വലംകാതിൽ ബാൻഡേജ് ചുറ്റിയ രൂപത്തിൽ വിൻസെന്‍റ് വാൻ ഗോഗ് വരച്ച സെൽഫ് പോർട്രെയ്റ്റ് 
Literature

വാൻഗോഗ്..., വലംകാതറ്റ മുറിപ്പാടിലൊരുച്ചവെയിൽ തിളയ്ക്കുന്നു

ജീവിച്ചിരുന്ന കാലത്ത് വാൻഗോഗ് എന്തുകൊണ്ട് അംഗീകരിക്കപ്പെട്ടില്ല എന്ന ലോകമനഃസാക്ഷിയുടെ ചോദ്യത്തിന് മനഃശാസ്ത്രപരമായ കണ്ടെത്തലുകൾ നോവലിലുണ്ട്. സ്വയം ചെവി മുറിച്ചവൻ എന്ന മിത്തും ഇവിടെ നിഷേധിക്കപ്പെടുന്നു.

എൻ.കെ. ഷീല

വൈകി കിട്ടുന്ന നീതി, നീതിനിഷേധം തന്നെയാണെന്ന് ലോക കലാകർണങ്ങളിൽ, മനഃസാക്ഷിയിൽ ഒക്കെത്തന്നെ ഉറക്കെ കേൾപ്പിക്കുന്ന ജീവിത കഥയാണ് ഡച്ച് ചിത്രകാരനായ വിൻസെന്‍റ് വാൻഗോഗിന്‍റേത്. വർത്തമാനം എത്രത്തോളം ആ ചിത്രകാരനെ അവഗണിച്ചു എന്നളക്കാൻ ആ ജീവിതം ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതയുടെ നിഴൽപ്പാടുകൾ മാത്രം മതി. ഈ നിഗൂഢതയുടെ ആഴമാണ് വാൻഗോഗിന്‍റെ മരണശേഷം അദ്ദേഹം വരച്ച ചിത്രങ്ങളോടൊപ്പം ആ വ്യക്തിജീവിതവും ഗൗരവമുള്ള കലാ വിഷയമാക്കി മാറ്റിയത്. ചിത്രം കൊണ്ട് ചിത്രകാരനെയും ചിത്രകാരനെ കൊണ്ട് ചിത്രത്തെയും ചിന്താലോകം നിർവചിക്കുന്ന അസുലഭ മുഹൂർത്തങ്ങൾക്ക് പിന്നെ കാലം സാക്ഷ്യപ്പെടുകയായിരുന്നു.

1914 ൽ പുറത്തു വന്ന 'തിയോയ്ക്ക് വിൻസന്‍റ് എഴുതിയ കത്തുകൾ' എന്ന പുസ്തകം, 'ബെർണാദത്തെ മർഫി' യുടെ 'വാൻ ഗോസ് ഇയർ' എന്ന കൃതി, ഹാൻസ് കഫ്മാൻ, റീത്ത വൈൽഡ് ഗാർസ് എന്നീ ജർമൻ കലാചരിത്രകാരന്മാർ ചേർന്നെഴുതിയ 'വാൻഗോയുടെ ചെവി: പോൾ ഗോഗിനും മൗനത്തിന്‍റെ സഖ്യവും', ഇർവിങ് സ്റ്റോൺ എഴുതിയ 'ലസ്റ്റ് ഫോർ ലൈഫ്' എന്ന നോവൽ, അതേ പേരിലെടുത്ത ചലച്ചിത്രം ഇവയൊക്കെ നിഗൂഢത വീഴ്ത്തിയ ചുളിവുകളെ പല തരത്തിൻ നിവർത്തി വായിക്കാൻ ശ്രമിക്കുന്നവയാണ്.

