Rupal Ogre (25) 
Crime

'കയർത്തു സംസാരിച്ചതിന്‍റെ പ്രതികാരം'; എയർ ഹോസ്റ്റസിനെ കൊലപ്പെടുത്തിയ പ്രതി കുറ്റം സമ്മതിച്ചു

രക്തത്തിൽ കുളിച്ച് അർധനഗ്നമായ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

മുംബൈ: എയർ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ അന്ധേരിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയെ കോടതി 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

ഛത്തിസ്ഗഡ് സ്വദേശിയായ റുപാൽ ഓഗ്രി(25) യുടെ മൃതദേഹമാണ് ഫ്ലാറ്റിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് അർധനഗ്നയായ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ വലിയ 2 മുറിവുകളും കണ്ടെത്തി. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ ഒരു വർഷമായി ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കയർത്തു സംസാരിച്ചതിന്‍റെ പ്രതികാരമായി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഫ്ലഷ് ടാങ്കില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ വന്നതാണെന്ന വ്യാജേന മുറിയിൽ കയറിയ ശേഷം പ്രതി കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. യുവതി പ്രതിയെ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ച ശേഷം വാതിൽ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്ക് പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം വൃത്തിയാക്കുന്നതു ഭാര്യയുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതേപറ്റി ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ഇയാൾ നൽകിയത്.

ബലാത്സംഗം ചെയ്യുക എന്നതു തന്നെയായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞു. കത്തി ചൂണ്ടി നിലത്തേക്ക് തള്ളിയിട്ടെങ്കിലും യുവതി ചെറുത്തു നിന്നെന്നും വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും പ്രതി പറയുന്നു. ഇതോടെയാണ് കത്തികൊണ്ട് കഴുത്തിൽ കുത്തിയത്. പ്രതിയുടെ വീടും കൊലപാതകം നടന്ന അപ്പാർട്ട്മെന്‍റും പൊലീസ് പരിശോധിച്ചെങ്കിലും കൊലയ്ക്കുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച റുപാൽ വീട്ടിലേക്ക് വിളിക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്ലാറ്റിൽ ചെന്നന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