിയ "നിമിഷം ഒരു വഞ്ചകൻ' എന്ന കഥയിൽ ഇങ്ങനെ വായിക്കാം: "കാലം നാടോടി ഗായകനെപ്പോലെ പുതിയ പുതിയ അനുഭവങ്ങളുമായി യാത്ര തുടർന്നു. ഇന്നലെ ഒരു സത്യമാക്കി പിന്നിൽ സൂക്ഷിച്ചു വച്ചു. ആരോടും സമ്മതം ചോദിക്കാതെ എല്ലാറ്റിലും മാറ്റങ്ങൾ വരുത്തി. അപൂർവമായി മാത്രം പുറത്തെടുത്തോമനിക്കാൻ സമ്പാദ്യങ്ങൾ നിറച്ച ഒരു ചെപ്പ് സ്വന്തമായി കിട്ടി'.
ഒരു ഭൂതകാലത്തിന്‍റെ ലബ്ധിയിൽ സന്തോഷിക്കുകയാണ് കഥാപാത്രം. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നാടോടി ഗായകനെപ്പോലെ സഞ്ചരിക്കുന്ന കാലത്തെയാണ് ആ കഥാപാത്രം ഉൾക്കൊള്ളുന്നത്. ഓരോ ഇടവും പുതിയതാണ്. ഇന്നലെ ഒരു സത്യമാണെന്ന് വിശ്വസിക്കുകയാണ്. ഇന്നലെ ഒരു സത്യമാണോ? അങ്ങനെ വിശ്വസിക്കുന്നതിൽ രസമുണ്ട്. ഇന്നലെത്തെ അനുഭവം ഫോട്ടോ ഫിനിഷ് പോലെ നമ്മുടെ കൈയിൽ ഉണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. അവർ ഇന്നലെകളെ ഒരു ഫ്രെയിമിലൂടെ മാത്രമാണ് നോക്കുന്നത്. എന്നാൽ ദൈവത്തിന് എവിടെ നിന്നും നോക്കാം. പതിനായിരം കണ്ണുകൾ നോക്കിയാൽ കാണുന്നത് ഒരുപോലെയായിരിക്കില്ല. കാരണം നോട്ടം ഒരു കേന്ദ്രത്തിൽ നിന്നായിരിക്കില്ല.
ആഖ്യാനത്തിന്‍റെ മാന്ത്രിക സ്പർശം സ്വന്തമാക്കിയ ജയരാജിന്‍റെ "മൃതിയടഞ്ഞവർ ഉറ്റുനോക്കുന്നു' എന്ന കഥയിൽ കാലത്തെ ആന്തരിക ശോകമായി വിവരിക്കുന്നത് ഇങ്ങനെയാണ്: "ഹേമന്തത്തിന്‍റെ ആരംഭമായിരുന്നു. ഫാക്റ്ററിയിലേക്ക് പോകുന്ന പ്രധാന നിരത്ത് രാത്രി വീണ മഞ്ഞിന്‍റെ ശുഭ്രമായ ആവരണത്തിനടിയിൽ ഒരു മൃതശരീരം പോലെ നിശ്ചലമായി കിടന്നു. നിരത്തിനിരുവശത്തും വരിവരിയായി ക്രമത്തിൽ പന്തലിച്ച് നിൽക്കുന്ന തണൽ മരങ്ങൾ ഇലകളത്രയും കൊഴിഞ്ഞു തുടങ്ങുന്നതിന്‍റെ കാരണമറിയാതെ സ്തംഭിച്ചുപോയിരുന്നു. യൗവനം നഷ്ടപ്പെട്ടു തുടങ്ങിയ സ്ത്രീകളുടെ മുഖത്ത് മാത്രം കാണാവുന്ന സ്തബ്ദവും കഠിനവുമായ വ്രണിതഭാവം ആ ചോലമരങ്ങളെ ചൂഴ്ന്നുനിന്നു'.
