പ്രധാന പ്രതി മനോജിത് മിശ്ര
കോൽക്കത്ത: കോൽക്കത്ത കൂട്ട ബലാത്സംഗ കേസിൽ പുതിയ ആരോപണവുമായി പ്രതിഭാഗം. പ്രധാനപ്രതി മനോജിത് മിശ്രയുടെ വക്കീൽ രാജു ഗംഗോലിയുടെതാണ് ആരോപണം. മിശ്രയുടെ ശരീരത്തിലുള്ള സ്ക്രാച്ച് മാർക്കുകൾ ലൗ ബൈറ്റുകളാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
മിശ്ര ഇക്കാര്യം തന്നോട് പറഞ്ഞെന്നും, ആളുകൾ മനപ്പൂർവം തന്നെ വില്ലനായി മുദ്രകുത്തുകയാണെന്നും അയാൾ പറഞ്ഞതായും വക്കീൽ പറയുന്നു. എന്നാൽ ആരുടെ ലൗ ബൈറ്റുകളാണെന്ന് മിശ്ര പറയും മുൻപ് പൊലീസ് അയാളെ തന്‍റെ അടുത്തു നിന്നും കൊണ്ടുപോയി. മിശ്രയുടെ ശരീരത്തിൽ സ്ക്രാച്ചുകളുണ്ടെന്ന് വാദിച്ച വാദി ഭാഗം വക്കീൽ ലൗ ബൈറ്റുകളെ സംബന്ധിച്ച് പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും കോളുകളടക്കം വിശദമായി പരിശോധിച്ച് ആ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും രാജു ഗംഗോലി ആവശ്യപ്പെട്ടു.
കോൽക്കത്ത കസ്ബ ലോ കോളെജിൽ ജൂൺ 25 നായിരുന്നു കൂട്ടബലാത്സംഗം. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവർ ചേർന്ന് 24 കാരിയായ നിയമവിദ്യാർഥിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര കോളെജിലെ പൂർവ വിദ്യാർഥിയാണ്. മറ്റു 2 പേരും നിലവിൽ കോളെജിലെ വിദ്യാർഥിയാണ്.