ആശിർനന്ദ
പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സെന്‍റ് ഡൊമിനിക് സ്കൂളിലെ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി.
സ്കൂളിലെ 5 അധ‍്യാപകർക്കെതിരേ ആശിർനന്ദയുടെ കുടുംബം പരാതി നൽകിയിരുന്നു. ആത്മഹത‍്യാ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. നിയമോപദേശം തേടിയ ശേഷം അധ‍്യാപകർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിന്‍റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് കുട്ടിയെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുന്നതായും ഇതെത്തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ആശിർനന്ദ ജീവനൊടുക്കിയതെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
പിന്നാലെ ആരോപണ വിധേയരായ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള 5 അധ‍്യാപകരെ പുറത്താക്കുകയും സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയായിരുന്നു. കൂടാതെ പുതിയ പിടിഎ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിദ‍്യാർഥിയുടെ ആത്മഹത‍്യയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.