കൊല്ലപ്പെട്ട ചഞ്ചൽ
നോയ്ഡ: വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ ഭാര്യയെ മക്കൾക്കു മുന്നിലിട്ട് കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. സോനു ശർമ എന്നയാളാണ് ഭാര്യ ചഞ്ചൽ ശർമയെ കൊന്ന കേസിൽ അറസ്റ്റിലായിരിക്കുന്നത്. 28കാരിയായ ചഞ്ചൽ പിസ ഷോപ്പിലെ ജീവനക്കാരിയായിരുന്നു. 7 വർഷം മുൻപ് വിവാഹിതരായ സോനുവും ചഞ്ചലും മക്കൾക്കൊപ്പം ദാദ്രിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ജോലിക്കായി രണ്ടു മാസത്തിലേറെയായി വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സോനു. അതിനിടെയാണ് സഹപ്രവർത്തകനുമായി ചഞ്ചൽ പ്രണയത്തിലാണെന്ന് സോനുവിന് സംശയം തോന്നിയത്. വീട്ടിലെത്തിയതിനു ശേഷം വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയുമായി കലഹം പതിവായിരുന്നു. ജോലി നിർത്താൻ സോനു ആവശ്യപ്പെട്ടെങ്കിലും ചഞ്ചൽ അക്കാര്യം നിരസിച്ചു. ഞായറാഴ്ച രാവിലെ ഇക്കാര്യം പറഞ്ഞ് ഇരുവരും വീണ്ടും കലഹിച്ചു.
തർക്കത്തിനൊടുവിൽ ഭാര്യയുടെ മുഖം തുണികൊണ്ട് മൂടിക്കെട്ടി സോനു കത്തിയെടുത്തു കുത്തുകയായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന മക്കൾ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും സോനും അവരെ തള്ളിമാറ്റി ചഞ്ചലിനെ വീണ്ടും കുത്തി. മരണം ഉറപ്പാക്കിയതിനു ശേഷം സോനു പൊലീസിനെ വിളിച്ച് കൊലപാതകവിവരം അറിയിച്ചു. തൊട്ടു പിന്നാലെ ഓടി രക്ഷപ്പെട്ട സോനുവിനെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു.