പെൺകുട്ടിയെ 32 നിലയുള്ള ഫ്ലാറ്റിന് മുകളിൽ നിന്നും തള്ളിയിട്ടു; 16 കാരന്‍ അറസ്റ്റിൽ
file image
മുംബൈ: ഭാണ്ഡുപ്പിൽ 32 നിലയുള്ള ഫ്ലാറ്റിന് മുകളിൽ നിന്നു 15 വയസുകാരിയെ തള്ളിയിട്ട് കൊന്ന കേസിൽ 16 വയസുകാരന്‍ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയോടെയാണു കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഡോംഗ്രിയിലെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആൺകുട്ടി പൊലീസിനൊട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 24 നായിരുന്നു മുളുന്ദിൽ അമ്മയോടൊപ്പം താമിസിച്ചിരുന്ന പെൺകുട്ടി തന്‍റെ സുഹൃത്തായ പ്രതിയുടെ ഫ്ലാറ്റിലെത്തുന്നത്. പഠന കാര്യങ്ങളിലുള്ള സമ്മർദത്തെക്കുറിച്ചുള്ള സംസാരത്തിനിടെ, കെട്ടിടത്തിന്‍റെ ടെറസിലുള്ള വലിയ വാട്ടർ ടാങ്കിന് മുകളിലേക്ക് കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി. അവിടെ നിന്ന് സംസാരിക്കുന്നതിനിടെ ഡേറ്റിങ്ങിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടെ, പ്രതി കുട്ടിയെ പിടിച്ച് തള്ളുകയായിരുന്നു.
കുട്ടിയുടെ ശരീരം കണ്ട സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് ചോദിച്ചപ്പോൾ കെട്ടിടത്തിന്‍റെ 30-ാം നിലയിലെ ജനലിലൂടെ പെൺകുട്ടി താഴേക്ക് ചാടിയതാണെന്നും പഠനസംബന്ധമായ പ്രശ്നങ്ങൾ കാരണം മാനസികമായി തളർന്ന സുഹൃത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പറഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ആൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.