പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ: സിപിഎം സ്ഥാനാർഥിക്ക് ജയം
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം സ്ഥാനാർഥിക്ക് ജയം. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ. നിഷാദാണ് ജയിച്ചത്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് മൊട്ടമ്മലിൽ നിന്നാണ് ജയിച്ചത്.
പത്രിക നൽകിയതിന് ശേഷമാണ് കേസിൽ വിധി വന്നത്. അതിനാൽ മത്സരിക്കാൻ തടസമുണ്ടായിരുന്നില്ല. കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ വിധിച്ചത്. എന്നാൽ പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. നിഷാദിന്റെ അഭാവത്തിൽ സിപിഎം പ്രവർത്തകരാണ് വോട്ടുതേടിയിറങ്ങിയത്.
ഇവിടെ ഡമ്മി സ്ഥാനാർഥിയായി പത്രിക നൽകിയ സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം എം.ഹരീന്ദ്രൻ പത്രിക പിൻവലിച്ചിരുന്നില്ല. നിഷാദിന് മത്സരിക്കാൻ തടസ്സമുണ്ടായാൽ സ്ഥാനാർഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. നിഷാദ് 16 കേസുകളിൽ പ്രതിയാണ്.