ഹേമന്തത്തിന്‍റെ ഭാരമാണ് മനസിൽ. പ്രധാന നിരത്ത് മൃതശരീരം പോലെ തോന്നുകയാണ്. അവിടെ കാണാറായ ചോലമരങ്ങളിൽ വ്രണിതഭാവം ചൂഴുന്നു. കാലത്തെ മനസിനുള്ളിലേക്ക് വലിച്ചെടുത്ത് അനുഭവിക്കുകയാണ്. ആന്തരികമായി നാം സഞ്ചരിക്കുന്നത് കാലത്തിന്‍റെ രേഖീയതയിലല്ല. കാലം വർത്തുളമായും ലംബമായും തിരശ്ചീനമായും ശൂന്യമായും അന്തർഭവിക്കുന്നു. കാലം ചിലപ്പോൾ മനസിനുള്ളിൽ ശൂന്യമായെന്നു വരും.
ഈ വർഷം നൊബേൽ സമ്മാനം ലഭിച്ച ലാസ്‌ലാ ക്രാസ്നാഹോർക്കെ കാലത്തെ വിചിത്രവും അഗാധവുമായി ഉൾക്കൊണ്ട എഴുത്തുകാരനാണ്. അദ്ദേഹം പറഞ്ഞു, നാം ഭാവിയുമായി ബന്ധപ്പെടുന്നത് പ്രതീക്ഷയെ മാത്രം ആശ്രയിക്കുന്നതു കൊണ്ടാണെന്ന്. എന്നാൽ ഭാവി ഒരിക്കലും വന്നെത്തുന്നില്ല. അത് എപ്പോഴും വരാനുള്ള പ്രതീതിയിലാണ്. ഇപ്പോൾ എന്താണോ അതാണ് നിലനിൽക്കുന്നത്. നാം പ്രതീക്ഷിച്ചത് പലതും സംഭവിച്ചാലും ഭാവി ബാക്കിയായി നിൽക്കുന്നുണ്ടാവും. ഭാവിയെ നമുക്ക് കൈയെത്തിപ്പിടിക്കാനാവില്ല. ഭാവി സ്വപ്നത്തിൽ പ്രതീതിയായി ശേഷിക്കുകയാണ്. നമുക്ക് ഭൂതകാലത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ക്രാസ്നാഹോർക്കെ പറയുന്നത്. അത് ചിലപ്പോൾ നാം അവിശ്വസിച്ചേക്കാം.
അദ്ദേഹം അതിന് വിശദീകരണം നൽകുന്നത് ഇങ്ങനെയാണ്: "നാം ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതെല്ലാം അതിനെക്കുറിച്ചുള്ള ഒരു കഥ മാത്രമാണ്. യഥാർഥത്തിൽ, വർത്തമാനകാലവും ഒരു കഥയാണ്. ഭൂതകാലത്തിന്‍റെയും ഭാവിയുടെയും കഥയാണ് അതിലുള്ളത്. ഭാവിയാകട്ടെ, ഒരിക്കലും വരാത്തതാണ്. നാം ജീവിക്കുന്നതാണ് നിലനിൽക്കുന്നത്. കാണുന്നതെന്താണോ അത് അപ്പോൾ മാത്രമേയുള്ളൂ. നേടുന്നതും അപ്പോൾ മാത്രമാണുള്ളത്. നൈമിഷികതയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ കടമ്പ. യാതൊന്നും അതിന്‍റെ പ്രസന്നതയിൽ, വർത്തമാനത്തിൽ സൂക്ഷിക്കാനാവില്ല. പ്രണയവും നൈമിഷികമാണ്. പ്രണയിച്ചത് ഇപ്പോഴില്ല. ഇപ്പോൾ പ്രണയിക്കുന്നത് തൊട്ടടുത്ത നിമിഷത്തിൽ മറ്റൊന്നായി പിന്മാറുന്നു. ഭൂതകാലത്തിൽ ചെന്നു ചേർന്ന പ്രണയത്തെ തിരിച്ചുകൊണ്ടുവരാനൊക്കില്ല. പ്രണയിക്കുന്നതോടെ അത് ഭൂതകാലമായി മാറുകയും ഒരു കഥയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. എങ്കിലും അതിൽ അപാര സൗന്ദര്യമുണ്ട്.