ഇരുപത്തൊന്നേകാൽ നൂറ്റാണ്ടിലെത്തിയിട്ടും 'ആന്തരികതയിൽ അപ്രത്യക്ഷനായ വിൻസന്‍റ് വാൻഗോഗിനെ വീണ്ടെടുക്കാൻ' എന്ന താക്കോൽ വാചകത്തോടെ ഒരു നോവൽ 'വാൻഗോഗിന്' എം.കെ. ഹരികുമാർ എഴുതുന്നു. തീരാത്ത കൗതുകത്തോടെ എം.കെ. ഹരികുമാറിന്‍റെ നോവലിലേക്ക് വായനക്കാർ പ്രവേശിക്കുന്നത് ഇനിയും പൂരണം ചെയ്യാത്ത ആകാംക്ഷകളുടെ സന്തർപ്പണം തേടിയാണ്.

വാൻഗോഗിന് | നോവൽ | എം.കെ. ഹരികുമാർ

19-ാം നൂറ്റാണ്ടു മുതൽ കുറ്റബോധത്തിന്‍റെ ആണിയിട്ട് ലോക മനഃസാക്ഷിയുടെ ഇൻസെറ്റിൽ കൊളുത്തിയിട്ട ഒരു വാൻഗോഗിയൻ ചിത്രമുണ്ട്. അതുണർത്തുന്ന ആകാംക്ഷകളുണ്ട്. ആരിലും സങ്കടമുണർത്തുന്ന തിക്താനുഭവങ്ങളുടെ ഓർമപ്പെടുത്തലുകളുണ്ട്. അവയ്ക്കകത്തുനിന്ന് നോവലിസ്റ്റിന്‍റെ ഭാവനാധികാരത്തിൽ നടത്തുന്ന യുക്തിഭദ്രമായ പൊളിച്ചെഴുത്താകാൻ 'വാൻഗോഗിന്' എന്ന നോവലിന് കഴിയുന്നുണ്ടോ? ബയോ നോവലുകളുടെ വായനയിൽ സാധാരണ പിന്തുടരുന്ന ഇത്തരം ചില ചോദ്യാവലികളുമായാണ് വാൻഗോഗിന് എന്ന നോവലിലേക്ക് പ്രവേശിക്കുന്നത്.

ഈ സമയം, ഞാൻ എന്നാണ് വാൻഗോഗിനെക്കുറിച്ച് ആദ്യം അറിഞ്ഞത് എന്ന് വെറുതെ ഓർത്തു പോയി. സൂര്യകാന്തിപ്പൂക്കളുടെ പുറഞ്ചട്ടയുള്ള നോട്ട് പുസ്തകത്തിലാണ് വിൻസന്‍റ് വാൻഗോഗിനെ ഞാൻ ആദ്യമറിയുന്നത്.

"Normality is a paved road, it is comfortable to walk,but no flowers grow on it" എന്ന വാൻഗോഗിന്‍റെ വചനം ഏതൊരു സാധാരണക്കാരനും കഷ്ടതകളെ മറികടക്കാനുള്ള മനക്കരുത്തായി ഉപയോഗപ്പെടുത്താമെന്ന് പിന്നീട് കണ്ടെത്തി.

"ഇല്ലനുകർത്താവിനില്ല തൻ ജീവിത

വല്ലരിയിൽപൂവിരിഞ്ഞു കാണാൻവിധി"

എന്ന് അക്കിത്തത്തെ വായിച്ചപ്പൊഴും വാൻഗോഗിന്‍റെ സൂക്തം സ്വാഭാവികമായും ചേർത്തോർത്തിരുന്നു. വാൻഗോഗ് വരച്ച ചിത്രങ്ങൾക്കപ്പുറം ഏതൊരു മനഃസാക്ഷിയെയും മഥിക്കുന്ന ഒരു വാൻഗോഗിയൻ രൂപം ഉള്ളിലെപ്പൊഴൊ പതിഞ്ഞു. അതിങ്ങനെ:- അംഗീകാരത്തിന്‍റെ പ്രകാശം വീഴാത്ത പാതയിലൂടെ നിരാശയുടെ പടുകുഴിയിൽ വീഴാതെ, ഭ്രാന്തിന്‍റെ നേർത്ത വരമ്പിൽ, ചെവിയിൽ ചോരവാർന്നൊലിച്ചു പായുന്ന ഒരു ക്രൂശിത രൂപം, അനുനയിക്കാൻ ആത്മാർഥതയുടെ ആൾരൂപം പോലൊരു കൂടപ്പിറപ്പ് - കലയ്ക്ക് കാവൽ നിന്ന കാവലാൾ. ഇതാണ് 19-ാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ വിൻസന്‍റ് വാൻഗോഗിനെക്കുറിച്ച് പലരുടെയും എന്ന പോലെ എന്‍റെ മനസിലുമുള്ള ചിത്രം.

ജീവിച്ചിരുന്ന കാലത്ത് ഒരേയൊരു ചിത്രം - 'ദ റെഡ് വിനിയാർഡ്' എന്ന ഓയിൽ പെയ്ന്‍റിങ് - മാത്രം വിറ്റു പോയി. ദാരിദ്ര്യം, മാനസികരോഗം, പ്രണയനൈരാശ്യം, ലൈംഗിക രോഗം എന്നിവ കൈമുതലായവൻ. സോഷ്യൽ കോഷ്യന്‍റ്, ഇമോഷണൽ കോഷ്യന്‍റ് എന്നിവയില്ലാത്തവൻ. സ്വന്തം ചെവി മുറിച്ച് പ്രണയിനിക്ക് കൊടുത്ത് ഭ്രാന്ത് ആഘോഷിച്ചവൻ.... 37ാം വയസിൽ ആത്മഹത്യയിൽ ഒടുക്കം. ഇതിനിടയിലെ 10 വർഷത്തെ സജീവമായ ചിത്രരചനയിൽ പിറന്നുവീണ മഹത്തായ രചനകൾ. മഹത്തരമെന്നു വാഴ്ത്താൻ ലോകം കലാകാരന്‍റെ വാഴ്‌വ് തന്നെ വാങ്ങിയെടുത്ത ക്രൂരത. ഇതാണ് ഒന്നര നൂറ്റാണ്ടു കേട്ടു തഴമ്പിച്ച വാൻഗോഗിയൻ ജീവിത ചിത്രം.

സൂര്യകാന്തിപ്പാടം- വാൻഗോഗിന്‍റെ പെയ്ന്‍റിങ്

എം.കെ. ഹരികുമാർ തന്‍റെ നോവലിന്‍റെ മുഖവുരയിൽ പറയുന്നു. "അവനവനോട് സത്യസന്ധനാകാൻ വിധിക്കപ്പെട്ട ഒരു കലാകാരൻ എങ്ങനെയാണ് വ്യവസ്ഥാപിത കൗശലങ്ങൾക്ക് പുറത്താകുന്നതെന്ന് ഈ വാൻഗോഗ് കാണിച്ചു തരും."

