കണ്ണുകൾ ചൂഴ്‌ന്നെടുത്തു, തല അടിച്ചുപൊട്ടിച്ചു; 12 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാനച്ഛൻ
ന്യൂഡൽഹി: ഡൽഹിയിൽ 12 വയസുള്ള ആൺകുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ കുട്ടിയുടെ മൃതദേഹത്തിന്‍റെ വീഡിയോ ഭാര്യയ്ക്ക് അയച്ചു നൽകുകയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാർഥിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഫുട്ബോൾ കളിസ്ഥലത്തുനിന്ന് മടങ്ങിയ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. വഴക്കിനെ തുടർന്നു വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ ഭാര്യ പ്രതിയോട് ആവശ്യപ്പെട്ടതാണു പ്രകോപനത്തിനു കാരണമെന്നാണ് ആരോപണം.
വെള്ളിയാഴ്ച രാവിലെയാണ് 12 വയസുകാരന്‍റെ കൊലപാതകവിവരം വീട്ടുകാർ അറിയുന്നത്. മകന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ അജ്ഞാത നമ്പറിൽ നിന്ന് അമ്മയ്ക്ക് അയച്ചു നൽകുകയായിരുന്നു. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും തല അടിച്ചു തകർക്കുകയും ചെയ്തിരുന്നു.