കുലപതികൾ - നോവൽ - സണ്ണി തായങ്കരി

 

നിരൂപണം - എം.കെ. ഹരികുമാർ

Literature

ദൈവചിന്തയിൽ മനുഷ്യൻ ഇല്ലാതായി

സണ്ണി തായങ്കരിയുടെ 'കുലപതികൾ' എന്ന നോവലിന്‍റെ വായന

എം.കെ. ഹരികുമാർ

ബൈബിളിൽ ഉത്പത്തി പുസ്തകത്തിലെ പിതാക്കന്മാരെ മുൻനിർത്തി സണ്ണി തായങ്കരി എഴുതിയ 'കുലപതികൾ' രചനാപരമായ സൂക്ഷ്മതയും ആശയപരമായ സമകാലിക പ്രസക്തിയും നിറഞ്ഞ നോവലാണ്. സാഹിത്യകാരന്മാർക്ക് ബൈബിൾ എന്നും പ്രചോദനമായിരുന്നിട്ടുണ്ട്. മനുഷ്യമനസിന്‍റെ വിചിത്രമായ ആന്തരികത്വരകൾ അനേകം മടക്കുകളായി അടുക്കിവച്ചിരിക്കുന്ന ഖനിയാണ് ബൈബിൾ. ഇസ്രായേൽ ചരിത്രത്തിന്‍റെ അടിസ്ഥാനമായ പൂർവപിതാക്കന്മാരുടെ കാലത്തെ സംഭവങ്ങളാണ് നോവലിൽ അവതരിപ്പിക്കുന്നത്. വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കുന്നതിൽ പ്രത്യേകമായൊരു സിദ്ധി സണ്ണിക്കുണ്ട്.

മൂല്യങ്ങൾ തലകീഴായി മറിഞ്ഞ കാലത്ത് എങ്ങനെ സത്യത്തിന്‍റെ നേരിയ നാമ്പ് തളിരിട്ടു എന്നു വിശദമാക്കാൻ വേണ്ടി നോവലിസ്റ്റ് അധ്വാനിക്കുകയാണ്. മനുഷ്യൻ അത്ഭുതസിദ്ധിയുള്ളവനാണ്. പക്ഷേ അവൻ ഏതു പ്രകാശത്തെയും കെടുത്താൻ ശേഷിയുള്ളവനുമാണ്. അതിനു വേണ്ടി സ്വയം നശിക്കാനും തയാറാണ്‌.

കുലപതികൾ - നോവൽ - സണ്ണി തായങ്കരി

ക്രിസ്തുവിനെ അന്വേഷിക്കുന്ന നോവലാണ് 'കുലപതികൾ '. ക്രിസ്തുവിന്‍റെ വരവറിയിക്കുന്ന, ക്രിസ്തുവിനെ അനിവാര്യമാക്കുന്ന ജീവിതവിധി എന്താണെന്നു സൂചന തരുന്ന കഥാഖ്യാനമാണ്. മനുഷ്യവംശത്തിൽ പിറന്ന ക്രിസ്തുവിൽ ദൈവത്തിന്‍റെ ചിന്തകളും ശരികളും ആലേഖനം ചെയ്തിരിക്കുന്നു. ക്രിസ്തുശരീരം ദൈവത്തിന്‍റെ പരീക്ഷണശാലയാണ്. മനുഷ്യന്‍റെ മജ്ജയിൽ യേശുവിനെ കുരിശിലേറ്റിയിരിക്കുന്നു എന്നു കസൻദ്സാക്കീസ് Christ Recrucified എന്ന കൃതിയിൽ എഴുതുന്നുണ്ട്. ആ കുരിശാരോഹണത്തിൽ നിന്നു മനുഷ്യനു അകന്നു നിൽക്കാനാവില്ല. എന്തെന്നാൽ ക്രിസ്തുവിനെ കുരിശിലേറ്റിയതോടെ മനുഷ്യൻ എന്നന്നേക്കുമായി കുരിശിലേറ്റപ്പെട്ടിരിക്കുന്നു. ഉയിർക്കുന്നത് ക്രിസ്തു മാത്രമായിരിക്കും, മനുഷ്യനല്ല. കാരണം മനുഷ്യനു ഇനിയും തന്‍റെ തെറ്റ് തിരുത്താനോ അത് മനസ്സിലാക്കാനോ സാവകാശം ലഭിച്ചിട്ടില്ല.