ജീവിച്ചിരുന്ന കാലത്ത് വാൻഗോഗ് എന്തുകൊണ്ട് അംഗീകരിക്കപ്പെട്ടില്ല എന്ന ലോകമനഃസാക്ഷിയുടെ ചോദ്യത്തിന് മനഃശാസ്ത്രപരമായ കണ്ടെത്തലുകൾ നോവലിലുണ്ട്. വാൻഗോഗ് മരിച്ചിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളു, ഇതാണ് നോവലിന്‍റെ സമയം. നോവലിനുള്ളിലെ സാങ്കൽപ്പികക നോവലിസ്റ്റ് - തിയോഡർ, വാൻഗോഗിനെക്കുറിച്ചുള്ള ചില അസാധാരണ റിപ്പോർട്ടുകൾ തേടിപ്പിടിച്ച് വായനക്കാർക്കു മുന്നിൽ വയ്ക്കുന്നു. തിയോഡർ സമാഹരിക്കുന്ന കുറിപ്പുകളുടെ രൂപത്തിലാണ് നോവൽ. അതിനായി നോവലിസ്റ്റ് തെരഞ്ഞെടുത്ത സമയം പ്രധാനമാണ്. "എല്ലാവരും കഴിഞ്ഞതെല്ലാം തിരുത്തിപ്പറയുകയാണ്"- വാൻഗോഗിന്‍റെ മരണത്തിനു ശേഷം ജനങ്ങളുടെ പ്രതികരണത്തെ കുറിച്ച് നിക്കോളാസ് വിൽഹെം എന്ന റിപ്പോർട്ടറുടെ കുറിപ്പാണിത്. ആറടി മണ്ണിലേക്കൊതുങ്ങുമ്പോൾ ഇത്തിരിയിൽ നിന്ന് ഒത്തിരി വളരുന്ന മനുഷ്യരുണ്ട്. അസൂയയെന്ന ഹോർമോൺ ബാധ കൊണ്ട് തടയിട്ടു നിർത്തിയ വളർച്ച മരണത്തോടെ അനാവൃതമാകുന്നു. ജീവിച്ച കാലത്ത് ഒരേ ഒരു ചിത്രം വിറ്റു പോയ കലാകാരൻ നൂറ്റാണ്ടുകൾക്കിപ്പുറം കലാലോകത്ത് ചർച്ചയാകുന്നതിന്‍റെ പൊരുൾ ഈ നോവൽ വെളിപ്പെടുത്തുന്നു.

നോവലിന് കണ്ടെത്തിയ സമയം പോലെ തന്നെ പ്രധാനമാണ്, റിപ്പോർട്ട് സമർപ്പിക്കുന്ന വ്യക്തികളും. അവർക്ക് വാൻഗോഗുമായുള്ള ബന്ധം നോവലിന്‍റെ സൂക്ഷ്മത വർധിപ്പിച്ച് വൈകാരികതയ്ക്ക് ആഴം കൂട്ടുന്നു. 130 വർഷം ചർച്ച ചെയ്തിട്ടും ഒരു സമസ്യയായി നിൽക്കുന്ന കലാകാരന്‍റെ ജീവിത നിഗൂഢതയിൽ വായനക്കാർ ഒരിക്കൽക്കൂടി മുങ്ങി നിവരുന്നു. ഒപ്പം വാൻഗോഗിനെ രൂപപ്പെടുത്തിയ അനുഭവപരിസരം ഒരു നൊമ്പരമായി എഴുന്നു വരുന്നു.

ഉരുളക്കിഴങ്ങ് കുട്ട - വിൻസെന്‍റ് വാൻഗോഗ്

ജീവചരിത്രം നോവലാക്കുമ്പോൾ കഥാബാഹുല്യം ഏതൊരു നോവലിസ്റ്റിനെയും കുഴപ്പിക്കുന്ന ഒന്നാണ്. ഇവിടെ 37 വർഷം ജീവിച്ച വാൻഗോഗ് ഒരു നൂറ്റാണ്ട് ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. ഈ അനുഭവ പ്രളയത്തിൽ നിന്ന് നോവലിസ്റ്റ് എന്തു തെരഞ്ഞെടുക്കുന്നു എന്നിടത്താണ് എഴുത്തുകാരന്‍റെ ക്രിയാത്മകത. വാൻഗോഗ് സ്വയം വെടിവച്ചു മരിച്ചു എന്ന കാര്യം നോവലിസ്റ്റും അംഗീകരിക്കുന്നു. എന്നാൽ, വാൻഗോഗ് തന്‍റെ ചെവി സ്വയം മുറിച്ച് കാമുകിക്ക് കൊടുത്തുവെന്ന, കാലത്താൽ തഴമ്പിച്ച രഹസ്യത്തെ ചുരണ്ടിമാറ്റുകയെന്നതാണ് നോവലിസ്റ്റ് തന്‍റെ രചനാലക്ഷ്യമായി കണുന്നത്. അതിലേക്ക് ഉചിതമായ കോപ്പുകൂട്ടുന്നതിൽ നോവലിസ്റ്റിന്‍റെ വിവേചന ബുദ്ധി സഹായിച്ചിട്ടുണ്ട്. എന്നാൽ, രചനാലക്ഷ്യത്തിലല്ല, അതിലേക്കുള്ള പ്രയാണത്തിലാണ് നോവലിന്‍റെ ചാരുത പ്രകടമാകുന്നത്.

