ഇസാക് ബാഷേവിസ് സിംഗർ

 
Literature

ഇസാക് ബാഷേവിസ് സിംഗറുടെ കഥ

യിദ്ദിഷ് ഭാഷയിൽ കൃതികളെഴുതി നൊബേൽ സമ്മാനം ലഭിച്ച ഒരേയൊരു സാഹിത്യകാരനാണദ്ദേഹം- അത് ഇസാക് ബാഷെവിസ് സിംഗറാണ്

MV Desk

അക്ഷരജാലകം|എം.കെ. ഹരികുമാർ

യിദ്ദിഷ് ഭാഷയിൽ കൃതികളെഴുതി നൊബേൽ സമ്മാനം ലഭിച്ച ഒരേയൊരു സാഹിത്യകാരനാണദ്ദേഹം- അത് ഇസാക് ബാഷെവിസ് സിംഗറാണ് (1903-1991). പോളണ്ടിൽ ജനിച്ച ജൂത- അമെരിക്കൻ എഴുത്തുകാരനായ അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടിലെ യഥാർഥ സാഹിത്യപ്രേമിയും മനുഷ്യാവസ്ഥയുടെ അന്വേഷകനും സാംസ്കാരിക അന്തസത്തയുടെ പ്രണേതാവുമായിരുന്നു. മധ്യ, കിഴക്കൻ യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ താമസമാക്കിയ ജൂതന്മാരുടെ ഭാഷയാണ് യിദ്ദിഷ്. ഹീബ്രു അക്ഷരമാലയിലാണ് എഴുതുന്നത്. പത്താം നൂറ്റാണ്ടിൽ പിറവിയെടുത്ത യിദ്ദിഷ് ഭാഷയിൽ ജർമൻ, ഹീബ്രു, അരാമിക് ഭാഷകളുടെ കലർപ്പുണ്ട്. ഒരു പ്രാദേശിക ഭാഷയായ യിദ്ദിഷിന് ലോകശ്രദ്ധ കിട്ടിയത് സിംഗറുടെ കൃതികളിലൂടെയാണ്. സിംഗർ തന്‍റെ കൃതികൾ സുഹൃത്തുക്കളുടെ സഹായത്തോടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അതിന് വിവിധ ഭാഷകളിൽ സ്വീകരണം ലഭിച്ചു. 1978ൽ നൊബേൽ സമ്മാനം ലഭിച്ചത് അദ്ദേഹത്തിന്‍റെ രചനകളുടെ ആഴം തേടാനും പ്രചാരം വർധിക്കാനും സഹായിച്ചു.

സിംഗർ 1971ൽ ദ് ന്യൂയോർക്കറിൽ എഴുതിയ "ദ് മാഗസിൻ' എന്ന കഥ പല നിലകളിൽ ചർച്ച ചെയ്യേണ്ടതാണ്; ചെറുകഥ മരിച്ചു എന്ന് തോന്നിപ്പിക്കുന്ന ഈ കാലത്ത്, വിശേഷിച്ചും സാഹിത്യം തിരോധാനം ചെയ്തു എന്ന് നല്ല വായനക്കാർ അനുമാനിച്ചു തുടങ്ങിയ വേളയിൽ. ഈ കഥ വായനയെ തീ പിടിപ്പിക്കും. ഇവിടെ കഥ പറയുന്നത് സിംഗർ തന്നെയാണ്.

യിദ്ദിഷ് ഭാഷയിൽ

വാഴ്സയിലെ (പോളണ്ട്) ഒരു "ബുദ്ധിജീവി ഭക്ഷണശാല'യിൽ വച്ചാണ് സീൻവെൽ ഗാർഡിനർ എന്ന യുവ എഴുത്തുകാരനെ സിംഗർ പരിചയപ്പെടുന്നത്. ഗാർഡിനർ ഒരു ലിറ്റിൽ മാഗസിൻ തുടങ്ങാനാഗ്രഹിക്കുന്നു, പാരീസിൽ. അത് യിദ്ദിഷ് ഭാഷയിൽ തന്നെ വേണം. അതിനായി അയാൾ സിംഗറുടെ സഹായം തേടി. എന്നാൽ സിംഗർ ഒഴിഞ്ഞെങ്കിലും അയാൾ ഉദ്യമം വിട്ടില്ല. കഷ്ടനഷ്ടങ്ങളിലൂടെ, അയാൾ ഒരു ലക്കം പ്രസിദ്ധീകരിച്ചു. ദ് വോയ്സ് എന്നാണ് പേര്. അതിൽ ധാരാളം പാകപ്പിഴകൾ സംഭവിച്ചു. ചിലരുടെ രചനകൾ അപ്രധാനമായാണ് കൊടുത്തത്, പേരുകൾ തെറ്റിച്ചു, ചില രചനകൾ നിരാകരിച്ചു തുടങ്ങിയ പരാതികൾ കേൾക്കേണ്ടി വന്നു.

