മദ്യലഹരിയിൽ കാറോടിച്ച് പൊലീസ് ബാരിക്കേഡ് തകർത്തു; യുവതി അറസ്റ്റിൽ
ന്യൂഡൽഹി: മദ്യലഹരിയിൽ കാറോടിച്ച് പൊലീസ് ബാരിക്കേഡ് തകർത്ത യുവതി അറസ്റ്റിൽ. അപകടത്തിൽ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. ഡിസംബർ 24ന് വൈകിട്ട് ഡൽഹിയിലെ ഷഹ്ബാദ് ഡയറി മേഖലയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. രോഹിണി, സെക്റ്റർ-16ലെ താമസക്കാരിയായ ആരതി ജെയിൻ ആണ് അറസ്റ്റിലായത്.
പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മദ്യലഹരിയിൽ അവിടെ തന്നെ ഇരിക്കുകയായിരുന്നു പ്രതി. പരുക്കേറ്റ പൊലീസുകാരൻ ഇപ്പോഴും ചികിത്സയിലാണ്.
ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ മൊഴി. മെഡിക്കൽ, ഫൊറെൻസിക് റിപ്പോർട്ടുകൾ അനുസരിച്ചേ മറ്റു നടപടികൾ സ്വീകരിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.