ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരമായി പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി
ഗ്വാഹട്ടി: അധ്യാപകൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനു പിന്നാലെ 14 വയസുകാരി ആത്മഹത്യ ചെയ്തു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. ജൂലൈ 6നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 4 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അധ്യാപകനെതിരേയുള്ള പരാമർശങ്ങളുണ്ട്. കുട്ടിയെ പഠിപ്പിച്ചിരുന്ന വികു ഛേത്രി എന്ന അധ്യാപകനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. 9ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ കഴിഞ്ഞ മേയ് മുതലാണ് അധ്യാപകൻ പീഡിപ്പിക്കാൻ തുടങ്ങിയത്.
മേയ് 26 ന് മറ്റ് വിദ്യാർഥികൾ പോയതിനു പിന്നാലെ ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതു പല തവണ ആവർത്തിച്ചു. മാനസികവും ശാരീരികവുമായി തളർന്ന കുട്ടി ജൂൺ 3ന് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പക്ഷേ വീട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. വീട്ടുകാർ അധ്യാപകനെതിരേ നൽകിയ പരാതി പ്രകാരം പോക്സോ നിയമമനുസരിച്ച് ജൂൺ 11ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.
പക്ഷേ ജൂലൈ 6ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മൂന്ന് അധ്യാപകർക്കെതിരേയും ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.