മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
ഭോപാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയുടെ പരിസരത്ത്, രേവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതിനുശേഷം പെൺകുട്ടി എവിടെയാണെന്നതിനെ സംബന്ധിച്ച് വിവരമില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ 8ന് രാത്രിയായിരുന്നു സംഭവം. ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്ന് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. ഇരയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തുടക്കത്തിൽ, ഇരയുടെ കുടുംബമോ ആശുപത്രി അധികൃതരോ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. ആശുപത്രി അധികൃതരും ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ആരോപണം. പിന്നീട് മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ '6- 7 മണിക്കൂർ' വൈകിയതിനാൽ ഡോക്ടർ സൗരഭ് ഗോയലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സഞ്ജയ് ഗാന്ധി ആശുപത്രി സൂപ്രണ്ട് രാഹുൽ മിശ്ര അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ള രണ്ട് വാർഡ് ബോയ്‌സിനെയും ഒരു സുരക്ഷാ ജീവനക്കാരനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് സൂപ്രണ്ട് വിവേക് സിങ് അറിയിച്ചു.
അതേസമയം, ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന കൂട്ടബലാത്സംഗത്തിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ കിടക്കയിൽനിന്നു കാണാതായതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.