കമ്യൂണിസ്റ്റ് മാഗസിൻ "ഓഫ്ഗാംഗ്' 3 പേജിൽ ദീർഘിക്കുന്ന ഒരു ലേഖനത്തിലൂടെ ഗാർഡിനറുടെ മാഗസിനെ പൊളിച്ചടുക്കി. ഗാർഡിനർ കമ്യൂണിസ്റ്റ് വിരോധവും ജൂത നെഗളിപ്പുമാണ് മാഗസിനിലൂടെ ഉയർത്തി കൊണ്ടുവന്നതെന്നും "ദ് വോയിസ്' എന്ന പേരിലൂടെ മുതലാളിത്തത്തിന്‍റെ ഹംസഗാനമാണ് ആലപിക്കുന്നതെന്നും ആ ലേഖനത്തിൽ കുറ്റപ്പെടുത്തി. ഈ ബഹളങ്ങൾക്കിടയിൽ ഗാർഡിനറുടെ മനസു മടുത്തു. അദ്ദേഹം എഴുതിയ മറുപടി അവർ പ്രസിദ്ധീകരിച്ചില്ല. പകരം മറ്റൊരു ലേഖനത്തിൽ വീണ്ടും വിമർശിക്കുകയാണ് ചെയ്തത്; തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗാർഡിനർ അസുഖബാധിതനായത് മാഗസിന്‍റെ പ്രവർത്തനങ്ങൾക്ക് തടസമായി. മാസിക തത്കാലം നിർത്തി അദ്ദേഹം തന്‍റെ പട്ടണത്തിലേക്ക് മടങ്ങി.

20 വർഷങ്ങൾക്ക് ശേഷമാണ് സിംഗർ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ന്യൂയോർക്കിലെ യിദ്ദിഷ് പത്രത്തിൽ നിന്ന് അവധിയെടുത്ത് അദ്ദേഹം പാരിസിലേക്ക് വന്നു. യിദ്ദിഷ് സാഹിത്യത്തിൽ താത്പര്യമുള്ളവർ അവിടെയുണ്ടായിരുന്നു. അവരിൽ എഴുത്തുകാരുമുണ്ടായിരുന്നു. അവർ താമസിച്ച വീട്ടിൽ സിംഗർ സന്ദർശനം നടത്തി. അത് 1947 കാലഘട്ടമായിരുന്നു. അവരിൽ ചിലർ സോവിയറ്റ് യൂണിയനിലേക്ക് പോയിരുന്നു. ഏതാനും പേർ മൊറോക്കോ, അൾജീരിയ തുടങ്ങിയ ഇടങ്ങളിലേക്ക് പോയി. മുൻ കമ്യൂണിസ്റ്റുകൾ കമ്യൂണിസ്റ്റ് വിരുദ്ധരായി. ഭർത്താക്കന്മാർക്ക് പുതിയ ഭാര്യമാരെ കിട്ടി, ഭാര്യമാർക്ക് പുതിയ ഭർത്താക്കന്മാരെയും.

ലിറ്റിൽ മാഗസിൻ വീണ്ടും

വർഷങ്ങൾക്കു മുമ്പ് സിംഗർ കണ്ട ചെറുപ്പക്കാർ ഇന്ന് അധികാരികളുമായി ഇടപഴുകുന്ന വിധത്തിൽ വളർന്നിരിക്കുന്നു. അവരുടെ കൂടെ ഏതാനും ദിവസം കഴിഞ്ഞപ്പോൾ നാസി ആക്രമണത്തെക്കുറിച്ചും അടിച്ചമർത്തലിനെക്കുറിച്ചും യഥാർഥ ചിത്രം ഗ്രഹിക്കാനായി. 1940-1945 കാലഘട്ടത്തിൽ രാഷ്‌ട്രീയ പകയുടെ ഇരകളായി അവരിൽ പലരും വിവിധ ഇടങ്ങളിൽ നരക യാതന അനുഭവിക്കുകയായിരുന്നു. ഹിറ്റ്ലറുടെ പീഡനത്തിനിരയായവരുണ്ട്. ചിലർ സോവിയറ്റ് അടിമ ക്യാംപുകളിലായിരുന്നു. വിശപ്പും അടിമത്തവും പകർച്ചവ്യാധിയും കൊലപാതകവും ആ വർത്തമാനങ്ങളിൽ നിറഞ്ഞു നിന്നു.