ദസ്തയെവ്സ്കിയുടെ നോവലിൽ ദൈവത്തെ വിചാരണ ചെയ്യുന്നത് കാണാം. ആരാണ് വിചാരണ ചെയ്യുന്നത് ? ക്രൂരനായ മനുഷ്യൻ.ദസ്തയെവ്സ്കി മനുഷ്യന്‍റെ നീചമായ റോൾ തന്‍റെ ബോധത്തിലൂടെ തിരിച്ചറിയുന്നു. അതിനു വേണ്ടി അദ്ദേഹം സ്വയം പിശാചായി മാറുന്നു. ക്രൂരനും പാപിയും ദാക്ഷിണ്യമില്ലാത്തവനുമായ ഒരുവനു മാത്രമേ സ്വന്തം തെറ്റുകൾ മനസ്സിലാക്കാനാവാതെ ദൈവത്തെ വിചാരണ ചെയ്യാനാവൂ.

മനുഷ്യനും ദൈവവും തമ്മിലുള്ള സംഘട്ടനം സത്യവും പാപവും തമ്മിലുള്ള സംഘട്ടനമാണ്. ഈ സംഘട്ടനത്തിൽനിന്നു സത്യത്തെ എങ്ങനെ വേർതിരിച്ചെടുക്കും ?അദ്ദേഹം ദൈവത്തെ സംശയിക്കുകയാണ്. ഒരു മനുഷ്യനു അതിനു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ മനുഷ്യനു ദൈവത്തെ അന്വേഷിച്ചുകൊണ്ടല്ലാതെ ജീവിക്കാൻ സാധിക്കില്ല. ഒരു സ്വതന്ത്രചിന്താഗതിയിൽ മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല, ദൈവമില്ല, മനുഷ്യൻ സൃഷ്ടിച്ച ദൈവമേയുള്ളൂ എന്നെല്ലാം പറയാം. പക്ഷേ അപ്പോഴും അവൻ തന്നിൽ അടിഞ്ഞുകൂടിയ ദൈവം എന്ന ആശയത്തെയാണ് നിരാകരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് അവനിൽ ദൈവം ഉണ്ടായിരുന്നില്ല എന്നു പറയാനാവില്ല. നാം എന്തിനെയാണോ നിഷേധിക്കുന്നത് അത് നമ്മളിൽ ഉണ്ടെന്നർത്ഥം. അത് നിലീനമായിരിക്കുന്നതുകൊണ്ടാണ് നാം അതിനെ തേടുകയും തള്ളിപ്പറയുകയും ചെയ്യുന്നത്. അപ്പോഴും അത് ഒരാഭിമുഖ്യമായി വരുന്നു. വസ്തുതയോ വസ്തുവോ നിലനിൽക്കുന്നില്ല എന്നു സ്ഥാപിക്കാം. എന്നാൽ അതിനെ നാം അഭിമുഖീകരിക്കുന്നില്ലെന്നു പറയാനാവില്ല. അത് ഒരു ചിന്താസന്താനമായി നമ്മിൽ തന്നെ തുടരും. അപ്പോൾ അത് നിലനിൽക്കുന്നു എന്നാണ് അറിയേണ്ടത്. ആത്യന്തികമായി ദൈവം നമ്മുടെ മനസ്സിലാണുള്ളത്. മനസ്സ് ഇല്ലാതാകുമ്പോൾ ദൈവവും ഇല്ലാതാകുന്നു. അതുകൊണ്ട് ദൈവവുമായുള്ള മുഖാമുഖം നമ്മെക്കുറിച്ചുള്ള സ്വന്തം ധാരണകളെ പരിശോധിക്കാനുള്ള അവസരമാണ്.നശ്വരനായ മനുഷ്യനു, നശ്വരമായ മനസ്സുമായി ജീവിക്കുന്ന മനുഷ്യനു അനശ്വരതയിലാണ് വിശ്വാസം. ഈ വിശ്വാസമില്ലാതെ അവനു നശ്വരമായ മനസ്സിനെയോ ജീവിതത്തെയോ നേരിടാനാവില്ല. അനശ്വരതയോടുള്ള ദാഹത്തെ ഇല്ലാതാക്കിയാൽ അത് മാനവരാശിയുടെ നാശത്തിനു കാരണമായിത്തീരും.

