ഗുണ്ടാത്തലവന്‍റെ മോചനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; ഗോവയിൽ ജയിൽ വാർഡന് സസ്പെൻഷൻ
പനാജി: ഗുണ്ടാത്തലവൻ ജയിൽമോചിതനായപ്പോൾ പടക്കം പൊട്ടിച്ചും മദ്യം ഒഴുക്കിയും ആഘോഷിച്ച ജയിൽ വാർഡനെ സസ്പെൻഡ് ചെയ്ത് ഗോവ ജയിൽ അധികൃതർ. കോൾവാലേ സെൽട്രൽഡ ജയിലിലെ വാർഡനായ ലക്ഷ്മൺ പാഡ്‌ലോസ്കറിനെയാണ് സസ്പെൻഡ് ചെയ്തത്. അമോഗ് നായിക് എന്ന കുപ്രസിദ്ധനായ കുറ്റവാളിയുടെ ജയിൽ മോചനമാണ് ലക്ഷ്മൺ ആഘോഷിച്ചത്. നായിക്കിന്‍റെ സംഘാംഗങ്ങൾക്കൊപ്പം മദ്യം ചീറ്റിച്ചാണ് ലക്ഷ്മൺ ആഘോഷങ്ങളിൽ പങ്കാളിയായത്.
ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നായിക്കിന്‍റെ തോളിൽ ചേർത്തു പിടിച്ചിരിക്കുന്ന ലക്ഷ്മണിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തതായി പൊലീസ് സൂപ്രണ്ടന്‍റ് പ്രിസൺസ് സുചേത് ദേശായ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം തെക്കൻ ഗോവയിൽ ഗുണ്ടാസംഘങ്ങളുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് നായിക്കിനെ അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് പ്രാദേശിക കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.