പാരിസ് ഒരു മരിച്ച നഗരമായി കഴിഞ്ഞിരുന്നു. കടകളിൽ ഒന്നും തന്നെ വിൽക്കാനുണ്ടായിരുന്നില്ല. സിംഗറിന് കരിഞ്ചന്തയിൽ നിന്ന് ഭക്ഷണം വാങ്ങേണ്ടി വന്നു. ഒരു ദിവസം, തികച്ചും അപ്രതീക്ഷിതമായി, സിംഗറുടെ വാതിലിൽ മുട്ടിയത് ഗാർഡിനറായിരുന്നു. വലിയ മാറ്റങ്ങളില്ലായിരുന്നുവെങ്കിലും വ്യഗ്രതയും വ്യഥയും മൂലം പരിക്ഷീണമായ ആ ശരീരത്തെ ശ്രദ്ധിക്കാതിരുന്നില്ല സിംഗർ. ഗാർഡിനർ ഹിറ്റ്ലറുടെ ക്യാംപിലായിരുന്നു, ആദ്യം. പിന്നീട് റഷ്യയിലേക്ക് നാടുകടത്തി. 40 പേരടങ്ങുന്ന ഒരു സെല്ലിൽ മാസങ്ങൾ കിടന്നു. അവിടത്തെ കക്കൂസിൽ നിന്നുള്ള ദുർഗന്ധം മാത്രം മതിയായിരുന്നു മരിക്കാൻ. ഫാക്റ്ററികളിൽ ജോലി ചെയ്തു, പട്ടിണി കിടന്നു. ഭാര്യയെയും മക്കളെയും നാസികൾ കൊന്നു. എന്നാൽ സിംഗറിനെ ഞെട്ടിച്ചുകൊണ്ട് ഗാർഡിനർ പറഞ്ഞത് തനിക്ക് വീണ്ടും മാഗസിൻ പ്രസിദ്ധീകരിക്കണമെന്നാണ്; പാരീസിൽ തന്നെ, യിദ്ദിഷ് ഭാഷയിൽ!

ഇപ്പോൾ ഗാർഡിനർക്ക് രണ്ടാമതൊരു ഭാര്യയുണ്ട്. ക്ഷണമനുസരിച്ച്, അവരുടെ വീട്ടിൽ പോയി സിംഗർ അത്താഴം കഴിച്ചു.

പിന്നീട് കഥയിൽ പറയുന്നത് 20 വർഷങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ്. ഇപ്പോൾ അദ്ദേഹം വീണ്ടും പാരിസിലേക്ക് വന്നിരിക്കയാണ്. അവിടെ അദ്ദേഹത്തിന് പ്രസാധകരുണ്ടായിരുന്നു. തന്‍റെ ഫ്രഞ്ച് എഡിറ്ററെ കാണുകയായിരുന്നു ലക്ഷ്യം. സിംഗറെ ഇന്‍റർവ്യു ചെയ്യാൻ വന്ന ഒരു പത്രപ്രവർത്തകനിൽ നിന്നാണ് ഗാർഡിനർ തലേദിവസം മരിച്ച വാർത്ത അറിഞ്ഞത്. ആ ദിവസത്തെ പത്രത്തിൽ ആ വാർത്തയുണ്ട്; ആത്മഹത്യയായിരുന്നു! അദ്ദേഹത്തിന്‍റെ സംസ്കാരം അന്ന് നടത്തുകയാണ്. എന്തായിരുന്നു ആത്മഹത്യയ്ക്ക് കാരണം?

തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലായിരുന്നു ഗാർഡിനറും കുടുംബവും. അവർക്ക് വസ്ത്ര വ്യാപാരമുണ്ടായിരുന്നു. അക്കാലത്തും അദ്ദേഹം യിദ്ദിഷ് ഭാഷയിൽ എഴുതുമായിരുന്നു. എന്നാൽ പെട്ടെന്നാണ് സ്വന്തമായി ഒരു ഫ്രഞ്ച് മാഗസിൻ ആരംഭിക്കണമെന്ന ചിന്തയുണ്ടായത്. ഫ്രഞ്ച് നന്നായി കൈകാര്യം ചെയ്യാനറിയാത്ത ഗാർഡിനറെ അതിലേക്ക് ആകർഷിച്ചത് എന്താണെന്നറിയില്ല. ഭാര്യ അറിയാതെ ആ കട വിറ്റ് ഗാർഡിനർ മാഗസിനു വേണ്ടി മുടക്കി. ഓഫിസ് വാടകയ്ക്കെടുത്തു, ഒരു സ്റ്റാഫിനെ നിയമിച്ചു. ഇതറിഞ്ഞ ഭാര്യ അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കി. അതോടെ സാമ്പത്തികഭാരം ഏറി. ഒരു പ്രസ് വാങ്ങിയ ഇടപാടിൽ ചതി പറ്റി. ഇതിന്‍റെയെല്ലാം ആത്യന്തിക ഫലം ഗാർഡിനറുടെ ആത്മഹത്യയായിരുന്നു. പാരീസിലെ തെരുവിൽ അയാൾ ഒരു ശവമായി അടിഞ്ഞു.