സണ്ണി തായങ്കരി സർഗാത്മകമായി ബൈബിളിനെ സമീപിക്കുകയാണ്. തന്‍റെയുള്ളിലെ അശരണമായ ജീവിതകാമനകളുടെ സമ്മർദ്ദത്തിൽപ്പെട്ട് എഴുത്തുകാരൻ വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും അർഥം തേടുകയാണ്. അദ്ദേഹത്തിന്‍റെ ധിഷണ പഴയ നിയമത്തിലെ അബ്രഹാമിനെയും ഇസഹാക്ക്, യാക്കോബ്, ഏസാബ്, ജോസഫ് എന്നിവരെയും ജീവിതപങ്കാളികളായ സാറാ,ഹാഗാർ, റെബേക്ക, റാഹേൽ, ലയ തുടങ്ങിയവരെയും അടർത്തിയെടുത്ത് അവർക്ക് കേവല മനുഷ്യമനസ് നൽകി സമകാലികമായ അർഥസൃഷ്ടിയിലേക്ക് പ്രവേശിക്കുകയാണ്.

സണ്ണി തായങ്കരി

തികഞ്ഞ നിർമമതയോടെ, സ്വന്തം വഴിയിൽ, പൊരുളുകളെ വകഞ്ഞു മാറ്റി ജീവിതത്തിന്‍റെ അർഥം തേടുന്ന കൃതിയാണിത്. അസ്തിത്വപരമായ ശൂന്യതയ്ക്കു ബദലായി എഴുത്തുകാരൻ പഴയനിയമത്തെ വ്യാഖ്യാനിക്കുന്നു. ഉത്പത്തി പുസ്തകത്തിലെ കഥാപാത്രങ്ങളിൽ നമ്മുടെ കാലത്തെ മനുഷ്യരെ അന്വേഷിക്കുകയാണ്. ഇതിനിടയിൽ കാലം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.ബൈബിളിലെ കഥാപാത്രങ്ങൾ ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു എന്നാണ് വിശ്വാസം. അതിന്‍റെ ചുവടുപിടിച്ച് നോവലിസ്റ്റ് കഥാപാത്രങ്ങളുടെ മാനുഷികമായ സംഘർഷങ്ങൾക്ക് ഭാഷ നൽകുകയാണ് ചെയ്യുന്നത്.

