ചേതൻ ചൗധരി, കേതൻ അഗർവാളും സിയയും
മുംബൈ: പൂനെയിലെ കേതൻ അഗർവാളിന്‍റെ കൊലപാതകം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹം ഒഴിവാക്കാൻ കേതൻ അഗർവാളിന്‍റെ പ്രതിശ്രുത വധുവും കാമുകനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ട്രക്കിങ്ങിനിടെയുണ്ടായ അപകടമരണം എന്നാണ് പൊലീസ് ആദ്യം വിചാരിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഹുഡി ധരിച്ച ഒരു യുവാവിനെ കണ്ടതാണ് സംശയത്തിന് വഴിവെച്ചത്.
പൂനെയിലെ ലോഹഗാഡ് ഫോർട്ടിൽ കേതനും പ്രതിശ്രുതവധു സിയ ഗോയലും ചേർന്ന് നടക്കുന്നതാണ് വിഡിയോയിലുണ്ടായത്. ഇവർക്ക് തൊട്ടുപിന്നിലായിട്ടാണ് ഹുഡി ധരിച്ച് മുഖം മറച്ച നിലയിൽ യുവാവിനെ കണ്ടത്. ഹുഡിക്ക് മുകളിലായി ഹെഡ്സെറ്റും വച്ചിരുന്നു. മറ്റൊരു ദൃശ്യത്തിൽ സിയ നടക്കുന്നതിനിടെ പെട്ടെന്ന് തിരിഞ്ഞു നോക്കുന്നതും ഇത് കണ്ട് യുവാവ് അവിടെ ഇരിക്കുന്നതും വിഡിയോയിലുണ്ട്.
മഹാരാഷ്ട്രയിലെ 33 ഡിഗ്രി ചൂടിൽ ഹുഡി ധരിച്ച് ട്രക്കിങ് നടത്തുന്നതു കണ്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിയ ചേതൻ ചൗധരി എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്ന് കണ്ടെത്തി. ചേതന്‍റെ ഫോട്ടോയും സിസിടിവിയിലെ ഹുഡി ധരിച്ച യുവാവിന്‍റെ രൂപവുമായി താരതമ്യം ചെയ്ത് രണ്ടും ഒരാൾ തന്നെയെന്ന് പൊലീസ് ഉറപ്പാക്കി. പ്രതിശ്രുത വരൻ കൺമുന്നിൽ മരിച്ചതിന്‍റെ സങ്കടമോ ഞെട്ടലോ സിയ കാണിക്കാതിരുന്നതും പൊലീസിന് സംശയമുണ്ടാകാൻ കാരണമായി.
ജൂൺ 18ന് സിയയുടെ പിറന്നാൾ ആഘോഷിക്കാനെന്ന് വിശ്വസിപ്പിച്ചാണ് സിയ കേതനെ ലോഹാഗാഡിലെ മലനിരകളിൽ ട്രക്കിങ്ങിന് ക്ഷണിച്ചത്. മലയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ അബദ്ധത്തിൽ താഴേക്ക് വീണു മരിച്ചുവെന്നാണ് ആദ്യം സിയ പൊലീസിനോട് പറഞ്ഞത്. മൂന്നു മണിക്കൂർ നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് കേതന്‍റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കോൾ റെക്കോഡുകളും മൊഴികളും തമ്മിലുള്ള വൈരുധ്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ സിയയും ചേതനും ചേർന്ന് കേതനെ മലയിൽ നിന്ന് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തി.
നവംബറിൽ ഉദയ്പുരിൽ വച്ചാണ് സിയയുടെയും കേതന്‍റെയും വിവാഹം നിശ്ചയിച്ചിരുന്നത്. അതിനു വേണ്ടി 17 കോടി രൂപ കൊടുത്ത് ജയ്പുരിൽ കൊട്ടാരം തന്നെ വാടകയ്ക്കെടുത്തിരുന്നു. മാത്രമല്ല അതിഥികൾക്ക് യാത്ര ചെയ്യാനായി രണ്ട് സ്വകാര്യ വിമാനങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് കേതൻ കൊല്ലപ്പെട്ടതും സിയ അറസ്റ്റിലായതും.