ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു, ആയുധവും സാരിയും വഴിയിലുപേക്ഷിച്ചു; ഊന്നുകല്ലില്‍ കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി
കോതമംഗലം: ഊന്നുകല്‍ ശാന്ത കൊലപാതക കേസിലെ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയോടെ എറണാകുളം മറൈന്‍ഡ്രൈവില്‍ വച്ചാണ് പ്രതിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയതെന്നും ശേഷം ആയുധവും സാരിയും വഴിയിലുപേക്ഷിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു.
ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ മാന്‍ഹോളിനുള്ളില്‍നിന്നുമായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. കുറുപ്പംപടി വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്തുതാഴെ ബേബിയുടെ ഭാര്യ 61 കാരിയായ ശാന്ത ആയിരുന്നു കൊല്ലപ്പെട്ടത്.
വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്.
വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും പെരുമ്പാവൂര്‍ എഎസ്പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നുകേസ് അന്വേഷിക്കുന്നത്.