നൈമിഷികത മനുഷ്യമനസിൽ രോഗതുല്യമായ അലട്ടൽ സൃഷ്ടിക്കുന്നു. പകലിൽ പ്രേമിച്ചത് പകലിൽ തന്നെ അപ്രത്യക്ഷമാകുന്നു. നൈമിഷികതയെ എങ്ങനെ തടയും? വർഷങ്ങൾക്കു മുമ്പുള്ള സ്നേഹസംവാദവും സമ്മേളനവും ഓർമയിൽ ജീവിക്കണമെന്നില്ല. ജീവിക്കുന്നെങ്കിൽ തന്നെ അപ്രസക്തവും അപ്രാപ്യവുമായിരിക്കും. അങ്ങനെ ഓരോ നിമിഷവും കടങ്കഥയായി മാറുന്നു. അതുകൊണ്ട് ഭാവിയിലെ സ്വർഗമോ നരകമോ പ്രതീക്ഷിച്ച് ജീവിതത്തിൽ വിലപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നാണ് ക്രാസ്നാഹോർക്കെയുടെ പക്ഷം. സ്വർഗനരകങ്ങൾ ഈ ഭൂമിയിൽ തന്നെയാണ്. അത് നമ്മളിലൂടെ പുറത്തുവരുന്നു.
വാർധക്യമാണ് പ്രളയം. പ്രഹർഷേണയുള്ള ലയം വാർധക്യത്തിലാണ് സംഭവിക്കുന്നത്. ആ പ്രളയത്തിൽ എല്ലാം മൂടിപ്പോകുന്നു. വാർധക്യത്തിൽ ഇന്ദ്രിയങ്ങൾ ഓരോന്നായി പിൻവലിക്കപ്പെടുന്നു. ശരീരത്തിലെ ഓരോ അവയവങ്ങൾ രോഗത്തിന്‍റെ തലത്തിൽ ക്ഷീണിക്കുകയും പിൻവലിക്കപ്പെടുകയും ചെയ്യുന്നു. ഐന്ദ്രിയവും ശാരീരികവുമായ ചോദനകൾ ഒന്നൊന്നായി പിൻവാങ്ങുന്നതോടെ ശരീരം വെറും മാംസമായി മാറ്റപ്പെടുന്നു. അതാണ് പ്രകൃതിയിലേക്ക് മടങ്ങുന്നത്. നാരായണൻ എന്നാൽ ആത്മാവിൽ സഞ്ചരിക്കുന്നവൻ എന്നാണർഥം. ജലത്തിൽ സഞ്ചരിക്കുക എന്നു പറഞ്ഞാലും അർഥം ഒന്നുതന്നെയാണ്. ജീവൻ നിലനിൽക്കുന്നതു ജലത്തിലാണ്. ഓരോ ജീവിയും ജീവലോകവുമെല്ലാം നാരായണന്‍റെ അയനത്തിന് തെരഞ്ഞെടുക്കുന്നതാണെന്ന് ഭാരതീയ ചിന്ത വ്യാഖ്യാനിക്കുന്നു. നാരായണൻ ഓരോ ജീവനിലൂടെയും സഞ്ചരിക്കുന്നു. പല ജന്മങ്ങളുണ്ടെങ്കിൽ അവയിലൂടെ നാരായണൻ സഞ്ചരിക്കുകയാണ്. ഒരു ഘട്ടമെത്തുമ്പോൾ അവനിലേക്കു തന്നെ പ്രളയ രൂപേണ തിരിച്ചെടുക്കപ്പെടുന്നു. നാരായണന്‍റെ, ആത്മാവിലൂടെയുള്ള സഞ്ചാരം പല ജീവരൂപങ്ങളിലൂടെ തുടരുകയാണ്. അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോ ഭയമോ വേണ്ട എന്ന് ധരിക്കാം.