പുതിയ പുരോഹിതർ

ഇന്‍റർവ്യൂ ചെയ്യാൻ വന്ന ആ ചെറുപ്പക്കാരൻ പറഞ്ഞു: പാരീസിൽ യിദ്ദിഷ് സാഹിത്യകാരന്മാർ ഒരുമിച്ചു കൂടുന്നത് സെമിത്തേരിയിലാണ്. അവരുടെ അവസ്ഥ വളരെ മോശമാണ്. പലരും രോഗികളാണ്. നഗരമാകട്ടെ വളരെ വിസ്തൃതിയുള്ളതും. ഒരു കഫെയിൽ പോലും ഒത്തുചേരാൻ സാധിക്കില്ല. സംസ്കാര ചടങ്ങിനു ശേഷം വന്നവരെല്ലാം ഒരു കഫെയിൽ ചായ കുടിച്ചു പിരിയും. മിക്കവാറും മുതിർന്ന യിദ്ദിഷ് സാഹിത്യകാരന്മാരുടെ ആകെയുള്ള സാമൂഹിക ജീവിതം ശവസംസ്കാരത്തിൽ പങ്കെടുക്കലും ചായ കഴിക്കലുമാണ്. ന്യൂയോർക്കിൽ ഒരു എഴുത്തുകാരന്‍റെ ശവസംസ്കാരത്തിൽ പോലും മറ്റ് എഴുത്തുകാർ വരാറില്ലെന്ന സത്യമാണ് സിംഗർക്ക് ആ ചെറുപ്പക്കാരനോട് പറയാനുണ്ടായിരുന്നത്. സാഹിത്യത്തിന്‍റെ കാലം അസ്തമിച്ചു എന്ന് 70കളിൽ തന്നെ സൂചന നൽകുന്നതാണ് ഈ കഥയിൽ വിവരിക്കുന്ന കാര്യങ്ങൾ. സാഹിത്യബാഹ്യമായ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് കൂട്ടുകെട്ടുകൾ. സ്വന്തമായി അഭിപ്രായമില്ലാത്തവർ, ഏതെങ്കിലും രാഷ്‌ട്രീയ സാഹിത്യവിഭാഗത്തിന്‍റെ പ്രചാരകരും സംരക്ഷകരുമായി സ്വയം സമർപ്പിക്കുന്നവർ അഭിനവ പുരോഹിതന്മാരായി സ്വയം അവരോധിക്കുന്ന കാഴ്ച. പ്രവർത്തിക്കാതെ കടന്നുപോകുന്നവരുടെ അനുസരണയുള്ള കാൽനടശബ്ദത്തിന്‍റെ ഇടമായി മാറിയിരിക്കുന്നു സാഹിത്യരംഗം.

മുഖം നഷ്ടപ്പെടുന്നവർ അനുഭവിക്കുന്ന സുഖമാണ് അതിലുള്ളത്. ഒറ്റുന്നവരും വഞ്ചിക്കുന്നവരും അമിതമായി വഴങ്ങുന്നവരും പരസ്പരം സ്തുതിക്കുന്നവരും അനുഭവിക്കുന്ന പ്രത്യേക "സുഖ'മാണ് ഇന്നത്തെ സാഹിത്യലോകം ലോകത്തിനു മുന്നിൽ വയ്ക്കുന്നത്.

ഈ കഥയിൽ ഗാർഡിനർ എന്ന കഥാപാത്രം അയാളുടെ ചെറുപ്പം മുതൽ ആഗ്രഹിക്കുന്നത് യിദ്ദിഷ് ഭാഷയിൽ ഒരു മാഗസിൻ ആരംഭിക്കാനാണ്. എന്നാൽ മാഗസിൻ തുടങ്ങിയെങ്കിലും അത് പെട്ടെന്ന് നിർത്തി നാടുവിടേണ്ടി വന്നു. അയാളുടെ വെറും അഭിനിവേശമല്ല അത്; സത്യത്തിനു വേണ്ടി ശബ്ദമുയർത്താനാണ് താൻ മാഗസിൻ തുടങ്ങുന്നതെന്ന് അയാൾ അറിയിക്കുന്നുണ്ട്.

