ഷാർജ രാജ്യാന്തര പുസ്തകോത്സവം: 118 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നത് 2,350 പ്രസാധകരും പ്രദർശകരും
ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് ഷാർജ എക്സ്പോ സെന്‍ററിൽ തുടക്കമായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
വേദിയിലേയ്ക്കുള്ള റോഡുകളിൽ തിരക്കേറുമെന്നതിനാൽ യാത്ര സുഗമമാക്കാൻ ബദൽ സംവിധാനങ്ങൾ തേടണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16 വരെ നടക്കുന്ന പുസ്തകമേളയിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2,350-ലേറെ പ്രസാധകരും പ്രദർശകരും പങ്കെടുക്കും.
1,200-ൽ അധികം പ്രവർത്തനങ്ങളും 300-ൽ അധികം സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. മലയാളത്തിൽ നിന്ന് കവി കെ സച്ചിദാന്ദൻ, കെ ആർ മീര, ഇ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുക്കും.