യൗവനകാലത്തെ സന്തോഷം ഒരു മിഥ്യയാണ്. അത് നൈമിഷികതയുടെ ഫലമാണ്. ആ നിമിഷത്തിലാണ് അത് നിലനിൽക്കുന്നത്. യൗവനത്തിന്‍റെ കാലത്ത് യൗവനം എന്താണെന്നും അതിന്‍റെ ഭാവി എന്താണെന്നും മനസിലാക്കിത്തരാത്തതാണ് നൈമിഷികതയുടെ ആഴം വർധിപ്പിക്കുന്നത്. ഈ പ്രളയത്തെക്കുറിച്ച് മുൻകൂട്ടി കാണാനുള്ള കഴിവാണ് കലാകാരന്‍റെ പ്രധാന സിദ്ധികളിലൊന്ന്. ജീവിതം പ്രളയത്തിന് വിധേയമാണ്. അന്ത്യത്തിൽ പ്രഹർഷേണ ഒരു ലയമുണ്ട്. അത് തിരിച്ചുപോക്കാണ്. കൈയിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചു, നിഷ്കാമമായി തുടങ്ങിയ ശരീര ജീവിതത്തിന്‍റെ ആദിമമായ അവസ്ഥയിലേക്കുള്ള മടക്കമാണത്. എന്തെല്ലാം വർണപ്പൊട്ടുകളും വർണസ്വപ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചു മടങ്ങുമ്പോൾ രോഗമോ മറവിയോ വരുന്നത് ഒരു നിമിത്തമാവുകയാണ്. മഹാപ്രസ്ഥാനത്തിന്‍റെ സമയം ഓരോ ജീവിതത്തിലുമുണ്ട്.
ഈ ജീവിതത്തിൽ, നശ്വരതയെ താലോലിക്കുന്ന നൈമിഷികതയുടെ ജീവിതത്തിൽ കല എന്താണ് ചെയ്യുന്നത്? ക്രാസ്നാഹോർക്കെ ഉത്തരം നൽകുന്നു: "നമ്മുടെ വിധിയായിത്തീർന്ന നഷ്ടബോധത്തോടുള്ള പ്രതികരണമാണ് കല. സൗന്ദര്യം നിലനിൽക്കുന്നു. നാം ഒരിടത്ത് വന്ന് സ്തംഭിച്ചു നിൽക്കുകയാണ്. അതിനപ്പുറമാണു സൗന്ദര്യം. ആ സൗന്ദര്യത്തെ പിടിക്കാനോ സ്പർശിക്കാനോ കഴിയില്ല. ദൂരെ നിന്നു നോക്കാനാവും. ചന്ദ്രബിംബത്തെ രാത്രിയിൽ വീക്ഷിക്കാം. പക്ഷേ തൊടാനാവില്ലല്ലോ. സൗന്ദര്യം ഈ ലോകത്തുണ്ടെന്ന് നമുക്ക് ഉറപ്പുവരുത്താൻ അവസരമുണ്ട്. സൗന്ദര്യം തേടിയുള്ള യാത്ര മനുഷ്യനെ ഭ്രാന്തനാക്കുകയാണ്. അതുകൊണ്ടാണ് ദസ്തയെവ്സ്കി പറഞ്ഞത് സൗന്ദര്യം ഭീകരമാണെന്ന്.
ഒരു ചിത്രകാരനെ ആത്മീയമായി ദുഃഖിതനും ചിലപ്പോൾ ഉന്മാദിയുമാക്കുന്നത് സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തയും അതിന്‍റെ ദർശനവുമാണ്. അയാളുടെ ഉള്ളിൽ അജ്ഞാതമായി കിടക്കുന്ന ആ സൗന്ദര്യത്തെക്കുറിച്ചുള്ള ആശയങ്ങൾ അല്ലെങ്കിൽ ചിന്തകൾ ആർജിക്കാൻ വേണ്ടി അയാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. തന്‍റെ പരിമിതമായ ഇന്ദ്രിയങ്ങൾ കൊണ്ട്, ശാരീരികമായ ബന്ധനങ്ങളിൽ നിന്നു കൊണ്ട് അത് സാക്ഷാത്കരിക്കാനാവില്ല