ബൈബിളിലെ സന്ദർഭങ്ങൾക്ക് നോവലിസ്റ്റ് തന്‍റെ സർഗശേഷികൊണ്ട് അർഥപരമായ സമകാലികത കണ്ടെത്തുന്നു; മനുഷ്യത്വത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നു. ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കുമേൽ കാലത്തിന്‍റെ അദൃശ്യമായ കണ്ണുകളുണ്ട്. ആ കണ്ണുകളെ നമുക്ക് കാണാനാവില്ല. എന്നാൽ ആ കണ്ണുകൾ നമ്മെ കാണുന്നു. ആ കണ്ണുകൾ ഒരു വ്യക്തിയുടേതാവണമെന്നില്ല. കാഴ്ച മാത്രമുണ്ടായാൽ മതി. നമ്മൾ അവശേഷിപ്പിച്ച ക്രൂരതയുടെ കാഴ്ച ആർക്കും മായ്ക്കാനാവില്ല. അത് കാലത്തിന്‍റെ ഏടുകളിൽ ഭദ്രമാണ്. ഉത്പത്തി പുസ്തകത്തിൽ സോദോമിനും ഗോമോറയ്ക്കുമെതിരെയുള്ള കർത്താവിന്‍റെ ക്ഷോഭം ഉദാഹരിക്കുന്നുണ്ട്. കർത്താവ് പറയുന്നത് അവരുടെ പാപം ഗുരുതരമായതുകൊണ്ട് അതിനെക്കുറിച്ചറിയാൻ അവിടം വരെ പോകുന്നു എന്നാണ്. സോദോമിലേക്കു വന്ന രണ്ടു ദൂതന്മാരെ ലോത്ത് നഗരകവാടത്തിൽ സ്വീകരിക്കുന്നു. അവർ ലോത്തിന്‍റെ വീട്ടിലേക്ക് വന്നു. അന്നു രാത്രിയിൽ അവർ അവിടെ തങ്ങുകയാണെന്നറിഞ്ഞ് സോദോം നഗരത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ വന്നു വീട് വളയുകയാണ്. അവർ എന്താണ് പറയുന്നതെന്നോർക്കണം. വീട്ടിൽ വന്നവരുമൊത്ത് സുഖഭോഗങ്ങളിലേർപ്പെടാൻ അവരെ വിട്ടു കൊടുക്കണമെന്ന്. ലോത്ത് വീടിനു പുറത്തിറങ്ങി കതകടച്ച് അവരോട് പറഞ്ഞു, തന്‍റെ രണ്ടു പെൺകുട്ടികൾ ഇവിടെയുണ്ട്, അവരെ വിട്ടുതരേണ്ടി വന്നാലും ഈ അതിഥികളെ ഒന്നും ചെയ്യരുതെന്ന്. ഇതറിഞ്ഞ് കുപിതരായ അതിഥികൾ അവിടെ കൂടിയവരെ അന്ധരാക്കി ചിതറിച്ചു. ആ ദൂതന്മാർ ലോത്തിനെയും കുടുംബത്തെയും അവിടെ നിന്നു രക്ഷിച്ചു. ആ നഗരം കർത്താവ് നശിപ്പിക്കാൻ പോവുകയാണല്ലോ.

കർത്താവ് ആകാശത്തിൽ നിന്നു സോദോമിലും ഗൊമോറയിലും അഗ്നിയും ഗന്ധകവും വർഷിച്ചു. ആ പട്ടണങ്ങളെയും താഴ്വരകളെയും അവയിലെ നിവാസികളെയും സസ്യലതാതികളെയും അവിടുന്നു നാമാവശേഷമാക്കി. ഈ കഥയിൽ തന്നെ പ്രാചീന മനുഷ്യൻ പ്രവൃത്തിയിൽ എത്രമാത്രം അധ:പ്പതിച്ചിരുന്നുവെന്ന് വ്യക്തമാകുന്നു. കർത്താവ് ഓരോ തെറ്റിലും ഇടപെട്ട് പ്രവർത്തിക്കുകയാണ്. എന്നാൽ മനുഷ്യനു എന്തെങ്കിലും മാറ്റമുണ്ടോ? കർത്താവിനു പോലും മനുഷ്യനെ സ്വാധീനിക്കാനാവുന്നില്ല. നോവലിൽ യാക്കോബിന്‍റെ സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷപ്പെടുന്നു. അവനെ സംരക്ഷിക്കുമെന്നു ദൈവം ഉറപ്പു കൊടുക്കുന്നു. അതിനോടുള്ള പ്രതികരണം എന്നപോലെ അവൻ പ്രതിജ്ഞ ചെയ്തു: "എനിക്കു വാഗ്ദാനം തന്ന ദൈവമായ കർത്താവ് എന്നോടുകൂടെ ഉണ്ടായിരിക്കുകയും ഈ യാത്രയിൽ എന്നെ സംരക്ഷിക്കുകയും ഉണ്ണാനും ഉടുക്കാനും തരികയും പിതാവിന്‍റെ ഭവനത്തിൽ സമാധാനത്തോടെ തിരിച്ചെത്തിക്കുകയും ചെയ്താൽ കർത്താവായിരിക്കും എന്‍റെ ദൈവം. തൂണായി കുത്തിനിർത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിന്‍റെ ഭവനമായിരിക്കും.അവിടുന്ന് എനിക്ക് തരുന്നതിന്‍റെയെല്ലാം പത്തിലൊന്ന് ഞാൻ അവിടുത്തേക്ക് കാഴ്ചയായി സമർപ്പിക്കും."