ഒറ്റ രാത്രി കൊണ്ട്

ബോൾഷെവിക്കുകളായി

അയാളുടെ സംഭാഷണം ഉദ്ധരിക്കട്ടെ: "ഇന്നത്തെ സാഹിത്യ മാഗസിനുകൾ സാഹിത്യ വേശ്യകളാണ്. അവർ അച്ചടിക്കുന്നത് ആർക്കും വേണ്ടാത്ത ചവറാണ്. അവർക്ക് ഒരു ക്ലിക്കുണ്ട്. പരസ്പരം സ്തുതിക്കുന്ന രീതിയാണ് അവിടെ. നമുക്ക് ഒരു നല്ല മാഗസിൻ അവതരിപ്പിക്കണം. അങ്ങനെ സാഹിത്യത്തെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തണം. മാഗസിൻ എന്ന വാക്കിന് എന്‍റെ ജീവിതത്തിൽ മാന്ത്രികമായ ശക്തിയുണ്ട്. എനിക്ക് സ്വന്തമായി ഒരു മാഗസിൻ വേണമെന്നും അതിൽ എന്‍റെ രചനകൾ പ്രസിദ്ധീകരിക്കണമെന്നും സ്വപ്നം കാണാറുണ്ട്. അപ്പോൾ എഡിറ്റർമാരുടെ ചാപല്യത്തിന് നിന്നു കൊടുക്കേണ്ടി വരില്ലല്ലോ. ലോകം ശുദ്ധമായ വാക്കിനു വേണ്ടി കാത്തിരിക്കുകയാണ്. നമുക്ക് വായനക്കാരോട് സത്യം പറയാം. എന്താണോ പറയുന്നത് അത് പ്രവർത്തിച്ച് കാണിക്കാം. ബുദ്ധിജീവി എഴുത്തുകാർ വഞ്ചകരായിരുന്നില്ലെങ്കിൽ തനിക്ക് ഈ ദൗർഭാഗ്യങ്ങളൊന്നും സംഭവിക്കില്ലായിരുന്നു. ജർമൻ എഴുത്തുകാരെല്ലാം നാസികളായി മാറി. റഷ്യൻ എഴുത്തുകാർ സ്റ്റാലിന് കീഴടങ്ങി. പോളണ്ടിലെ എഴുത്തുകാർ വിജയിച്ച കമ്യൂണിസ്റ്റ് പക്ഷം ചേർന്നു. ഒറ്റ രാത്രി കൊണ്ട് അവരെല്ലാം ബോൾഷെവിക്കുകളായി മാറി. ജനകീയവാദികളും സയണിസ്റ്റുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അധികാരത്തിലുള്ളവരെ പ്രീണിപ്പിക്കാൻ അവർ പരസ്പരം തള്ളിപ്പറഞ്ഞു. അവർ തങ്ങളുടെ സുഹൃത്തുക്കളുടെ മുൻകാല രചനകളിൽ ട്രോസ്കിയൻ വ്യതിയാനങ്ങളും മെൻഷവിക്ക് പുനരുജ്ജീവനവും സയണിസത്തിന്‍റെ വഴിത്താരകളും കണ്ടെത്തി. അതുകൊണ്ട് ആരെങ്കിലും സത്യം പറയണം, കുറച്ചു പേരോടെങ്കിലും'.

മോശ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നാലും അദ്ദേഹത്തെ കളിയാക്കുന്ന വരെയാണ് കാണാൻ കഴിയുകയെന്ന് ഗാർഡിനറുടെ രണ്ടാം ഭാര്യ ഫ്രിഡെലി പറഞ്ഞത് എഴുത്തുകാരെയും കൂടി ഉദ്ദേശിച്ചാണ്. 60 വയസ് പിന്നിട്ട വേളയിലും ഗാർഡിനർ സമൂഹത്തോട് ആക്രോശിച്ചുകൊണ്ട് രചനയിലേർപ്പെട്ടത് പാരിസിൽ നിന്ന് അയച്ചു കിട്ടുമായിരുന്ന യിദ്ദിഷ് മാഗസിനുകൾ വായിച്ച് സിംഗർ മനസിലാക്കിയായിരുന്നു. മനുഷ്യവംശത്തിന്‍റെ അധാർമികതയെയാണ് അയാൾ ശകാരിച്ചത്. അയാൾ വാക്കിന്‍റെ ശുദ്ധിയിൽ വിശ്വസിച്ചു. സത്യം കാണുക എന്നത് അയാളുടെ രോഗമായിരുന്നു. ആ രോഗം മൂലം തന്നെ എല്ലാവരും അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന് അറിഞ്ഞിട്ടും ഗാർഡിനർക്ക് പിന്മാറാനായില്ല. അയാളുടെ ജീവിതം അതിന്‍റെ മനഃശാസ്ത്രപരമായ കെണിയിലായിരുന്നു.