എന്ന അറിവ് അവനെ ഭ്രാന്തനാക്കാം. അവന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. മനോഹരവും അതീന്ദ്രിയവുമായ ജീവിതനിമിഷങ്ങളെ എങ്ങനെ ആവിഷ്കരിക്കണമെന്ന് ചിന്തിച്ചു കലാകാരൻ ഉത്ക്കണ്ഠപ്പെടുന്നു. വർണങ്ങളിലോ വരകളിലോ വാക്കുകളിലോ ആവിഷ്കരിക്കാനാവാത്തതാണ് സൗന്ദര്യം. അതാണ് നിത്യവും പ്രചോദിപ്പിക്കുന്നത്. അത് കാണാവുന്ന ദൂരത്തിൽ അടുത്തുണ്ട്. എന്നാൽ അതിലേക്ക് പ്രവേശിക്കാനാവില്ല. സൗന്ദര്യത്തിന്‍റെ പരാഗരേണുക്കൾ നുകരാൻ കലാകാരൻ മുന്നോട്ടായുന്നു. എന്നാൽ അത് അവനിൽ നിന്ന് അകന്നുപോകുന്നു. അതുകൊണ്ട് അവൻ ഒത്തുതീർപ്പിന് വിധേയനാകുന്നു. അവനു സാധ്യമായ യാഥാർഥ്യങ്ങളിൽ ഒരുങ്ങുന്നു. അവന്‍റെ വാക്കുകൾക്ക് സ്വാംശീകരിക്കാവുന്ന അർഥത്തിന്‍റെ പരിമിതിയെക്കുറിച്ച് ബോധമുള്ളതു കൊണ്ട് അതിനു പറ്റിയ യാഥാർഥ്യം മാത്രം ഉൾക്കൊള്ളുന്നു, എഴുതുന്നു.
സൗന്ദര്യം ഒരു നിർമിതിയാണ്. അത് ഉന്നതമായ ഒരു ക്രമത്തിന്‍റെയും പ്രത്യാശയുടെയും സങ്കീർണമായ സൃഷ്ടിയാണ്- ക്രാസ്നാഹോർക്കെ എഴുതുന്നു. എന്താണ് സൗന്ദര്യമെന്ന് ഒരാൾക്ക് എങ്ങനെ പറഞ്ഞുകൊടുക്കും? സൗന്ദര്യമെന്നത് നിറത്തിലോ രൂപത്തിലോ അല്ലെന്നാണ് ആസ്ട്രേലിയൻ നോവലിസ്റ്റ് മാർകസ് സൂസക് എഴുതുന്നത് - "ആളുകളെല്ലാം സുന്ദരന്മാരും സുന്ദരികളുമാണ്. അവരുടെ വേഷത്തിലല്ല, അവരുടെ ഭാഷണത്തിലല്ല; അവരെന്താണോ അതിൽ'.
ഓരോ വ്യക്തിക്കും വസ്തുവിനും നിലീനമായ സൗന്ദര്യമുണ്ട്. അത് സ്വയം സമ്പൂർണമാണ്. ഒരു കാക്കയ്ക്ക് സ്വയം നിറഞ്ഞ സൗന്ദര്യമുണ്ട്. അത് അറിയണമെങ്കിൽ കാക്കയെ കാക്കയായി കാണണം. ഒരു പാറ്റയ്ക്കും തേളിനും അത്യപൂർവമായ, സ്വയം സമ്പൂർണമായ, പ്രപഞ്ചത്തിൽ തന്നെ വേറിട്ടതും അപാരവുമായ സൗന്ദര്യമുണ്ട്. അവ സ്വന്തം നിർമിതിയിൽ പൂർണമാണ്. അവ സ്വയം സമ്പൂർണമാണ്. അവയുടെ അപര്യാപ്തത അവയുടെ അസ്തിത്വത്തിന്‍റെ ഭൂഖണ്ഡത്തിന് വെളിയിലാണുള്ളത്. അതുകൊണ്ട് അവർ അതറിയുന്നില്ല. നമുക്കു ചില ജീവികളെപ്പോലെ ഗന്ധം പിടിച്ചെടുക്കാൻ കഴിയാത്തതും വളരെ താഴ്ന്ന ശബ്ദങ്ങൾ കേൾക്കാനാവാത്തതും നമ്മുടെ ഭൂഖണ്ഡത്തിനു വെളിയിലാണ്. അതുകൊണ്ട് അതു നമ്മുടെ ഒരു തകരാറല്ല, കുഴപ്പമല്ല.
