വാക്കിൻമുനമ്പ് | കവിത AI wing | Metro Vaartha
Literature

വാക്കിൻമുനമ്പ് | കവിത

ഒരുവേള നീ ചൊന്ന വാക്കിൻ മുനമ്പെൻ ഹൃദയത്തിലേയ്ക്കു മുറിഞ്ഞു വീണു.... രമ്യ മഠത്തിൽത്തൊടി എഴുതുന്നു

MV Desk

രമ്യ മഠത്തിൽത്തൊടി

ഒരുപാടു നാമിവിടെയൊരുമിച്ചിരുന്നു

പലതുംപറഞ്ഞു നാമിതിലേ നടന്നു.

ഒരുവേള നീ ചൊന്ന വാക്കിൻ മുനമ്പെൻ

ഹൃദയത്തിലേയ്ക്കു മുറിഞ്ഞു വീണു.

ആഴത്തിലാഴത്തിലാണ്ടുപോയെങ്കിലും

പലവുരു ഞാനതിൽ തലോടിനിന്നു.

ഹൃത്തിലതിനഗ്രം വന്നുകുത്തുമ്പോൾ

പൊടിയുന്നു രക്താശ്രു എക്കാലവും.

രക്‌തക്കറ തൊട്ടു ഞാനിരിക്കേ

ഓർക്കുന്നു നമ്മളാം പ്രണയത്തിനെ,

കുത്തിപ്പഴുപ്പിച്ചവാക്കെടുത്ത്

പ്രണയാഗ്നി ഉലയിലൂതിപിന്നെ.

ചുട്ടുപഴുത്തൊരാ വാക്പദാർത്ഥം

ദണ്ഡിനാൽ തട്ടിപ്പരത്തി ഞാനും.

കനലിലുരുക്കിയ വാഗ് വിശേഷം

കണ്ണീർത്തൊട്ടിയിൽ മുക്കിനോക്കി

പതം വന്ന വാക്കിനെ ഞാനെടുത്ത്

കരളിൻ കൊളുത്തിലായ് തൂക്കിയിട്ടു.

പലനാളുകഴിയവെ ഒരുനാളിലെങ്ങോ

വാക്കു തുരുമ്പിച്ചു പോയതോർത്ത്

ഞാനതിൻ അഗ്രം തുടച്ചു നോക്കി,

അരമെടുത്തഗ്രം ഉരച്ചു നോക്കി.

വാക്കിന്‍റെ മുനയാട്ടെ, ആയുധപ്പല്ലാട്ടെ

വീശിയാലല്ലേ ഗുണമറിയൂ...!

വല്ലാത്തൊരായുധം, ഇല്ലാത്ത വാക്കുകൾ

രണ്ടിനും മൂർച്ചകൾ ഒന്നുപോലെ!!

രമ്യ മഠത്തിൽത്തൊടി

മഠത്തിൽത്തൊടി, കോട്ടപ്പുറം, പാലക്കാട്, 679518

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു