ഇനി യുഡിഎഫ്; കൈ പിടിച്ച് കേരളം
പി.ബി ബിച്ചു
തിരുവനന്തപുരം: പത്ത് വർഷത്തെ ഇടത് ഭരണത്തിനൊടുവിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫിന്‍റെ കൈ പിടിച്ച് കേരളം. തുടർ ഭരണമുണ്ടാകുമെന്നുറച്ച് പ്രചാരണം നടത്തിയ എൽഡിഎഫിനും ക്യാപ്റ്റൻ പിണറായി വിജയനും ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ വൻ തിരിച്ചടി നൽകിയപ്പോൾ മധ്യകേരളത്തിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് (എം) ഒരു പ്രതിനിധിപോലും നിയമസഭയിലില്ലാത്ത ചരിത്രത്തിലേറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി.102 സീറ്റിന്‍റെ ചരിത്ര വിജയം സമ്മാനിച്ചാണ് കേരള ജനത യുഡിഎഫിനെ നെഞ്ചോട് ചേര്‍ത്തത്. മഞ്ചേശ്വരം മുതല്‍ പാറശാലവരെ വീശിയടിച്ച തരംഗത്തില്‍ സിപിഎം നിയന്ത്രിച്ച കപ്പൽ നടുക്കടലിൽ മുങ്ങിത്താഴ്ന്നു, 35 സീറ്റുകളുമായി ക്യാപ്റ്റനും സംഘവും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. നേമത്തെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം അവകാശവാദങ്ങളെ പൊളിച്ചടുക്കി എൻഡിഎ നേമത്തടക്കം മൂന്ന് മണ്ഡലങ്ങളിൽ ജയിച്ച് കയറി.
വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ അഞ്ച് ജില്ലകളിലെ എല്ലാ സീറ്റുകളും നേടി യുഡിഎഫ് അപൂർവമായ നേട്ടം കരസ്ഥമാക്കിയപ്പോൾ കാസർഗോഡ് , കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ സീറ്റൊഴികെ ബാക്കിയുള്ള സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ യുഡിഎഫ് അവകാശപ്പെട്ട നൂറ് എന്ന മാന്ത്രിക സംഖ്യ കടന്നാണ് ഭരണത്തിലേക്ക് മടങ്ങിവരുന്നത്. ചരിത്രത്തില്‍ ഇന്നോളം കാണാത്ത കനത്ത തിരിച്ചടിയാണ് കേരളം ഇടത് മുന്നണിക്ക് നല്‍കിയത്. ധർമടത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി.പി അബ്ദുൾ റഷീദിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഷ്ടിച്ച് കടന്നുകൂടിയപ്പോള്‍, മത്സരിച്ച 19 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടു. പി .രാജീവ്, എം.ബി രാജേഷ്, വീണ ജോര്‍ജ്, വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, ആര്‍.ബിന്ദു, കെ.ബി ഗണേഷ്‌കുമാര്‍, രാമചന്ദ്രന്‍ കടന്നപള്ളി, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ജെ. ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍ എന്നീ മന്ത്രിമാരാണ് പരാജയം നുണഞ്ഞത്.
ഇതോടെ ചേരാനിരുന്ന മന്ത്രിസഭായോഗം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിയും നൽകി. കണ്ണൂരിലെ വസതിയിൽ നിന്നും പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കെത്തിയേക്കും. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം യുഡിഎഫ് നേതാക്കൾ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിനുള്ള കാര്യങ്ങൾ നീക്കും. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ നടക്കും. തീരുമാനമായ ഉടൻ സത്യപ്രതിജ്ഞയും വകുപ്പ് വിഭജനവും ഉണ്ടാകുമെന്നാണ് നിലവിലെ തീരുമാനം.
യുഡിഎഫിലെ പ്രമുഖരായ വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എന്നിവർ ജയിച്ച് കയറിയപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്ന് നിയമസഭയില്‍ എത്തുന്നത്. 85,327 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. അമ്പതിനായിരം കടന്ന് ചാണ്ടി ഉമ്മനും ആര്യാടൻ ഷൗക്കത്തും ആണ് കോൺഗ്രസിലെ ഭൂരിപക്ഷത്തിൽ പുതു റെക്കോർഡുകൾ നേടിയവർ. ഘടക കക്ഷി നേതാക്കളായ മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, അനൂപ് ജേക്കബ്, കെ.കെ രമ, മാണി.സി കാപ്പന്‍, തുടങ്ങിയവര്‍ വിജയം കുറിച്ചു. പിണറായി വിജയനെ വെല്ലുവിളിച്ച് പുറത്തുവരികയും യുഡിഎഫ് പിന്തുണയോടെ മത്സര രംഗത്തിറങ്ങുകയും ചെയ്ത ജി സുധാകരന്‍ അമ്പലപ്പുഴയില്‍ നിന്നും വി കൃഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ നിന്നും ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നും വിജയിച്ചു കയറിയത് സിപിഎമ്മിന് തോല്‍വിയെക്കാള്‍ കനത്ത പ്രഹരമായതോടെ തിരുത്തലിനൊരുങ്ങുകയാണ് നേതൃത്വം. ഇടത് മുന്നണിയിൽ സിപിഐയും ആർജെഡിയും മാത്രമാണ് നിയമസഭയിലേക്ക് അംഗങ്ങളെ ജയിപ്പിച്ചത്.എൻഡിഎയിൽ ട്വന്‍റി ട്വന്‍റിയും ബിഡിജെഎസുമെല്ലാം പതിവ് പോലെ തകർന്നടിഞ്ഞു.