"ഒട്ടും ക്ഷമാപണമില്ലാതെ ഒരു സ്ത്രീ ഇരിക്കുന്നുണ്ടെങ്കിൽ അതുപോലെ അപൂർവമായ, സുന്ദരമായ കാഴ്ച വേറെയില്ല. അവളുടെ സുഭദ്രമായ അപൂർണതയിൽ അവൾ എത്ര സൗഖ്യത്തോടെയിരിക്കുന്നു എന്നതാണ് പ്രധാനം. അതിലാണ് സൗന്ദര്യത്തിന്‍റെ ശരിയായ സത്ത'- അമെരിക്കൻ പ്രഭാഷകനായ സ്റ്റീവ് മരാബോലി പറഞ്ഞു.
ഒരു വ്യക്തിയുടെ പരിമിതികൾ നമ്മെ നോക്കുന്നില്ല; നാം അതിനെയാണു നോക്കുന്നത്. അതുകൊണ്ട് അതു നമ്മുടെ നരകമാണ്. നാം സൗന്ദര്യത്തിലേക്ക് എത്തിച്ചേരാനുള്ള തടസമാണത്. നമ്മുടെ വ്യക്തിപരമായ മുൻവിധികളും സ്വാർഥമായ താൽപര്യങ്ങളും മാറ്റിവച്ച് ഓരോ വസ്തുവിനെയും നോക്കിയാൽ ഓരോന്നും എത്ര സുന്ദരമാണെന്ന് കാണാം. ഏതൊരു ദൃശ്യവും സുന്ദരമാണ്. അമെരിക്കൻ ചിത്രകാരനായ ഡാനിയേൽ റിഡ്ഗവേ നൈറ്റ് വരച്ച "ദ് ഹാർവെസ്റ്റേഴ്സ്' എന്ന പെയിന്‍റിങ് നോക്കിയാൽ ഇതു മനസിലാകും. പാടത്തു പണിയെടുക്കുന്ന നാലു സ്ത്രീകളെ കാണാം. രണ്ടുപേരുടെ കൈയിൽ കറ്റയുണ്ട്. ഒരാൾ കറ്റ കെട്ടുകയാണ്. വേറൊരാൾ കള പറിക്കുകയാണ്. എത്ര മനോഹരമായ ദൃശ്യം. എന്താണ് ഇതിന്‍റെ മാജിക്? ഈ ചിത്രം വാങ്ങി വീട്ടിൽ വയ്ക്കാൻ തോന്നും, ആകർഷകമാണത്. ആ സ്ത്രീകളോട് ബഹുമാനം തോന്നും. പാടവും കറ്റയുമെല്ലാം വര കൊണ്ട് സുന്ദരമായിരിക്കുന്നു. നിറങ്ങളും ഭാവങ്ങളും അപാരതയുടെ രമ്യതയിൽ വശ്യമാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ചിത്രം വരച്ചാൽ യാതൊരാവശ്യവുമില്ലാതെ ആ സ്ത്രീകളുടെ മുഖത്ത് വിഷാദവും മടുപ്പും പ്രകടമായിരിക്കും. അതോടെ ആ ചിത്രത്തിന് സൗന്ദര്യം നഷ്ടപ്പെടുന്നു.
1) 21ാം നൂറ്റാണ്ടിലെ വ്രണിതനായ, നിസ്വാർഥനായ കാമുകന്‍റെ ഹൃദയം വെളിപ്പെടുത്തുകയാണ് രാകേഷ് സത്യൻ എഴുതിയ "വസന്തം' (ആശ്രയ മാതൃനാട്, നവംബർ) എന്ന കവിത.
"വേനലും വറുതിയും
താങ്ങാനാകുന്നതേയില്ല.
വേണ്ടത് വസന്തം തന്നെയാണ്.
പക്ഷേ വിശേഷപ്പെട്ടതൊന്നും
കൈയിലില്ലാത്ത ഒരാൾ
തന്‍റെ വിലകുറഞ്ഞ പ്രണയവുമായി
എങ്ങനെ ഒരു മാലാഖയുടെ
മുന്നിൽ നിൽക്കും?
ആ മിഴികളിൽ ആഴത്തിലൊരു
തവണ പോലും നോക്കാതെ
ഒന്നുമെടുക്കാതെ തിരികെ നടക്കുന്നു'.