"തോന്നിയിടത്ത് തോന്നിയപോലെയാണ് ഒരു വാൻഗോഗ് ദിനം ഒടുങ്ങുക. അതിന് പിറ്റേ ദിവസം അതു തന്നെ ആവർത്തിക്കും. ആവശ്യപ്പെട്ടത് കണ്ടെത്താൻ കഴിയാത്തവനെപ്പോലെ ധൃതിയിൽ നടന്നു പോകും"-

വാൻഗോഗ് എന്ന തികച്ചും കലാകാരനായ വ്യക്തിയെ വരച്ചിട്ട വാക്കുകൾ.

"പ്രാണനു വേണ്ടി നിലവിളിക്കുമ്പോൾ ഏതൊരുവനും ഭ്രാന്തനായി മാറും", സ്വന്തം ഭ്രാന്തിനെക്കുറിച്ച് തന്നെ സന്ദർശിച്ച കച്ചവടക്കാരനായ കലാനിരൂപകനോട് വാൻഗോഗ് കയർത്തു പറഞ്ഞത്, ചികിത്സിച്ച ഡോക്ടറുടെ ഓർമയിലൂടെ നോവലിൽ ചേർക്കുന്നു.

വിൻസെന്‍റ് വാൻഗോഗിന്‍റെ പ്രശസ്തമായ സ്റ്റാറി നൈറ്റ്

വാൻഗോഗ് അവതരിപ്പിച്ച പോസ്റ്റ് ഇംപ്രഷനിസം എന്ന ചിത്രകലാരീതിയെ സൂചിപ്പിക്കാൻ നോവലിസ്റ്റ് നടത്തുന്ന തെരഞ്ഞെടുപ്പ് നോക്കുക-

"എന്‍റെ രൂപങ്ങളിൽ, ചിത്രങ്ങളിൽ ഞാൻ മാത്രമേയുള്ളൂ. അത് എന്‍റെ തന്നെ മറ്റൊരു ആഖ്യാനമാണ്."

"ഒഴിഞ്ഞ ചുമരുകളിൽ തന്നിഷ്ടം കോറിയിടാൻ നോക്കിയപ്പോഴാണ് ഞാൻ ചിത്രകാരനായത്."

"ഒരാൾക്ക് സ്വയം ഒരു സ്ഥിരീകരണം വേണ്ടി വരുകയാണെങ്കിൽ, അയാൾ ഉള്ളിലെ വികാരങ്ങൾ പുറത്തു കേൾക്കെ പറഞ്ഞു നോക്കുന്ന പോലെയാണിത്."

വാൻഗോഗിയൻ ചിത്രകലയുടെ ആത്മാവ് കണ്ടെത്തുന്ന സൂചകങ്ങളാകുന്നു തെരഞ്ഞെടുത്ത ഈ ഭാഷണങ്ങൾ.

