അങ്കിത് ബല്യാൻ
ഷാംലി (ഉത്തർപ്രദേശ്): ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് ഷാർപ്പ് ഷൂട്ടർമാർ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇരുവരുടെയും തലയ്ക്കും 50,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ ഷാംലിയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഹരിയാനയിലെ സോനിപത് സ്വദേശികളായ മോഹിത് (22), സുമിത് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈറാന റോഡിലെ ഇന്ത്യൻ ഗ്യാസ് ഗോഡൗണിന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്‍റെ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്ന് ഷാംലി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വെടിവയ്പ്പിൽ പരുക്കേറ്റ പ്രതികളെ ഷാംലിയിലെ ജില്ലാ ജോയിന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിച്ചതായി ഡോക്റ്റർമാർ അറിയിച്ചു.
ഓഗസ്റ്റ് 26ന് വൈകിട്ട് 6.45ഓടെയാണ് ഷാംലിയിലെ കോട്വാലി മേഖലയിൽ ജിമ്മിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന ബല്യാനെ രണ്ട് ബൈക്കുകളിലെത്തിയ നാല് അക്രമികൾ വെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ ബല്യാനെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.