Crime

ഒരു കോടിയിൽപ്പരം വിലവരുന്ന നിരോധിതപുകയില ഉൽപ്പന്നങ്ങൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : തിരുവല്ലയിൽ ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാടക വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഹാൻസ്, കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇവയ്ക്ക് പൊതുവിപണിയിൽ ഒരുകോടിയിലധികം രൂപ വിലവരും, രണ്ടുപേരെ പിടികൂടി. ജില്ലയിൽ ഇതാദ്യമാണ് ഇത്രയും തുകയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് ഓമണ്ണിൽ വീട്ടിൽ ജയകുമാർ (56), ഇയാൾക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസിൽ പ്രതിയാണ് ജയകുമാർ.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകൾ നിലനിൽക്കുന്ന ഈ പ്രദേശത്ത്, ഒരു വർഷമായി വീട് വാടകയ്‌ക്കെടുത്ത് ഇത്തരത്തിൽ വൻ തോതിൽ ലഹരിഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും, ചെറുകിടകച്ചവടക്കാർക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികൾ പോലുമറിഞ്ഞിരുന്നില്ല . ദിവസങ്ങളായി ജില്ലാ നാർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. തുടർന്ന്, ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സംഘവും തിരുവല്ല പൊലീസും ചേർന്ന് വീടുവളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. വലിയ ചാക്കുകളിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കമ്പനികളിൽ നിന്നും വലിയ തോതിൽ എത്തിച്ചശേഷം സ്വന്തം വാഹനത്തിൽ ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുകയാണ് പതിവ്, പരിശോധന മണിക്കൂറുകൾ നീണ്ടു. ആഴ്ചയിൽ ഓരോ ലോഡ് കണക്കിനാണ് ഇവ വിറ്റഴിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സമീവാസികൾക്കോ മറ്റോ യാതൊരു സംശയവും ഉണ്ടാവാത്ത വിധം വളരെ തന്ത്രപരമായാണ് വില്പന നടത്തിവന്നത്. ഇന്നലെ രാത്രി തന്നെ റെയ്ഡിനുള്ള നീക്കം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് കിട്ടിയ രഹസ്യവിവരം നർകോട്ടിക് സെൽ ഡി വൈ എസ് പിക്ക് കൈമാറിയത്തിനെ തുടർന്നായിരുന്നു പരിശോധന.

നർകോട്ടിക് സെൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കഴിഞ്ഞയാഴ്ച്ച നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്ന്പേരെ പിടികൂടിയിരുന്നു. തിരുവല്ലയിലെ ഒരു കടയിൽ നിന്നും, കച്ചവടത്തിന് ബാഗിൽ സൂക്ഷിച്ച രണ്ട് യുവാക്കളിൽ നിന്നുമാണ് ഹാൻസ് ഇനത്തിൽപ്പെട്ട പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് സ്രോതസ്സിനെപ്പറ്റിയും ഇവർക്ക് ഇവ ലഭിക്കുന്നതിനെ കുറിച്ചും നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് ഇപ്പോൾ വൻ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്. തിരുവല്ല കറ്റോട് കാഞ്ഞിരപ്പറമ്പ് സുരേഷ് ബാബു (49), തുകലശ്ശേരി ജലജ ഭവൻ ബിനീഷ് (32), കണിയാമ്പാറ കീച്ചേരി അനീഷ് (30) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സുരേഷ് ബാബുവിന്റെ കടയിൽ നിന്നും 36 ഉം, മറ്റ് പ്രതികളിൽ നിന്നും ആകെ 42 ഉം പാക്കറ്റുകളാണ് പിടികൂടിയത്. മദ്യ മയക്കുമരുന്നുകൾ, ലഹരിവസ്തുക്കൾ എന്നിവയുടെ അനധികൃത വിൽപ്പനയ്ക്കെതിരെയുള്ള പോലീസ് നടപടി ജില്ലയിൽ തുടരുകയാണ്. ഇപ്പോൾ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. റെയ്ഡിൽ തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണ, എസ് ഐമാരായ ഷജീo, അനീഷ്, ഹുമയൂൺ, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, അഖിൽ, സുജിത്, ബിനു, ശ്രീരാജ്, തിരുവല്ല പോലീസ് സ്റ്റേഷൻ എസ് സി പി ഓമാരായ സുനിൽ, മനോജ്‌, അരുൺ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; 14ന് വാരാണസിയിൽ പത്രിക നൽകും

വൈദ്യുതി നിയന്ത്രണം 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 88 കാരൻ അറസ്റ്റിൽ

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച ഗോഡൗണിൽ തീപിടുത്തം

8 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; കേരളാ തീരത്ത് റെഡ് അലർട്ട്