അന്തഃകരണ വിശുദ്ധി

ഭാര്യയുടെ കടയിൽ നിന്നുള്ള വരുമാനം കൊണ്ട് സുരക്ഷിതനായിരുന്നെങ്കിലും അതിൽ ഒതുങ്ങാൻ കഴിഞ്ഞില്ല. സത്യം അയാളുടെ രക്തത്തിലുണ്ടായിരുന്നു. അതാകട്ടെ ഒരു ലാബോറട്ടറിക്കും സ്നേഹബന്ധത്തിനും കണ്ടുപിടിക്കുവാനാകുമായിരുന്നില്ല. ലിറ്റിൽ മാഗസിൻ എന്ന സ്വപ്നം അയാളുടെ ജീവിതത്തിന്‍റെ കറയറ്റ ഒരു തലമായിരുന്നു. പ്രായം ചെല്ലുന്തോറും അയാളുടെ ശരീരമാണ് ദുർബലമായത്, അല്ലെങ്കിൽ വരണ്ടത്. എന്നാൽ ആ മനസിൽ സത്യസന്ധതയോടെ, അന്തഃകരണ വിശുദ്ധിയോടെ അവസാനിക്കാത്ത പ്രതിബദ്ധതയുണ്ടായിരുന്നു. എതിർപ്പും പ്രതിഷേധവും അയാളിൽ അഭൗമ ഇന്ധനമായി കത്തിക്കൊണ്ടിരുന്നു. കുടുംബത്തിനോ പണത്തിനോ സുരക്ഷയ്ക്കോ മെരുക്കാനാവാത്ത നിശ്ചയദാർഢ്യവും തീരുമാനവുമായിരുന്നു ഗാർഡിനറുടെ ജീവിതം. അയാൾ പരാജയപ്പെട്ടുപോയി. വിലാപത്തിൽ ആരും കൂടെയുണ്ടായിരുന്നില്ല. ക്ഷീണിതരും ദുർബലരുമായ പഴയകാല സുഹൃത്തുക്കൾ നിസംഗരായി. മനുഷ്യന് ജീവിക്കാൻ കത്തിത്തീരാത്ത ആഗ്രഹങ്ങളും അതിനായുള്ള തയാറെടുപ്പുകളും മതി. വിജയപരാജയങ്ങൾ മാറിവരും. ചില വിജയങ്ങൾ പരാജയങ്ങളെ തന്നെ മറച്ചുപിടിക്കുകയായിരിക്കും. പരാജയങ്ങൾ, ചിലപ്പോൾ ഏകപക്ഷീയമായ സമാശ്വാസവും സമാധനവുമായി പുതിയ യുക്തി നിർമിച്ചുകൊണ്ടിരിക്കും.

രജത രേഖകൾ

1) വിൽ ഡുറാന്‍റ്

അമെരിക്കൻ ചരിത്രകാരനായ വിൽ ഡുറാന്‍റ് "ദ് സ്റ്റോറി ഓഫ് ഫിലോസഫി' എന്ന പുസ്തകത്തിൽ സ്പാനീഷ് തത്വജ്ഞാനി സന്തായനയെക്കുറിച്ച് ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്. അതിൻ മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചത് ഭയം കൊണ്ടാണെന്ന് പറയുന്നുണ്ട്. തുടർന്ന് അദ്ദേഹം എഴുതുന്നു: "മനുഷ്യൻ അത്യന്തം വഷളായ സർവചൈതന്യവാദിയാണ്. എല്ലാറ്റിനെയും അവൻ വ്യാഖ്യാനിക്കുന്നു; ദൈവത്തിൽ മനുഷ്യനെ ആരോപിക്കുന്നു. എന്നാൽ വിൽ ഡുറാന്‍റിനോട് പറയാനുള്ളത് ഇതാണ്: മനുഷ്യന് ഭയമുണ്ടാകാം. അത് ഒരു തെറ്റല്ല. എന്നാൽ സ്വന്തം മനസിനെ നിരന്തരം ശുദ്ധീകരിച്ച് അവന് കൂടുതൽ മനുഷ്യത്വം നേടാം. അതാണ് ദൈവികത.

