കൗമാരക്കാരനെ കഴുത്തറുത്ത് കൊന്നു
കൊല്‍ക്കത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരനെ ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബാരുപുരിലാണ് സംഭവം.
പ്രൊസെന്‍ജിത് ബിശ്വാസ് (17) ആണ് മരിച്ചത്. ഫുട്‌ബോള്‍ മത്സരം വിജയിച്ചതിനു പിന്നാലെ കളിക്കാരനായ പ്രൊസെന്‍ജിത്തിനെ നാലംഗ സംഘം വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ആശുപത്രിക്ക് മുന്‍പിലെ റോഡ് ജനം ഉപരോധിച്ചു. ഇതിനിടെ പ്രതികളെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് സ്ഥിതിഗതികള്‍ വഷളാക്കി. പ്രതികളിലൊരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇതേ തുടര്‍ന്ന് കലാപ വിരുദ്ധ സേനയെ വിന്യസിച്ചു.
മുഖ്യമന്ത്രി സുവേന്ദു അധികാരി ബാരുപുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രശ്‌നബാധിത പ്രദേശമായി മാറിയിരിക്കുകയാണ് ഇവിടം. ഏതാനും ദിവസം മുന്‍പാണ് ബാരുപുരില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.