യാക്കോബിന്‍റെ ഈ ചിന്ത ദൈവം അവനിൽ എത്രമാത്രം ദുർബ്ബലമായി എന്നു വ്യക്തമാക്കുന്നുണ്ട്. ദൈവം അവനെ സഹായിച്ചാൽ തിരികെ സഹായിക്കാമെന്ന്! അവനു ദൈവം കൊടുക്കുന്നതിന്‍റെ പത്തിലൊന്ന് തിരികെ കൊടുക്കുമെന്ന്! യാക്കോബിൽ നോവലിസ്റ്റ് ഇന്നത്തെ മനുഷ്യരെ കാണുകയാണ്. അവർ ആത്മാവിൽ എത്ര ദരിദ്രരാണ്. അവർ ദൈവചിന്തയെ എത്ര മലിനമാക്കിയിരിക്കുന്നു. ദൈവം വേണമെങ്കിൽ തന്നിൽ വിശ്വസിക്കട്ടെ എന്നു ചിന്തിക്കുന്നവരുണ്ട്. അവർ ദൈവത്തെ ആഹ്വാനം ചെയ്യുകയാണ്, തങ്ങളെ സംരക്ഷിക്കാൻ. സംരക്ഷിച്ചില്ലെങ്കിൽ അവർ ദൈവത്തെ തള്ളിപ്പറയും. ഇതാണ് ഇന്നത്തെ വിശ്വാസത്തിന്‍റെ അപമാനവീകരിക്കപ്പെട്ട ചിന്ത. മനുഷ്യൻ അവന്‍റെ ചിന്തയിൽ നിന്നു അകന്നു പോയിരിക്കുന്നു. അവനു സ്വന്തം പ്രതിച്ഛായയിലോ വർത്തമാനത്തിലോ വിശ്വാസമില്ല. ഉത്പത്തിക്കഥയിലെ കഥാപാത്രങ്ങളിലൂടെ ആധുനിക മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് നോവലിലുള്ളത്. വളരെ ആഴത്തിലുള്ള ഒരു ബൈബിൾ വായനയാണിത്. നാളിതുവരെയുള്ള മനുഷ്യന്‍റെ ഭൗതികപുരോഗതിക്ക് തുല്യമായ ആത്മീയ വളർച്ച ഉണ്ടായിട്ടില്ലെന്ന സൂചനയാണ് 'കുലപതികൾ' നൽകുന്നത്.കാലത്തിന്‍റെ ദൈർഘ്യത്തിൽ എല്ലാ തിന്മകളും പഴയതുപോലെതന്നെ തുടരുകയാണ്. ഒന്നും ഇല്ലാതാകുന്നില്ല. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾ ബുദ്ധിപരമായ വളർച്ചയുടെ അടയാളങ്ങളാണ്. എന്നാൽ മനുഷ്യന്‍റെ ആന്തരികാവസ്ഥ പഴയതുപോലെ തന്നെയാണ്.അഹന്തയും ക്രൂരതയും അവനെ വിട്ടൊഴിയുന്നില്ല.

ഇസ്രായേലിന്‍റെ കുലപതികളുടെ അവസാനത്തെ കണ്ണിയായ ജോസഫിന്‍റെ അന്ത്യനിമിഷങ്ങളെ വികാരതീവ്രമാക്കാൻ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. അത് കദനമാണ് പങ്കു വയ്ക്കുന്നത്. മനുഷ്യൻ മരിച്ചു, ദൈവം മരിച്ചതുപോലെ. മനുഷ്യചിന്തയിൽ ദൈവം മരിച്ചു എന്നാണ് ഫ്രഞ്ച് തത്ത്വജ്ഞാനി നീഷെ 'ദൈവം മരിച്ചു' എന്ന പറഞ്ഞതിന്‍റെ അർഥം. നീഷെയുടെ വാക്കുകൾ: God is dead.God remains dead.And we have killed him.How shall we comfort ourselves, the murderers of all murderers?

മനുഷ്യനു ദൈവത്തെ നഷ്ടപ്പെട്ടതിന്‍റെ വെപ്രാളവും ഭ്രാന്തമാണ് പിടിപെട്ടിരിക്കുന്നത്. എന്നാൽ 'കുലപതികൾ' വായിച്ചപ്പോൾ ദൈവചിന്തയിൽ മനുഷ്യൻ മരിച്ചു എന്ന പറയാൻ തോന്നി. ദൈവത്തിനു വലിയ പ്രതീക്ഷയുണ്ടായിരുന്നു, മനുഷ്യനെ സൃഷ്ടിക്കാൻ. താൻ ചിന്തിക്കുന്നത് മനുഷ്യന്‍റെ ഭാഷയിലും ബുദ്ധിയിലുമായിരിക്കുമെന്നു ദൈവം കണക്കുകൂട്ടിയിരിക്കണം. സുന്ദരമായ ഒരു സങ്കല്പമാണത്. മനുഷ്യൻ ഏറ്റവും നന്നായി പ്രാർത്ഥിക്കുമ്പോൾ ശുശ്രൂഷിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ അവിടെ ദൈവം സ്പർശത്തിലോ നോട്ടത്തിലോ രംഗപ്രവേശം ചെയ്യുന്നു. ദൈവത്തിന്‍റെ ചിരി പരക്കുന്നു.ഒരു ശലഭത്തിന്‍റെ നൈമിഷികതയിൽ ദൈവം അതാസ്വദിക്കുന്നു. എന്നാൽ മനുഷ്യനു ഈ സിദ്ധികൾ നഷ്ടപ്പെടുമ്പോൾ ദൈവചിന്തയിൽ നിന്നു അകന്നുപോകുന്നു. ഒരു തെറ്റും ചെയ്യാത്ത പാവപ്പെട്ട പ്രാണികളെ അവയുടെ ആവാസവ്യവസ്ഥയിൽ കടന്നു കയറി ജീവനോടെ പാചകം ചെയ്ത് ഭക്ഷിക്കുന്ന മനുഷ്യനോട് ആശയവിനിമയം ചെയ്യാൻ ദൈവത്തിനാവില്ല. ദൈവത്തിന്‍റെ ഭാഷ ഇവിടെ വിനിമയം ചെയ്യപ്പെടുന്നില്ല. മനുഷ്യചിന്തയുടെ ജാലകങ്ങൾ അടഞ്ഞുകിടക്കുന്നു. മനുഷ്യബോധത്തെ ഒരു തരത്തിലും ഉണർത്താൻ ദൈവത്തിനാവുന്നില്ല.