2) ഡോ. എ. രാജഗോപാൽ കമ്മത്ത്

ഡോ. എ. രാജഗോപാൽ കമ്മത്ത് എഴുതിയ "ദെക്കാർത്തിന്‍റെ പാദമുദ്രകൾ തേടി' (എഴുത്ത്, ഏപ്രിൽ) എന്ന ലേഖനം പാശ്ചാത്യ തത്വചിന്തയുടെ ആധുനിക മുഖം അനാവരണം ചെയ്യുന്നതിൽ വിജയിച്ചു. ലേഖകൻ ഫ്രഞ്ച് തത്വജ്ഞാനി ദെക്കാർത്തിന്‍റെയും ഡച്ച് തത്വജ്ഞാനി സ്പിനോസയുടെയും സ്മാരകങ്ങൾ സന്ദർശിച്ചപ്പോഴുണ്ടായ വിചാരവികാരങ്ങളാണ് ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തിനൊത്ത വായനക്കാരാനായ രാജഗോപാൽ കമ്മത്ത് പ്രമുഖ ശാസ്ത്ര ഗ്രന്ഥകാരനും സഞ്ചാരിയുമാണ്. നമ്മുടെ ചിന്തകളല്ലാതെ മറ്റൊന്നും നമുക്ക് സ്ഥിരീകരിക്കാനാവില്ല എന്ന ഡെക്കാർത്തിയൻ ആശയം അധുനിക ചിന്തയിൽ പരിവർത്തനമുണ്ടാക്കി.

2) നികോസ് കസൻദ്സാക്കീസ്

"ക്രൈസ്റ്റ് റിക്രൂസിഫൈഡ്' എന്ന കൃതിയിൽ ഗ്രീക്ക് നോവലിസ്റ്റ് കസൻദ്സാക്കിസ് എഴുതി: "ഒരുവൻ സ്വന്തം വിധിയെ വിശ്വസിക്കുകയാണെങ്കിൽ അതിനേക്കാൾ വലിയ വേറൊരു ശക്തിയില്ല.

3) ഷാജി തലോറ

പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാജി തലോറയുടെ "ദേശാടനം' (ഇതൾ ബുക്സ് ) എന്ന പുസ്തകം ഇന്ത്യയിലെ സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളിൽ വീൽചെയറിൽ യാത്ര ചെയ്തതിന്‍റെ അനുഭവങ്ങളാണ് വിവരിക്കുന്നത്. നർമദ, സുവർണ ക്ഷേത്രം, കുത്തബ് മിനാർ, ഹംപി, സബർമതി, ത്രയംബയേശ്വർ തുടങ്ങി കൊതിപ്പിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അദ്ദേഹം നന്നായി എഴുതിയിരിക്കുന്നു. ആമുഖത്തിൽ ഇങ്ങനെ എഴുതുന്നു: "വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോയപ്പോൾ ഞാൻ കരുതിയത് ലോകം ഇടുങ്ങിയതാണെന്നാണ്. എന്നാൽ ഇന്ത്യയുടെ വിശാലത അളന്നപ്പോൾ എനിക്ക് മനസിലായി ലോകം നന്മയുള്ള മനുഷ്യരാൽ നിറഞ്ഞതാണെന്ന്.'

4) കെ.എസ്. സേതുമാധവൻ

ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത കെ.എസ്. സേതുമാധവൻ അവസാന വർഷങ്ങളിൽ സിനിമയെ മറന്നു സംന്യാസ പാതയിലായിരുന്നു. ഒരു ഗുരുവിന്‍റെ മേൽനോട്ടത്തിൽ അദ്ദേഹം സംന്യാസത്തിലേക്ക് പ്രവേശിച്ചിരുന്നു. തന്നിലേക്ക് പ്രാപഞ്ചികതയുടെ ഏകസ്വരം അലയടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു. ഒരു സംഭാഷണത്തിൽ അദ്ദേഹം എന്നോടാവശ്യപ്പെട്ടു, അമെരിക്കൻ ദൈവശാസ്ത്രജൻ നീൽ ഡൊണാൾഡ് വാൽഷിന്‍റെ "കോൺവെർസേഷൻസ് വിത്ത് ഗോഡ് " എന്ന പുസ്തക പരമ്പരയെക്കുറിച്ച് എഴുതണമെന്ന്. അതിന്‍റെ അടിസ്ഥാനത്തിൽ മെട്രൊ വാർത്ത വാർഷികപ്പതിപ്പിൽ അതിനെക്കുറിച്ച് ലേഖനം എഴുതുകയും ചെയ്തു.

