രാംജിത്ത്
ആലപ്പുഴ: കൈനടിയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ.ആർ. രാംജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം. കണ്ടാൽ തിരിച്ചറിയാവുന്ന ബിജെപി പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
തലയ്ക്ക് വെട്ടേറ്റതിനെത്തുടർന്ന് രാംജിത്തിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി വെളിയനാട് ഡിവിഷനിൽ നിന്നും രാംജിത്ത് ജനവിധി തേടിയിരുന്നുവെങ്കിലും യുഡിഎഫാണ് വിജയിച്ചത്.
രാംജിത്തിന്‍റെ പ്രദേശത്ത് ബിജെപി ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷി ആവുകയും ചെയ്തു. ഇതേത്തുടർന്ന് ബിജെപി പ്രവർത്തകർ വിജയാഘോഷം നടത്തുകയും രാംജിത്തിന്‍റെ വീടിനു സമീപത്ത് വച്ച് പടക്കം പൊട്ടിച്ചതായും ഇത് ചോദ‍്യം ചെയ്തതിനാണ് ആക്രമണമെന്നുമാണ് പരാതി.