ജി. കണ്ണനുണ്ണിയുടെ 'മല്ലു സെല്‍ഫി' പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജി. കണ്ണനുണ്ണിയുടെ പുതിയ ചിരി പുസ്തകം "മല്ലു സെല്‍ഫി' നിയമസഭ അന്താരാഷ്‌ട്ര പുസ്തകോസ്തവത്തില്‍ പ്രകാശനം ചെയ്തു. സീനിയര്‍ ജേണലിസ്റ്റും മാതൃഭൂമി വാര്‍ത്താ അവതാരകനുമായ രതീഷ് അനിരുദ്ധന്‍, സീനിയര്‍ ജേണലിസ്റ്റും എഴുത്തുകാരനുമായ കെ.വി. മധുവിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഏഷ്യാനെറ്റ് ചീഫ് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റുമായ ജി.ആര്‍. പ്രിയരാഗ് വേദിയില്‍ പുസ്തക പരിചയം നടത്തി.
നമ്മളടങ്ങുന്ന ഇന്നത്തെ മലയാളികളുടെ ഒരു ചിരി സെല്‍ഫിയാണ് മല്ലു സെല്‍ഫി എന്ന പുസ്തകം. സമകാലിക ആക്ഷേപ ഹാസ്യം നിറഞ്ഞ 18 ചെറുകഥകള്‍ അടങ്ങിയ പുസ്തകത്തിന്‍റെ പ്രസാധകര്‍ ജീനിയസ് ബുക്സാണ്. ബാലസാഹിത്യകാരന്‍ കൂടിയായ കണ്ണനുണ്ണിയുടെ നാലാമത്തെ പുസ്തകമാണ് മല്ലു സെല്‍ഫി. പുസ്തകത്തിലെ കഥകള്‍ക്ക് ചിരി വരകള്‍ ഒരുക്കിയതും, കവര്‍പ്പേജ് വരച്ചതും കാര്‍ട്ടൂണിസ്റ്റ് രാജന്‍ സോമസുന്ദരമാണ്.
ചിരിയിലൂടെ പറയുന്ന ചിന്തകള്‍ എന്നതാണ് ഈ പുസ്തകത്തിന്‍റെ കാതല്‍. ഓരോ കഥ വായിച്ചു കഴിയുമ്പോഴും ഉള്ളില്‍ ചിരിയുടെ ഓളങ്ങള്‍ക്കൊപ്പം ഒരു നേരിയ നീറ്റല്‍ അവശേഷിക്കാം. ഈ പതിനെട്ട് കഥകള്‍, ഓരോ വ്യക്തിക്കും നമ്മള്‍ എങ്ങോട്ട് പോകുന്നു എന്ന്, എവിടെയെത്തി നില്‍ക്കുന്നു എന്ന് സ്വയം വിലയിരുത്താനുള്ള ഒരു അവസരം ചിലപ്പോള്‍ നൽകിയേക്കും. ഫ്ളിപ് കാര്‍ട്ടില്‍ പുസ്തകം ലഭ്യമാണ്. 7994400316 എന്ന നമ്പറിലേക്ക് മല്ലു സെല്‍ഫി എന്ന് വാട്സ്ആപ്പ് ചെയ്താല്‍ പുസ്തകം വീട്ടിലെത്തും. ആലപ്പുഴ കഞ്ഞിക്കുഴി പുത്തനമ്പലം വേലച്ചിറ സ്വദേശിയാണ് ജി. കണ്ണനുണ്ണി. റേഡിയൊ അവതാരകനും പത്രപ്രവര്‍ത്തകനും മിമിക്രി കലാകാരനും കൂടിയാണ് കണ്ണനുണ്ണി.