ദൈവം ഏകാന്തനാവുകയാണ്, സൃഷ്ടിയുടെ വേളകൾക്ക് ശേഷം. സൃഷ്ടി ഒരു പ്രപഞ്ചനിയമമാകയാൽ ദൈവത്തിനു അത് റദ്ദ് ചെയ്യാനാവില്ല. സൃഷ്ടിയുടെ പ്രാപഞ്ചികതയിലെ സ്വയം പ്രവർത്തനമാണത്. ദൈവചിന്തയിൽ മനുഷ്യൻ മരിച്ചതുകൊണ്ട് മൃത്യുവിനു പുതിയ മാനം നൽകിയിരിക്കുകയാണ് നോവലിസ്റ്റ്. മൃത്യു ഒരു തിരിച്ചു പോക്കാണ്. ജനിച്ചതിനു ശേഷം മനുഷ്യൻ തീവ്രമായി അന്വേഷിച്ചത് എങ്ങോട്ടാണ് മടക്കം എന്നാണ്. ഓരോ നിമിഷവും, തീക്ഷ്ണമായ ഈ ആഗ്രഹത്തെ അവൻ മറച്ചുപിടിക്കുകയാണ്. മറ്റുള്ളവരെ ദ്രോഹിക്കാതെയും ചതിക്കാതെയും ജീവിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് ഈ ആഗ്രഹം മറഞ്ഞിരിക്കുന്നതാണ് അഭികാമ്യം. ദൈവത്തിനു മറഞ്ഞിരിക്കുന്നതാണല്ലോ ആകെയുള്ള സാധ്യത. ദൈവം പ്രത്യക്ഷതയല്ല, അപ്രത്യക്ഷതയുടെ അർഥമാണ്. നാം കാണാത്തപ്പോൾ നമ്മെ കാണുന്ന കണ്ണ് നമ്മുടേതല്ല. എന്നാൽ, അങ്ങനെയൊരു കാഴ്ചയുണ്ട്. അതാണ് ദൈവത്തിന്‍റെ അപ്രത്യക്ഷതയായി മാറുന്നത്. നോവലിന്‍റെ അവസാനം ജോസഫ് ഒരു സ്വപ്നം കാണുന്നുണ്ട്. അത് അകന്നു പോയ ഒരു കണ്ണി കൂടിച്ചേരുന്ന പോലെ തോന്നും. പുതിയ ഫറവോയുടെ സേവകർ എത്തിയതറിഞ്ഞ് ജോസഫ് ഇങ്ങനെ പ്രതികരിച്ചു: 'അവർ പുറത്തു നിൽക്കട്ടെ. ഒരു മരണവാർത്ത മാത്രമേ ഇനി എന്നിൽ നിന്ന് അവർക്ക് കിട്ടാനുള്ളൂ.'ജോസഫിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിതാവിനെപ്പോലെ തനിക്ക് ദൈവദർശനം ലഭിച്ചിരുന്നെങ്കിലെന്നു ജോസഫ് ആഗ്രഹിക്കുന്നു. പിതാക്കന്മാരുടെ ദൈവം ഒരു യാഥാർത്ഥ്യമായിരുന്നു. അവർക്ക് ദൈവം കൽപ്പിച്ചു നൽകിയ ദേശത്തേക്ക് പോകാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ആ ദേശത്തേക്ക് പുറപ്പെടുമ്പോൾ, തന്നെ അനുഗമിക്കുന്നവരുടെ കൈകൾ ശൂന്യമായിരിക്കരുതെന്നും തന്‍റെ ഭൗതിക അവശിഷ്ടങ്ങൾ കരുതണമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.ഇസ്രയേൽ വംശത്തിന്‍റെ പിതാവ് നാടുവിടുകയാണ്. അപ്പോൾ പുതിയ ഫറവോ ഈജിപ്റ്റിനെ അടിമ സംസ്കാരത്തിലേക്ക് കൊണ്ടുപോകാനുള്ള തിരക്കിലായിരുന്നു. ലോകം പ്രതീക്ഷയല്ല, നിരാശയാണ് പരത്തുന്നതെന്ന ദർശനമാണ് നോവൽ അനുഭവിപ്പിക്കുന്നത്.