എഴുത്തിന് കാൽപ്പനിക ചാരുത നൽകി ആകർഷകമാക്കുന്ന പ്രധാന കരുവാണ് പ്രണയം. കീ എന്ന വിധവ, പൂർണി എന്ന അഭിസാരിക, റേച്ചൽ എന്ന സ്നേഹിത ഇങ്ങനെ മൂന്നു പ്രണയങ്ങൾ വാൻഗോഗിന്‍റെ ജീവിതത്തിൽ കടന്നുവരുന്നത് നോവലിൽ എടുത്തു ചേർക്കുന്നു. ആ പ്രണയത്തെ ദുഃഖസാന്ദ്രമാക്കാൻ, "എനിക്ക് സ്നേഹം തരാനേ അറിയൂ, ശരീരിക ബന്ധത്തിനു എനിക്കു കഴിവില്ല" എന്ന വാൻഗോഗിന്‍റെ വചനത്തിന് കരുത്തുണ്ടെന്ന് നോവലിസ്റ്റ് തിരിച്ചറിയുന്നു. വാൻ ഗോഗിയൻ ചിത്രത്തിലെ 'മഞ്ഞ' ആ പ്രത്യുത്പാദനരാഹിത്യത്തിന്‍റെ പ്രതിപാദനമാണെന്ന് സുഹൃത്തായ കലാകാരൻ ഗോഗിന്‍റെ സാക്ഷ്യപ്പെടുത്തൽ നോവലിൽ ചേർക്കുന്നുണ്ട്.

പോൾ ഗൊഗെയ്ന്‍റെ സെൽഫ് പോർട്രെയ്റ്റ്

ലാറ്റിൻ ഭാഷ പഠിക്കില്ല എന്ന് വാൻഗോഗ് ശഠിച്ചത് കീയോടുള്ള പ്രേമ പരാജയംകൊണ്ടെന്ന ഒരു കണ്ടെത്തലുണ്ട് നോവലിൽ. "ഒരാളോടുള്ള ഹൃദയം നിറഞ്ഞ സ്നേഹം പോലും വിനിമയം ചെയ്യാൻ പറ്റാത്ത വാക്കുകൾ എന്തിനാണ്"’ എന്ന് വാൻഗോഗ് പറയുന്നു. ("ഇന്നു ഭാഷയത പൂർണമിങ്ങഹോ" എന്ന് ആശാൻ പറഞ്ഞതുപോലെ) പ്രണയ പരാജയങ്ങൾ ചിത്രങ്ങളായി പരിണമിക്കുന്ന രാസവിദ്യയാണ് വാൻഗോഗിൽ കാണുക.

കാമുകിയും അഭിസാരികയുമായ ഹൂർണിയോട് വാൻഗോഗ് പറയുന്ന കലാരഹസ്യങ്ങൾ നോവലിൽ കടന്നുവരുന്നു. പ്രണയ നഷ്ടത്തെയും നിശ്ചലതയുടെ നിമിഷങ്ങളെയും ചേർത്തുവയ്ക്കാനാണ് വാൻഗോഗ് ഷൂകളുടെ ചിത്രം വരച്ചത്. ചലിക്കുന്ന വസ്തുവിൽ നിശ്ചലതയായി രമിക്കുന്ന മൃത്യു എന്ന സങ്കൽപ്പം ബെൽജിയത്തിലെ ഖനിത്തൊഴിലാളികൾക്കിടയിൽ പ്രബോധകനായി കഴിച്ചു കൂട്ടിയ കാലത്ത് ഉരുവം ചെയ്തു. ഉരുളക്കിഴങ്ങുകുട്ട, ദി നൈറ്റ് കഫേ എന്നിവയിലെല്ലാം മരണമെന്ന സമസ്യ കടന്നു വരുന്നു. നക്ഷത്രചർച്ചിതമായ രാത്രി വരയ്ക്കുമ്പോൾ എന്‍റെ വലതുവശത്തെ ചെവി ഛേദിക്കപ്പെട്ടിരുന്നു. 'പതിതരോടും സ്നേഹം ലഭിക്കാത്തവരോടുമുള്ള ഐക്യദാർഢ്യമാണ് എന്‍റെ വര'- വാൻഗോഗിന്‍റെ ചിത്രങ്ങളെ സാകൂതം പിൻതുടരുന്ന ഭാഗങ്ങൾക്ക് കലാനിരൂപണത്തിന്‍റെ ഗരിമയുണ്ട്.

