റേസിങ് നടത്തിയ കാറുകൾ അപകടത്തിൽപ്പെട്ടു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: നടുറോഡിൽ അമിതവേഗത്തിൽ സഞ്ചരിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. തെക്കുകിഴക്കൻ ഡൽഹിയിലെ സുഖ്‌ദേവ് വിഹാറിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
ന്യൂ ഫ്രണ്ട്സ് കോളനി സ്വദേശിയായ മുഹമ്മദ് കലാം (45) ആണ് മരിച്ചത്. സുഖ്‌ദേവ് വിഹാർ മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് ബാബ്ലുവിനാണ് പരുക്കേറ്റത്. പ്രദേശത്തെ റോഡിലൂടെ രണ്ട് കാറുകൾ മത്സരിച്ച് ഓടുകയായിരുന്നു. ഇതിനിടെ ഒരു കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സൈക്കിൾ റിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്ന നാല് പേർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ കലാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാറിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.