അമാൻഡ മരിയ സൂസ ഡി ഒലീവീര

 
Crime

കുടിക്കാൻ കുപ്പിപ്പാൽ, രാത്രിയെ പേടി, 12വയസുകാരിയെപ്പോലെ അഭിനയിച്ച് 37കാരി; ഒടുവിൽ കള്ളി പുറത്ത്

ദേഹോപദ്രവം മൂലമുള്ള ട്രോമയും ഹോർമോൺ ചികിത്സയും മൂലം പ്രായക്കൂടുതൽ തോന്നുന്നതാണെന്നുമാണ് അമാൻഡ പള്ളിയിലുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.

നീതു ചന്ദ്രൻ

സാന്‍റാ കാറ്ററീന: ഓട്ടിസം ബാധിച്ച 12 വയസുള്ള പെൺകുട്ടിയെ പോലെ അഭിനയിച്ച് ആൾമാറാട്ടം നടത്തിയ 37കാരി അറസ്റ്റിൽ. ബ്രസീലിലാണ് സംഭവം. ഓർഫൻ എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിനോട് സാദൃശ്യമുള്ള കുറ്റകൃത്യമാണ് ബ്രസീലിൽ യഥാർഥത്തിൽ സംഭവിച്ചിരിക്കുന്നത്. അമാൻഡ മരിയ സൂസ ഡി ഒലീവീര എന്ന സ്ത്രീയാണ് പിടിയിലായത്. ദത്തെടുത്ത കുടുംബത്തിനൊപ്പം പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് അമാൻഡ പിടിയിലായത്. പതിനാലു മാസം മുൻപ് സാന്‍റാ കാറ്ററീനയിലെ ജോയിൻവില്ലിലുള്ള ഒരു പള്ളിയിലേക്ക് അമാൻഡ കയറിച്ചെല്ലുകയായിരുന്നു. പാരയിലാണ് തന്‍റെ വീടെന്നും. കുടുംബാംഗങ്ങൾ ഉപദ്രവിക്കുന്നത് സ്ഥിരമായതു കൊണ്ട് വീടു വിട്ട് ഓടിപ്പോന്നതാണെന്നുമാണ് പള്ളിയിലെ പുരോഹിതനോട് ഇവർ പറഞ്ഞത്.

ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും കുട്ടിക്കാലം മുതൽ നേരിടുന്ന ദേഹോപദ്രവം മൂലമുള്ള ട്രോമയും ഹോർമോൺ ചികിത്സയും മൂലം പ്രായക്കൂടുതൽ തോന്നുന്നതാണെന്നുമാണ് അമാൻഡ പള്ളിയിലുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ഇതു വിശ്വസിച്ച് പള്ളി അമാൻഡയ്ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തു കൊടുത്തതിനൊപ്പം അടുത്തുള്ള ഒരു കുടുംബത്തിനെ പരിചയപ്പെടുത്തുകയും ചെയ്തു. അമാൻഡയുടെ കഥ വിശ്വസിച്ച കുടുംബം അവരെ ദത്തെടുത്തു. മാസങ്ങളോളമായി പള്ളിയിലുള്ളവരെയും ദത്തെടുത്ത കുടുംബത്തെയും നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു അമാൻഡ. ദത്തെടുക്കപ്പെടാൻ വേണ്ടി കുടുംബത്തിന്‍റെ സഹതാപം പിടിച്ചു പറ്റാനായി അമാൻഡ പല മാർഗങ്ങളും പയറ്റിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടിയാണെന്നും വിശ്വസിപ്പിച്ചു. കുപ്പിപ്പാൽ കുടിക്കുന്നതും രാത്രി പേടിയാണെന്ന് പറയുന്നതും സ്ഥിരമായിരുന്നു.

ദത്തെടുത്ത കുടുംബത്തിലെ ഒരകന്ന ബന്ധുവിന് സംശയം തോന്നിയപ്പോൾ ഓൺലൈനിൽ തെരഞ്ഞതോടെയാണ് കള്ളക്കളി മുഴുവൻ വെളിയിൽ വന്നത്. ബ്രസീലിലെ ഒന്നിലധികം നഗരങ്ങളിൽ ഇതേ കള്ളക്കഥ പറഞ്ഞ് അമാൻഡ് ആൾമാറാട്ടം നടത്തിയിരുന്നു. അതു മനസിലായതോടെ ഇവർ പൊലീസിനെ അറിയിക്കുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്ന് വിശ്വസിപ്പിക്കാൻ വേണ്ടി അമാൻഡ സ്വയം ശരീരത്തിൽ മുറിവേൽപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ബ്രസീലിലെ ഏഴു നഗരങ്ങളിലുള്ളവരെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് അമാൻഡ് പൊലീസിനോട് വെളിപ്പെടുത്തി.ജോയിൻവിൽ വനിതാ ജയിലിൽ വിചാരണത്തടവുകാരിയാണിപ്പോൾ അമാൻഡ. ഓർഫൻ സിനിമയിൽ കുട്ടിയെപ്പോലെ അഭിനയിക്കുന്ന സ്ത്രീ ഒരു കൊലപാതകിയാണ്. എന്നാൽ അമാൻഡയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതാണ് ഇത്തരത്തിലുള്ള അഭിനയത്തിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ വക്കീൽ വാദിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിലെ ബൈ-ട്രാൻസ്ഫർ നിയമനം അട്ടിമറിക്കാൻ ശ്രമം

പനി പിടിച്ച് കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ!

ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും; അതിതീവ്ര മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് കർശന വിലക്ക്

'ഒരു കൈയബദ്ധം'; ആറുവരിപ്പാതയിൽ ദിശ തെറ്റിച്ച് ഓടി കെഎസ്ആർടിസി ബസ്