ഒഎൻവിയും എംബിഎസും തീർത്തത് വാഗർഥ ഭാവരാഗലയങ്ങൾ; വി.ടി. മുരളി
വടകര: ഒഎൻവി എന്ന കവിയും എം.ബി. ശ്രീനിവാസൻ എന്ന സംഗീതജ്ഞനും ഒന്നിച്ചപ്പോൾ അപൂർവ ചാരുതയുള്ള ഗാനങ്ങൾ പിറന്നുവെന്നും അവ മലയാള ചലച്ചിത്ര സംഗീതശാഖയ്ക്ക് ലഭിച്ച അസുലഭസൗഭാഗ്യമാണെന്നും ഗായകനും ഗ്രന്ഥകാരനുമായ വി.ടി. മുരളി പറഞ്ഞു.
വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ പ്രതിമാസ പരിപാടിയായ അക്ഷരനിർഝരിയിൽ ഒഎവി - എംബിഎസ് : ഒരു വട്ടംകൂടി എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു സംഗീത ഗവേഷകൻ കൂടിയായ മുരളി.
ഒഎൻവി ശൃംഗാരാദിരസങ്ങൾ ആ വിഷ്കരിക്കുമ്പോൾ മിതത്വവും കൈയടക്കവും പാലിച്ചു. എംബിഎസാകട്ടെ വരികൾക്ക് അന്യാദൃശമായ ദൃശ്യസാംഗത്യമേകി. ഇരുവരും പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരായിരുന്നു.
ചടങ്ങിൽ പയസ്വിനിയുടെ പ്രസിഡണ്ട് എൻ. രാധാകൃഷൻ അധ്യക്ഷത വഹിച്ചു. ടി. പ്രമോദ് സ്വാഗതവും കെ.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.