5) തായങ്കരിക്കഥകൾ

സണ്ണി തായങ്കരിയുടെ ബൃഹത് കഥാസമഹാരം "തായങ്കരിക്കഥകൾ' (പ്രഭാത് ബുക്സ്) പ്രസിദ്ധീകരിച്ചു. കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ജീവിതമാണ് പ്രധാന ഇതിവൃത്തം. എന്നാൽ ഈ കഥകൾക്ക് ഭൂമിശാസ്ത്രപരമായ ഒരു പരിധി നിശ്ചയിക്കാനാവില്ല. ആധുനിക മനുഷ്യന്‍റെ ധാർമികവും മൂല്യപരവുമായ സംഘർഷങ്ങൾ പല വഴികളിൽ അന്വേഷിക്കുന്നുണ്ട്. ഇതിനോടകം പ്രശസ്തമായ കാടിറക്കം, അടുക്കള ഒരു വികാരജീവിയാണ്, ഗാബോയുടെ കഥാപാത്രങ്ങൾ, ദൈവത്തിന്‍റെ ചാരൻ തുടങ്ങി 75 കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് പതിറ്റാണ്ടിലേറെ കാലത്തെ രചനാജീവിതത്തിൽ നിന്ന് തെരഞ്ഞെടത്തത് എന്ന നിലയിൽ ഇതിന് പ്രസക്തിയുണ്ട്.

6) നിശബ്ദത

സാഹിത്യ രചനയിൽ ഒരു ദശകം പിന്നിടുമ്പോഴെങ്കിലും സ്വന്തം ശൈലിയിലും വിചാരത്തിലും ഒരു നവയൗവ്വനം കൊണ്ടുവരാൻ കഥാകൃത്തുക്കൾ ശ്രമിക്കേണ്ടതാണ്. കഥാകൃത്ത് ഇ.വി. ശ്രീധരൻ പറയുമായിരുന്നു, ഒരു വലിയ ഘട്ടം കഴിയുമ്പോൾ എഴുത്തുകാരൻ കുറെ കാലത്തേക്ക് നിശബ്ദത പാലിക്കണമെന്ന്. ചിന്തയിലും ഭാഷയിലും ഒരു പരിവർത്തനം സാധ്യമാക്കുകയാണ് വെല്ലുവിളി.

7) മേരി ജോൺ കൂത്താട്ടുകുളം

കവി കൂത്താട്ടുകുളം മേരി ജോണിന് ക്ലിക്കില്ലായിരുന്നു. സാമുദായിക, രാഷ്‌ട്രീയ ആരാധകവൃന്ദവുമില്ലായിരുന്നു. അവർക്ക് ഫൗണ്ടേഷനില്ലായിരുന്നു. സി.ജെ. തോമസിന്‍റെ സഹോദരിയാണെങ്കിലും, ഒരിക്കൽപ്പോലും കൂത്താട്ടുകുളത്തെ സി.ജെ സ്മാരക സമിതി കൂത്താട്ടുകുളം മേരി ജോണിനെ അനുസ്മരിക്കാൻ തയാറായിട്ടില്ല. ഈ കവി അസ്പൃശ്യയായി തുടരുകയാണ്.

8) വൈക്കം മുഹമ്മദ് ബഷീർ

ബഷീർ എഴുത്തുകാരനാകാൻ വേണ്ടിയാണ് പലതരം ജോലികൾ ചെയ്തത്- അരിവയ്പ്പുകാരനായി, ലോട്ടറി കച്ചവടം നടത്തി, പുസ്തക വില്പനക്കാരനായി. എഴുത്തുകാരനാകാൻ വേണ്ടിയാണ് അദ്ദേഹം ഒടുവിൽ നിശബ്ദനായത്; അതിനു വേണ്ടിത്തന്നെയാണ് ദിവംഗതനായതും. കാരണം, ബഷീറിന് സ്വന്തം വാക്കുകൾ ജീവിതത്തിന്‍റെ സത്യമായിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു

ചെറുത്തു നിന്നത് റിങ്കു മാത്രം; ലഖ്നൗവിന് കുഞ്ഞൻ വിജയലക്ഷ‍്യം

അമിത മദ്യപാനം, കൃത‍്യനിർവഹണത്തിലെ വീഴ്ച: കാഷ് പട്ടേലിനെ പുറത്താക്കുമോ‍?

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ മോഷണ കേസ് പ്രതികൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോ‍യി

ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി; ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം