സ്വയം നെഞ്ച് കീറി വെടിയുണ്ട വച്ചു; മേയർ കൊല്ലാൻ ശ്രമിച്ചുവെന്ന് വ്യാജ ആരോപണം, 40കാരി അറസ്റ്റിൽ

 
Crime

സ്വയം നെഞ്ച് കീറി വെടിയുണ്ട വച്ചു; മേയർ കൊല്ലാൻ ശ്രമിച്ചുവെന്ന് വ്യാജ ആരോപണം, 40കാരി അറസ്റ്റിൽ

മുറിവിന് ആഴം കുറവായിരുന്നതിനാൽ നിറയൊഴിച്ചതിനെത്തുടർന്നല്ല വെടിയുണ്ട കയറിയതെന്ന് വ്യക്തമായിരുന്നുവെന്ന് പൊലീസ്.

മീററ്റ്: ഉത്തർപ്രദേശിലെ ബറേലി മേയർക്കെതിരേ കൂട്ട ബലാത്സംഗവും തട്ടിക്കൊണ്ടു പോകലും കൊലപാതക ശ്രമവും ഉൾപ്പെടെ വ്യാജ ആരോപണങ്ങളുമായെത്തിയ യുവതി അറസ്റ്റിൽ. ബറേലി സ്വദേശിയായ 40കാരി നൽകിയ മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ബറേലി മേയർ ഡോ. ഉമേഷ് ഗൗതം മകൻ പാർഥ് ഗൗതം എന്നിവർക്കെതിരേയാണ് 40കാരി ആരോപണം ഉന്നയിച്ചത്. മുൻപ് മേയറുടെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന സ്ത്രീയാണിവർ. 2021ൽ ഇവരെ പിരിച്ചു വിടുകയായിരുന്നു.

മാർച്ച് 29 ന് നെഞ്ചിൽ വെടിയുണ്ട തറച്ചുവെന്ന കഥയുമായാണ് ഇവർ ബറേലിയിലെ ആശുപത്രിയിൽ എത്തിയത്. നടു റോഡിൽ നിന്ന് അഞ്ച് പേർ അടങ്ങുന്ന സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്നും സഞ്ചരിക്കുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നും പിന്നീട് വെടിവച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച് പോയെന്നുമാണ് ഇവർ ആരോപിച്ചിരുന്നത്. കാറിൽ പോകുന്നതിനിടെ മേയറുടെ മകൻ പാർഥിന്‍റെ ഫോൺ കോൾ സംഘത്തിലൊരാൾക്കു വന്നിരുന്നുവെന്നും അച്ഛന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ തന്നെ കൊന്നേക്കാൻ അവരോട് നിർദേശിച്ചുവെന്നും ഇവർ പൊലീസിന് മൊഴി നൽകി. ഇതു പ്രകാരം അന്വേഷണം നടത്തിയപ്പോഴാണ് മൊഴി വ്യാജമാണെന്ന് വ്യക്തമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്ത്രീ ഓട്ടോ റിക്ഷയിലാണ് വന്നതെന്ന് വ്യക്തമായി. തട്ടിക്കൊണ്ടു പോയതിന്‍റെയോ വെടി വച്ചതിന്‍റെയോ യാതൊരു തെളിവുകളും ലഭിച്ചില്ല. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് നെഞ്ചിൽ വെടിയുണ്ട കൃത്രിമമായി കയറ്റുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. രോഹതാഷിന്‍റെ ഒരു ആശുപത്രി ജീവനക്കാരന്‍റെ സഹായത്തോടെയാണ് ഇവർക്ക് വെടിയുണ്ട ലഭിച്ചത്.

അതിനു ശേഷം ഹാജിപുരിൽ എത്തി 2500 രൂപ കൊണ്ട് ഷരീഫ് ഖാൻ എന്ന വ്യാജ വൈദ്യനെക്കൊണ്ട് നെഞ്ചിലെ തൊലി നീക്കി വെടിയുണ്ട വച്ച് പിടിപ്പിക്കുകയായിരുന്നു. ചൂടാക്കിയ നാണയം കൊണ്ട് വെടിയുണ്ട തറഞ്ഞ ഭാഗങ്ങളിൽ പൊള്ളിക്കുകയും ചെയ്തു.

മുറിവിന് ആഴം കുറവായിരുന്നതിനാൽ നിറയൊഴിച്ചതിനെത്തുടർന്നല്ല വെടിയുണ്ട കയറിയതെന്ന് വ്യക്തമായിരുന്നുവെന്ന് പൊലീസ്. ചോദ്യം ചെയ്യലിൽ സ്ത്രീ ഇക്കാര്യമെല്ലാം ഏറ്റു പറഞ്ഞു. ഇതാദ്യമായല്ല മേയർക്കെതിരേ ഇവർ രംഗത്തു വരുന്നത്. 2022 ൽ മേയർക്കെതിരേ സമാനമായ ആരോപണം ഉന്നയിച്ച് ഇവർ കേസ് കൊടുത്തിരുന്നു. അന്വേഷണത്തിനിടെ ഇവർ സ്റ്റേറ്റ്മെന്‍റ് പിൻവലിച്ചു. ഇവരെ സഹായിച്ച മറ്റു നാലു പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