ലോക റെക്കോഡ് സൃഷ്ടിച്ച ഖുര്‍ആന്‍ പകർപ്പ് സുഹൃത്ത് തട്ടിയെടുത്ത് വിറ്റു; പരാതിയുമായി മലയാളി
ദുബായ്: കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കോപ്പിയുമായി സുഹൃത്തായ യുവാവ് മുങ്ങിയതായി പരാതി. നീളം കൂടിയ ഖുര്‍ആന്‍ എന്ന നിലയില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ച ഖുര്‍ആന്‍ പതിപ്പ് കൊണ്ടുപോയി വിറ്റ ശേഷം പണവുമായി യുഎഇയില്‍ നിന്ന് മുങ്ങിയെന്നാണ് പ്രവാസി മലയാളി കലാകാരനും ദുബായ് ഹെല്‍ത്ത് കെയർ സിറ്റി വാഫി റസിഡന്‍സിയില്‍ ഗ്യാലറി നടത്തുന്ന കോഴിക്കോട് മുക്കം സ്വദേശിയുമായ മുഹമ്മദ് ദിലീഫ് പരാതി നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീര്‍ വടഗിരിയിലിനെതിരെ മുഖ്യമന്ത്രിക്കും പാലക്കാട് പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതായി ദിലീഫ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുബായ് പൊലീസിനും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം കഠിനാധ്വാനം ചെയ്താണ് താന്‍ ഖുര്‍ആന്‍ കാലിഗ്രഫി യാഥാര്‍ഥ്യമാക്കിയതെന്ന് ദിലീഫ് പറഞ്ഞു. ഇത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
കൂടാതെ, ഒരു വ്യവസായി ഏകദേശം നാലര കോടി ഇന്ത്യന്‍ രൂപ വിലയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, താന്‍ വില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ദിലീഫ് പറയുന്നു.
ഈ പതിപ്പ് ദുബായിലെ ഉന്നത തലത്തിലുള്ളവര്‍ക്ക് കൈമാറാമെന്ന് പറഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്‍റെ സുഹൃത്തും സഹായിയുമാണെന്ന് സ്വയം പരിചയപ്പെടുത്തി 10 മാസം മുന്‍പ് ജംഷീര്‍ വടഗിരിയില്‍ ദിലീഫിനെ സമീപിക്കുകയായിരുന്നു. ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു. 500 കിലോ ഗ്രാം ഭാരമുള്ള ഖുര്‍ആന്‍ പ്രതി തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ജംഷീര്‍ കൊണ്ടുപോയത്. അത് പിന്നീട് താനറിയാതെ 24 ലക്ഷം രൂപക്ക് വില്‍ക്കുകയും പണവുമായി ജംഷീര്‍ നാട്ടിലേക്ക് കടന്നുകളഞ്ഞെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബുര്‍ജ് ഖലീഫയില്‍ താമസിക്കുന്ന മലയാളി വ്യവസായിക്ക് വിറ്റതായാണ് കരുതുന്നത്. ജീവിതത്തില്‍ വളരെ കഷ്ടപ്പെട്ട് തയ്യാറാക്കിയ കാലിഗ്രാഫി ഖുര്‍ആന്‍ തന്‍റെ എല്ലാമാണെന്നും ഇതില്‍ മാനസിക വിഷമവും സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് ദിലീഫ് പറയുന്നു. എത്രയും വേഗം അത് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ജംഷീറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ദിലീഫ് ആവശ്യപ്പെട്ടു.