70കളിലെ പ്രണയത്തിന്‍റെ സുഗന്ധം അല്ലെങ്കിൽ വിധി ഇതായിരുന്നു. നോവിക്കാതെ, അലട്ടാതെ വെറുതെ പിന്തിരിഞ്ഞു നടക്കുക. എന്നിട്ട് അതിന്‍റെ ഓർമകളിൽ നിർവൃതി തേടുക.
2) സ്റ്റീവൻ സ്പിൽബർഗിന്‍റെ "ജാസ്' എന്ന ചിത്രം വളരെ പ്രശസ്തമാണ്. കൊലയാളി സ്രാവുകളുടെ കഥ പറയുന്ന ആ ചിത്രം ഒരു സംവിധായകൻ ഏറ്റെടുത്ത സാഹസിക യാത്രകളെ ഓർമിപ്പിക്കുന്നു. ഈ ചിത്രത്തിന്‍റെ അണിയറയിലെ ഒരുക്കങ്ങളും പരീക്ഷണങ്ങളും വിവരിക്കുകയാണ് ജി. ഷഹീദ് "കൊലയാളി സ്രാവിനുണ്ട് കൊച്ചി ബന്ധം' (പ്രഭാതരശ്മി, നവംബർ) എന്ന ലേഖനത്തിൽ.
കോൺ-ടിക്കി എന്ന മരം കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ തെക്കേ അമെരിക്കയിൽ നിന്ന് ഗോത്രവർഗക്കാർ പോളിനേഷ്യൻ ദ്വീപുകളിലേക്കു യാത്ര ചെയ്തതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തോർഹെയർഡാൽ എന്ന നോർവീജിയൻ സഞ്ചാരി സ്വയം നിർമിച്ച ചങ്ങാടത്തിൽ യാത്ര ചെയ്തു. 6 പേരടങ്ങിയ സംഘത്തിന്‍റെ യാത്രയെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം "ദ് കോൺ-ടിക്കി എക്സ്പെഡിഷൻ' സ്പിൽബർഗിന്‍റെ സിനിമയ്ക്ക് സഹായകമായിട്ടുണ്ടെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു. ഒരു സിനിമയെടുക്കാൻ ഏതറ്റം വരെയും പോയി കഷ്ടപ്പെടാൻ വലിയ സംവിധായകർ തയാറാവുന്നു എന്നതിന്‍റെ ഉദാഹരണമാണിത്.
3) ഫ്രഞ്ച് കംപോസറായ ക്ലോദ് ഡെബ്യൂസി പറഞ്ഞു: "കലാസൃഷ്ടി ചില നിയമങ്ങൾ സംഭാവന ചെയ്യുന്നുണ്ട്; എന്നാൽ നിയമങ്ങൾ കൊണ്ട് കല സൃഷ്ടിക്കാനാവില്ല'.
4) കൽപ്പറ്റ നാരായണന്‍റെ കവിതയിൽ രസാനുഭൂതിയില്ല. "മാറുവിൻ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 9) എന്ന കവിതയും അത് വ്യക്തമാക്കുന്നു. ഒരു വസ്തുവിന്‍റെ മറഞ്ഞിരിക്കുന്ന ജീവതത്ത്വപരമായ ഉണ്മയെ പുറത്തുകൊണ്ടുവരാനുള്ളതാണ് കവിത. ഇവിടെ അത് സാക്ഷാത്കരിക്കുന്നില്ല. കൽപ്പറ്റ ബുദ്ധികൊണ്ട് ആലോചിച്ചാണ് എഴുതുന്നത്; അത് അദ്ദേഹം ആന്തരികതയിൽ ജീവിച്ചതല്ല.
"അനുകമ്പയുള്ള ദൈവമായ പ്രൊമിത്യൂസ്
ഇതര ജീവജാലങ്ങൾക്ക് നൽകിയതിൽ
ശേഷിച്ച തിരുവസ്ത്രം ആരും കാണാതെ
അഗ്നിയിൽ പൊതിഞ്ഞ് അവർക്ക് നൽകി.