ഉത്പത്തി പുസ്തകത്തിലെ വിവരണത്തിൽ യാഥാർത്ഥ്യത്തിന്‍റെ മാന്ത്രികതയുണ്ട്. ജോസഫിന്‍റെ സ്വപ്നത്തെക്കുറിച്ച് ബൈബിളിൽ സൂചിപ്പിക്കുന്ന ഭാഗം ശ്രദ്ധിക്കുക. കറ്റ കെട്ടിക്കൊണ്ടിരുന്നപ്പോൾ കറ്റ എഴുന്നേറ്റു നിന്നുവെന്നും മറ്റുള്ളവരുടെ കറ്റകളെല്ലാം ചുറ്റും വന്നു ജോസഫിന്‍റെ കറ്റയെ താണു വണങ്ങിയെന്നും വായിക്കാം. സഹോദരന്മാർ ഈ സ്വപ്നത്തിന്‍റെ പേരിൽ അവനെ ശകാരിക്കുകയാണ്. ജോസഫ് തങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുമെന്നാണ് പറയുന്നതെന്നു അവർ വ്യാഖ്യാനിച്ചു. ജോസഫിന്‍റെ മറ്റൊരു സ്വപ്നം ഇതാണ്: "സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണു വണങ്ങി. അവൻ ഇത് പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശകാരിച്ചു കൊണ്ട് പറഞ്ഞു: എന്താണ് നിന്‍റെ സ്വപ്നത്തിന്‍റെ അർഥം? ഞാനും നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ നിലംപറ്റെ താണു വണണമെന്നാണോ?" ഈ സ്വപ്നവും അതിനോടുള്ള പ്രതികരണവും മാന്ത്രിക യാഥാർത്ഥ്യമാണ്. വിചിത്രമായ സ്വപ്നങ്ങൾക്ക് അവർ കണ്ടെത്തുന്ന അർഥവും മാന്ത്രികമാണ്. ഈ മാന്ത്രികതയെ ഇഴപിരിച്ചെടുത്താണ് സണ്ണി നോവലെഴുതിയിരിക്കുന്നത്. ആഴമുള്ള അനുഭവങ്ങളും കൊളുത്തി വലിക്കുന്ന ഭാഷയും ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളുമാണ് 'കുലപതികളെ' നമ്മുടെ ഭാഷയിലെ ഒരു എണ്ണം പറഞ്ഞ നോവലാക്കുന്നത്. ഈ നോവൽ കലയുടെ പേരിൽ വായിക്കപ്പെടേണ്ടത് തന്നെയാണ്. മാനവജീവിതത്തിന്‍റെ ഭാവിയിൽ വിശ്വസിക്കുന്നവരെ 'കുലപതികൾ' അർഥവത്തായ പല വഴികളിലേക്ക് തിരിച്ചുവിടാതിരിക്കില്ല.

റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോളാസ് ബെർദ്യെവ് മതപരമായ അരാജകത്വത്തെപ്പറ്റി എഴുതുന്നുണ്ട്.

മനുഷ്യൻ മറ്റൊരു മനുഷ്യന്‍റെമേൽ അധികാരം പ്രയോഗിക്കുന്നത് പാപവും തിന്മയും കൊണ്ടാണ്. എന്നാൽ മനുഷ്യനു മറ്റൊരു മനുഷ്യന്‍റെമേൽ അധികാരമില്ലാതിരിക്കുമ്പോൾ സമ്പൂർണതയാണ് സംഭവിക്കുന്നത്. ഇതാണ് അരാജകത്വം. ദൈവരാജ്യത്ത് സ്വാതന്ത്ര്യമാണുള്ളത്. അവിടെ അധികാരമില്ല. ഇതാണ് സണ്ണി വിനിമയം ചെയ്യാൻ ശ്രമിക്കുന്നത്.

പുസ്തക നിരൂപണം: എം.കെ. ഹരികുമാർ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

അമർനാഥ് തീർഥാടന സംഘത്തിന്‍റെ 5 ബസുകൾ‌ കൂട്ടിയിടിച്ചു; 36 പേർക്ക് പരുക്ക്

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