ഇന്ത്യൻ ഫുട്ബോൾ ടീമിലെ കരുത്തുറ്റ ഡിഫൻഡർ, നിലമ്പൂരിൽ യു. ഷറഫലിയെ കളത്തിലിറക്കി എൽഡിഎഫ്

 
Election

ഇന്ത്യൻ ഫുട്ബോളിലെ കരുത്തുറ്റ ഡിഫൻഡർ, നിലമ്പൂരിൽ എൽഡിഎഫ് പ്രതിരോധത്തിനും ഇനി ഷറഫലി

സ്വതന്ത്ര സ്ഥാനാർഥിയായാണ് യു. ഷറഫലി മത്സരിക്കുന്നത്

Manju Soman

മലപ്പുറം: സിപിഎം സ്ഥാനാർഥി പട്ടികയിലെ താരസാന്നിധ്യമായി ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം യു. ഷറഫലി. നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് ഷറഫലി നിയമസഭയിലേക്ക് ജനവിധി തേടുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായാണ് യു. ഷറഫലി മത്സരിക്കുന്നത് എന്ന് എം.വി. ഗോവിന്ദൻ അറിയിച്ചു.

അരീക്കോട് സ്വദേശിയായ ഷറഫലി കോഴിക്കോട് സർവകലാശാലാ ടീമിൽ കളിച്ചുകൊണ്ടാണ് ഫുട്ബോൾ ജീവിതം ആരംഭിച്ചത്. കേരള ഫുട്ബോൾ ടീമിലെ കരുത്തുറ്റ ഡിഫൻഡറായിരുന്ന അദ്ദേഹം 1985 മുതൽ 1995 വരെ പത്തു വർഷക്കാലം കേരള ടീമിനായി ബൂട്ട് കെട്ടി.

വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ തുടങ്ങിയവർ ഉൾപ്പെട്ട കേരളത്തിന്‍റെ സുവർണ കാലഘട്ടത്തിലെ പ്രധാനതാരമായിരുന്നു അദ്ദേഹം. ഇന്ത്യൻ ഫുട്ബോളിലെ തന്നെ മികവുറ്റ ക്ലബ്ബായി കേരള പൊലീസ് വിരാജിക്കുന്ന കാലത്ത് അതിലെ സുപ്രധാന കണ്ണിയായിരുന്നു ഷറഫലി.

കേരള പൊലീസ് ടീമിലെയും കേരള ടീമിലെയും മിന്നും പ്രകടനമാണ് ഷറഫലിയെ ദേശീയ ടീമിൽ എത്തിച്ചത്. 1993-ൽ നടന്ന സൂപ്പർ സോക്കർ സീരീസിൽ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു.

1994-ൽ ദക്ഷിണ കൊറിയയിലും ഹോങ്കോങ്ങിലുമായി നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബെയ്‌റൂട്ടിനെതിരേ ഇന്ത്യക്കായി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല കേരള പൊലീസ് ‌ടീമിന്‍റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു.

2023ൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റായി നിയമിതനായി. തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതിന്‍റെ ഭാഗമായി അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു. മലബാർ സ്പെഷ്യൽ പൊലീസിൽ 12 വർഷം അസിസ്റ്റന്റ് കമാൻഡന്റായി പ്രവർത്തനമനുഷ്ഠിച്ചു. റാപ്പിഡ്‌ റസ്‌പോൺസ്‌ റസ്‌ക്യൂ ഫോഴ്‌സ്‌ (ആർആർആർഎഫ്‌) കമാൻഡന്റായാണ് വിരമിച്ചത്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്