വാൻഗോഗ് സ്വന്തം ചെവി മുറിച്ച് കാമുകിക്ക് കൊടുത്തുവെന്ന നുണ തിരുത്തി പറയുകയാണ് നോവലിന്‍റെ ലക്ഷ്യമായി കാണുന്നത്. (വാൻഗോഗ് ചെവി സ്വയം മുറിച്ചതല്ലെന്നും ചെവി മുറിച്ചിട്ടേയില്ലന്നും പല വാദങ്ങളും മുൻപേ ഉന്നയിക്കപ്പെട്ടിട്ടുള്ളതു തന്നെ). കാലത്താൽ തഴമ്പിച്ച നുണ ചുരണ്ടി മാറ്റുന്നതിന് വിശ്വാസ്യമായ ഉപാധികൾ എഴുത്തുകാരൻ തേടിയിട്ടുണ്ട്. വാൻഗോഗും പോൾ ഗോഗിൻ എന്ന പ്രശസ്ത ചിത്രകാരനും തമ്മിലുള്ള സവിശേഷ സൗഹൃദത്തെ അതിനായി നോവലിസ്റ്റ് തിരഞ്ഞെടുക്കുന്നു.

വാൻ ഗോഗിന്‍റെ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്ന്

പ്രണയത്തെ കാവ്യ പ്രചോദനമായി കണ്ട വാൻഗോഗ് അനുഭവിച്ചിരുന്ന ശരീരികമായ ഷണ്ഡത്വം, കീ, ഹൂർണി, റേച്ചൽ എന്നീ കാമുകിമാരെപ്പോലെ ഗോഗിനും മനസിലാക്കിയിരുന്നു. അതു കൊണ്ടാണ് റേച്ചൽ എന്ന പൊതു സുഹൃത്ത് ഈ കലാ സുഹൃത്തുകൾക്കിടയിൽ അകൽച്ചയുടെ കരുവാകുന്നത്. ആ മാനസിക സംഘർഷം ഉന്മാദത്തിന്‍റെ ഒരു നിമിഷത്തിൽ വാൾ പയറ്റി വാൻഗോഗിന്‍റെ ചെവി മുറിക്കാൻ ഗോഗിനെ പ്രേരിപ്പിക്കുന്നു. ഒരേ സ്ത്രീയെ കലാപ്രചോദനത്തിനുള്ള ഉപാധിയായി കണ്ട രണ്ടു കലാകാരന്മാരുടെ വൈകാരിക സംഘർഷത്തിന്‍റെ നൈമിഷികമായ ബാഹ്യപ്രകടനമായിട്ടാണ് വാൻഗോഗിന്‍റെ ചെവിയറുത്ത സംഭവത്തെ നോവലിസ്റ്റ് കാണുന്നത്. ആ നിഗമനം സയുക്തികം ബോധ്യപ്പെടുത്താൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.

ഉന്മാദത്തിന്‍റെ 'സൂര്യകാന്തിപ്പൂക്കളും' വിഷാദത്തിന്‍റെ 'ഉരുളക്കിഴങ്ങുകുട്ടയും' അടക്കം വാൻഗോഗ് ഭാവനചെയ്ത എത്രയോ ചിത്രങ്ങൾ.... വരകളിലും വർണങ്ങളിലും സ്വയം പകർന്നു സാന്ത്വനം തേടിയ ആ കലാജീവിതത്തെ ആദരപൂർവം അവതരിപ്പിക്കുന്ന ബയോനോവലാകുന്നു എം.കെ. ഹരികുമാറിന്‍റെ 'വാൻഗോഗിന്' എന്ന കൃതി.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി