ആരാകും മുഖ്യമന്ത്രി; കോൺഗ്രസിൽ ഇനി കസേരകളിയുടെ കാലം
നീതു ചന്ദ്രൻ
പത്തു വർഷത്തിനു ശേഷം ഭരണമാറ്റത്തിന് ഒരുങ്ങി കേരളം. യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമാകുകയാണ്. എൽഡിഎഫിന്‍റെ ഉരുക്കുകോട്ടകൾ പോലും നിലംപരിശാക്കിയാണ് യുഡിഎഫ് ആധികാരികമായി മുന്നേറുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിക്കപ്പെടുന്നവരിൽ പ്രമുഖർ. എൽഡിഎഫ് പിണറായി വിജയനെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയപ്പോൾ യുഡിഎഫ് പ്രചാരണത്തിന് ആരുടെയും മുഖം ഉപയോഗിച്ചിരുന്നില്ല. തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കൂ എന്നായിരുന്നു യുഡിഎഫിന്‍റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ആശയ ഭിന്നതകളാണ് കാരണമെന്നാണ് വിമർശനം ഉയർന്നിരുന്നത്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകളിലോ ഫ്ലക്സുകളിലോ പോലും ആരുടെയും മുഖം ഉൾപ്പെടുത്തിയിരുന്നില്ല. എഐ നിർമിച്ച ചിത്രങ്ങളും പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. പാർലമെന്‍റ് അംഗങ്ങളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതു മുതൽ തന്നെ യുഡിഎഫിൽ കലഹം ആരംഭിച്ചിരുന്നു. കെ. സുധാകരൻ സ്ഥാനാർഥിത്വത്തിന് വേണ്ടി വാശി പിടിച്ചതോടെ അത് പ്രത്യക്ഷത്തിൽ പുറത്തു വന്നു.
ചെന്നിത്തലയല്ലാതെ മറ്റാര്?
2021ൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ടത്. മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും തന്നെ പദവിയിൽ നിന്ന് നീക്കിയതിൽ രമേശ് ചെന്നിത്തല അന്നേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദത്തിന് എന്തു കൊണ്ടും അനുയോജ്യനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സമുദായ നേതാക്കൾക്കും ചെന്നിത്തല തന്നെയാണ് പ്രിയങ്കരൻ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളും പരസ്യമായി രമേശ് ചെന്നിത്തലയ്ക്കു വേണ്ടി വാദിച്ചിരുന്നു. ദീർഘകാലം പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ ഇനിയും മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റി നിർത്തുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും വലിയ അതൃപ്തിക്ക് ഇടയാക്കും.
കരുത്തോടെ സതീശൻ
2021ൽ പ്രതിപക്ഷ നേതാവായി ചുമതല ഏറ്റെടുത്തതിനു ശേഷം മാറ്റമില്ലാത്ത നിലപാടുകളിലൂടെയാണ് സതീശൻ പാർട്ടിയെ നയിച്ചിരുന്നത്. ഭരണപക്ഷത്തെ നിരന്തരമായി ചോദ്യമുനയിൽ നിർത്തുന്നതിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അഴിമതിയും പുറത്തു കൊണ്ടു വരുന്നതിലും സതീശന്‍റെ നേതൃത്വം നിർണായകമായിരുന്നു. ടീ യുഡിഎഫ് എന്ന പരാമർശത്തിലൂടെ പാർട്ടിക്കകത്തുള്ള പൊരുത്തക്കേടുകളെയെല്ലാം മറച്ചു പിടിക്കാൻ സതീശൻ ശ്രമിച്ചിരുന്നുവെങ്കിലും പലപ്പോഴും അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഗംഭീര വിജയം നേടിയതിനു പിന്നിലും സതീശന്‍റെ പ്രവർത്തനശൈലിയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാൽ മാറ്റമില്ലാത്ത നിലപാടുകൾ തന്നെ അദ്ദേഹത്തിന് വലിയ തിരിച്ചടിയായും മാറിയിരിക്കുകയാണ്. എൻഎസ്എസ് ഉൾപ്പെടെയുള്ള വി.ഡി. സതീശനുമായി അത്ര മികച്ച ബന്ധത്തിലല്ല. രമേശ് ചെന്നിത്തല സൗമ്യമായ നിലപാടുകളിലൂടെ സമുദായ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പ്രിയങ്കരനായി മാറിയപ്പോൾ വി.ഡി. സതീശൻ മാറ്റമില്ലാത്ത കടുത്ത നിലപാടുകളിലൂടെ പലരെയും ശത്രുക്കളാക്കി മാറ്റി. പാർലമെന്‍റ് അംഗങ്ങളെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന സതീശന്‍റെ തീരുമാനത്തിൽ ഹൈക്കമാൻഡ് ഉൾപ്പെടെ ഒപ്പം നിന്നതും പാർട്ടിക്കകത്ത് ചേരി തിരിവുണ്ടാക്കി. അതു കൊണ്ടു തന്നെ പ്രതിപക്ഷത്തെ നയിച്ച് ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും വി.ഡി. സതീശന്‍റെ മുഖ്യമന്ത്രി സാധ്യതകൾ ചെന്നിത്തലയെ അപേക്ഷിച്ച് അൽപം കുറവു തന്നെയാണ്.
സമവായവുമായി കെസി
ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിൽ പോലും കെ.സി. വേണു ഗോപാൽ എംപിയുടെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിക്കപ്പെടുന്നുണ്ട്. ദീർഘകാലമായുള്ള പ്രവർത്തനവും പ്രശ്നപരിഹാരത്തിനായുള്ള ഇടപെടലുകളുമാണ് കെസി അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായുള്ള അടുപ്പവും കെസിയുടെ അനുകൂല ഘടകമാണ്. താഴെത്തട്ടിൽ നിന്ന് ഉയർന്നു വന്ന കെസിക്ക മാത്രമേ പാർട്ടി പ്രവർത്തകരുടെ മനസറിയാൻ സാധിക്കൂ എന്നാണ് വാദം. 50 വർഷത്തോളമായി രാഷ്ട്രീയത്തിൽ സജീവമാണ് കെസി. രമേശ് ചെന്നിത്തല- വി.ഡി. സതീശൻ അനുയായികൾ തമ്മിലുള്ള തർക്കം മുറുകുകയാണെങ്കിൽ സമവായ മുഖ്യമന്ത്രി എന്ന രീതിയിൽ കെസിയെ അവരോധിക്കാനും സാധ്യതയുണ്ട്.
ഈ മൂന്നു പേരെ കൂടാതെ ശശി തരൂർ, കെ. മുരളീധരൻ, എ.കെ. ആന്‍റണി മുതൽ പ്രിയങ്ക ഗാന്ധി വരെയുള്ളവർക്കും കേരളത്തിലെ മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ അടുത്തത് വനിതാ മുഖ്യമന്ത്രി എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് പ്രിയങ്കയുടെ സാധ്യത വർധിപ്പിക്കുന്നത്. എന്തു തന്നെയായാലും വരുന്ന പത്താം തീയതിക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ ഒറ്റ സ്വരത്തിൽ പറയുന്നത്.