മോണിക്ക കപൂർ

 
Crime

സാമ്പത്തിക തട്ടിപ്പ് നടത്തി യുഎസിലേക്ക് മുങ്ങി; 25 വർഷത്തിനു ശേഷം മോണിക്ക പിടിയിൽ

144 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യൻ സർക്കാരിനുണ്ടായത്.

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ മോണിക്ക കപൂറിനെ യുഎസിലെത്തി കസ്റ്റഡിയിലെടുത്ത് സിബിഐ. ഇന്ത്യ- യുഎസ് ഉഭയകക്ഷി കരാർ പ്രകാരം ന്യൂയോർക്ക് ഡിസിട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടത്. ഇതു പ്രകാരം സിബിഐ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു പോയാൽ ഉപദ്രവിക്കപ്പെടാൻ സാധ്യത‌യുണ്ടെന്ന മോണിക്കയുടെ വാദത്തെ തള്ളി സെക്രട്ടറി ഓഫ് സ്റ്റേറ്റ് സറണ്ടർ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. 25 വർഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.

മോണിക്ക ഓവർസീസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് മോണിക്ക. സഹോദരന്മാരായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തി 1998ൽ ഇറക്കുമതി രേഖകൾ, ഷിപ്പിങ് ബിൽ, ഇൻവോയ്സുകൾ, ബാങ്ക് സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി ഉണ്ടാക്കിയതാണ് കേസിന് ആധാരം. ഇതു വഴി ആഭരണ നിർമാണ വസ്തുക്കൾ തീരുവ കൂടാതെ ഇറക്കുമതി ചെയ്യുന്നതിനായി ആറ് റിപ്ലെനിഷ്മെന്‍റ് ലൈസൻസുകളാണ് മോണിക്ക സ്വന്തമാക്കിയത്. അതു മാത്രമല്ല ഈ ലൈസൻസുകൾ അഹമ്മദാബാദിലെ ഡീപ് എക്സ്പോർട്സിനു വിൽക്കുകയും ചെയ്തു. ഡീപ് എക്സ്പോർട്സ് ഈ ലൈസൻസുകൾ ഉപയോഗിച്ച് തീരുവ ഇല്ലാതെ സ്വർണം ഇറക്കുമതി ചെയ്തു.

ഇതു വഴി 144 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യൻ സർക്കാരിനുണ്ടായത്. സംഭവം പുറത്തു വന്നതിനു പിന്നാലെ 2004 മാർച്ചിൽ മോണിക്കയ്ക്കും സഹോദരന്മാർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു. 2017ൽ രാജൻ ഖന്നയും രാജീവ് ഖന്നയും കുറ്റക്കാരാണെന്ന് കോടതി വിധി പുറപ്പെടുവിച്ചു. 1999ൽ തന്നെ മോണിക്ക രാജ്യം വിട്ടിരുന്നു. അന്വേഷണനടപടികളിലോ വിചാരണയിലോ മോണിക്ക സഹകരിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ 2006ൽ മോണിക്കയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2010ൽ ഡൽഹി സ്പെഷ്യൽ കോടതി മോണിക്കക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. 2010ൽ ഉഭയകകക്ഷി കരാർ പ്രകാരം മോണിക്കയെ വിട്ടു തരണമെന്ന ഇന്ത്യ ആവശ്യപ്പെട്ടു. 2012ൽ യുഎസ് കോടതി മോണിക്കയെ നാടുകടത്താൻ ഉത്തരവിട്ടു. എന്നാൽ ഈ വിധിക്കെതിരേ മോണിക്ക സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അപ്പീൽ നൽകി. ഈ അപ്പീലും തള്ളിയതോടെയാണ് മോണിക്ക പിടിയിലായിരിക്കുന്നത്.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി