രഞ്ചൻ മാലിക്ക്
കൽപ്പറ്റ: വയനാട് സ്വദേശിനിയായ യുവതിയുടെ സ്വകാര‍്യ ദൃശ‍്യങ്ങളും ഫോൺ നമ്പറും സമൂഹമാധ‍്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. ഒഡീശ സ്വദേശിയായ രഞ്ചൻ മാലിക്കാണ് വയനാട് സൈബർ പൊലീസിന്‍റെ പിടിയിലായത്.
യുവതിയുടെ സ്വകാര‍്യ ദൃശ‍്യങ്ങളും മൊബൈൽ നമ്പറും വ‍്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു പ്രതി പ്രചരിപ്പിച്ചത്. തുടർന്ന് യുവതിയുടെ പരാതിയിൽ വയനാട് സൈബർ പൊലീസ് ഒഡീശയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു പ്രതി യുവതിയുമായി പ്രണയം നടിച്ച് സ്വകാര‍്യ ദൃശ‍്യങ്ങൾ കൈക്കലാക്കിയത്. ഇതിനു ശേഷം ഒഡീശയിലേക്ക് പോയ രഞ്ചൻ മാലിക്ക് യുവതിയോട് വീണ്ടും നഗ്നദൃശ‍്യങ്ങൾ ആവശ‍്യപ്പെടുകയായിരുന്നു. എന്നാൽ ഇത് വിസമ്മതിച്ചതിനെത്തുടർന്നാണ് പ്രതി കൈക്കലാക്കിയ ദൃശ‍്യങ്ങളും മൊബൈൽ നമ്പറും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.