മാറുക, അഗ്നി പറഞ്ഞു.
ഭൂമി ഒരു മേക്കപ്പ് മുറിയായി -
അതിന് പുതിയ പേരുമായി, ലോകം. '
കവിത വായിച്ചാൽ സ്വയം കണ്ടെത്താൻ സഹായിക്കണം. ഇവിടെ അങ്ങനെയൊരു അനുഭവമില്ല.
5) മജ്ജ തുളയ്ക്കുന്ന ചില വരികൾ എഴുതിയിരിക്കുകയാണ് സരസൻ എടവനക്കാട് "പിന്തിരിച്ചിന്തകൾ' (പച്ചമലയാളം, നവംബർ) എന്ന കവിതയിൽ.
"മലിനം മലിനം
സർവം മലിനം
സർവം സർവം
മായേ മായം
ദേവിയുമിവിടെ
മഹീതേ മായം'.
എല്ലായിടത്തും മായയാണ്, മായവുമാണ്. പഞ്ചഭൂതങ്ങളും മലിനമായിരിക്കുന്നു. അപ്പോൾ ദേവിയും മായയായിരിക്കുന്നതിൽ പരാതി പറയേണ്ട. ജീവിതത്തിന്‍റെ അനാഥത്വമാണിത്.
6) ചടങ്ങിൽ വിളക്കു തെളിക്കുന്നത് നല്ലതാണ്. ആര് തെളിക്കും, എങ്ങനെ തെളിക്കും എന്നതാണ് പ്രശ്നം. വിളക്കിന് നോവാതെ നോക്കണം. ഓർക്കുമ്പോൾ വിളക്കിന് വിഷാദമുണ്ടാകരുത്.
7) സുദർശൻ കെ. പിള്ള എഴുതിയ "അശനായ' (വിദ്യാപോഷിണി, തൃശൂർ) എന്ന പുസ്തകം ലേഖന സമാഹാരമാണ്. പുസ്തകത്തിന്‍റെ ഒടുവിൽ ഒരു നാടകം ചേർത്തിട്ടുണ്ട്. അത് ഒഴിവാക്കേണ്ടതായിരുന്നു. എഴുത്തച്ഛൻ, കുമാരനാശാൻ, പി. കുഞ്ഞിരാമൻ നായർ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ ചിന്തകൾ അപഗ്രഥിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ വ്യക്തത പോരാ. ഒരു ലേഖനം ആവശ്യപ്പെടുന്ന വിശദീകരണം ഉണ്ടാകുന്നില്ല.
8) സംവിധായകൻ അരവിന്ദന്‍റ ഒരു സിനിമ വരുമ്പോൾ സിനിമയെന്ന കലയെ സ്നേഹിക്കുന്ന പ്രേക്ഷകർ അതിനെക്കുറിച്ച് അറിയാൻ തിരക്കുകൂട്ടുമായിരുന്നു. കവർ സ്റ്റോറികൾ ഉണ്ടാകുമായിരുന്നു. ഏഴ് ദിവസത്തെ ഷൂട്ടിങ് കണ്ട അനുഭവം കൊണ്ട് അദ്ദേഹം വ്യത്യസ്തമായി ഭാവന ചെയ്തു. കാഞ്ചന സീത, തമ്പ് തുടങ്ങിയ നല്ല സിനിമകളുണ്ടായി.
9) "പാരീസിൽ എല്ലാം വിൽക്കാനുള്ളതാണ്- ബുദ്ധിയുള്ള കന്യകമാർ, വിഡ്ഢികളായ കന്യകമാർ, സത്യവും നുണയും, കണ്ണുനീരും പുഞ്ചിരിയും' - ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള എഴുതി.
10) ചിലിയൻ കവി പാബ്ലോ നെരൂദ പ്രണയത്തെ വികാരമായും ചിന്തയായും അനുഭവിച്ചു. പ്രണയത്തെക്കുറിച്ച് കവി പാടി:
"നിങ്ങൾക്ക് വേണമെങ്കിൽ
എല്ലാ പൂക്കളും ഇറുത്തെടുക്കാം;
പക്ഷേ വസന്തത്തിന്‍റെ
വരവ് തടയാനാവില്ല'.